ഫാത്തിമ ബീവി

വൈക്കം മുഹമ്മദ്‌ബഷീറിന്റെ ബാല്യകാലസഖി വായിച്ചു.ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പുസ്തകം വായിക്കുന്നത്.വൈകിപ്പോയെന്നു തോന്നുന്നില്ല.കാരണം, കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഞാനിത് വായിക്കുന്നതെങ്കിൽ  മജീദും,സുഹറയും,അവരുടെ പ്രണയവും എന്നെയിത്രമാത്രം നൊമ്പരപ്പെടുത്തുമായിരുന്നില്ല.അവരുടെ പ്രണയവേദന എനിക്കിങ്ങനെ അനുഭവിക്കാൻ ആവുമായിരുന്നില്ല.

ഒരു മാമ്പഴത്തിനായി മാഞ്ചുവട്ടിൽ നിന്നുകൊണ്ട് മാന്തിയും,വഴക്കിട്ടും പരസ്പരം വിദ്വേഷം കാണിക്കുന്ന രണ്ട് പേർ,മജീദ് മാമ്പഴം നൽകിക്കൊണ്ട് കൈനീട്ടുന്നതിലൂടെ സൗഹൃദത്തിലാകുകയും,ചെമ്പരത്തിയും മറ്റും നട്ടു വെള്ളം നനച്ചു അവരുടെ ബാല്യത്തെ നന്നായി ആസ്വദിച്ചു.സങ്കൽപ്പത്തിൽ രാജകുമാരിയോടൊപ്പം വിഹരിക്കുന്നതായി സ്വപ്നം കാണുന്ന മജീദ് ഇമ്മിണി വല്യ ഒന്നായും,കുസൃതിക്കാരിയും സൗന്ദര്യത്തിന്റെ പ്രതീകവുമായ സുഹറ മജീദിന്റെ രാജകുമാരിയായും വളർന്നു.മജീദിന്റെ സുന്നത്ത് കല്യാണം ധനികനായ ബാപ്പ സദ്യയും,പായസവും, ബിരിയാണിയും,വെടിക്കെട്ടുമെല്ലാം കൊണ്ടും ആഘോഷമാക്കിയപ്പോൾ, ധനികരല്ലാത്തതിനാൽ സുഹറയുടെ കാതുകുത്ത് ആഘോഷമില്ലാതെ നടന്നത് വളരെ സങ്കടപ്പെടുത്തി.പലരാജ്യങ്ങൾ കറങ്ങിയാലേ ജീവിതം പഠിക്കൂ എന്ന ചിന്താഗതിക്കാരനും,താൻ പറയുന്നതും,ചെയ്യുന്നതും, തന്റെ തീരുമാനങ്ങളും മാത്രമാണ് ശരിയെന്നു കരുതുന്ന കർക്കശക്കാരനുമാണ് മജീദിന്റെ ബാപ്പ.അതേ സമയം ഒരുപാട് സ്വത്തുക്കൾ കൈവശമുള്ള മുതലാളിയുമായിരുന്നു.അടക്കപെറുക്കി ചാക്കിലാക്കി അത് വിറ്റു കുടുംബത്തെ നോക്കിവന്ന സുഹറയുടെ ബാപ്പ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മനുഷ്യൻ.
ജോലി അന്വേഷിച്ചു അവൻ നഗരത്തിലേക്ക് പുറപ്പെടാൻ നേരം സുഹ്റയോട് യാത്ര പറയാൻ നിന്നപ്പോൾ അവൾ അവനോടു ഞാനൊരു കാര്യം പറയട്ടെ എന്നു ചോദിച്ചു.പറയൂ രാജകുമാരി എന്നു മജീദ് പറഞ്ഞപ്പോഴേക്കും ബസ് പുറപ്പെടാൻ സമയമായെന്ന് സൂചിപ്പിച്ചുകൊണ്ട് ഹോൺ അടിശബ്ദം കേട്ടു,അവനോടി..
ആ ബാപ്പയുടെ മരണത്തോടെ സുഹറയുടെ പഠിക്കണം എന്ന മോഹത്തിന് അന്ത്യം കുറിക്കുകയുണ്ടായി.മജീദിന്റെ ബാപ്പ സ്നേഹമുള്ള പിതാവാണെങ്കിലും അല്പം ധനികനെന്ന തലക്കനം കാട്ടിയതു കൊണ്ടാകാം സ്വർണ്ണപ്പാത്രത്തിൽ നിന്നും വെറ്റിലയെടുത്തു മുറുക്കിത്തുപ്പിയ അദ്ദേഹത്തിന് പിന്നീട് അതേ വെറ്റിലയുടെ ഒരു ഞെട്ടിനായി അയൽവീട്ടിലേക്ക് ഭാര്യയെ പറഞ്ഞയക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്.പിതാവിന്റെ കർക്കശസ്വഭാവത്തിന്റെ ലക്ഷണമെന്നോണം അടിയും കിട്ടി,വീടിനു പുറത്തേക്ക് പുറന്തള്ളപ്പെട്ടപ്പോൾ വാശിയെന്നോണം മജീദ് അവിടെനിന്നും ഇറങ്ങി, സുഹ്റയോട് ഒരു വാക്കുപോലും പറയാതെ.പിന്നീട് തിരിച്ചുവരുന്നത് ഏഴെട്ടു കൊല്ലങ്ങൾക്ക് ശേഷമാണ്.ആ ഏഴെട്ടു കൊല്ലത്തിൽ അവന്റെ ആകെ സമ്പാദ്യമെന്നു പറയുന്നത് ഒരു പെട്ടിനിറയെ പുസ്തകങ്ങളും.അവൻ വന്നപ്പോഴേക്കും അവിടെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിരുന്നു.സുഹറയുടെ കല്യാണം, ആരൊക്കെയോ ചേർന്ന് പറഞ്ഞു പറ്റിച്ചു എഴുതി വാങ്ങിയ ബാപ്പാന്റെ സ്വത്തുക്കൾ,അതിന്റെ ബാക്കിയെന്നോണം ദാരിദ്ര്യത്തിന്റെ വക്കിലായ സ്വന്തം കുടുംബം,കെട്ടിക്കാൻ ആയ സഹോദരിമാർ...

