ഗുജറാത്തിലെ പോര്‍ബന്തര്‍ എന്ന നാട്ടുരാജ്യത്തിലെ ഇടത്തരം ബനിയ കുടുംബത്തില്‍ ജനിച്ച ബാലന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ മഹാനായി ഉയര്‍ന്നതിന് പിന്നില്‍ ഒരു വലിയ ചരിത്രമുണ്ട്. സാധാരണക്കാരന്റെ സത്യനേഷ്വണ ചരിത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന സംഭവങ്ങളെല്ലാം ഉള്‍കൊള്ളുന്നതാണ് ആ ചരിത്രം. മഹാത്മാ ഗാന്ധിജിയുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേക്കും വെളിച്ചം വീശുന്ന '' എന്റെ സത്യാന്വേഷണ പരീക്ഷണ കഥ'' എന്ന ഗ്രന്ഥത്തില്‍ സദാചാരംബോധം, സര്‍വധര്‍മ, സമഭാവന, ലളിതജീവിതം എന്നി വിഷയങ്ങളെ ആസ്പതമാക്കി വിശദമായ പരാമര്‍ശങ്ങളുണ്ട്. ഗാന്ധിജി ഉയര്‍ത്തികാട്ടിയ ആദര്‍ശങ്ങള്‍ സാര്‍വത്രികമായി പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ ലോകത്തില്‍ ശാശ്വത സമാധാനം കൈവരിക്കൂവാന്‍ കഴിയൂ എന്ന് ലോക നേതാക്കള്‍ ഇന്ന് മനസ്സിലാക്കിതുടങ്ങിയിരിക്കുന്നു.
1869 ഒക്ടോബര്‍ 2 നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അച്ഛനായ കാബാഗാന്ധി രാജ്‌കോട്ടിലെ പ്രധാനമന്ത്രിയായിരുന്നു. നിഷ്പക്ഷതക്കും കാര്യക്ഷമതക്കും പേരുകേട്ടഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ് കോട്ട് താക്കൂര്‍ സാഹിബിനെ അധിക്ഷേപിച്ചു കൊണ്ട് ഒരു ഉദ്യേഗസ്ഥന്‍ സംസാരിച്ചപ്പോള്‍ ശക്തിയായി അപലപിക്കുകയും ചെയ്ത തെറ്റിന് മാപ്പുപറയുവാന്‍ കുപിതനായ വെള്ളക്കാരന്‍ ആജ്ഞാപിച്ചപ്പോള്‍ തയ്യാറാവാത്തതിനാല്‍ കരുതല്‍ തടങ്കലില്‍ കിടക്കേണ്ടി വരുകയും ചെയ്തിരുന്നു. മാതാവായ പുത്‌ലിഭായി മാതൃകാകുടുംബിനിയായിരുന്നു. അക്കാലത്ത് നടപ്പുണ്ടായിരുന്ന വ്രതങ്ങളെല്ലാം അവര്‍ നിഷ്ഠയോടെ ആചരിച്ചിരുന്നു. പിതാവിന്റെ കൃത്യനിഷ്ഠതയും ഈശ്വരവിശ്വാസത്തില്‍ അര്‍പ്പിതമായ മാതാവിന്റെ ജീവിത ചര്യയും ബാലനായ മോഹന്‍ദാസിന്റെ മനസ്സില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ലജ്ജാശീലനായിരുന്നത് കൊണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സഹപാഠികളോട് കൂട്ടുകൂടുവാന്‍ തന്നെ മോഹന്‍ദാസിനു ബുദ്ധിമുട്ടായിരുന്നു.
സത്യം, അഹിംസ, സ്‌നേഹം, സ്വാതന്ത്യം, സമാധാനം, നീതി, സമത്വം, സാഹോദര്യം, നിര്‍ഭയത,സ്വാശ്രയം,അന്തസ്സ്, സര്‍ഗാത്മകത എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുത്തന്‍ രാഷ്ട്രീയ- സാമൂഹിക സംവിധാനമാണ് ഗാന്ധിജി മാര്‍ക്‌സിസത്തിന് പകരം വെച്ചത്
സ്‌കൂളില്‍ കൃത്യസമയത്ത് എത്തുക, പഠനം കഴിഞ്ഞാല്‍ താമസിയാതെ വീട്ടിലേക്ക് മടങ്ങുക എന്നതായിരുന്നു പതിവ്. ഒരു കാര്യത്തില്‍ മാത്രം വലിയ നിര്‍ബന്ധമായിരുന്നു. ഒരു സന്ദര്‍ഭത്തിലും കളവ് പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയമായിരുന്നു അത്. ഈ പ്രത്യേക സ്വഭാവ വിശേഷം മൂലം ശകാരങ്ങള്‍ കേള്‍ക്കേണ്ടിവരികയും അവമതിക്കപ്പെടുകയും ചെയ്തിരുന്ന അവസരങ്ങള്‍ ധാരാളം ഉണ്ടായി.
ഇന്നത്തെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്കാലത്ത് വിദ്യാലയങ്ങളുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. വായു സഞ്ചാരം തീരെ കുറഞ്ഞ ചെറിയ മുറികളില്‍ കുട്ടികളെ ഇരുത്തി പഠിപ്പിച്ചിരുന്നു. മനസ്സിലാക്കല്‍ പ്രയാസമായ പാഠങ്ങള്‍ കൂടി മനഃപാഠം പഠിക്കുവാന്‍ കുട്ടികള്‍ നിര്‍ബന്ധിതരായിരുന്നു. പഠന കാര്യത്തില്‍ സ്വന്തം കഴിവില്‍ തീരെ മതിപ്പ് ഉണ്ടായിരുന്നില്ലെന്ന് ഗാന്ധിജി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായി ശരിയാണെന്ന് തോന്നുന്നില്ല. സ്വഭാവ ശുദ്ധിയോടൊപ്പം ചിട്ടയായ പഠനം കൂടി നടത്തിയിരുന്നത് കൊണ്ട് സമ്മാനങ്ങളും സ്‌കോളര്‍ഷിപ്പുകളും ഗാന്ധിജി നേടിയിരുന്നു. എങ്കിലും ഭാവിയില്‍ ഇന്ത്യയില്‍ ഭാഗധേയം കുറിക്കുവാന്‍ നിയുക്തനായ ഒരു മാഹാന്റെ പ്രത്യേക വൈശിഷ്ട്യങ്ങളൊന്നും മോഹന്‍ദാസില്‍ ചെറുപ്പകാലത്ത് ദൃശ്യമായിരുന്നില്ല. ചില പ്രത്യേക സ്വഭാവഗുണങ്ങളുള്ള ഒരു സാധാരണബാലന്‍ എന്ന നിലയില്‍ മാത്രമേ കരുതപ്പെട്ടിരുന്നൊള്ളൂ.
