വ്യത്യസ്ത മത, സാമൂഹിക ആചാരങ്ങള്‍ക്കും ,സമ്പ്രദായങ്ങള്‍ക്കും അനുസരിച്ച് ഓരോ പൗരനും കൃത്യവും വ്യക്തവുമായ കാഴ്ചപാടിലൂടെ ജീവിക്കാനുതകുമാറ് പ്രേരണയും പ്രോത്സാഹനവും  നല്‍കുന്ന വ്യക്തിനിയമങ്ങള്‍ ഇന്ത്യയിലുണ്ട്. ഹിന്ദു( സിഖ്, ബുദ്ധ, ജൈന അടക്കമുള്ളവര്‍) മുസ്‌ലിം, ക്രസ്ത്യന്‍, പാഴ്‌സി, ജൂത ഗോത്ര നാട്ടാചാര നിയമങ്ങള്‍  തുടങ്ങിയ ഏഴോളം വ്യത്യസ്ത നിയമങ്ങളാണവ. എന്നാല്‍ ഈ നിയമങ്ങളൊന്നും സമ്പൂര്‍ണമോ പരിപൂര്‍ണമോ അല്ല. കാരണം അവയില്‍ പലതും തന്നെ ഏകീകൃതമാക്കപ്പെട്ടതല്ല.  ഇസ്‌ലാമിക ശിക്ഷാ നിയമ വിധികള്‍ തന്നെ അവയുടെ ക്രിമിനല്‍ നിയമത്തില്‍ ഏകീകൃതമാക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അത് നടപ്പാക്കാനുള്ള പരാമാധികാരം കോടതിക്കും സര്‍ക്കാറിനുമാണ്. എന്നാല്‍ ഒരു ശരീഅത്ത് കോടതിയാകട്ടെ ഇന്ന് നിലവിലുമില്ല. യഥാര്‍ത്ഥത്തില്‍ ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദുര്‍ബലത തന്നെയാണ്.
ബഹുഭാര്യത്വം, വിവാഹമോചനം ,അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ നമ്മുടെ സുപ്രീം കോടതി കൈകടത്തലുകള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമവും ഇന്ത്യന്‍ നിയമ സംഹിതയുടെ 26ാം ചട്ടവും 1937 മുതല്‍ നിലവിലുള്ളതാണ്. പിന്നീടത് ചില മാറ്റതിരുത്തലുകള്‍ക്ക് വിധേയമായെങ്കിലും ഇന്നുമത് അതേ ചട്ടത്തില്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, സ്വാതന്ത്രത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1915,1935 എന്നീ ഭരണഘടനാ പ്രമാണങ്ങളും വിവാഹം, രക്ഷാകര്‍തൃത്വം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ വിശയങ്ങളില്‍ വ്യക്തിനിയമം പിന്തുടരാമെന്ന് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണ ഘടനയുടെ ഏഴാമത് ഷെഡ്യൂളിലെ മൂന്നാമത് ലിസ്റ്റിലെ അഞ്ചാമത് പ്രതിപാത്യ വിഷയങ്ങളും വ്യക്തിനിയമങ്ങളുടെ അസ്ഥിത്വം സ്ഥിതീകരിക്കുന്നു. അപ്പോള്‍ ലിംഗവിവേചനം ലിംഗസമത്വം എന്നീ അബദ്ധജടിലമായ വാദങ്ങളിലൂടെ വ്യക്തി നിയമങ്ങളില്‍ കൈകടത്തലുകളുണ്ടാക്കാന്‍ ശ്രമിക്കുന്നത് അര്‍ത്ഥരഹിതമാണ്.