മജീദും,സുഹറയും ബാല്യത്തിൽ നട്ട ചെമ്പരത്തിയുടെ തൈ വളർന്നു പന്തലിച്ചു മരമായി പൂത്തു നിൽക്കുമ്പോഴും അവന്റെ ഹൃദയം തകർന്നുപോയിരുന്നു.അവൻ വന്നിട്ടുണ്ടെന്ന വിവരമറിഞ്ഞു ഓടിയെത്തുന്ന സുഹറയുടെ വരവ് ഭർത്താവുമായുള്ള ജീവിതം അവസാനിച്ചു എന്ന തിരിച്ചറിവിലായിരുന്നു.കാരണം,വേറെയും ഭാര്യയും മക്കളുമുള്ള തന്റെ ഭർത്താവ് സ്നേഹിച്ചത് അവളുടെ സ്ത്രീധനത്തെയാണ്.ഇപ്പോൾ അവളെ പറഞ്ഞയച്ചിരിക്കുന്നത് വീടിന്റെ ഓഹരി വാങ്ങിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു.അത് മാത്രം അയാൾക്ക് കിട്ടില്ലെന്ന്‌ അവൾ ഉറച്ചിരുന്നു.അങ്ങനെ മജീദിനും,സുഹ്റക്കുമിടയിൽ വൈകാതെ വീണ്ടും പ്രേമം തളിർത്തുവന്നു.സുഹ്‌റയെ വിഹാഹം കഴിക്കണമെന്ന ആഗ്രഹം മജീദ് ഉമ്മയോട് സൂചിപ്പിച്ചപ്പോൾ കെട്ടിക്കാറായ സഹോദരിമാരെയാണ് ഉമ്മ അവനെ ഓർമ്മപ്പെടുത്തിയത്.എല്ലാറ്റിനും പ്രതിവിധി ഒന്നുമാത്രമാണ്..
"പണം"

ജോലി അന്വേഷിച്ചു അവൻ നഗരത്തിലേക്ക് പുറപ്പെടാൻ നേരം സുഹ്റയോട് യാത്ര പറയാൻ നിന്നപ്പോൾ അവൾ അവനോടു ഞാനൊരു കാര്യം പറയട്ടെ എന്നു ചോദിച്ചു.പറയൂ രാജകുമാരി എന്നു മജീദ് പറഞ്ഞപ്പോഴേക്കും ബസ് പുറപ്പെടാൻ സമയമായെന്ന് സൂചിപ്പിച്ചുകൊണ്ട് ഹോൺ അടിശബ്ദം കേട്ടു,അവനോടി..