ഗാന്ധിയന്‍ സോഷ്യലിസത്തിന്റെ പ്രസക്തി
1947 ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസരത്തില്‍ രണ്ട് രാഷ്ട്രീയ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ലോകത്തെ അടക്കിഭരിച്ചിരുന്നു. ക്യാപിറ്റലിസവും കമ്മ്യൂണിസവും. ഈ രണ്ട് സിദ്ധാന്തങ്ങളും ഇന്ത്യക്ക് പറ്റിയതല്ലെന്ന് രാഷ്ട്രപിതാവായ മഹാത്മഗാന്ധി പ്രസ്താവിച്ചു. ഇന്ത്യയുടെ സമഗ്രമായ ഒരു ജീവിത ദര്‍ശനം അദ്ദേഹം നിര്‍ദേശിച്ചു. ഗാന്ധിയന്‍ സോഷ്യലിസം എന്ന് പിന്നീട് അറിയപ്പെടാന്‍ തുടങ്ങിയ സിദ്ധാന്തം ഇന്ത്യക്കുമാത്രമല്ല, ലോകത്തിനാകമാനം അത് പ്രസക്തമാണ്. സത്യത്തിലും അഹിംസയിലും അധിഷ്ടിതമായ ഒരു നൈതിക വ്യവസ്ഥ ഈ സമഗ്രമായ സിദ്ധാന്തത്തിന് അടിസ്ഥാന ഘടകമായി വര്‍ത്തിച്ചു.
സമഗ്രമായ മനുഷ്യജീവിതത്തെ വെട്ടിതിരിച്ച് ഓരോ മേഖലക്കും അതിര്‍വരമ്പുകളിട്ട് പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന ഏര്‍പ്പാടാണ് കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും. സാമ്പത്തിക ശാസ്ത്രത്തിന്റെയോ, അല്ലെങ്കില്‍ രാഷ്ട്രതന്ത്രത്തിന്റെയോ സിദ്ധാന്തങ്ങളിലൂടെ സമഗ്രമായ ജീവിതത്തെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് നിഷ്ഫലമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതമാണ് രാഷ്ട്രീയത്തിന് അര്‍ത്ഥവും മൂല്യവും നല്‍കേണ്ടത്. മറിച്ച്, രാഷ്ട്രീയം അല്ലെങ്കില്‍ സാമ്പത്തികം ജീവിതത്തെ ഭരിക്കാനിടവരുമ്പോള്‍ രാഷ്ട്രീയവും തകരാറിലാവും. രാഷ്ട്രതന്ത്രത്തേയും രാഷ്ട്രീയത്തേയും മനസ്സിലാക്കേണ്ടത് സമഗ്രമായ ജീവിത വീക്ഷണത്തിന്റെ നിലപാടില്‍ നിന്നാവണമെന്നും ജീവീത മൂല്യങ്ങള്‍ തന്നെയാവണം രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ എന്നുമാണ് ഗാന്ധിജി അര്‍ത്ഥമാക്കിയത്. സമഗ്രജീവിതത്തിനുണ്ടായിരിക്കേണ്ട മൂല്യങ്ങള്‍ തന്നെയായിരിക്കണം വിവിധ മേഖലകള്‍ക്കുമുണ്ടാകേണ്ടതെന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ വിവിധ മേഖലകളെ കൂട്ടികുഴക്കണം എന്നല്ല അദ്ദേഹം അര്‍ത്ഥമാക്കിയത്. രാഷ്ട്രീയത്തിന് മൂല്യം നല്‍കുക എന്നാല്‍ രാഷ്ട്രീയവും മതവും കൂട്ടികുഴക്കുകയാണെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയെ അറിയുന്നവരല്ല.
സത്യം, അഹിംസ, സ്‌നേഹം, സ്വാതന്ത്യം, സമാധാനം, നീതി, സമത്വം, സാഹോദര്യം, നിര്‍ഭയത,സ്വാശ്രയം,അന്തസ്സ്, സര്‍ഗാത്മകത എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുത്തന്‍ രാഷ്ട്രീയ- സാമൂഹിക സംവിധാനമാണ് ഗാന്ധിജി മാര്‍ക്‌സിസത്തിന് പകരം വെച്ചത്. ലോകവും മനുഷ്യനും നില നില്‍കുന്നത് അഹിംസയിലും സത്യത്തിലും സ്‌നേഹത്തിലുമാണെന്ന ദര്‍ശനം ഇന്നും എന്നത്തേക്കാളും പ്രസക്തമാണ്.
ഇന്ത്യന്‍ രാഷ്ട്രവും ഇന്ത്യന്‍ സമൂഹവും എങ്ങിനെയായിരിക്കണമെന്നതിനെ സംബന്ധിച്ച് ഗാന്ധിജിക്ക് വ്യക്തിപരമായ കാഴ്ചപാടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു:സത്യത്തിലും അഹിംസയിലും അടിയുറച്ച് സമൃദ്ധവും സന്തുഷ്ടവും സ്വയം പൂര്‍ണവുമായ ഗ്രാമങ്ങളെ ഉള്‍കൊള്ളുന്ന ഒരു രാഷ്ട്രത്തെയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. ഒരു ഗ്രാമവും മുഖ്യാവശ്യങ്ങള്‍ക്ക് വേണ്ടി സാധാണഗതിയില്‍ മറ്റാരേയും ആശ്രയിക്കുകയില്ല. ആശ്രയം ആവശ്യമായി വന്നാല്‍ തന്നെ അത് പരസ്പരാശ്രയമായിരിക്കും. പരസ്പ്പര സഹായ സഹകരണങ്ങളിലേര്‍പ്പെടുന്ന പൂര്‍ണ്ണറിപ്പബ്ലിക്കായിരിക്കും ഗ്രാമങ്ങള്‍. അടിസ്ഥാന വിദ്യാഭ്യാസം നിര്‍ബന്ധമായിരിക്കും. കഴിയുന്നിടത്തോളം എല്ലാ പ്രവര്‍ത്തനങ്ങളും സഹകരണാടിസ്ഥാനത്തിലായിരിക്കും നടത്തുക. ഇന്നുള്ളത് പോലെ അയിത്തമാചരിക്കുന്ന ജാതികള്‍ അവിടെ കാണുകയില്ല. അഹിംസ ഗ്രാമീണരുടെ വിശ്വാസപ്രമാണമായിരിക്കും. ഒാരോഗ്രാമവും പ്രധിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നടത്തക്കവിധം സ്വയം പര്യാപ്ത്തമായിരിക്കും.' ഗാന്ധിജി വിശദീകരിച്ചു. '' നെഹ്‌റുവില്‍ നിന്നാരംഭിച്ച ഗാന്ധിയന്‍ ആശയങ്ങളും രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങളും ബോധപൂര്‍വ്വമോ അല്ലാതെയോ, രാജ്യത്തങ്ങളോളമിങ്ങോളം അതിവേഗം അംഗീകരിക്കപ്പെട്ടു. ഫലം ഇന്നു നാം കാണുന്ന ഇന്ത്യയാണ്.
