ഫാത്തിമാബീവി

പ്രശാന്തമായൊരു പ്രത്യേക രാത്രിയായിരുന്നു അത്.സ്വപ്നത്തിന്റെ സങ്കീർണ്ണമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് അവൾ.
അച്ഛനില്ല,അമ്മയില്ല,സൗഹൃദങ്ങളില്ല,സഹോദരങ്ങളില്ല...
ഉറ്റവരുടെ ലോകത്തുനിന്നും വളരെ ദൂരെയാണവൾ.അവളുടെ ലോകത്ത് ഇപ്പോൾ അവൻ മാത്രമാണുള്ളത്.
പെട്ടന്നാണ് അവന്റെ ശ്വാസം അവളുടെ കഴുത്തിനെ തഴുകിയത്.ഒരു ഞെട്ടലെന്നോണം അവൾ അവനിലേക്ക് തിരിഞ്ഞു.അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ കുറച്ചധികനേരം നോക്കിനിന്നു.അപ്പോളവളുടെ കണ്ണുകൾ തേജസ്സിനാൽ വിളങ്ങിയിരുന്നു
രഹസ്യമായ ഒരു സ്നേഹബന്ധം....

വീടിന്റെ രണ്ടാംനിലയിലെ മുറിയിൽ നിന്നും മെല്ലെ എണീറ്റവൾ ബാൽക്കണിയിൽ വന്നുനിന്നു.പതിയെ കണ്ണുകൾ ആകാശത്തേക്കുയർത്തി.

' ചന്ദ്രനില്ലാത്ത രാത്രി '

അവൾ പതിഞ്ഞസ്വരത്തിൽ പറഞ്ഞു.അപ്പോൾ തന്റെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടതുപോലെ അവൾക്ക് തോന്നുകയുണ്ടായി.

' സ്നേഹത്തിന്റെ മാലാഖ '

അവൾ അങ്ങനെയാണ് ആ മാലാഖയെ പേരിട്ടു വിശേഷിപ്പിച്ചത്.

'ഞാനിപ്പോൾ സ്നേഹിക്കപ്പെടുന്നവളാണ് '

അവൾ പലതും ചിന്തിച്ചു.ശേഷം താഴെക്കൊന്നു നോക്കി.അവിടെ സുഹൃത്തിനൊപ്പം ഗൗരവമായ കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴും കാമുകന്റെ മുഖം ദീപപ്രഭയിൽ തിളങ്ങുന്നുണ്ടായിരുന്നു.ചിലപ്പോൾ അവളെപ്പോലെത്തന്നെ അവനും സ്വപ്നം കാണുന്നുണ്ടാകാം.

" മനസ്സുകൊണ്ടും, ശരീരം കൊണ്ടും ഞാൻ അവന്റേതാകാൻ പോകുന്ന രാത്രി, അവന്റേതു മാത്രം "

ആമോദത്തിന്റെ ലഹരിയിൽ അവൾ പലതും സ്വപ്നം കണ്ടു.

രണ്ടുപേരും ഉൽഘണ്ഠയോടെ കാത്തിരുന്ന നിമിഷങ്ങളാണ് ഈ രാത്രി അവർക്ക് സമ്മാനിക്കാൻ പോകുന്നത്.ഘടികാരത്തിലെ സൂചി മുന്നോട്ട് തന്നെ ചലിച്ചുകൊണ്ടിരുന്നു.അവൻ അവൾക്കരികിലേക്ക് നടന്നടുക്കുന്നു.

അവൾ ജനലിടുക്കിലൂടെ പുറത്തേക്ക് നോക്കിനിൽക്കുകയാണ്.ഈ രാത്രിയെ ശരിക്കും അവൾ ആസ്വദിക്കുന്നു.

പെട്ടന്നാണ് അവന്റെ ശ്വാസം അവളുടെ കഴുത്തിനെ തഴുകിയത്.ഒരു ഞെട്ടലെന്നോണം അവൾ അവനിലേക്ക് തിരിഞ്ഞു.അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ കുറച്ചധികനേരം നോക്കിനിന്നു.അപ്പോളവളുടെ കണ്ണുകൾ തേജസ്സിനാൽ വിളങ്ങിയിരുന്നു.

"എന്തുകൊണ്ടാണ് നമ്മുടെ ഈ ബന്ധത്തെ പൂർണ്ണമായും രഹസ്യമാക്കി വെച്ചിരിക്കുന്നത്? "

പെട്ടന്നായിരുന്നു അവനിൽ നിന്നും ആ ചോദ്യമുണ്ടായത്.
അവൾ എളിമയോടെ മറുപടി നൽകി... 

