മുഹമ്മദ് ഇഹ്സാന്‍ .വിഎം
ഖാന്‍ഖാഹിന് തീരത്തേക്ക് ഗുരുവിനെ തേടിപ്പോകുന്ന ഇലാഹീ വീചിയാണ് സ്വൂഫിസം. തലയില്‍ നീളത്തൊപ്പിയും, ശരീരത്തിന്റെ തല മുതല്‍ അരഭാഗം വരെ വീതി കുറഞ്ഞതും അരഭാഗം മുതല്‍ കാലുവരെ വീതി കൂടിയതുമായ നീളക്കുപ്പായവും, ഒരു കൈ മുകളിലേക്കും മറ്റേ കൈ താഴേക്കുമായി ചുറ്റിക്കറങ്ങുന്ന ഒരു രൂപത്തെയാണ് ഇന്നത്തെ സാഹചര്യത്തില്‍ സ്വൂഫിയായി കാണുന്നത്. എന്താണ് സ്വൂഫിസം? ആരാണ് സ്വൂഫി ?. സൂഫിസത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള എഴുത്തുകള്‍ക്ക് സാഹിത്യ ലോകത്ത് വളരെയേറെ പ്രസക്തിയുണ്ട്.
ആത്മാനുഭൂതിയുടെ ആത്മപ്രകടനത്തെ പരിചയപ്പെടുത്തുന്ന കൃതികള്‍ക്ക് വായനക്കാര്‍ക്കിടയില്‍ വളരെയേറെ സ്വീകാര്യതയുമുണ്ട്. ഭാഷാ ശൈലിയുടെ വൈവിദ്ധ്യം കൊണ്ട് സൂഫിസത്തെ ഉപരിതല വായനക്ക് വിധേയമാക്കുന്ന കൃതികളും ആഴത്തില്‍ വിഷയത്തെ പരിശോധിക്കുന്ന രചനകളും കുറവല്ല. എന്നാല്‍ ആത്മീയതയെ കേവല അക്കാദമിക് മേഖലയായി മാത്രം പരിഗണിക്കുന്ന രചനകള്‍ക്കാണ് ഇന്ന് കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. സൂഫിസത്തെ അര്‍ത്ഥമറിഞ്ഞുള്ള അനുഭവകലയായി ഉള്‍ക്കൊണ്ടുള്ള രചനകള്‍ക്കും ഈയടുത്ത് പ്രാധാന്യം കിട്ടി വരുന്നുണ്ട്.
ഈ വിഭാഗത്തില്‍ സൂഫിസത്തെ അനുഭവാവിഷ്ക്കാരമായി വികസിപ്പിച്ചെടുക്കാനുള്ള രചനയും ഉത്തമ ഉദാഹരണമാണ്. തീര്‍ത്തും കാലിക പ്രസക്തി ചോര്‍ന്നു പോകാത്തതും, ഏറെ ചിന്തോദ്ധീപമായ ഈ ലേഖന സമാഹാരം പ്രമുഖ എഴുത്തുകാരനും, വാഗ്മിയും, മജ്മഅ വാഫി ക്യാമ്പസ് തഫ്സീര്‍ ഡിപ്പാര്‍ട്ട്മെന്റ് എച്ച്.ഒ.ഡിയുമായ ഉസ്താദ് പി.മുഹമ്മദ് റഹ്മാനി മഞ്ചേരി എഴുതിയ 'സൂഫിസം സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്ര' എന്ന പുസ്തകം. സൂഫിസത്തെ അറിഞ്ഞുള്ള വിചാരപ്പെടുത്തലുകള്ക്കാണ് ഗ്രന്ഥകാരന് ശ്രമിക്കുന്നത്.
ഇസ്ലാമിക പ്രബോധന വിഭാഗം തടപ്പറമ്പാണ് പുസ്തകത്തിന്റെ പ്രസാധകര്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനങ്ങളില്‍ ആത്മീയതയുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമായും 'സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്ര' എന്ന ലേഖനത്തില്‍ സ്രഷ്ടാവിന്റെ സാമീപ്യം തേടിയുള്ള ആത്മാന്വേഷണത്തിന് തൗബ, തഖ്വ, വറഅ് (സൂക്ഷ്മത), സുഹ്ദ് (പരിത്യാഗം), സിദ്ഖ് ( സത്യസന്ധത ), ക്ഷമ, തവക്കുല്‍ , വിധി, ശുക്ക്ര് (കൃതജ്ഞത )തുടങ്ങിയ മൂല്യങ്ങള്‍ കൈവരിക്കണമെന്നും ഗ്രന്ഥകാരന് വിശദീകരിക്കുന്നുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കുന്നതിന്റെ പ്രാഥമിക രൂപങ്ങളെയാണ് പ്രതിപാതിക്കുന്നത്.
