അനസ്.പി ഏഴൂർ

ബെന്യാമിൻറ ആടുജീവിതവും അൽ അറേബ്യൻ നോവൽ ഫാക്ടറിയും മുല്ലപ്പൂ നിറമുള്ള പകലുകളും  ഒക്കെ വായിച്ച അതേ ആവേശത്തിലാണ് 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളും' വായിച്ചുതീർത്തത്. വായിച്ചു തുടങ്ങിയപ്പോഴാണ്  മാന്തളിർ കഥകൾക്കായി ബെന്യാമിന്റെ മനസ്സിലുണ്ടായിരുന്ന നാല് 'ഇരുപതുകളെ' ആസ്പദമാക്കിയുള്ള ഒരു 'നോവൽ സഞ്ജയ'ത്തിന്റെ രണ്ടാം ഭാഗമാണിതെന്നും
ഒന്നാം ഭാഗമായ 'അക്കപ്പോരിൻറെ 20 നസ്രാണി വർഷങ്ങൾ' എന്ന പുസ്തകം 2008ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും അറിയാൻ കഴിയുന്നത്. എന്തുകൊണ്ട് 'ഇരുപത് വർഷങ്ങൾ' എന്നാരാഞ്ഞാൽ മനുഷ്യജീവിതത്തെ ഇരുപത് വർഷങ്ങൾ വീതമുള്ള പല ഘട്ടങ്ങളായി സങ്കൽപിക്കാനാണ് തനിക്കിഷ്ടമെന്നും തൻറെ ജീവിത പരിണാമത്തിൽ അങ്ങനെയൊരു കാലഘടന പ്രവർത്തിച്ചു എന്നതാവാം ചിലപ്പോൾ അതിൻറെ പ്രധാന കാരണങ്ങളിലൊന്ന് എന്നുമൊക്കെയാണ്  ബെന്യാമിൻ പറഞ്ഞു വെക്കുന്നത്.

ഉത്തമപുരുഷാഖ്യാനത്തിലൂടെ (first person narrative) തന്റെ തന്നെ കുട്ടിക്കാലത്തെ നർമ്മ രൂപത്തിലവതരിപ്പിച്ചാണ് ബെന്യാമിൻ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു കുട്ടിയായിരിക്കുമ്പോളുണ്ടാകുന്ന നിഷ്കളങ്കത, ജിജ്ഞാസ, സന്ദേഹങ്ങൾ, സംശയങ്ങൾ, മണ്ടത്തരങ്ങൾ, പിടിവാശികൾ, മനം മാറ്റങ്ങൾ, പേടികൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, അവഗണനകൾ, തുടങ്ങിയവയെല്ലാം തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥപറച്ചിലിൽ നമുക്കനുഭവിച്ചറിയാൻ കഴിയും. 

തൻറെ അച്ചാച്ചനും വല്യപ്പച്ചനും കൊച്ചപ്പച്ചനും തുടങ്ങി കുടുംബത്തിലുള്ളവരെ കഥാപാത്രങ്ങളാക്കി കഥകൾ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. വല്യപ്പച്ചൻ മാന്തളിർ മത്തായി, വല്യമ്മച്ചി അന്നാമ്മ, കൊച്ചപ്പച്ചൻ മാന്തളിർ കുഞ്ഞൂഞ്ഞ് ഒന്നാമൻ, വല്യച്ചായൻ മാന്തളിർ കുഞ്ഞൂഞ്ഞ്  രണ്ടാമൻ, മന്ദാകിനിക്കൊച്ചമ്മ, അച്ചാച്ചൻ മാന്തളിർ ദാനി, കൊച്ചപ്പച്ചൻ മാന്തളിർ ബേബി, കോമ്രേഡ് ജിജൻ തുടങ്ങിയ പ്രധാന കഥാപാത്രങ്ങൾക്ക് പുറമേ പ്രദേശത്തെ മറ്റു പലരുടേയും നിരവധി കഥകളിതിലുണ്ട്. പ്രധാനമായും നോവലിലുടനീളം മതവും രാഷ്ട്രീയവും അതിനിടയിൽ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന മനുഷ്യത്വവുമാണ് ചർച്ചചെയ്യുന്നത്.