ഒരുപാട് നാളത്തെ അന്വേഷത്തിനൊടുവിൽ ഒരു ജോലി ശരിയാവുകയും,ആ ജോലിക്കിടയിലുണ്ടായ അപകടത്തിൽ അവന്റെ ഒരുകാലു മുറിച്ചു മാറ്റപ്പെടുകയും ചെയ്തു.പക്ഷെ ആ വിവരം മജീദ് വീട്ടുകാരെ അറിയിക്കുകയോ,ആ അവസ്ഥയിൽ പോലും വീട്ടിലേക്ക് മടങ്ങുകയോ ചെയ്തില്ല.കാരണം ഒരുപാട് ബാധ്യതകളാണ് അവന്റെ ചുമലിലുള്ളത്.വിശ്രമിച്ചാൽ പ്രശ്നങ്ങൾ തീരില്ലെന്ന ബോധം അവനിലുണ്ടായിരുന്നു.അപ്പോഴും അവന്റെ മനസ്സിൽ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂൾ വിട്ടു വരുമ്പോൾ കാലിന്റെ അടിഭാഗം വിഷക്കല്ലുതട്ടി പഴുത്തു വേദനയോടെ കിടക്കയിൽ കിടന്നപ്പോൾ സുഹ്‌റ ആ ഭാഗത്തു നൽകിയ മുത്തമായിരുന്നു.
ആദ്യചുംബനം...
ആ കാലാണ് മുറിച്ചുമാറ്റപ്പെട്ടത് എന്ന വിഷമം ആണ് അവനിൽ ഉണ്ടായത്.പിന്നെയും അവൻ തളരാതെ ജോലിയന്വേഷിച്ചു.സഹായത്തിനായി ധനികരുടെ വാതിൽക്കൽ പോയി നിന്നു.അവസാനം ജോലി ശരിയായി,ഒരു ഹോട്ടലിൽ എച്ചിൽ പാത്രങ്ങൾ കഴുകുക..
എങ്കിലും അവനതിൽ സന്തോഷം കണ്ടെത്തി, കിട്ടുന്നതിൽ ചെറിയൊരു തുക മാസാമാസം വീട്ടിലേക്കയച്ചു.സുഹറയുടെ കൈപ്പടയാൽ എഴുതിയ കത്തുകൾ വന്നു.അവളുമായുള്ള വൈവാഹിക ജീവിതം അവൻ സ്വപ്നം കണ്ടു.അവസാനം ഒരു കത്തുകൂടി വന്നു.പക്ഷെ കൈയക്ഷരം അവന്റെ ഉമ്മയുടെയായിരുന്നു.സുഹ്‌റ മരണപ്പെട്ടു, മറവുചെയ്തു എന്നായിരുന്നു അതിലെഴുതിയിരുന്നത്.പിന്നെ വീട്ടിലെ അവസ്ഥകളും..

അവനാകെ തളർന്നുപോയി,കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും കൈകൾ എച്ചിൽ പാത്രങ്ങൾ കഴുകിക്കൊണ്ടേയിരുന്നു.

അവൻ അവസാനം ഓർത്തത് അവളവനോട് പറയാൻ വന്ന ആ കാര്യത്തെപ്പറ്റിയായിരുന്നു.എന്തായിരിക്കും അത്? ഈ ചോദ്യം അവശേഷിപ്പിച്ചാണ് ബഷീർ കഥ അവസാനിപ്പിക്കുന്നത്.

ഞാനൂഹിക്കുന്നു..
"ഇനി നീ വരുമ്പോൾ ചിലപ്പോൾ ഞാൻ ഉണ്ടാകില്ല " എന്നായിരിക്കും അവൾ പറയാനുദ്ദേശിച്ചത്..

വായന മുന്നോട്ടു നീങ്ങുമ്പോൾ ചിറകു കരിഞ്ഞ പാറ്റകളെപ്പോലെയായിരുന്നു ഞാൻ.ഹൃദയഭേദകമായ കഥ..

ബാല്യകാലസഖി.. പ്രണയത്തെയും, അതിന്റെ വേദനയെയും ഇത്രമേൽ ഒപ്പിയെടുത്ത ഒരു കൃതി അല്ലെങ്കിൽ ഒരു കഥ ഇനിയുണ്ടാകുമോ?