സത്യത്തില്‍, സ്ത്രീക്ക് അനന്തര സ്വത്ത് നല്‍കാന്‍ ആഹ്വാനം ചെയ്യുന്ന ഏക മത ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ട് തന്നെയാണ് മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവകാശമുണ്ട് എന്ന് വിളിച്ചോതുന്നതിലൂടെ മാതാപിതാക്കളുടെ സ്വത്തില്‍ സന്താനങ്ങള്‍ക്കുള്ള  അവകാശത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നത്. പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും മാത്രമല്ല, മാതാപിതാക്കള്‍ക്കും ഭാര്യഭര്‍ത്താക്കന്മാര്‍ക്കും സഹോദരി സഹോദരന്മാര്‍ക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം  എത്രയാണെന്നും എങ്ങിനെയാണെന്നുമെല്ലാം ഖുര്‍ആന്‍ സുവ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് പുത്രന്റെയും പുത്രിയുടേയും അവകാശം. ചുരുക്കിപറഞ്ഞാല്‍, മരിച്ചയാളുടെ  പുത്രന് പുത്രിക്ക് ലഭിക്കുന്നതിന്റെ ഇരട്ടിസ്വത്ത് അനന്തരമായി ലഭിക്കുന്നുവെന്ന് സാരം. ഇത് സ്ത്രീകളോടുള്ള അവഗണനയോ പുരുഷ പക്ഷാപാതം പ്രകടിപ്പിക്കുന്ന നിയമമോ അല്ല.  മറിച്ച് അവര്‍ക്ക് സുരക്ഷയും സംരക്ഷണവും കനിഞ്ഞേകുന്ന പരിപക്വമായ നിയമങ്ങളുടെ പ്രവിശാലതയാണ്. അതുകൊണ്ടാണ് മഹിളകളുടെ മഹനീയതക്ക് ചുക്കാനേന്താന്‍ ഇസ്‌ലാമിന് സാധിക്കുന്നത്.
ഇസ്‌ലാമിക നിയമാനുസൃതം സ്ത്രീക്ക് എത്രവേണമെങ്കിലും സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. ഈ സമ്പാദ്യം അവളുടേത് മാത്രമാണ്. പുരുഷനതില്‍ യാതൊരവകാശവുമോ അധികാരമോ ഇല്ല. സ്ത്രീക്ക് എത്ര തന്നെ സമ്പാത്തുണ്ടായിരുന്നാലും ശരി. മാത്രമല്ല അവളുടേയും കുട്ടികളുടേയും ബാധ്യതകളും സംരക്ഷണങ്ങളും പുരുഷന്റെ ചുമതലയില്‍പെട്ടതാണ്. പുരുഷന്റെ മാത്രം ചുമതലകളും ബാധ്യതകളുമാണവ. സ്ത്രീയെ സംരക്ഷിക്കുന്ന ഭടന്മാരായാണ് ഇസ്‌ലാം പുരുഷന്മാരെ കണക്കാക്കുന്നത്. വിവാഹാവസരത്തില്‍ വരനില്‍ നിന്ന് വിവാഹമൂല്യം നേടിയെടുക്കാനുള്ള അധികാരവും അവകാശവും  സ്ത്രീക്കാണ്. ഈ വിവാഹമൂല്യം അവളുടെ സമ്പത്തായി മാത്രമാണ് പരിഗണിക്കപ്പെടുക. കൂടാതെ ഇസ്‌ലാം സ്ത്രീയുടെ സമ്പത്തില്‍ നിന്ന് യാതൊന്നും തന്നെ അവളുടെ സമ്മതമില്ലാതെ സ്വന്തമാക്കാനോ കൈപറ്റാനോ പുരുഷന് അനുവാതം നല്‍കുന്നില്ല. അത് അവള്‍ എത്ര സമ്പന്നയാണങ്കിലും ശരി. ഇവിടെയെല്ലാം ഇസ്‌ലാം ദ്യോതിപ്പിക്കുന്നത് സ്ത്രീയുടെ അവകാശ സംരക്ഷണങ്ങളേയും സുരക്ഷകളേയുമാണ്. അതല്ലാതെ അവളുടെ അവകാശത്തെ ഹനിക്കലോ വിധ്വംസിക്കലോ അല്ല.