ദേശം ചെറുതാണെങ്കിലും കേരള ഭൂമിയിലെ നാനാവിധ ജാതിക്കാരും ഒരുപോലെ വന്നുപാർക്കുന്ന ദേശമാണ് മാന്തളിർ. പല ഘട്ടങ്ങളിലായി മാന്തളിരിലെ കൃഷിയുടെ പരിണാമത്തെപ്പറ്റി  പറയുന്നുണ്ട്. നെൽകൃഷിയിൽനിന്ന് കരിമ്പ്, റബ്ബർ, കൊക്കോ വരെ എത്തുന്നുണ്ട്. ഇതിനിടയിൽ കർഷകരുടെ പ്രശ്നങ്ങളും തൊഴിലാളി സമരങ്ങളും സർക്കാരിൻറെ ബൂർഷ്വാസ്വഭാവവും  പോലീസിൻറെ ക്രൂരതയും മറ്റുമെല്ലാം കടന്നുവരുന്നുണ്ട്.

ഇരുമുഖന്മാരായ പാർട്ടികൾ ഭരണപക്ഷത്തിലും പ്രതിപക്ഷത്തിലും കാട്ടിക്കൂട്ടുന്ന കോപ്രാട്ടിത്തരങ്ങളിലൂടെയും ഒരുകാലത്ത് പാർട്ടിക്കു വേണ്ടി ജീവൻ കൊടുത്ത് പ്രവർത്തിച്ച നേതാവ് പിന്നീട് പാർട്ടിയിൽ നിന്ന് വല്ല കാരണത്താലും പുറത്താകുമ്പോൾ പഴയകാലത്തെ നന്മകളെല്ലാം മറന്ന് അദ്ദേഹത്തെ നായയോട് ഉപമിക്കുന്നതിലൂടെയും 'പാർട്ടി'യുടെ മനുഷ്യത്വരഹിതമായ മുഖം കൃത്യമായി കാണിക്കുന്നുണ്ട്. "പാർട്ടിക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല, പാർട്ടിക്ക് വേണ്ടിയാണ്", "പാർട്ടിക്ക് സമൂഹത്തിൻറെ വിജയങ്ങൾ മാത്രമേയുള്ളൂ, ഒറ്റപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾ ഇല്ല". വല്യച്ചായൻറെ ഈ ചിന്തകളാണ് കടുത്ത കമ്മ്യൂണിസ്റ്റായ അദ്ദേഹത്തെ ക്രിസ്ത്യാനിയാക്കുന്നത്. 

നോവലിലുടനീളമുള്ള വിശ്വാസത്തിൻറെ പേരിലുള്ള പള്ളിപ്രശ്നങ്ങളും തമ്മിലടിയും കൊമ്പുകോർക്കലും പിടിവാശികളും മറ്റുമെല്ലാം പറയുന്നത് ആരുടെ മനസ്സിലും യഥാർത്ഥ വിശ്വാസമില്ല, എല്ലാം ലോകമാന്യതക്ക് വേണ്ടി മാത്രമാണ് എന്നതാണ്. പാർട്ടി, മതം എന്നീ വിഭാഗങ്ങളിലെ പ്രശ്നങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയുമെല്ലാമാണ് നോവൽ പരന്നുകിടക്കുന്നതെങ്കിലും വാർദ്ധക്യവും രോഗശയ്യയും മനുഷ്യനെ  ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് തന്നെ നയിക്കുമെന്നും 'മരണം' എന്ന സത്യം എല്ലാത്തിനും അവസാനം നിർണയിക്കുമെന്നും അതുവരെ ചെയ്തതൊക്കെയും വൃഥാവിലായിപ്പോകുമെന്നുമൊക്കെയാണ് അവസാന ഭാഗങ്ങളിൽ നോവലിസ്റ്റ് കുറിച്ചിടുന്നത്.