ആത്മീയതയെ കേവല അക്കാദമിക് മേഖലയായി മാത്രം പരിഗണിക്കുന്ന രചനകള്‍ക്കാണ് ഇന്ന് കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. സൂഫിസത്തെ അര്‍ത്ഥമറിഞ്ഞുള്ള അനുഭവകലയായി ഉള്‍ക്കൊണ്ടുള്ള രചനകള്‍ക്കും ഈയടുത്ത് പ്രാധാന്യം കിട്ടി വരുന്നുണ്ട്.
ആത്മജ്ഞാനമന്വേഷിച്ചിറങ്ങുന്നവനില്‍ പ്രധാനമായുണ്ടാവേണ്ട ഗുണവിശേഷങ്ങളാണ് മുമ്പുദ്ധരിച്ചവയത്രയും. എന്നാല്‍ ആത്മജ്ഞാനികളുടെ വിവരണങ്ങളില്‍ ഇനിയുമുണ്ട്. നിപുണനായ മുര്‍ശിദ് ശിഷ്യന്റെ ആത്മീയാവസ്ഥക്കനുസരിച്ച് നല്കുന്ന ചിട്ടകളും, പരിശീലനങ്ങളാണ്. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മുരീദിന് മാത്രമേ ഈ ഉത്തുംഗത പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ.
അള്ളാഹുവിലേക്കുള്ള യാത്രയും ചെന്നെത്തെലുകളുമെല്ലാം പ്രത്യക്ഷ വായനയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുണ്ട്.
ഇമാം ഗസ്സാലി (റ) ഈ യാത്രയെ ഇങ്ങനെയാണ് വിവരിക്കുന്നത് :പടച്ചവന്റെയടുത്തേക്ക് ചെന്നെത്തുക എന്നുവെച്ചാല്‍, ഭൗതിക ലോകത്ത് വെച്ച് ഹൃദയ രഹസ്യം കൊണ്ട് അവനെ കാണുകയും അവന്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുക എന്നതാണ്. പാരത്രികലോകത്തുവെച്ച് നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള കാഴ്ച്ചയും. എന്നല്ലാതെ ശരീരങ്ങള്‍ തമ്മിലുള്ള ചേരലോ സന്ധിക്കലോ അല്ല. അള്ളാഹു ആ അവസ്ഥയില്‍ നിന്ന് അങ്ങേയറ്റം പരിശുദ്ധനാണ്. അഥവാ അള്ളാഹുവിന്റെ അസ്തിത്വവും പരിശുദ്ധതയും ഉണ്മയും സാക്ഷ്യാനുഭവവുമെല്ലാം ഹൃദയകണ്ണിലൂടെ അനുഭവിച്ചറിയുന്ന മധുര സുന്ദര ലോകത്തെത്തുന്ന അവസ്ഥയെ പരിചയപ്പെടുത്തുന്നതിന്റെ ഗ്രാഹ്യഭാഷാപ്രയോഗമാണ് അവനിലേക്ക് ചെന്നെത്തുന്ന യാത്ര എന്നത്.
'സൂഫിസത്തിന്റെ അവലംബ 'മെന്ന ലേഖനത്തില്‍ സൂഫിസത്തിന്റെ നാള്‍വഴികള്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്.
സൂഫിസത്തിന്റെ ശാസ്ത്രീയ രൂപം പില്ക്കാലത്ത് രംഗ പ്രവേശനം ചെയ്യപ്പെട്ടു. സൂഫികളുടെ അദ്ധ്യാത്മികതയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രയോഗങ്ങളുടെ ഉത്ഭവങ്ങളെ പില്ക്കാലത്തേക്ക് ചേര്‍ത്ത് പറയുന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാല്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ സൂഫിസത്തിന്റെ നിതാന അവലംബങ്ങളെയെല്ലാം തന്നെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) യിലേക്ക് തന്നെ ചേര്‍ത്തി പറയാനാവുമെന്ന് ലേഖകന്‍ തെളിയിക്കുന്നു. ഇസ്ലാംമതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിമാര്‍ഗ്ഗം (സ്വൂഫിസം). ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നുവിളിക്കുന്നു. മുഹമ്മദ് നബിയുടെ സദസ്സില്‍ ഒരു മാലാഖ വന്നു 'ഈമാന്‍, ഇസ്ലാം, ഇഹ്സാന്‍' എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഉണ്ട്. ഇതില്‍ 'ഇഹ്സാന്‍' എന്ന തസ്വവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികള്‍.