 സ്ത്രീക്ക് പുരുഷന്റെ ഇരട്ടി സ്വത്ത് നല്‍കുക (അഥവാ സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ നിക്ഷിപ്താമാക്കുക), സ്ത്രീക്കും പരുഷനും സ്വത്തില്‍ തുല്ല്യാവകാശം നല്‍കുക (അഥവാ സാമ്പത്തിക ബാധ്യതകള്‍ തുല്ല്യമായി വീതിച്ചെടുക്കുക)തുടങ്ങിയവയാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട് വിമര്‍ഷകര്‍ ചൂണ്ടികാട്ടാറുള്ള രണ്ട് പൊള്ളവാദങ്ങള്‍. ഇവിടെയെല്ലാം സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ കെട്ടിയേല്‍പ്പിക്കാനാണ് കുബുദ്ധികള്‍ ചെയ്യുന്നത്.  എന്നാലിത് തീര്‍ത്തും പ്രകൃതി വിരുദ്ധമായ ആശയമാണ്. ഗര്‍ഭകാലത്തും പ്രസവകാലത്തും പുരുഷന്റെ പരിരക്ഷയും പരിലാളനയുമാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ബാധ്യതയുടെ തീരാഭാണ്ഡങ്ങള്‍  ഒരു നിയമമെന്ന രീതിയില്‍ സ്ത്രീയുടെ ചുമലില്‍ കെട്ടിവെക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുകയാണ് ചെയ്യുക. അതുകൊണ്ട്, സ്ത്രീക്ക് ഏറ്റവും അനുയോജ്യമായ നിലപാടാണ് സ്വത്തവകാശത്തിന്റെ വിഷയത്തില്‍ ഖുര്‍ആന്റെ ഭാഷ്യം.
ഇപ്രകാരംതന്നെ ബഹുഭാര്യത്വത്തെ കുറിച്ച് പറയുമ്പോള്‍ ഇദംപ്രഥമമായി നാം മനസ്സിലാക്കേണ്ടത് അത് ഖുര്‍ആനോ ഇസ്‌ലാമോ കൊണ്ട് വന്ന സമ്പ്രദായമല്ലെന്നാണ്. ബൈബിള്‍ പഴയ നിയമത്തിലെ പല പ്രവാചകന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. യഹൂദ സമുദായത്തിലെ ആദര്‍ശ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന് സാറായ്, ഹാഗര്‍, എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നുവെന്ന് ഉല്‍പത്തി പുസ്തകം (16ഃ13)വ്യക്തമാക്കുന്നു. ഇസ്രായേല്‍ ഗോത്രത്തിന്റെ പിതാവായിരുന്ന യാക്കോബിന് ലോയ,ലാബാന്‍,ബില്‍ഹാ,സില്‍വാ, എന്നീ നാല് ഭാര്യമാരുണ്ടായിരുന്നു. ഹൈന്ദവ ദര്‍ശനത്തിലാകട്ടെ ശ്രീകൃഷ്ണന് പതിനായിരത്തില്‍പരം  ഭാര്യമാരുണ്ടായിരുന്നതായി പുരാണങ്ങളില്‍ പറയുന്നു.
എന്നാല്‍ ബഹുഭാര്യത്വത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ നീതി പാലിക്കാനാവില്ലെന്ന്  ഭയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള സ്ത്രീകളില്‍ നിന്ന്  രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്ത കൊള്ളുക എന്നാണ്. എന്നാല്‍ നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണങ്കില്‍ ഒന്നേ പാടുള്ളുവെന്നും ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു.
 സമൂഹത്തില്‍ ബഹുഭാര്യത്വം അനിവാര്യമാകുന്ന വ്യക്തിപരവും സാമൂഹിക പരവുമായ അവസ്ഥകളെ നാംകണ്ടില്ലെന്ന് നടിക്കാന്‍പാടില്ല. ചിലപുരഷന്മാര്‍ക്ക് തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഒരു സ്ത്രീയെ മതിയാവാതെ വരുന്ന സാഹചര്യം സ്വാഭാവികം. അത്തരം സാഹചര്യത്തിലും (പ്രത്യേകിച്ച് സ്ത്രീയുടെ ആര്‍ത്തവകാലത്തും, പ്രസവകാലത്തും)ഭാര്യയുടെ ലൈംഗിക ശേഷിയില്ലായ്മ, ഭാര്യയുടെ വന്ധ്യത,ഭാര്യയുടെ മാറാവ്യാധി തുടങ്ങിയ അവസ്ഥകളിലും ലൈംഗിക വികാരം നിയന്ത്രിക്കാന്‍ കഴിയാത്തവരുണ്ടാകാം.ഇവിടെയെല്ലാം ബഹുഭാര്യത്വം മാത്രമാണ് പരിഹാരം. പൊതു സമൂഹത്തില്‍ സ്ത്രീകള്‍ അധികരിക്കുകയും പുരുഷന്മാര്‍ കുറയുകയും  ചെയ്യുമ്പോള്‍ ഓരോ പുരുഷനും ഒരു സ്ത്രീയെ മാത്രം വിവാഹം കഴിക്കുക. ബാക്കിയുള്ള സ്ത്രീകള്‍ ലൈംഗികതൃഷണ അടക്കി  ജീവിക്കുക, ഒരു പുരുഷന്‍ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിക്കുകയും ബാക്കിയുള്ള സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടുക, ഭാര്യമാരോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്ന പുരുഷന്മാര്‍ ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കുക  എന്നീ പ്രതിവിധികളാണ് സമൂഹത്തിന് സ്വീകരിക്കാന്‍ കഴിയുക.
