റബീഹ് എം.ടി വെങ്ങാട്
ഓര്‍ക്കുക കത്തി പഴം മുറിക്കാനും സഹോദരന്റെ കഴുത്തറുക്കാനുമുപയോഗിക്കാം. ഏത് ശരി/ഏത് തെറ്റ് എന്ന് മതം പറഞ്ഞിട്ടുണ്ട്.അറിവ് കൈമാറുന്നതിലും വിഷയങ്ങളില്‍ പൊതുജനാഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതിന് സമൂഹത്തില്‍ മാധ്യമത്തിനുള്ള പങ്ക് അനിഷേധ്യമാണ്. ആശയ സംവേദനങ്ങള്‍ക്കായി ആധുനിക കാലത്ത് മീഡിയകളെയാണ് ഏറിയകൂറും ഉപയോഗപ്പെടുത്താറ് അതിന്റെ സ്വാധീനം തന്നെയാണ് മുഖ്യ ഘടകം. ഇത്തരം സാഹചര്യത്തിലും നാടകവും ചിത്രരചനയും, കാരിക്കേച്ചറും, അഭിനയവും, മോറല്‍ വീഡിയോകളും അനുവദനീയമാണോ എന്ന ചര്‍ച്ച വിരല്‍ ചൂണ്ടുന്നത് മുസ്ലിം സംഘടനകളുടെ കാലികമായ ഇടപെടലിലെ പോരായ്മയെയാണ്.മേല്‍ പറഞ്ഞ സംവിധാനങ്ങളെല്ലാം ഉപകരണങ്ങളോ മാധ്യമങ്ങളോ ആണ് അവകളെ ഹറാമെന്ന് വിധിയെഴുതാന്‍ കഴിയില്ല. അവയുടെ ഉപയോഗവുമായാണ് ഇസ്ലാമിക നിയമം ബന്ധപ്പെടുക.ഭാഷ, പത്രം എന്നിവ പോലെ തന്നെ ഇവയെയും ഹറാമായി തള്ളാനൊക്കില്ല. മീഡിയങ്ങളെ ദുരുപയോഗം ചെയ്യുമ്പോഴാണ് അത് ഹറാമാവുന്നത്.ഇവകളെ ഏകപക്ഷീയമായി നിഷിദ്ധമെന്ന് എഴുതിത്തള്ളല്‍ ബാലിശമാണ്.
'ഹറാമുകള്‍ ഊറക്കിട്ടാല്‍ ഹലാലാവും' എന്ന പരിഹാസ്യ പൂര്‍ണ്ണമായ കമന്റിട്ട് ആത്മരതി കൊള്ളുന്നവര്‍ അഭിനയത്തിന്റെയും മേല്‍ പറഞ്ഞ കലാ രീതികളെയും വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ഈ കലകളെയും അഭിനയത്തെയും ഇസ്ലാമിക വിരുദ്ധ പട്ടം ചാര്‍ത്തി മാറ്റി നിര്‍ത്താന്‍ ഈ കമന്റ് തൊഴിലാളികള്‍ക്കും സൂക്ഷ്മ ജ്ഞാനികളായ അമിത മത വാദികള്‍ക്കും കഴിയില്ല. കാരണം അഭിനയത്തിന് തെളിവ് ഖുര്‍ആനില്‍ തന്നെയുണ്ട്. സമൂഹത്തിന് എല്ലാ അര്‍ഥത്തിലും മാതൃകായോഗ്യനായൊരു 'സമുദായ'മെന്ന് (അന്നഹ്ല്!120) വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്റാഹീം നബിയുടെ അഭിനയ ചരിത്രം വിശുദ്ധ ഗ്രന്ഥം തന്നെ ഉദ്ധരിക്കുന്നുണ്ട്: ''അങ്ങനെ രാത്രിയായപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. 'ഇതാണ് എന്റെ നാഥന്' എന്നു പറഞ്ഞു. പിന്നെ അത് അസ്തമിച്ചപ്പോള്‍ 'മറഞ്ഞുപോകുന്നവരെ ദൈവമായി ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്നദ്ദേഹം പ്രഖ്യാപിച്ചു. അനന്തരം ചന്ദ്രന് ഉദിച്ചുകണ്ടപ്പോള് 'ഇതാണ് എന്റെ റബ്ബ്' എന്നദ്ദേഹം പറഞ്ഞു. അതും അസ്തമിച്ചപ്പോള്‍ താന്‍ പ്രതികരിച്ചു: 'എന്റെ നാഥന് എനിക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ല എങ്കില്‍ ഞാന്‍ വഴിതെറ്റിയവരില്‍ പെട്ടുപോവുക തന്നെ ചെയ്യുന്നതാണ്.' പിന്നീട് സൂര്യനുദിച്ചുകണ്ടപ്പോള് 