മുനീര്‍ കടയ്ക്കല്‍
ദെെവത്തില്‍ നിന്നും നേരിട്ട് അതുല്യ ചഷകം മൊത്തി കുടിയ്ക്കുക, വീഞ്ഞിന്‍റെ് ലഹരിയില്‍ പങ്കു കൊള്ളാന്‍ വരുന്നവരെ വീണ്ടും വീണ്ടും ത്രസിപ്പിക്കുക.
മലയാളത്തിന്‍റെ ബഷീറാണിത്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും പെറ്റിട്ട വാക്കുകള്‍ കൊണ്ട് ഭാഷയെ വീഞ്ഞാക്കിത്തീര്‍ത്ത ഒരാള്‍, ലോകം മുഴുവന്‍ ആ ലഹരിയില്‍ ആനന്ദിക്കാന്‍ ബഷീര്‍ മാടി വിളിയ്ക്കുന്നു.
ചെറിയ വാക്കുകളിലൂടെ, ലളിതമായ പ്രതിപാദനം നടത്തി ഭാഷയില്‍ അതുല്യ പ്രതിഭാസം തീര്‍ത്ത വ്യക്തിയാണ് ബഷീര്‍. മലയാളത്തിന്‍റെ മധുവും മലരുമാണത്.
ജീവിതമെഴുതി ചരിത്രത്തിന്‍റെ ഇതളുകളിലേക്ക് നടന്നു കയറുമ്പോള്‍ മാനവരാശിയെ മുഴുവനുമാണ് ബഷീര്‍ ചേര്‍ത്തു പിടിയ്ക്കുന്നത്.ശാരീരിക ഭാഷയുടെ സ്ഫുലിംഗമാണ് ഇതിനു നിദാനം.
മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ ബഷീര്‍ അവതരിപ്പിച്ചത് പാത്തുമ്മയുടെ ആടിലൂടെയാണ്. ആത്മകഥയും ജീവചരിത്രവും യാത്രയുടെ വിസ്മയാനുഭവങ്ങളും കോര്‍ത്തിണക്കിയ ഒരേയൊരു കൃതി, സ്ത്രീയുടെ ഉണ്‍മയെപ്പറ്റിയാണ് ബഷീര്‍
സാരിക്കുന്നത്. വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ലോക കാര്യങ്ങളില്‍ എളിയ തോതില്‍ ഇടപെടുന്ന പാത്തുമ്മ, സകലമാന സ്ത്രീകളെയുമാണ് പ്രതിനിധീകരിക്കുന്നത്.
നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഉറപ്പിച്ച ചലനങ്ങളുടെയും പ്രതീകമാണ് ബഷീര്‍ പാത്തുമ്മയിലൂടെ തുറന്ന് കാട്ടിയത്. ചരല്‍ക്കല്ലുകള്‍ നിറഞ്ഞ പാതയിലൂടെ നടക്കുമ്പോഴും സുതാര്യമായൊരു വഴിയിലേക്ക് വായനക്കാരെ നയിക്കുന്നു.
സ്വന്തം സഹോദരനിലൂടെ ചരിത്രത്തിലേക്ക് നടന്നു കയറിയ പാത്തുമ്മ ജീവിത ചിത്രം കൊണ്ട് ലോകത്തിലെ കുലീന സന്ദേഹങ്ങളെയാണ് തിരുത്തിയെഴുതുന്നത്.
നര്‍മ്മത്തെക്കാള്‍ നിര്‍മമതയുടെ സ്വാഭാവികതയാണ് ബഷീര്‍ കൃതികളുടെ പ്രത്യേകതയെന്നുള്ള, എം. എന്‍. വിജയന്‍റ വാക്കുകള്‍ 'പാത്തുമ്മയുടെ ആടി'ലാണ് കൂടുതല്‍ പ്രതിഭലിക്കുക.