ഇതില്‍ സ്വീകാര്യമായ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കുക എന്ന  പ്രധിവിധിതന്നെയാണ് സമൂഹത്തിന്റെ നിലനില്‍പ്പ് പ്രതീക്ഷിക്കുന്നവര്‍ തെരെഞ്ഞടുക്കുക. അത് തന്നെയാണ് ബഹുഭാര്യത്വത്തിന്റെ സാമൂഹികവശവും. ബഹുഭാര്യത്വമനുവദിക്കുന്നതിലൂടെ ഇസ്‌ലാം സ്ത്രീകളെ തരംതാഴ്ത്തുന്നില്ലെന്ന്  വ്യക്തമാവുകയാണിവിടെ. സദാചാരം നിലനില്‍ക്കുന്ന ഒരു സാമൂഹിക സംവിധാനം പ്രതീക്ഷിക്കുന്നവര്‍ക്കൊന്നും തന്നെ ബഹുഭാര്യത്വത്തെ എതിര്‍ക്കാന്‍ കഴിയില്ല.
കുടുംബമെന്ന സ്ഥാപനത്തിന്റെ  അടിത്തറയാണ് പുരുഷനും സ്ത്രീയും.  എന്നാലതിന്റെ നിയന്ത്രണം പുരുഷനിലാണ്. സ്ഥാപനം തകരാതിരിക്കല്‍ അവന്റെ ബാധ്യതയില്‍പ്പെട്ടതാണ്. ഇതിന്  വേണ്ടി പരമാവധി പരിശ്രമിക്കണമെന്ന് ഖുര്‍ആന്‍ പുരുഷനോട് കല്‍പ്പിക്കുന്നു. അച്ചടക്കരാഹിത്യം ഭയപ്പെടുന്ന സ്ത്രീകളെ നിങ്ങള്‍ ശാസിക്കുക. കിടപ്പറകളില്‍ അവരുമായി അകന്ന് നില്‍ക്കുക,അവരെ അടിക്കുകയും ചെയ്യുക.എന്നിട്ട് അവള്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരെ യാതൊരു മാര്‍ഗവും സ്വീകരിക്കരുത്.(4ഃ34)
പുരുഷന് തന്റെ അധികാരമുപയോഗിച്ച് വിവാഹ ബന്ധം വേര്‍പ്പെടുത്താവുന്നതിനെയാണ് സാങ്കേതികമായി ത്വലാഖ് എന്ന് പറയുന്നത്. ത്വാലാഖില്‍ എത്തിചേരാതെ സൂക്ഷിക്കുവാന്‍ കഴിയുന്നത്ര ശ്രിമിക്കണമെന്നാണ് ഖുര്‍ആന്റെ താത്പര്യം. കഴിയുന്നത്ര ഭര്‍തൃഗൃഹത്തില്‍ താമസിക്കുകയും എന്നിട്ടും അവള്‍ തമ്മില്‍ ഇണങ്ങാന്‍ മാര്‍ഗമില്ലെങ്കില്‍ പിന്നെ വിവാഹ മോചനംതന്നെയാണ് പരിഹാരം. ഈ മോചനം പോലും മാന്യമായിരിക്കണമെന്നാണ്  ഖുര്‍ആന്റെ കല്‍പ്പന.