'ഇതാണ് എന്റെ നാഥന്; ഏറ്റവും വലുതാണല്ലോ ഇത്' എന്നദ്ദേഹം പ്രസ്താവിച്ചു. അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: 'എന്റെ ജനങ്ങളേ, അല്ലാഹുവിനോട് നിങ്ങള്‍ പങ്കുചേര്ക്കുന്നവയില് നിന്നത്രയും നിശ്ചയം ഞാന്‍ മുക്തനാകുന്നു. ഭുവനവാനങ്ങള് പടച്ച അല്ലാഹുവിലേക്ക് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു. സല്പന്ഥാവിനെ അഭിമുഖീകരിച്ചവനാണ് ഞാന്‍; ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല'' (അല്‍അന്‍ആം 7679). അല്ലാഹുവിന്റെ ഏകദൈവത്വം പ്രേക്ഷകരുടെ മുന്നില്‍ ലളിതസുന്ദരമായി ബോധ്യപ്പെടുത്താന്‍ നക്ഷത്രപൂജകന്റെയും ചന്ദ്രയാരാധകന്റെയും സൂര്യദേവപൂജാരിയുടെയുമെല്ലാം വേഷങ്ങളഭിനയിക്കാന്‍ പ്രവാചകശ്രേഷ്ഠനായ ഇബ്റാഹീം സന്നദ്ധനായെന്ന് ഇവിടെ വ്യക്തമാണല്ലോ.
ഇത്തരം സത്യപാതയിലേക്കുള്ള വഴി നടത്തലിന് നടനം ആവാമെന്നാണ് ഖുര്‍ആനിന്റെ സമര്‍ത്ഥനം ,പിന്നെന്തിനാ രാജാവിനേക്കാള്‍ വലിയ രാജഭക്തി. ഇനി നാഥന് നേരിട്ട് മാലാഖയെ വിട് അഭിനയിപ്പിച്ച ചരിത്രവും ഇസ്ലാമിലുണ്ട്. ഈമാനും ഇഹ്സാനും പരിചയപ്പെടുത്താന്‍ ജിബ്രീല്‍ മാലാഖ വന്നതും ഇസ്ലാമിന്റെയും, ഈമാനിന്റെയും സംജ്ഞ പറഞ്ഞ് കൊടുത്തതും അഭിനയിച്ചുകൊണ്ടായിരുന്നു.ഇത്രയും പോരേ അഭിനയത്തിന് തെളിവ്.
ഇത്തരം കലകളെക്കുറിച്ച് നിരുപാധികം ഹറാമാണെന്ന് ഇസ്ലാമിക പ്രമാണാടിസ്ഥാനത്തില്‍ വ്യവഛേദിക്കാന്‍ സാധിക്കില്ല. നിഷിദ്ധമായ ചേരുവകള്‍ ചേരുമ്പോഴാണ് അവകളെ ഹറാമായി വിധിയെഴുതാനാവൂ എന്ന് കാടടച്ച് വെടി വെക്കുന്നവര്‍ ചിന്തിച്ചാല്‍ നന്നാവും.ദൃശ്യ മാധ്യമങളുടെ നെല്ലും പതിരും വേര്‍തിരിക്കുന്നതിന് മുമ്പ് സമൂഹത്തിലെ അതിന്റെ സ്വാധീനത്തെ കുറിച്ച് ചര്ച്ചിക്കണം. എഴുത്ത് കുത്തുകളെക്കാള് സമൂഹത്തിന്റെ താഴേതട്ടിലേക്ക് കിനിഞ്ഞിറങ്ങുന്നതും തത്സമയ പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന മേഖലയാണ് ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, 'അടുത്തിടെ പുറത്തിറങ്ങിയ പഴക്കമേറിയ ചര്‍ച്ചയില്‍ #അകലങ്ങള്‍ കുറിച്ചതും അതാണ്'. അത് കൊണ്ട് തന്നെ ഓരോ സമൂഹവും അഭംഗുരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കലകളെയും വസ്തുതകളെയുമാണ് പ്രബോധന മാര്‍ഗ്ഗമായി പ്രബോധകന് സ്വീകരിക്കേണ്ടത്. ഇസ്ലാമിന്റെ രീതിയും അതു തന്നെയാണ്. ഓരോ കാലഘട്ടത്തിലും അതത് സമൂഹത്തിനിടയില്‍ സ്വീകാര്യതയുള്ള മാധ്യമമാണ് ദൈവദൂതന്മാര് പ്രബോധനത്തിനായി ഉപയോഗിച്ചത്.