ഗാന്ധിജിയുടെ അഹിംസസിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ച് സമാധാനത്തിന്റെ കൈതിരിയുമായി ലോകജനതയെ നയിക്കാന്‍ വരും കാലങ്ങളില്‍ മറ്റൊരു ഗാന്ധിജി പുനരവതരിക്കുമോ?. അന്ന് ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി പൊരുതുമ്പോള്‍ കരുത്ത് നല്‍കാന്‍ ഗാന്ധിജിയുടെ അഹിംസാസന്ദേശങ്ങള്‍ പടക്കോപ്പുകളായി പ്രത്യക്ഷപ്പെടും തീര്‍ച്ച.
ഗാന്ധിജി പറയുന്നു: ദേശസ്‌നേഹിയാവാതെ ഒരാള്‍ക്കു വിശ്വസ്‌നേഹിയാവാന്‍ സാധ്യമല്ല. ദേശീയത്വം ഒരു വസ്തുതയാകുമ്പോള്‍ അതായത്,വിഭിന്ന രാഷ്ട്രങ്ങളിലെ വിഭിന്ന ജനതകള്‍ സ്വയം സംഘടിതരാവുകയും ഏകഭാവേന പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരാവുകയും ചെയ്യുമ്പോള്‍ മാത്രമേ വിശ്വസ്‌നേഹം സാധ്യമാവൂ. ദേശിയത്വമല്ല, ആധുനിക രാഷ്ട്രങ്ങള്‍ക്ക് വിനാശകരമായി തീര്‍ന്നിട്ടുള്ളത്. സങ്കുചിതത്വം, സ്വാര്‍ത്ഥത,നിഷേധമനോഭാവം എന്നിവയാണ്. മറ്റാരുടേയെങ്കിലും ചെലവില്‍ ലാഭമുണ്ടാക്കുവാനും മറ്റാരെയെങ്കിലും നശിപ്പിച്ച് സ്വയം ഉയരാനുമാണ് ഒരോരുത്തരുടേയും ശ്രമം. ഇന്ത്യന്‍ ദേശീയത്വം സ്വീകരിച്ചിട്ടുള്ള പാത വ്യത്യസ്തമാണ്. മാനവരാശിയുടെ പൊതുനന്മക്കും സേവനത്തിനും വേണ്ടി സ്വയം സംഘടിതമാവാന്‍ അഥവാ സ്വന്തം വ്യക്തിത്വം കണ്ടെത്താനാണ് അതിന്റെ ശ്രമം'' (18.06.1925 യംഗ് ഇന്ത്യ- എന്റെ സ്വപ്‌നത്തിലെ ഇന്ത്യ)
1925 ല്‍ ഗാന്ധി പറഞ്ഞ കാര്യം ഇന്നും പ്രസക്തം തന്നെ. സമൂഹത്തില്‍ സ്വാര്‍ത്ഥതയും നിഷേധമനോഭാവവും പ്രകടമായി ഇന്ന് കാണുന്നു. ദേശീയതയെ കുറിച്ചും അന്തര്‍ദേശീയതയെ പറ്റിയും ചിന്തിക്കുമ്പോള്‍ ഗാന്ധിജിയുടെ ഈ കാഴ്ചപാടിന് എക്കാലവും പ്രസക്തിയുണ്ട്.
അഹിംസയിലധിഷ്ഠിതമായ ഒരു ലോകത്തെ സ്വപ്‌നം കണ്ട മഹാത്മജി അശാന്തിയുടെ കരിന്തിരി കത്തുന്നതു കണ്ടുകൊണ്ടാണ് ഇഹലോകവാസം വെടിഞ്ഞത്. ഇരുപതാം നൂറ്റാണ്ട് കണ്ട മഹാനായ ഒരഹിംസവാദിക്കുണ്ടായ അനുഭവം ഏവരേയും വേദനിപ്പിച്ചു. മഹാത്മാജിയുടെ കൊലയാളികളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്ന ശക്തികളിപ്പോഴും ഈ മണ്ണില്‍ നില നില്‍ക്കുന്നുണ്ട്. അതേ രൂപത്തിലുള്ള വര്‍ഗീയ ഫാസിസ്റ്റുവാദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ മതത്തിന്റെയും ജാതിയുടേയും വംശീയതയുടെയും പേരില്‍ പോരാട്ടങ്ങളും ആഭ്യന്തരകലാപങ്ങളും നടത്തി കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യത്തിനും ജന്മാവകാശത്തിനും വേണ്ടി പോരാടുന്ന ജനവിഭാഗങ്ങളുടെ ദുര്‍വിധിയും ദുരന്തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഇന്ത്യാക്കാര്‍ എത്ര ഭാഗ്യവാന്മാര്‍! സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ ദേശീയതക്കു നേരയും ഭീഷണികള്‍ മുഴക്കുന്ന വിഘടനശക്തികള്‍ ഇവിടെയുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്.