ഒന്നുകില്‍ മാന്യമായി അവളെ പിടിച്ച് നിര്‍ത്തുക, അല്ലെങ്കില്‍ മാന്യമായി അവളെ പിരിച്ചയക്കുക(65ഃ2)
എന്നാല്‍, ഭാര്യയെ സ്പര്‍ശിക്കുന്നതിന് മുമ്പാണ് വിവാഹ മോചനം നടക്കുന്നതെങ്കില്‍ വിവാഹ മൂല്യത്തിന്റെ പകുതി സ്ത്രീകള്‍ക്ക് ലഭിക്കുന്നതാണ്. മാത്രമല്ല, വിവാഹ മോചന സമയത്ത് സ്ത്രീക്ക് മാന്യമായ പാരിതോഷികം നല്‍കണമെന്ന് ഖുര്‍ആന്‍ അനുഷാസിക്കുന്നുണ്ട്. വിവാഹ മോചിതയായ സ്ത്രീക്ക് ന്യായ പ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതുണ്ട്. പിന്നെ എങ്ങനെയാണ് വിവാഹ മോചനത്തില്‍് സ്ത്രീ വിവേചനം അനുഭിവിക്കുന്നുണ്ടെന്ന് പറയാനാവുക. വിവാഹ മോചനത്തില്‍ സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്നത്ര പരിഗണന ഇന്ന് ലോകത്ത് മറ്റാരു മതവും നല്‍കുന്നില്ലെന്നത് വാസ്തവമാണ്.
എന്നാല്‍, രണ്ട് തരത്തില്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാമില്‍ വിവാഹ മോചനം നടത്താന്‍ അവകാശം നല്‍കിയിട്ടുണ്ട്. ഒന്ന്  ഖുല്‍ഉം രണ്ട് ഫസ്ഖും. ഭര്‍ത്താവിനെ വെറുക്കുകയും അയാളൊടൊപ്പം ജീവിക്കാന്‍ ഇഷ്ടപെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതാണ് ഖുല്‍അ്.ഭര്‍ത്താവില്‍ നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ച് കൊടുക്കണമെന്നര്‍ത്ഥം.
സ്ത്രീയുടെ രണ്ടാമത്തെ വിവാഹമോചന രീതിയാണ് ഫസ്ഖ്. ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അതൊടപ്പം വിവാഹം മോചിപ്പിക്കാതിരിക്കുകയും ചെയ്യുന്ന  പുരുഷന്മാരില്‍ നിന്ന് ന്യായാധിപന്റെ സഹായത്തോടെ സ്ത്രീക്ക് വിവാഹ മോചനത്തിന് അവകാശമുണ്ട്. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിന് സാധിക്കാതിരിക്കുക, അവിഹിത വേഴ്ചകളില്‍ മുഴുകുക, ക്രൂരമായി പെരുമാറുക, തന്നെ അധാര്‍മിക വൃത്തിക്ക് നിര്‍ബന്ധിക്കുക, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുക, തന്റെ സ്വത്തുക്കള്‍ അന്യായിമായി വിനിയോഗിക്കുക, ഒന്നിലധികം ഭാര്യമാരുള്ളയാളാണങ്കില്‍ തന്നോട് നീതി പൂര്‍വ്വം വര്‍ത്തിക്കാതിരിക്കുക എന്നീ അവസരത്തിലെല്ലാം ഭാര്യക്ക് ന്യായാധിപന്‍ മുഖേനെ വിവാഹ ബന്ധം വേര്‍പ്പെടുത്താവുന്നതാന്‍  അവകാശമുണ്ട്.  പുരുഷന്റെയും സ്ത്രീയുടെയും പ്രകൃതിയെ പറ്റി ശരിക്കറിയാവുന്ന അള്ളാഹു ഇരുവര്‍ക്കും പറ്റിയരീതിയില്‍ തന്നെയാണ് അവരുടെ വിവാഹ മോചന നീതി പോലും ക്രമീകരിച്ചിരിക്കുന്നതെന്ന വസ്തുതയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.
ചുരുക്കത്തില്‍, മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട അനന്തരാവകാശം, ബഹുഭാര്യത്വം വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലെ ആരോപണങ്ങള്‍ അവരുടെ പതിവു പല്ലവിയാണ്. സാമൂഹിക ശാസ്ത്ര ചരിത്രത്തെക്കുറിച്ച് അജ്ഞരും തരം താഴ്ന്ന മാധ്യമങ്ങളുമാണ് ഇസ്‌ലാമിനെ സ്ത്രീവിവേചന മതമായി ചിത്രീകരിക്കുന്നത്.