ഏതു മതക്കാരനായാലും പാർട്ടിക്കാരനായാലും സൗഹൃദത്തിന് അതിർവരമ്പുകളൊന്നുമില്ലെന്നാണ് ബെന്യാമിൻറ പക്ഷം. അതുപോലെ വായനക്ക് വളരെ വലിയ പ്രാധാന്യം അദ്ദേഹം നൽകുന്നുണ്ട്. ഭ്രാന്തനായ തന്നെ മനുഷ്യനാക്കുന്നത് വായനയാണ് എന്നും ലോകത്തെ ഭ്രാന്തിൽ നിന്നും രക്ഷിക്കണമെങ്കിൽ വായന അനിവാര്യമാണെന്നും അതിലൂടെ മാത്രമേ മനുഷ്യത്വമുള്ള ഒരു ലോകം പിറവിയെടുക്കൂ  എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

കഥ പറച്ചിലുകൾ തന്നെയാണ് ഈ നോവലിന്റെ അതിമനോഹരമായ വശങ്ങളിലൊന്ന്. കമ്യൂണിസ്റ്റുകാരനായ വല്യച്ചായനും കോൺഗ്രസുകാരനായ കൊച്ചപ്പച്ചനും മത്സരിച്ചു നടത്തുന്ന കഥ പറച്ചിലുകളും ബഡായികളും നമ്മെ മാന്തളിർ ദേശത്തിലേക്കു മാത്രമല്ല, ഇന്ത്യ വിട്ട് പാകിസ്ഥാൻ, ക്യൂബ, കോംഗോ, യുഎസ്, യു.എസ്.എസ്.ആർ, ചൈന, ബ്രിട്ടൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലേക്കും കൊണ്ടെത്തിക്കുന്നുണ്ട്.

അതോടൊപ്പം മാന്തളിർ ദേശക്കാരെക്കുറിച്ച് മാത്രമല്ല, മാർട്ടിൻ ലൂഥർ, കോപ്പർനിക്കസ്, ഗലീലിയോ ഗലീലി, പാട്രിസ് ലുമുംബ,  മാർക്സ്, എംഗൽസ്, ലെനിൻ, സ്റ്റാലിൻ, ക്രൂഷ്ചേവ്, ഹിറ്റ്ലർ, മുസ്സോളിനി, ഗോർബച്ചേവ്, ആയത്തുള്ള ഖുമൈനി, സദ്ദാം ഹുസൈൻ, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എന്നിവരെക്കുറിച്ചും ഇന്ത്യയിലെ അടിയന്തരാവസ്ഥ, ഭോപ്പാൽ ദുരന്തം, ഇന്ത്യ ആദ്യമായി ക്രിക്കറ്റ്  വേൾഡ് കപ്പ് നേടുന്നത്, സദ്ദാം കുവൈത്ത് പിടിച്ചടക്കുന്നത്, കമ്മ്യൂണിസ്റ്റ് യു.എസ്.എസ്.ആറിൻറെ തകർച്ച തുടങ്ങിയവയിലൂടെയെല്ലാം നോവൽ കടന്നുപോകുന്നുണ്ട്. ഗാന്ധിജിയെ കേരളത്തിലേക്ക് എത്തിച്ചത് കൊച്ചപ്പച്ചനാണെന്നും കോംഗോയിൽ വച്ച് ചെഗുവേരയെ വല്യച്ചായൻ കണ്ടിട്ടുണ്ടെന്നതുമാണ് ഇതിൽ ഏറ്റവും രസകരമായത്.

എത്ര പരാജയപ്പെട്ടവനായാലും ആരും തന്നെ തള്ളിപ്പറഞ്ഞാലും അവഗണിച്ചാലും വീണുപോകാതെ, വന്നുപോയ അപാകതകളും ന്യൂനതകളും സ്വയം തിരുത്തി, ദുഃഖങ്ങളെ മറികടന്ന്, പൂർണ ലക്ഷ്യബോധത്തോടെയും ദൃഢനിശ്ചയത്തോടെയും ജീവിക്കുന്ന 'മാന്തളിർ ദാനി' എന്ന കഥാപാത്രം മനുഷ്യൻറെ അതിജീവനത്തിന്റെ പ്രതീകമാണ്. മനുഷ്യർ ഓരോരുത്തരും ജീവിക്കേണ്ടത് അവരുടെ താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടിയാവണം, മനുഷ്യൻ ആഗ്രഹിക്കുന്നത് നിർത്തിയാൽ ജീവിക്കുന്നത് നിർത്തി എന്നാണർത്ഥം, ചില വാശികളാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മാന്തളിരിലെ കഥാപാത്രങ്ങളത്രയും നോവലിലുടനീളം ഇത്തരം തത്വങ്ങൾക്ക് ജീവൻ പകർന്ന് കൊണ്ടിരിക്കുന്നു