"രഹസ്യമാക്കാനാണ് ഈശ്വരൻ ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തിന് അതിനുള്ള ഒരു അവസരം നൽകുന്നതിൽ തെറ്റുണ്ടോ..? "

ചോദ്യവും, ഉത്തരവും കലർന്ന ആ ബുദ്ധിപൂർവമായ മറുപടി അവനു നന്നേ ഇഷ്ടപ്പെട്ടു.

ഈ ബന്ധത്തിൽ അർപ്പണബോധമുള്ളവരാണ് രണ്ടുപേരും.അവനിൽ അവൾക്കും, അവളിൽ അവനിലും ഒരു വിശ്വാസമുണ്ട്.
അവളൊരിക്കലും എന്നെ കബളിപ്പിക്കില്ലെന്ന വിശ്വാസവും,അവനൊരിക്കലും എന്നെ ചതിക്കില്ലെന്ന വിശ്വാസവും...

അങ്ങനെ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കിനിൽക്കെയാണ് അവൻ അവളുടെ ശരീരത്തെ പൊതിഞ്ഞുള്ള ആടകളെല്ലാം മെല്ലെയോരോന്നായി അഴിച്ചുമാറ്റിത്തുടങ്ങിയത്.അപ്പോഴും അവളിലേക്ക് നോക്കുവാൻ,അവളുടെ നഗ്നതയെ ആസ്വദിക്കുവാൻ അവന്റെ കണ്ണുകൾ വിസമ്മതിക്കുകയായിരുന്നു.
പക്ഷെയെങ്കിൽ തന്നെയും അവൾ നിർബന്ധിച്ചുകൊണ്ടിരുന്നു...
കാരണം, സ്നേഹം ഒരിക്കലും പരാജയപ്പെടില്ലെന്ന സത്യം അവൾ വൈകാതെ തിരിച്ചറിഞ്ഞിരുന്നു.

പുലരുവോളം അവളവന്റെ മാറോടു ചേർന്നു,  സ്‌നേഹത്തിന്റെയും, കരുതലിന്റെയും, സുരക്ഷിതത്വത്തിന്റെയും ചൂടിൽ കിടന്നു.

ആർത്തുലച്ചുപെയ്യുന്ന  മഴയുടെ ശബ്ദം കേട്ടാണവർ അവരുടെ ലോകത്തു നിന്നും ഉണർന്നത്.മെല്ലെ എണീറ്റവർ ജനലഴികളിലൂടെ പുറത്തേക്കു നോക്കി.ശേഷം മുറിയുടെ വാതിൽ തുറന്ന് ഇരുവരും ബാൽക്കണിയിൽ വന്നുനിന്നു.

"അപരിമേയമായ ഈ അന്തരീക്ഷത്തിൽ എന്താണ് നീ കാണുന്നത്?"

അവൾ ചോദിച്ചു.

അവൻ പറഞ്ഞു, 

" മഴ "

" നീയോ "
അവന്റെ മറുചോദ്യം..

" ഞാൻ കാണുന്നത് നിന്നെയാണ് "

ഈ മറുപടിയിൽ അവളുടെ ജീവിതം തന്നെയുണ്ടായിരുന്നു.

അവൾ തുടർന്നു...

"ഈശ്വരൻ എന്നെയിനി ഇപ്പോൾ വിളിക്കുകയാണെങ്കിൽത്തന്നെയും ഞാൻ സന്തോഷത്തോടെ പോകാൻ തയ്യാറാകും.
സമുദ്രത്തെ നീന്തിക്കടന്നാൽ ഉണ്ടാകുന്ന ഒരു തൃപ്തിയോടെ..., 
പിന്നീടൊരു മഴയായി ഇടയ്ക്കിടെ ഞാൻ ഭൂമിയിലേക്ക് പെയ്തിറങ്ങും, 
ഒരു തുള്ളിയായി നിന്റെ നെറുകയിൽ ചുംബിക്കാൻ..."

അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.അവൻ അവളെ കെട്ടിപ്പുണർന്നു തന്റെ പുതപ്പിനുള്ളിൽ ചേർത്തുനിറുത്തി.

എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന നിമിഷങ്ങളിലൂടെ തുഴഞ്ഞുനീങ്ങുകയാണ് അവർ..
അതിന്റെ വക്കിൽ നിന്നുകൊണ്ട് അവരുടേതായ വലിയ-വലിയ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നതും കണ്ടുകൊണ്ട്....!

                                                                                                                    ഫാത്തിമാബീവി