മുര്‍ഷിദ കെ.പി ഉണ്ണിയാല്‍
കലാപങ്ങളെയും കാലുഷ്യങ്ങളെയും നേരില്‍ കണ്ടനുഭവിക്കാന്‍ ചോരമണം ശ്വസിച്ച് നൂറ്റാണ്ടുകള്‍ക്ക് ചരിത്രമോതി കൊടുക്കാനും ഭാഗ്യം ലഭിച്ച ഡല്‍ഹിയുടെ മാറിടത്തിലാണ് പുത്തന്‍ പ്രക്ഷോഭ രീതിയുമായി സ്ത്രീകള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ ഭദ്രതക്കുമേല്‍ അനധികൃതമായി കൈകടത്തി ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍ പറത്തി പൗരന്മാരുടെ ജീവിതത്തിന്റെ നാനാതുറകളിലും ഏകപക്ഷീയമായ നിയമസാധ്യതകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിനെതിരെ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും പിന്തുണ ബലമായെടുത്ത് അധികാരികളുടെ അനാസ്ഥയെ പകല്‍ വെളിച്ചത്തില്‍ ചോദ്യം ചെയ്യുകയാണ്; സ്ത്രീകൂട്ടായ്മകള്‍ക്ക് കീഴിലായി നയിക്കപ്പെടുന്ന പുതിയ തരം പ്രതിഷേധമുറകള്‍. ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പിലും ആത്മധൈര്യവും ലക്ഷ്യബോധവും നഷ്ടപ്പെടാതെ നമ്മുടെ സഹോദരിമാര്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ക്കു മുമ്പില്‍ വര്‍ഗീയതയുടെ വിത്ത് പാകാന്‍ നിലം തേടി പോകുന്ന മര്‍ക്കടബുദ്ധികാര്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടാകൂ എന്നതൊരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. നാടിന്റെ അഖണ്ഡതക്കും അധഃപതനത്തിനും ഹേതുവായി മാറിയ സര്‍വ്വ ഭരണകൂട അജണ്ടകള്‍ക്കെതിരെയും ഫലപ്രദമായ രീതിയില്‍ ശബ്ദമുയര്‍ത്തുകയും സമൂഹത്തിനാവശ്യമായ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്നതിന് സ്ത്രീ സമൂഹം വഹിച്ച പങ്ക് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ മങ്ങലേല്‍ക്കാത്ത അധ്യായങ്ങളാണ്. സത്രീ ശബ്ദത്തിന്റെ ഇന്ത്യന്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ വീക്ഷണകോണുകളിലും വിമര്‍ശനരീതികളിലും കാലികമായ മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അതു കൊണ്ട് തന്നെയാണ് സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള പുത്തന്‍ സമരരീതികള്‍. ക്രിയാത്മകമായി ചിന്തിക്കുകയും തങ്ങളുടെ ചുറ്റുപാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയും കൃത്യ സമയത്ത് പ്രതികരിക്കുകയും ചെയ്യുന്ന യുവതലമുറ നേതൃത്വം നല്‍കുന്നത് കേവലം വൈകാരിക പ്രകടനങ്ങള്‍ക്ക് മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ബഹുസ്വരതക്കും കെട്ടുറപ്പിനും ഭീഷണിയായി ഉയര്‍ന്നു പൊങ്ങുന്ന യുക്തിരഹിത പ്രത്യയശസ്ത്രങ്ങള്‍ക്കെതിരെയുള്ള ചൂണ്ടുവിരല്‍ കൂടിയാണ്.
ഡല്‍ഹി സര്‍വ്വകലാശാലകളിലെ പെണ്‍കുട്ടികള്‍ സംഘടിപ്പിക്കുന്ന സമാധാനപരവും ആരോഗ്യകരവും ആയ സംവാദങ്ങളും മറ്റു ചര്‍ച്ചാ സംവിധാനങ്ങളും പൊതു പ്രശ്‌നങ്ങളില്‍ തന്റേതായ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്ന് കാട്ടാന്‍ മാത്രം ധൈര്യവും പ്രാപ്തിയുമുള്ള യുവതലമുറ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്. കേവലം പത്തു വീട്ടമ്മമാരാല്‍ മാത്രം തുടങ്ങിവെക്കപ്പെട്ട ശഹീന്‍ബാഗ് സമരം ഇന്നൊരു ദേശീയ സമരമുഖമായി അംഗീകരിക്കപ്പെടുകയും ഇതിനകം ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നതുകാണുമ്പോള്‍ വനിതാദിനത്തില്‍, രാജ്യം സംഘര്‍ഷത്തിലും സംഘട്ടനത്തിലും മുഴുകിയിരിക്കുമ്പോഴും യാഥാര്‍ത്ഥ സ്ത്രീ ശക്തിയെ അംഗീകരിക്കാനും ആദരിക്കാനുമാണ് രാജ്യം ശ്രമിക്കേണ്ടത്. ആശയങ്ങളെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് മുറിച്ചുമാറ്റാതെ പോരാട്ട ഭൂമിയിലെ പെണ്‍ ശബ്ദങ്ങളെ തിരിച്ചറിയാനാണ് നാം ശ്രദ്ധിക്കേണ്ടത്. രാജ്യസുരക്ഷയില്‍ പങ്കാളികളായി ആരോഗ്യകരമായ പ്രതിഷേധ പ്രകടനങ്ങളില്‍ രാപകല്‍ വ്യാപൃതരായിരിക്കുന്ന സ്ത്രീ സമൂഹത്തിനായിരിക്കട്ടെ ഈ വനിതാദിനം !

1 Comments