ലോകസംസ്‌ക്കാരത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവന അഹിംസ എന്ന തത്ത്വസംഹിതയാണ്. ''അഹിംസ എന്നാല്‍ പ്രതികാരം ചെയ്യാനുള്ള സ്വന്തം അഭിവാജ്ഞയുടെ മേല്‍ ചെലുത്തുന്ന ബോധപൂര്‍വവും സുനിശ്ചിതവുമായ നിയന്ത്രണവുമെന്നര്‍ത്ഥം. എന്നാല്‍ നിഷ്‌ക്രിയത്വവും സ്‌ത്രൈണവും നിസ്സാഹയവുമായ കീഴടങ്ങലിനേക്കാള്‍ എന്ത് കൊണ്ടും മെച്ചപ്പെട്ടത് പ്രകടാക്രമണം തന്നെയാണ്. ഇന്ന് ലോകസമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടി ശബ്ദിക്കുന്ന പ്രസ്ഥാനങ്ങളെ കണ്ടെത്തുക പ്രയാസമാണ്. ലോക സമാധാനസംഘടനയായ യു.എന്‍.ഒ പല സന്ദര്‍ഭങ്ങളിലും കേവലം നോക്കുകുത്തിയാവുന്ന അവസ്ഥയാണുള്ളത്. ചേരിചേരാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തി ഒരു മൂന്നാം ലോക ചേരിയെ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ നെഹ്‌റുവോ, ടീറ്റോയോ ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ ഇല്ലല്ലോ?. ഗാന്ധിജിയുടെ അഹിംസസിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ച് സമാധാനത്തിന്റെ കൈതിരിയുമായി ലോകജനതയെ നയിക്കാന്‍ വരും കാലങ്ങളില്‍ മറ്റൊരു ഗാന്ധിജി പുനരവതരിക്കുമോ?. അന്ന് ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി പൊരുതുമ്പോള്‍ കരുത്ത് നല്‍കാന്‍ ഗാന്ധിജിയുടെ അഹിംസാസന്ദേശങ്ങള്‍ പടക്കോപ്പുകളായി പ്രത്യക്ഷപ്പെടും തീര്‍ച്ച.
ഗാന്ധിജിയുടെ സ്വപ്നം
ഇന്ത്യക്ക് യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലൂടെ ലോകത്തിന് സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല, ഗ്രാമങ്ങളിലാണ്.കൊട്ടാരങ്ങളിലല്ല, കുടിലുകളിലാണ്.
ഗാന്ധിജി വളരെ ലളിതമായി സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിലും ശൈലിയിലും പഞ്ചായത്തീരാജിന്റെ ഉദ്ദേശലക്ഷ്യങ്ങളെ വ്യക്തമായി അവതരിപ്പിക്കുകയുണ്ടായി.അത് കൊണ്ട് തന്നെ ജനങ്ങള്‍ അതുള്‍കൊള്ളുകയും ചെയ്തു. പഞ്ചായത്തീരാജിനെ കുറിച്ച് ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ് :'' പഞ്ചായത്തിന് ഒരു പ്രാചീന സൗഭാഗ്യമുണ്ട്. ഒരു നല്ലവാക്കാണത്. ഗ്രാമവാസികള്‍ തെരഞ്ഞെടുക്കുന്ന അഞ്ചുപേരടങ്ങിയ ഒരു സമിതിയെന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. ഇന്ത്യയിലെ നിരവധി റിപബ്ലിക്കുകള്‍ ഭരിച്ച് പോന്ന ഒരു ഭരണ സമ്പ്രദായത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ബ്രട്ടീഷ് ഗവണ്‍മെന്റ് അതിന്റെ നിര്‍ദ്ദാക്ഷിണ്യമായ നികുതി പിരിവ് സമ്പ്രദായം കൊണ്ട് പഴയ റിപബ്ലിക്കുകള്‍ മിക്കവാറും നാമാവശേഷമാക്കികളഞ്ഞു. ആ നികുതി പിരിവിന്റെ ആകസ്മികമായ ആഘാതത്തെ തടഞ്ഞുനിര്‍ത്താന്‍ അവക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസുകാര്‍ ഗ്രാമമൂപ്പന്‍മാര്‍ക്ക് സിവിലും ക്രിമിനലും അധികാരങ്ങള്‍ നല്‍കി പഴയ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു അപക്വശ്രമം നടത്തുകയാണിപ്പോള്‍. ആദ്യത്തെ ശ്രമം 1921 ലാണുണ്ടായത്. അത് പരാജയമടഞ്ഞു. വീണ്ടും ഇപ്പോള്‍ ശ്രമിക്കുകയാണ്. ക്രമാനുസൃതമായും യോഗ്യമായും അല്ല പരീക്ഷണമെങ്കില്‍ അത് പരാജയപ്പെടും.' 1931 ല്‍ യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതിയ പഞ്ചായത്തീരാജിനെ കുറിച്ചുള്ള ലേഖനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം നടത്തിയത്.
പഞ്ചായത്തുകള്‍ അധികാരനിര്‍വഹണം നടത്തേണ്ടതു വളരെ ശ്രദ്ധയോടെ ആയിരിക്കണമെന്നു ഗാന്ധിജി ഓര്‍മ്മപ്പെടുത്തുകയുണ്ടായി. സ്വാന്തന്ത്ര്യലബ്ധിക്കു മുമ്പു പഞ്ചായത്തുകളുടെ നിര്‍വ്വഹണവും പ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ നടത്താനാണ് ഗാന്ധി ഉദ്ദേശിച്ചത്. വഴിവിട്ട് പ്രവര്‍ത്തിക്കുന്ന അധികാര ദുര്‍വിനിയോഗം ചെയ്യുന്ന പഞ്ചായത്തുകളെയാണ് ഗാന്ധിജി ശക്തമായി വിമര്‍ശിച്ചത്. ഇന്നും ആശങ്ക നില നില്‍കുന്നുണ്ട്.