ത്വരീഖത്ത് സ്വീകരിച്ചു ആത്മ സംസ്കരണ മുറകള്‍ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയില്‍ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാം എന്നും സൂഫികള്‍ കരുതുന്നു. പ്രവാചകന് മുഹമ്മദ് (സ്വ)യുടെ കാലത്ത് പള്ളിയില്‍ താമസിച്ചിരുന്ന സുഫക്കാരില്‍ നിന്നാണ് സൂഫികളുടെ ഉത്ഭവം എന്ന് കരുതുന്നവരുണ്ട്, അതല്ല മുഹമ്മദ് നബിക്ക് മുമ്പേ ഉള്ള പ്രവാചകന്മാരുടെ കാലത്തും സൂഫികള്‍ ഉണ്ടെന്നു മറ്റൊരു വിഭാഗം കരുതുന്നു.
എന്നാല്‍ ഇസ്ലാമുമായി ബന്ധമില്ലാത്ത ഒന്നാണ് തസ്വവ്വുഫെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ഇസ്ലാമിന്റെ ശത്രുക്കളായ ഓറിയന്റലിസ്റ്റുകാരാണ് ത്വരീഖത്ത് പില്കാലത്തുണ്ടായതാണെന്നും അതിന്റെ സാങ്കേതികപ്രയോഗങ്ങളും നിയമങ്ങളും അവരുടെ നടത്തിപ്പിന്റെ പ്രായോഗിക രീതിയും ഇസ്ലാമിക വിരുദ്ധമാണെന്നും പില്കാലത്തുണ്ടായതാണെന്നും പറഞ്ഞുപരത്തുന്നത്. ഇവരുടെ പ്രസ്താവന കാരണം ഇസ്ലാമിക മൂല്യങ്ങളുടെ തനത്ശൈലിയും മാനങ്ങളും നഷ്ടപ്പെടുന്നു. ഇത് തസ്വവ്വുഫെന്ന പരമ ലക്ഷ്യം അവംബിക്കുന്നത് പ്രവാചകന്മാരുടെ അവിടുത്തെ സച്ചരിതരായ അനുചരവൃത്തങ്ങളില് നിന്നും പണ്ഡിതന്മാരില് നിന്നുമാണ്.
വായനക്കാരെ ഏറെ ചിന്തിപ്പിക്കുകയും ആത്മനിര്‍വൃതി അണിയിപ്പിക്കുകയും ചെയ്യുന്ന ലേഖനമാണ് മഖ്ബറ ജീവിച്ച് തീരാത്തവരുടെ ഇടങ്ങള്‍. ആത്മീയ ഉള്‍വിളിക്ക് ഇടം കണ്ടെത്താന്‍ മഖ്ബറയും, ദര്‍ഗ്ഗകളും കേന്ദ്രമാക്കുന്ന മുസ്ലിം ജനതക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ലേഖനം. മഖ്ബറയില് ഖുബ്ബകള്‍ കെട്ടിപ്പടുക്കുന്നതും, കേരള മുസ്ലിംകളുടെ മാത്രം പ്രത്യേകതയല്ല എന്ന് ശക്തമായി തെളിയിക്കുന്നുണ്ട് ലേഖകന്‍. ഇന്ന് മുസ്ലിം സമൂഹത്തിനിടയില്‍ തന്നെ ഭിന്നിപ്പും ചര്‍ച്ചകള്‍ കൊണ്ടുള്ള വാഗ് വാദങ്ങള്‍ സൃഷ്ടിച്ചതുമായ ഒന്നാണ് ഖബര്‍ സിയാറത്ത് അഥവാ സ്മശാന സന്ദര്‍ശനം. അവിടെ നടക്കുന്നത് അവരെ ആരാധിക്കുകയും അവരെ വിളിച്ച് പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നതെന്ന കിംവദന്തി പരത്തി മുസ്ലിംകളുടെ ഇടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച ആശയങ്ങളെ പൊളിച്ചടക്കലുമാണ് ഈ പ്രബന്ധത്തിന്റെ പ്രധാന വിവക്ഷ.
പ്രവാചകന്മാരുടേയും, ഖുലഫാഉറാശ്ശിദുകളുടേയും, സ്വഹാബത്തിന്റേയും, താബിഈങ്ങളുടേയും, മറ്റു പ്രമുഖ സൂഫീ പണ്ഡിതന്മാരുടേയും, സാദാത്തുക്കളുടേയും മഖ്ബറകള്‍ കെട്ടിപ്പടുക്കുന്നതായും അവിടുത്തെ മദദ് ലഭിക്കുന്നതിന്നും പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടിയും ആളുകള്‍ അവിടെ പോകുന്നു. ഖബര്‍ സന്ദര്‍ശനം അനുവദനീയമാണെന്നതിനുള്ള ഒരുപാട് തെളിവുകള്‍ കിതാബുകളില്‍ കാണാന്‍ സാധിക്കുന്നതാണ്. പ്രവാചകര്‍ തിരുമേനി(സ്വ) തങ്ങള്‍ പറയുന്നു :നിങ്ങള്‍ക്കത് ഞാന്‍ ഖബര്‍ സിയാറത്ത് തടഞ്ഞിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ സിയാറത്ത് ചെയ്തു കൊള്ളുക. ഈ ഹദീസ് നേരത്തേ നിരോധിക്കപ്പെട്ടതും പിന്നീട് ഇസ്ലാം അംഗീകരിക്കുകയും ചെയ്ത ഒന്നാണ് ഖബര്‍ സിയാറത്ത്. ഇതിലും കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലായെന്നും ലേഖകന്‍ പ്രതികരിക്കുന്നു.