അവസാനമായി ചിലകാര്യങ്ങള്‍ കൂടി, മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് 1985 ല്‍ ജസ്റ്റിസ് ചന്ദ്രചൂഡന്‍ ഷാബാനു കേസിന്റെ വിധി പറയുകയുണ്ടായി. സാങ്കേതികമായി ആ വിധി ദുര്‍ബലമായിരുന്നുവെങ്കിലും അതിലടങ്ങിയ നല്ലൊരംശം വിധിയെ എതിര്‍ക്കുന്നതിനിടയില്‍ എല്ലാവരും മറന്നിരുന്നു. വിവാഹമോചനം അതോടനുബന്ധിച്ച നഷ്ടപരിഹാരം തുടങ്ങി ശരീഅത്ത് പ്രശ്‌നങ്ങളില്‍ ഇന്ത്യയിലെ വ്യക്തി നിയമത്തെ മാത്രം ആശ്രയിച്ചാല്‍ പോരെന്നും അക്കാര്യത്തില്‍ വിശുദ്ധഖുര്‍ആന്‍ പ്രമാണമാക്കണമെന്നുമായിരുന്നു അദ്ദേഹം തെളിയിച്ചത്. എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട മതിയായ അധികാരി സുപ്രീംകോടതി ജഡ്ജ് അല്ല എന്നതു കൊണ്ട് അക്കാര്യം വിമര്‍ശിക്കപ്പെടുകയാണുണ്ടായത്.
ഇന്ത്യയിലെ നിയമങ്ങള്‍ ലോകത്തിലെ മറ്റു നിയമങ്ങളെപ്പോലെ  കര്‍കശമായതാണ്. എന്നാല്‍, ഇസ്‌ലാമിക നിയമങ്ങളില്‍ താരതമ്യേന അയവു കാണാവുന്നതാണ്. കൊലപാതകം പോലെ ഒരേ കാര്യത്തില്‍ തന്നെ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി വിവിധ തീരുമാനങ്ങള്‍ എടുത്തതായി പ്രവാചക ചര്യയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ഇസ്‌ലാമിക നിയമമനുസരിച്ച് വിധി നടപ്പിലാക്കുമ്പോള്‍ പ്രശ്‌നത്തിന്റെ ഇരു വശങ്ങളും വിശകലനം ചെയ്ത് എന്തു നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്ന ഒരു പണ്ഡിത ജൂറിയെ ആവശ്യമുണ്ട്. വ്യക്തി നിയമത്തിന്റെ കീഴില്‍ വരുന്ന കേസുകള്‍ ഈ ജൂറിക്കു മുമ്പിലായിരിക്കണം വിചാരണ ചെയ്യപ്പെടേണ്ടത്. ഇത്തരമൊരു സംവിധാനത്തിന്റെ അഭാവത്തിലാണ് ഇന്ത്യയിലെ വ്യക്തി നിയമം നടപ്പാക്കുന്നതില്‍ വീഴ്ചകള്‍ സംഭവിക്കുന്നത്. ചുരുക്കത്തില്‍, മുസ്‌ലിം വ്യക്തി നിയമത്തെ ദുരുപയോഗപ്പെടുത്താതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാം ഉദ്ദേശിക്കുന്ന നീതി ലഭ്യത ഉറപ്പാക്കാനുള്ള ശ്രമമാണ് കോടതിയുടെ ഭാഗത്തുനിന്നു വേണ്ടത്. ഇന്ത്യയില്‍ പലയിടങ്ങളില്‍ സാമൂഹികാചാരങ്ങള്‍ ഇസ്‌ലാമിലെ നിയമവുമായി വൈരുദ്ധ്യമാകുന്ന സാഹചര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയിലുണ്ടാവാറുണ്ട്. അത്തരം കേസുകളില്‍ നീതി നടപ്പാക്കാന്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കേണ്ടതുണ്ട്. അതിനാണ് പണ്ഡിതരടങ്ങുന്ന ഒരു ജൂറിയുടെ മുമ്പിലാണ് അത്തരം കേസുകള്‍ കേള്‍ക്കേണ്ടതും വിധി പറയേണ്ടതുമെന്ന് അഭിപ്രായപ്പെടുന്നത്.
മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരു ജൂറിയെ കോടതികളില്‍ നിയമിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി ശ്രമിക്കേണ്ടത്.