ഗാന്ധിസവും കമ്മ്യൂണിസവും
മനുഷ്യന്‍ സ്വയം സമൂഹത്തന്റെ സേവകനാണെന്നുകരുതുകയും സമൂഹത്തിന് വേണ്ടി സമ്പത്ത് ആര്‍ജ്ജിക്കുകയും സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി അത് ചെലവാക്കുകയും ചെയ്യുമ്പോള്‍ അയാളുടെ സമ്പാദ്യത്തില്‍ ശുദ്ധിയുണ്ടാകും. അയാളുടെ ധൈര്യത്തിലും അഹിംസയിലുമുണ്ടായിരിക്കും. ഇതുപോലൊരു പ്രവര്‍ത്തനസമ്പ്രദായം ആവിഷ്‌ക്കരിക്കുമെങ്കില്‍ സമൂഹത്തില്‍ സംഘര്‍ഷമൊന്നുമില്ലാതെ തന്നെ നിശ്ശബ്ദമായൊരു വിപ്പവം ഉരിഞ്ഞുവരും
(ഗാന്ധിജി)
ഗാന്ധിജിയുടെ ചിന്തകളിലും രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലും നിഴലിച്ചിരുന്ന സുപ്രധാനഘടകം ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നു പല ചിന്തകന്മാരും വിലയിരുത്തിയിട്ടുണ്ട്. ധര്‍മ്മവും നീതിയും അഹിംസയും സത്യവുമെല്ലാം ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ അടിസ്ഥാനശിലകളാണ്. ഹിന്ദുമതവും ബുദ്ധമതവും ജൈനമതവുമെല്ലാം ഉള്‍കൊണ്ട ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ചൈതന്യവത്തായ അമൂര്‍ത്തരൂപങ്ങള്‍ ഈ ആശയങ്ങളിലെല്ലാം നിഴലിച്ച് നില്‍ക്കുന്നത് കാണാന്‍ കഴിയും. ഭാരതത്തിന്റെ മണ്ണില്‍ വന്ന് ചേര്‍ന്ന ഇസ്‌ലാം ഉള്‍പ്പെടെയുള്ള എല്ല മതങ്ങളും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വികാസത്തിന് അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ഗാന്ധിജി മതേതരസംസ്‌ക്കാരത്തെ കുറിച്ചും ഹിന്ദു മുസ്‌ലിം മൈത്രിയുടെ പ്രാധാന്യത്തെ കുറിച്ചും ഇടക്കിടെ പറഞ്ഞ് കൊണ്ടിരുന്നത്. സംസ്‌ക്കാരത്തിന്റെ വികാസത്തിനു മതങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണ്. അത് ഉള്‍കൊണ്ടുകൊണ്ടാണ് ഗാന്ധിജി തന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് രൂപം നല്‍കിയത്.
“രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം
ഈശ്വര ഹള്ള തേരേ നാം
സബ്‌കോ സന്‍മതി ദേ ഭഗവന്‍''
ഇവിടെ ഗാന്ധിജി ഒരു കമ്മ്യൂണിസ്റ്റ് വിരോധിയായികൊണ്ട് കമ്മ്യൂണിസത്തെ നിഷേധാത്മകമായി എതിര്‍ക്കുകല്ല ചെയ്യുന്നത്. മറിച്ച്, കമ്മ്യൂണിസവും സോഷ്യലിസവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റിയെടുക്കണം എന്ന ശക്തമായ അഭ്രപ്രായമാണ് ഗാന്ധിജി പ്രകടിപ്പിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ചരിത്രവും സാംസ്‌ക്കാരികവുമായ പശ്ചാതലങ്ങളേയും മൂല്യങ്ങളേയും കണക്കിലെടുത്തു കൊണ്ട് വേണം രാഷ്ട്രീയസംവിധാനത്തിനും രാഷ്ട്രീയപ്രസ്ഥാനത്തിനും രൂപം നല്‍കാന്‍. ഈ വസ്തുതകള്‍ അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായിരുന്നില്ല. കമ്മ്യൂണിസ്റ്റ് വിപ്ലവം വിജയിച്ച ചൈനയിലും റഷ്യയിലും ശാസ്ത്രീയ സോഷ്യലിസത്തിലധിഷ്ഠിതമായി ഒരു സംസ്‌ക്കാരത്തെയും സമൂഹത്തെയും വാര്‍ത്തെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പക്ഷേ, സോവിയറ്റ് യൂണിയനില്‍ എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. അന്നു ഗാന്ധിജി സൂചിപ്പിച്ച വസ്തുതകള്‍ ഇന്ന് വിലയിരുത്തുമ്പോള്‍ അവഗണിക്കാന്‍ കഴിയാത്തതായിരുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഗാന്ധിജിയും ഇന്ത്യന്‍ നാഷ്ല്‍ കോണ്‍ഗ്രസും
ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്താന്‍ ചില തത്പര കക്ഷികള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ദേശീയ പ്രസ്ഥാനത്തെ എതിര്‍ക്കുകയും ഗാന്ധിജി സാമ്രജ്യത്വ ശക്തികളുടെ ഏജന്റാണെന്ന് ആരോപിക്കുകയും ചെയ്തവര്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെ അവകാശികളാവാന്‍ ശ്രമിക്കുകയാണ്. ഈ അവകാശവാദത്തിന് ചരിത്രങ്ങളുമായി പുലതബന്ധം പോലുമില്ല. ചരിത്ര സത്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇക്കൂട്ടര്‍ ചരിത്രത്തോട് ഏറ്റവും വലിയ അനീതി ചെയ്യുകയാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തെ നയിച്ച ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗാന്ധിജിക്ക് വ്യക്തമായ കാഴ്ചപ്പാട് എന്നും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകുന്നത് ഗാന്ധിജിയാണ്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായ കാഴ്ചപാടുണ്ടായിരുന്നു ഗാന്ധിജിക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോഴൊക്കെ ഗാന്ധിജി അത് വ്യക്തമാകക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ഇന്ത്യയിലെ ജനങ്ങളെ ഏകോപിക്കുകയും ദേശീയത എന്ന ആശയത്തില്‍ അടിയുറച്ച് കൊണ്ട് ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യലാബ്ധിക്ക് ശേഷം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ കോണ്‍ഗ്രസിനു നിര്‍ണായക പങ്കുണ്ടെന്ന് ഗാന്ധിജി അടിവരയിട്ട് പറഞ്ഞിരുന്നു. ഇന്ത്യയിലെ ജനകോടികളെ ഏകോപിപ്പിച്ച് കൊണ്ട് രാഷ്ട്രത്തിന്റെ ജിഹ്വയായി കോണ്‍ഗ്രസ് നില്‍ക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു.
രാഷ്ട്രീയരംഗത്ത് ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഗാന്ധിജി സ്വീകരിച്ചിരുന്നു. സത്യവും നീതിയും പുലരുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെയാണ് ഗാന്ധി എന്നും വിഭാവനം ചെയ്തത്. ഗാന്ധിജിയുടെ ജീവിതം തന്നെ അദ്ദേഹം വിശേഷിപ്പിച്ചത് പോലെ ഒരു സത്യാന്വേഷണ പരീക്ഷണമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ മാത്രമേ ലക്ഷ്യപ്രാപ്ത്തി നേടുകയൊള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. സത്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തത്ത്വശാസ്ത്രമാക്കി മാറ്റി. ആ സത്യത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ജനങ്ങളെ നയിക്കാനും ഗാന്ധിജി ശ്രമിച്ചു. ധാര്‍മ്മിക മൂല്യങ്ങളെ ആധാരമാക്കി ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രം രൂപപെടുത്തിയെടുക്കാനാണ് ഗാന്ധിജി ശ്രമിച്ചിട്ടുള്ളത്. മറ്റു രാഷ്ട്രീയ പ്രത്യാശാസ്ത്രങ്ങളില്‍ ചിലപ്പോള്‍ ഈ സമീപനം കാണുക പ്രയാസമാണ്. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ധാര്‍മ്മിക മൂല്യങ്ങളെ സമന്വയിപ്പിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു.