ഒരു മതത്തിന്റെ ലേബലില്‍ നില്ക്കുമ്പോള് അതിന്റെതായ രീതിയും കര്‍മ്മ ശാസ്ത്ര രീതിയുമുണ്ട്. ഒരു മതത്തിന്റെ സുഖമമായ നടത്തിപ്പിനുതകുന്നതായ നിയമങ്ങളും നിയമസംഹിതകളും അത്യാവശ്യമാണ്. ''ശരീഅ:അര്‍ത്ഥം ഭാഷ വ്യവഹാരം'' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം നമുക്ക് നല്കുന്ന അറിവ് വളരെയേറെ പ്രാധാന്യമുള്ളതാണ്. മനുഷ്യ ജീവിതത്തിന്റെ നില നില്പ്പിന്നാവശ്യമായ നിയമങ്ങള്‍ ഏതൊരു മതത്തിലും നിബിഡമായിരിക്കും. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ദീന് മുന്നോട്ട് പോകണമെങ്കില്‍ ശറഇന്റെ നിര്ദ്ദേശമനുസരിക്കല് നിര്‍ബന്ധമാണ്.
നവ ഇസ്ലാമിക സൊസൈറ്റിയില്‍ വിശ്വാസങ്ങള്‍ക്ക് പുറമെ അനിസ്ലാമിക വിശ്വാസങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്കുന്നു എന്നത് യാതാര്ത്ഥത്യമാണ്. മുസ്ലിമിന്റെ മൗലിക കാര്യങ്ങളില്‍ പെട്ടതാണ് വിശ്വാസം. വിശ്വാസം ഹൃദയവുമായി ബന്ധപ്പെട്ടതാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുസ്ലിംകളില് ആര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസമില്ല. അതുപോലെ മനുഷ്യന്റെ സ്വഭാവ ശുദ്ധിയെന്നതും അഭിപ്രായ വിത്യാസങ്ങള്ക്കന്യമാണ്. പിന്നെ ശേഷിക്കുന്നവ മനുഷ്യന്റെ കര്‍മ്മ കാര്യങ്ങളാണ്. ഇതിനെ കണ്ടെത്താന്‍ പരിശുദ്ധ ഇസ്ലാമില്‍ നാല് പ്രമാണങ്ങള്‍ പണ്ഡിതന്മാര് മുന്നോട്ട് വെക്കുന്നുണ്ട്. ഖുര്‍ആന്‍ ,ഹദീസ്, പണ്ഡിത ഏകോപനം, ഖിയാസ് എന്നിവാണ്.
ഇസ്ലാമോഫോബിയ നടമാടിക്കൊണ്ടിരിക്കുന്ന ഈ അഭിനവ കാലഘട്ടത്തില്‍ മുസ്ലിം നാമകരണത്തില് ഇസ്ലാമിന്റ പഞ്ചസ്തംഭത്തെ തച്ചുതകര്‍ക്കുന്ന രീതിയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. യുദ്ധക്കൊതിയന്മാരായി ഇസ്ലാമിന്റെ ശിആറുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയിട്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് വാദിക്കുന്നു. സത്യത്തില്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ വരുന്നവരെ മാത്രം വധിച്ചാല്‍ പോരെ, അതും ഒരു ഇസ്ലാമിക രാജ്യത്തുള്ള മുസ്ലിംകളെ, എങ്ങനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് മുസ്ലിമിന്റെ ജിഹാദി ഗ്രൂപ്പായത്? ഇസ്ലാമിക് സ്റ്റേറ്റ് കേവലം ഒരു തീവ്രവാദ മതത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഈ ലേഖനത്തിലൂടെ നമുക്ക് മനസ്സിലാകുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെ കണ്ടുകൊണ്ട് ആരും തന്നെ ഇസ്ലിമിനെ വിലയിരുത്താന്‍ പാടില്ല എന്ന് ഈ ലേഖനത്തിലൂടെ വായിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.
Social Plugin