ഒാരോ വാക്കിന്‍റെയും വ്യത്യസ്ഥമായ അവതരണങ്ങള്‍, സ്ഥലകാല വിവരണങ്ങള്‍, സംബോധന ശാസ്ത്രങ്ങള്‍, നിര്‍മിത ഭാവങ്ങള്‍ ഇവയെല്ലാം കൊണ്ട് മനുഷ്യരാശിയില്‍ എക്കാലവും പാത്തുമ്മയും ആടും നിറഞ്ഞു നില്‍ക്കും.
ബഷീറിനെപ്പോലെ മേയുന്ന ഒരാട്. ബഷീര്‍ ലോകം കാണുമ്പോള്‍ വീടിന്‍റെ ഇട്ടാവട്ടത്ത് ചുറ്റിത്തിരിയുന്ന പാത്തുമ്മയുടെ ആടും ചരിത്രത്തിലേക്ക് സഞ്ചരിക്കുകയാണ്.
ഇവിടെ, സാധാരണ സൂചനകള്‍ മാത്രമാണ് ലോകം മുഴുവന്‍ കെെവെള്ളയില്‍ ഒതുക്കാന്‍ ബഷീര്‍ പ്രയോഗിച്ചിരിക്കുന്നത്.
'ആട്ടിന്‍ പാല്‍' എന്ന സൂചനയില്‍ മനുഷ്യപ്രതിപത്തിയെ വിശാലമാക്കുകയാണ്. പാത്തുമ്മ അറിയാതെ ആടിനെക്കറന്ന് ആനുമ്മാമമാരും എെശോമ്മായും ഉമ്മയും ചായകുടിക്കുന്നുണ്ട്, തമാശയോടെയാണ് പെണ്‍ബുദ്ധിയെ കുറിച്ച് ബഷീര്‍ എഴുതുന്നത്.
'ഞാന്‍ ചോര വെള്ളമാക്കി വേല ചെയ്യുന്ന ഒരു തൊഴിലാളിയാണ്' ഹനീഫയെന്ന കഥാപാത്രത്തിന്‍റെ ശബ്ദത്തിലൂടെ മുഴുവന്‍ കമ്മ്യൂണിസ്റ്റകാരെയും നിശബ്ദ തൊഴിലാളികളെയും കുറിച്ച് ബഷീര്‍ പറയാതെ പറയുന്നു. ആ കാലത്തെ രാഷ്ട്രീയ പശ്ചാത്തലവും അതു തന്നെയായിരുന്നു.
മുതലാളി തൊഴിലാളി വര്‍ഗീകരണം നോവലിലിലെ മറ്റൊരു പരാമര്‍ശമാണ്.
സാധാരണ കുടുംബത്തില്‍ നിന്നു കൊണ്ടാണ് സ്വത്തിനെക്കുറിച്ച് ഉടമസ്ഥാവകാശത്തെക്കുറിച്ച് വ്യംഗ്യമായി ബഷീര്‍ അവതരിപ്പിക്കുന്നത്.
താന്‍ അനുഭവിച്ച ലോകത്ത് നിന്ന് മടങ്ങിയെത്തിയപ്പോള്‍ പകര്‍ത്തിയെഴുതിയ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് ബഷീര്‍ കാലത്തിന് പുതിയ തിരിച്ചറിവുകള്‍ നല്‍കുന്നത്.
ജീവിതത്തില്‍ നിന്നും കഥയിലേക്കും മിത്തിലേക്കും നടന്നു കയറിയ പാത്തുമ്മയും ആടും വര്‍ണിക്കാനാകാത്ത വിധം മനോഹരമാണ്.
ഇന്നും, വിസ്മയങ്ങളാല്‍ നുരഞ്ഞു പൊന്തുന്ന അതുല്യ കൃതിയായി ഇതിനെ വിലയിരുത്തപ്പെടുന്നു.
വാങ്മയ ചിത്ര ചാരുതയാണ് ബഷീര്‍ നോവലുകളെ മഹത്വമാക്കുന്നത്. ലളിതമായ വാക്കുകളിലൂടെ സമ്പൂര്‍ണമായൊരു സൃഷ്ടിയുടെ പിറവിയാണ് ബഷീറിന്‍റെ മഹിമ.
0 Comments