ഇന്ത്യയിലെ മതേതരരാഷ്ട്രീയം ഇന്ന് വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങളിലെല്ലാം ഗാന്ധിസത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്.
ഗാന്ധിജിയും വര്‍ഗ്ഗീയവാദികളും
ഗാന്ധിജി ഉയര്‍ത്തിപിടിച്ച മതേതരത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതയെ എന്നും എതിര്‍ത്തവരാണ് വര്‍ഗ്ഗീയ ശക്തികള്‍. അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ ദേശീയതയെ തകര്‍ക്കാനാണുശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഗാന്ധിവധത്തെ ന്യായീകരിക്കാനുള്ള അവരുടെ ശ്രമവും. ഗോള്‍വാള്‍ക്കറേയും ഡോ:ഹെഡ്‌ഗെവാറെയും ഉയര്‍ത്തികാട്ടി അവര്‍ നടത്തി വന്ന പ്രചാരണവും അതിന്റെ ഭാഗമാണ്. ഇന്ന് ചരിത്രത്തെ വികൃതമാക്കാനും വളചൊടിക്കാനും അതില്‍ വര്‍ഗ്ഗീയ വിഷം ബോധപൂര്‍വ്വം പടര്‍ത്താനുമാണ് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതാണ് വസ്തുത. ഹിറ്റ്‌ലേറിയന്‍ ഫാസിസത്തിന്റെ രൂപവും ഭാവവും നമുക്കതില്‍ ദര്‍ശിക്കാവുന്നതാണ്.
ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യസമരകാലഘട്ടളില്‍ തന്നെ ശ്രമിച്ച വര്‍ഗ്ഗീയ ശക്തികള്‍ ഇന്ന് അധികാരം കൈവന്നപ്പോള്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന എല്ലാമഹത്തായ ആശയങ്ങളേയും സ്ഥാപനങ്ങളേയും തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അവര്‍ക്ക് ഇന്നത്തെ മതേതരസ്വഭാവമുള്‍കൊള്ളുന്ന ഭരണഘടന മാറ്റണം. മതേതരത്വത്തേക്കാള്‍ പ്രധാനം മതസൗഹാര്‍ദ്ദമാണെന്നു പ്രചരിപ്പിക്കുന്നതും അതിന്റെ ഭാഗമാണ്. ഗാന്ധിവധം വലിയ ഒരു ഗൂഢാലോചനയുടെ ഒരു പരിണിതഫലമായിരുന്നു. വിഭജനത്തെ തുടര്‍ന്ന് ആളിപടര്‍ന്ന വര്‍ഗ്ഗീയകലാപം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള കൂട്ടകൊലക്കു വഴിയൊരുക്കിയ കാലം. ബീഹാറിലും പഞ്ചാബിലും ഡല്‍ഹിയിലും ആളിപടന്ന വര്‍ഗ്ഗീയകലാപത്തെ ശമിപ്പിക്കാന്‍ ഗാന്ധിജി രാപകലില്ലാതെ ഓടി നടന്നു. വേദനിക്കുന്ന ഹൃദയവുമായി ഗാന്ധിജി ഹിന്ദുക്കളോടും മുസ്‌ലിംകളോടും ഒരു പോലെ ശാസനാരൂപത്തില്‍ ഹൃദയം തുറന്ന് സംസാരിച്ചു. ഹിന്ദു മുസ് ലിം മൈത്രിയുടെ സന്ദേശവുമായി ഗാന്ധിജി രംഗത്തിറങ്ങിയത് വര്‍ഗീയ വാദികള്‍ക്ക് പലര്‍ക്കും രസിച്ചില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ മുസ്ലീംങ്ങളോടു പകരം ചെയ്യണമെന്നു വാദിക്കുന്ന ഒരു വിഭാഗം വര്‍ഗ്ഗീയ വാദികള്‍ ഗാന്ധിജിക്കെതിരെ അന്നുതന്നെ പ്രചരണങ്ങള്‍ അഴിച്ച് വിടാന്‍ തുടങ്ങിയിരുന്നു.
പക്ഷേ, ആ ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ പ്രചരണങ്ങളെയൊന്നും ഗാന്ധിജി ചെവികൊണ്ടില്ല. അത്തരം പ്രചാരണങ്ങളോടു ഗാന്ധി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. '' ഒരു ഹിന്ദു സഹോദരന്‍ എനിക്കൊരു കമ്പി സന്ദേശം അയച്ചിരുന്നു. ബീഹാറിലെ ഹിന്ദുക്കളെ ഞാന്‍ കുറ്റപ്പെടുത്തരുതെന്ന്. എന്റെ ഉപദേശം കൊണ്ട് അവര്‍ വഴി തെറ്റിപോകുമെന്നും പ്രതികാരം ചെയ്യാനുള്ള അവരുടെ കഴിവ് നശിച്ച് പോകുമെന്നമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെ ഒരു ഹിന്ദു എന്നെ ഹിന്ദുധര്‍മ്മം പഠിപ്പിക്കുവാന്‍ വന്നിരുന്നു. നോക്കണേ, ആ മനുഷ്യന്റെ ചങ്കൂറ്റം. അയാള്‍ ഹിന്ദുവാണെന്ന് സ്വയം അവകാശപ്പെടുന്നു. പക്ഷേ, പ്രവര്‍ത്തിക്കുന്നത് ഒരു ഹിന്ദുവായല്ല. ഞാന്‍ ഒരു സനതാന ഹിന്ദുവാണെന്നാണ് എന്റെ അവകാശവാദം. ഒരു യഥാര്‍ത്ഥ ഹിന്ദു എന്താവണമെന്ന് എനിക്കറിയാം. അത് ഞാന്‍ ഹിന്ദുക്കളെ പഠിപ്പിക്കുകയും ചെയ്യും. ഞാന്‍ വീണ്ടും പറയുകയാണ്. ബീഹാറിലെ ഹിന്ദുക്കള്‍ കുറ്റം ചെയ്തിരിക്കുന്നുവെന്ന്. സത്യസന്ധയുണ്ടെങ്കില്‍ അവരത് ഏറ്റുപറയണം. പ്രായശ്ചിത്തം ചെയ്യണം. അതാണു ഹുന്ദു മതം ആവശ്യപ്പെടുന്നത്''.
പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ വസ്തുവഹകള്‍ നശിപ്പിച്ചാലും ഇവിടെ മുസ്‌ലിംകളുടെ വീടുകള്‍ നശിപ്പിക്കപെടാന്‍ പാടില്ല. ഒരു മുസ്‌ലിം പള്ളി ഇവിടെ നശിപ്പിക്കപ്പെട്ടാല്‍ ഹിന്ദുക്കളും സിക്കുകാരും ചേര്‍ന്നു വേറെ പള്ളിനിര്‍മ്മിച്ച് കൊടുക്കണം''.
ഗാന്ധിജിയുടെ ഈ സമീപനത്തിനെതിരെ ശക്തിയായ പ്രചാരണം അഴിച്ച് വിടാന്‍ ഹിന്ദുവര്‍ഗീയ വാദികളായ അന്നത്തെ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും തീരുമാനിച്ചിരുന്നു. ഗാന്ധിജി മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ നടക്കുകയാണെന്നും കലാപങ്ങള്‍ക്കെല്ലാം ഉത്തരവാദി അദ്ദേഹമാണെന്നും പ്രചരിപ്പിച്ചു. ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരായി ആക്രമണങ്ങളും കൂട്ടകൊലകളും അഴിച്ച് വിട്ടപ്പോള്‍ ഗാന്ധിജി ഡല്‍ഹി തെരുവിലിറങ്ങി. ജുമാമസ്ജിദ് കൈയ്യേറിയവരെ ഒഴിപ്പിക്കാന്‍ ഗാന്ധിജിക്കു സത്യാഗഹമനുഷ്ഠിക്കേണ്ടി വന്നു. അദ്ദേഹം വേദനയോടുകൂടി ജനങ്ങളോടുപറഞ്ഞു. '' ഡല്‍ഹിയിലെങ്കിലും മുസ്‌ലിംകള്‍ സുരക്ഷിതരായിരിക്കണം. പാക്കിസ്ഥാനില്‍ നടക്കുന്നതിന് പ്രതികാരം ഇവിടെ ഡല്‍ഹിയില്‍ വേണ്ട. പാക്കിസ്ഥാനില്‍ ഹിന്ദുക്കളോട് കാണിക്കുന്നത് ഇവിടെ പാവപ്പെട്ട മുസ്ലീംങ്ങളോടു ഹിന്ദുക്കള്‍ കാണിക്കാന്‍ പാടില്ല. പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ വസ്തുവഹകള്‍ നശിപ്പിച്ചാലും ഇവിടെ മുസ്‌ലിംകളുടെ വീടുകള്‍ നശിപ്പിക്കപെടാന്‍ പാടില്ല. ഒരു മുസ്‌ലിം പള്ളി ഇവിടെ നശിപ്പിക്കപ്പെട്ടാല്‍ ഹിന്ദുക്കളും സിക്കുകാരും ചേര്‍ന്നു വേറെ പള്ളിനിര്‍മ്മിച്ച് കൊടുക്കണം''.
അന്നത്തെ ഹിന്ദു മതഭ്രന്തന്മാര്‍ക്ക് ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ മതഭ്രാന്തിന്നടിമപ്പെട്ടു. ഗാന്ധിജിയെ വകവരുത്താന്‍ തന്നെ തീരുമാനിച്ചു. ആര്‍.എസ്.എസുകാരനായ നാഥൂറാം ഗോഡ്‌സെ ഗാന്ധിജിയുടെ ഘാതകനായി മാറുന്നത് ഗാന്ധിജിയോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടായിരുന്നില്ല. വര്‍ഗീയ ഭ്രാന്ത് ആളികത്തിക്കാന്‍ ശ്രമിച്ചവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറി. ഹിന്ദു വര്‍ഗീയ ഭ്രാന്തിന്റെ ഉച്ചസ്ഥായിയായിരുന്നു ഗാന്ധിവധം. ഗാന്ധിജിയുടെ സര്‍വ്വമതസാഹോദര്യവും മനുഷ്യസേവനവും വര്‍ഗ്ഗീയവാദികള്‍ക്ക് അസഹനീയമായിത്തീര്‍ന്നതിന്റെ പരിണിതഫലം.
ഗാന്ധിജിയും നേതൃത്വവും
'' ജീവിക്കുക അല്ലെങ്കില്‍ മരിക്കുക''
ക്വിറ്റ് ഇന്ത്യ(ഇന്ത്യവിടുക)''
''എന്റെ സ്വപ്‌നത്തിലെ സ്വരാജ്''
പാവപ്പെട്ടവന്റെ സ്വരാജാണ്''
(മഹാത്മാഗാന്ധി)
മഹാത്മജിയുടെ ചിന്തകളും ആഹ്വാനങ്ങളും ജനമനസ്സുകളില്‍ തട്ടി പ്രതിദ്ധ്വനിച്ചതു പോലെ മറ്റൊരു മഹാന്റെ ചിന്തകള്‍ക്കും കര്‍മ്മങ്ങള്‍ക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളതു തര്‍ക്കമറ്റകാര്യമാണ്. പല മഹാത്മാക്കളും പല മഹാപ്രവൃത്തികളും ചിന്തകളും ലോകസമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, പറയുന്ന കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ട് വന്ന മഹാത്മാക്കള്‍ വിരളമാണ്. കാറല്‍മാര്‍ക്ക്‌സ് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം ആവിഷ്‌കരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഗാന്ധിജി തത്വങ്ങള്‍ പറയുക മാത്രമല്ല, പറയുന്ന കാര്യങ്ങള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ട് വന്ന് ലോകത്തിന് മുന്നില്‍ കാണിച്ച് കൊയുക്കുകയും ചെയ്തു. അതുപോലൊരു മഹാത്മാവിനെ വേറെകാണുക പ്രയാസമാണ്.