ശബ്ദമാധുരിക്കും സംഗീതത്തിനും ചെവികൊടുത്തിരുന്ന ഒരു ജനതയിലേക്കാണ് ദാവൂദ് നബി നിയോഗിതനാവുന്നത്, ആ സമൂഹത്തെ അവര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ മാധ്യമം നല്‍കിയാണ് നാഥന് പ്രബോധനം ചെയ്യാന്‍ കല്‍പ്പിച്ചത്, മായാജാലങ്ങള്‍ അരങ്ങ് വാണിരുന്ന സമൂഹത്തിലേക്കാണ് മൂസാ നബി അവതരിക്കുന്നത് അതേ നാണയത്തില്‍ തിരിച്ചടിച്ച് കൊണ്ടാണ് അദ്ധേഹം തന്റെ പ്രബോധനം നടത്തിയത്,അത്ഭുതസിദ്ധികള്‍ക്ക് അപ്രമാദിത്വം കല്പിച്ചിരുന്നൊരു ജനതയില്‍, മരിച്ചയാളെപ്പോലും ജീവിപ്പിച്ച് ഈസാ നബി പ്രവാചകത്വമുദ്ഘോഷിച്ചു. അറബ് സാഹിത്യത്തിന്റെ പരകോടി പ്രാപിച്ചിരുന്നൊരു ജനതയെ സാഹിത്യ സമ്പുഷ്ടമായ ദൈവികഗ്രന്ഥത്തിലൂടെ വെല്ലുവിളിക്കുന്നതിലായിരുന്നു മുഹമ്മദ് നബിയുടെ സര്‍ഗാത്മകത. ആനുകാലിക പ്രമേയങ്ങളെ കാലികമായിത്തന്നെ നേരിടുന്നതിലാണ് പ്രബോധകന്റെ വിജയമെന്നതിന് ഇസ്ലാമിക ചരിത്രം സാക്ഷി.
ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ കേവല ആസ്വാധനോപാധികള് എന്നിടത്ത് നിന്ന് മാറി വ്യക്തമായ കാഴ്ച്ചപാടുകള്‍ രൂപീകരിക്കാനുതകുന്ന സംവേദന മാര്‍ഗ്ഗമായി കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് മണിക്കൂറുകള്‍ നീണ്ട് നില്ക്കുന്ന പ്രഭാഷണങ്ങളേക്കാള്‍ മിനുട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകളും മറ്റുമാണ് ഏറെ ഗുണപ്രദം എന്ന് വാട്ട്സപ്പും ,ഫെയ്സ് ബുക്കും നിര്‍ലോഭം ഉപയോഗിക്കുന്ന സമൂഹത്തോട് പറയേണ്ട കാര്യമില്ല. ഇത്തരം ചര്‍ച്ചകള്‍ ഇലാസ്റ്റിക് പോലെ അറ്റമില്ലാതെ നീണ്ടുപോവുന്നത് ഒരു വശത്ത് പറയപ്പെട്ട മാധ്യമങ്ങളുടെ സ്വാധീനത്തെയും, ഗുണഫലത്തെയും കുറിച്ച് പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത മതപണ്ഡിതരും, മറുവശത്ത് ഇസ്ലാമിക കര്മ്മശാസ്ത്രത്തെക്കുറിച്ച് കേവല ധാരണ പോലുമില്ലാത്ത സംവിധായകരും, അണിയറ പ്രവര്‍ത്തകരും ഇരുവശത്ത് നിന്ന് കാര്യങ്ങള്‍ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ ഇതിന് രണ്ടിനുമിടക്കാണ് മതവിധി. ഇത്തരം കലകളെക്കുറിച്ച് പറയുമ്പോള്‍ നിഷിദ്ധമാണെന്ന ധാരണ പിടികൂടുന്നത് വാണിജ്യ താല്പര്യാര്ത്ഥം അവകള്‍ക്ക് ആധുനിക സമൂഹം നിര്‍മ്മിച്ചു നല്കിയ വാര്‍പ്പു മാതൃകകളാണ്. അല്ലാതെ ഇസ്ലാം അതിനെ ഉള്‍ക്കൊള്ളാന്‍ പാകപ്പെടാഞ്ഞിട്ടല്ല. ഇത്തരം കലകളെക്കുറിച്ച് നിരുപാധികം ഹറാമാണെന്ന് ഇസ്ലാമിക പ്രമാണാടിസ്ഥാനത്തില്‍ വ്യവഛേദിക്കാന്‍ സാധിക്കില്ല. നിഷിദ്ധമായ ചേരുവകള്‍ ചേരുമ്പോഴാണ് അവകളെ ഹറാമായി വിധിയെഴുതാനാവൂ എന്ന് കാടടച്ച് വെടി വെക്കുന്നവര്‍ ചിന്തിച്ചാല്‍ നന്നാവും.
