അനസ്.പി ഏഴൂർ

പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന എൻറെ സുഹൃത്ത്, ഫാറൂഖ് ബാവയുടെ പുസ്തക ശേഖരത്തിൽ നിന്നും യാത്രാവിവരണങ്ങൾ പരതുന്നതിനിടയിലാണ് നടുവിൽ തുളയുള്ള ഒരു പുസ്തകം ശ്രദ്ധയിൽപ്പെടുന്നത്. കെ.ആർ.മീരയുടെ ഭഗവാൻറെ മരണം എന്ന ആറ് കഥകളടങ്ങുന്ന ഒരു പുസ്തകമായിരുന്നു അത്. എഴുത്തുകാരി ഓരോ വാക്കുകളും സൂക്ഷ്മമായി ഉപയോഗിക്കുന്നതുപോലെ പുസ്തകത്തിൻറെ കവറിനും അത്രത്തോളം പ്രാധാന്യം നൽകിയത് അപാരമായി തോന്നി. അന്നുമുതലാണ് കെ.ആർ. മീരയെ വായിച്ചു തുടങ്ങുന്നത്.

ശക്തമായ ആഖ്യാന ശൈലി കൊണ്ട് വായനക്കാരുടെ ബോധ്യങ്ങളെ അട്ടിമറിക്കുന്നതും, സ്ത്രീ സംബന്ധ വർത്തമാനങ്ങളെയും വിശേഷങ്ങളെയും  ഫെമിനിസ്റ്റ് ചിന്താധാരകൾക്കപ്പുറത്ത് നിന്നും ആവിഷ്കരിച്ച് വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെയാണ് ഓരോ കഥയും കെ.ആർ മീര അവതരിപ്പിക്കുന്നത്. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാറിലൂടെ സമ്പൂർണ്ണ നോവൽ വൃത്തത്തിലേക്ക് വികസിച്ചതാണ് കെ.ആർ മീരയുടെ എഴുത്ത് ലോകം.

മലയാളകഥക്കും നോവലിനും ആധുനികതയുടെ ഭാവങ്ങളിലൂടെ ഊടും പാവും നൽകിയ  എഴുത്തുകാരിൽ പ്രമുഖയാണ് കെ.ആർ. മീര. പോലീസ് നക്സൽ വേട്ടയുടെ പശ്ചാത്തലത്തിൽ ഒറ്റിക്കൊടുക്കലിൻറെയും കുമ്പസാരത്തിൻറെയും പീഡനത്തിൻറെയും കഥപറയുന്ന യൂദാസിന്റെ സുവിശേഷം മീരയുടെ നോവെല്ലകളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ്.

പ്രേമ,ദാസ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് യൂദാസിന്റെ സുവിശേഷം വികസിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെ കുപ്രസിദ്ധമായ കക്കയം ക്യാമ്പ്, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം, അന്നത്തെ ഭരണകൂടവും അവരുടെ കളിപ്പാവയായ പോലീസുമെല്ലാമാണ് കഥാരംഗങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നത്. ഒരർത്ഥത്തിൽ യൂദാസിന്റെ സുവിശേഷം ഒറ്റുകാരൻറെ സുവിശേഷമല്ല, തെറ്റുകാരൻറെ കുമ്പസാരമാണ്.

ഫ്യൂഡൽ നാലുകെട്ടിലെ സന്തതിയായ പ്രേമ പണ്ട് വിപ്ലവകാരിയായിരുന്ന, ഇപ്പോൾ ശവങ്ങൾ മുങ്ങി എടുക്കാൻ മാത്രം ജീവിക്കുന്ന ദാസനെ പ്രണയിക്കുന്നു. ദാസനാകട്ടെ സുനന്ദ എന്ന പ്രണയിനിയുണ്ടായിരുന്നു. പക്ഷേ, പോലീസിന്റെ നിർബന്ധത്താൽ അവളെ കയത്തിലെറിയേണ്ടി വരുന്നു. അതോടെ ദാസ് സ്വയം യുദാസായി പരിണമിക്കുകയും ജീവിതത്തിലെ മുൻപാപം വിധിക്കുന്ന നിരാശയുടെ തടവറയിൽ തൻറെ എല്ലാ സ്വപ്നങ്ങളെയും ബന്ധിയാക്കുകയും ചെയ്യുന്നു. നോവലവസാനം വരെ നീളുന്ന പ്രേമയുടെ പ്രണയം, മനോധൈര്യം,യാത്രകൾ, വിപ്ലവങ്ങൾ എന്നിവയെല്ലാം കഥയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

അടിയന്തരാവസ്ഥകാലത്ത് നക്സലൈറ്റുകൾ അനുഭവിക്കുന്ന ഉരുട്ടികൊല, പോലീസിന്റെ പീഡനമുറകൾ, ഭരണകൂട ഭീകരത എല്ലാം തെളിച്ചത്തോടെ നോവലിൽ ചേർത്തുവെക്കുന്നുണ്ട് കെ.ആർ മീര. കേന്ദ്രകഥാപാത്രമായ പ്രേമയിലൂടെയും വിപ്ലവകാരികളായ സുനന്ദ, സംഗീത എന്നിവരിലൂടെയും സാമൂഹ്യ ജീവിതത്തിലെ ശക്തമായ സ്ത്രീ ഇടപെടലുകളെ ആഴത്തിൽ വരച്ചുകാട്ടുകയാണ് എഴുത്തുകാരി.

"മീൻ കൊത്തി പവിഴപ്പുറ്റുപോലെയായിത്തീർന്ന ശവങ്ങൾ തീരത്തണയുമ്പോൾ വെള്ള പുതപ്പിക്കാനും ചന്ദനത്തിരികൾ കത്തിച്ചു വെക്കാനും രണ്ടിലൊരാൾ ഉറങ്ങാതെ കാത്തിരിക്കണം. രണ്ടിലൊരാൾ. ഒരുപക്ഷേ നമ്മളെല്ലാവരും." എന്നു പറഞ്ഞാണ് നോവൽ അവസാനിക്കുന്നത്. കഥയവസാനിക്കുമ്പോഴും ഇനി എന്തെന്ന ചിന്ത സമ്മാനിക്കുന്ന എഴുത്തുകാരി ശരിക്കും പുതിയ കഥാ ലോകങ്ങളുടെ ജാലകങ്ങൾ വായനക്കാർക്ക് മുന്നിൽ തുറന്നു കൊടുക്കുകയാണ്.