ഇന്ത്യയിലെ ജനകോടികളുടെ ഹൃദയം കണ്ടെത്താന്‍ കഴിഞ്ഞ നേതാവാണ് മഹാത്മജി. ജനങ്ങളെ മുന്നില്‍ കണ്ട് കൊണ്ട് അവരെ പൂര്‍ണമായും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു ഗാന്ധിജിയുടെ ഓരോനടപടിയും, ഓരോ പ്രഖ്യാപനവും. ആ ഒരു സമീപനം കൊണ്ടാണു സ്വാതന്ത്ര്യസമരം നയിച്ചപ്പോള്‍ അതിന്റെ നേതാക്കളേയും അതേ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങളേയും വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ഇന്ത്യന്‍ ജനതയുടെ മനഃശ്ശാസ്ത്രം വ്യക്തമായും മനസ്സിലാക്കിയ നേതാവായിരുന്നു ഗാന്ധിജി. മഹാത്മജിയെ അത്യൂന്നതനിലവാരം പുലര്‍ത്തിയ ഒരു മനഃശ്ശാസ്ത്രജ്ഞനായിട്ടാണു പ്രസിദ്ധ ഗ്രന്ഥകര്‍ത്താവായ ഫിലിപ്പ് സ്‌ട്രേറ്റ് വിലയിരുത്തുന്നത്. ഗ്രാമീണരുടെ വിമോചനപോരാട്ടത്തില്‍ പങ്കാളികളാക്കാന്‍ ഗാന്ധിജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗ്രാമീണ ജനതയെ ഉയര്‍ത്തിയാല്‍ മാത്രമേ സ്വാതന്ത്ര്യം നേടാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ ഇന്ത്യന്‍ ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് സമരം നയിക്കാന്‍ ഗാന്ധിജി ശ്രമിച്ചിരുന്നു. ജനങ്ങളുടെ നാഡിമിടിപ്പ് സദാ സ്പര്‍ശിച്ചറിഞ്ഞിരുന്ന ഒരു നേതാവായിരുന്നു ഗാന്ധിജി. നെഹ്‌റുപറഞ്ഞു: ''സത്യത്തില്‍ ആര്‍ക്കെങ്കിലും ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നിശ്ചയമായും അത് ഗാന്ധിജിക്കായിരുന്നു. അദ്ദേഹം ശരിക്ക് ജനങ്ങളെ മനസ്സിലാക്കിയിരുന്നു. അദ്ദേഹം അവരുടെ ഭാഗമായിരുന്നു. നമ്മില്‍ ആരേക്കാളുമേറെ അവരോട് അദ്ദേഹം ചെയ്യാനാവശ്യപ്പെട്ടിരുന്ന അത്ഭുത കൃത്യങ്ങള്‍ അവര്‍ക്ക് ചെയ്യാനാവുമെന്ന് തന്നെ അദ്ദേഹം വിശ്വസിച്ചു. അവര്‍ അത് ചെയ്യുകയും ചെയ്തിരുന്നു''.
അഹിംസയും നിര്‍ഭയത്വവും സഹനശക്തിയുമെല്ലാം ഗാന്ധിയന്‍ വിശ്വാസങ്ങളുടെ അടിത്തറയായി കണക്കാക്കുന്നു. ഈ തത്വങ്ങളില്‍ അടിയുറച്ച് കൊണ്ടാണു ഗാന്ധിജി ഏതൊരു പ്രസ്ഥാനത്തിനും നേതൃത്വം നല്‍കിയത്.
ഒരു ഹിന്ദുമതവിശ്വാസിയായി നില നിന്നുകൊണ്ട് തന്നെ ഹന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരായി അദ്ദേഹം പോരാടി. യാഥാസ്ഥിതികര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്ന ആ കാലഘട്ടങ്ങത്തില്‍ നൂറ്റാണ്ടുളായി വച്ചുപുലര്‍ത്തിപ്പോന്ന ആചാരങ്ങള്‍ത്തെതിരെ പോരാടാന്‍ ഗാന്ധിജി തയ്യാറായി എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. അയിത്തം നിലനിന്നിരുന്ന സന്ദര്‍ഭത്തിലാണു ഗാന്ധിജി സര്‍വ്വമത ഐക്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ തുടക്കം ഗാന്ധിജി കുറിക്കുന്നതു ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ്. 1993 ല്‍ ഏപ്രില്‍ മാസം ഒരു കമ്പനിക്കു വേണ്ടി കേസ് വാദിക്കാന്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് കറുത്ത പൗരന്മാര്‍ വെള്ളക്കാരുടെ അടിമകളായി കൊടും യാതനകളെ നേരിട്ടുകൊണ്ട് ജീവിക്കേണ്ടി വരുന്ന അതിദാരുണമായ അവസ്ഥ ഗാന്ധിജി നേരില്‍ കാണുന്നത്. 1894 ല്‍ ഗാന്ധിജി നേറ്റള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് രൂപവത്കരിച്ചു. അദ്ദേഹം അതിന്റെ സെക്രട്ടറിയാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് ഒരു പുസ്തകം ഗാന്ധിജി എഴുതി. അതോടെ ദക്ഷിണാഫ്രിക്കയിലെ പോരാടുന്ന ഇന്ത്യക്കാരുടെ നേതാവായി അദ്ദേഹം ഉയര്‍ന്നു. 1895 ല്‍ ഇന്ത്യയിലേക്കു തിരിച്ച് വന്ന് ഇന്ത്യയിലെ പല പ്രധാനനഗരങ്ങളിലും സന്ദര്‍ശനം നടത്തി. ദക്ഷിണാഫ്രിക്കയിലേക്കു വീണ്ടും ചെന്നു വെള്ളക്കാരന്‍ ഇന്ത്യക്കാര്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കുമെതിരെ കാണിക്കുന്ന വിവേചനത്തിനെതിരെ ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതോടുകൂടി വിമോചനപോരാട്ടത്തിന് ആക്കം വര്‍ദ്ധിച്ചു.അഹിംസ സിദ്ധാന്തം മുറുകെ പിടിച്ചുകൊണ്ട് തന്നെ ആയുധബലത്തിനെതിരെ നിര്‍ഭയം മുന്നോട്ട് പോകാന്‍ ഗാന്ധിജി മുതിര്‍ന്നപ്പോള്‍ അടിമത്തത്തിന്റെ നുകം പേറിയ അജ്ഞതയുടെ അന്ധകാരത്തില്‍ തപ്പിതടഞ്ഞ അനേകായിരങ്ങള്‍ അനുയായികളായി.അസ്വസ്ഥതയുടെയും അശാന്തിയുടെയും അന്തരീക്ഷത്തില്‍ അക്രമഭീഷണി നില നില്‍ക്കുന്ന ഇന്നത്തെ ലോകത്തില്‍ ശാന്തിയുടെയും അഹിംസയുടെയും നിമന്ത്രണമായി, ഗാന്ധിജി ലോക മനസ്സുകളില്‍ ജീവിക്കുമെന്നതില്‍ സംശയമില്ല.
ശബീബ് കൈപ്പുറം

2 Comments