അല്ലെങ്കിലും ഇത്തരം എതിര്‍പ്പുകളുടെ മൂല കാരണവും താല്പര്യവും ഇസ്ലാമോ മതത്തോടുള്ള പ്രേമമോ അല്ല സംഘടനകളോടും വ്യക്തികളോടുമുള്ള അമിത വിധേയയത്വമാണ്, മുമ്പ് ഇത് പോലെ ടി.വി ശൈത്വാന് പെട്ടിയെന്ന് പറഞ്ഞ് ഹറാമാക്കുകയും പിന്നീടത് ''ഊറക്കിട്ട്' ഹലാലാക്കുകയും ചെയ്ത ചരിത്രം മുണ്ടെന്ന് തിട്ടൂരമിറക്കുന്നവര്‍ ഒന്നാലോചിച്ചാല്‍ നന്ന്. ആത്യന്തികമായി മതങ്ങളുടെ താല്പര്യമാവണം വലുത്, വ്യക്തികളിലേക്ക് സംഘടനകളേയോ സംഘടനകളിലേക്ക് മതങ്ങളേയോ ചുരുക്കി കെട്ടി മതത്തെ ന്യൂനീകരിച്ച് കാണിക്കാന്‍ ശ്രമിക്കരുത്.കേവലം മാധ്യമങ്ങളെ ഹറാമാക്കാന്‍ മാത്രം പ്രബലതയുള്ള ഒരു തെളിവും ഇസ്ലാമിലില്ല. നാടകം സിനിമ എന്ന് പറയുമ്പോഴേക്ക് ഇന്നത്തെ കൊമേഴ്ഷ്യല്‍ സിനിമാ രംഗമാണ് മനസ്സിലേക്ക് വരുന്നത് അത് ഹറാമ് ആണു താനും അതുകൊണ്ടാണ് പണ്ഡിതന്മാര് അതിനെ വിലക്കിയതും അത്തരം പ്രസ്താവനകളെ ഉള്ളറിയാതെ ദുര്‍വ്യാഖ്യാനം ചെയ്യരുത്. ഓര്‍ക്കുക കത്തി പഴം മുറിക്കാനും സഹോദരന്റെ കഴുത്തറുക്കാനുമുപയോഗിക്കാം. ഏത് ശരി/ഏത് തെറ്റ് എന്ന് മതം പറഞ്ഞിട്ടുണ്ട്.


4 Comments
ഇത്തരം വിഷയങ്ങളിൽ തർക്കങ്ങളും സംവാദങ്ങളും സ്വാഭാവികം മാത്രം.
നവോത്ഥാനം ഒറ്റയടിക്കുണ്ടാകുന്നതല്ല.
ക്രമ പ്രവൃദ്ധമായി രൂപപ്പെട്ടു വരുന്ന ഒരു യാഥാർത്ഥ്യമാണത്.
എന്നാൽ കാര്യമറിയുന്നവരും സ്വാർത്ഥ താല്പര്യങ്ങൾക്കായി വിവാദമുണ്ടാക്കുന്നത് തീർച്ചയായും നമ്മെ ഭയപ്പെടുത്തുന്നുണ്ട്.
ഘടനാപരമായ ചില തകരാറുകളുണ്ട് കുറിപ്പിൽ .