മജീദ് നാട്ടുകൽ
വായനയിലൂടെ കഥാപത്രത്തോട് കൂടെ നമ്മളും ജീവിക്കുകയായിരുന്നു  എന്ന്  പറയാവുന്ന അനുഭവം തരുന്ന രചനയാണ് ടി ഡി രാമകൃഷ്ണൻ അവറുകളുടെ  "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
മിത്തും ഫിക്ഷനും റിയാലിറ്റിയും ശ്രീലങ്കയുടെ ആധുനിക ചരിത്രവും കലർന്ന് വായനയുടെ പുത്തൻ അനുഭൂതിയിലേക്ക് അനുവാചകരെ കൈപിടിച്ച് നടത്തുന്നു. ആധുനിക ശ്രീലങ്കയുടെ ചരിത്രത്തെ ദേവനായകിയെന്ന തനിക്ക് പ്രിയപ്പെട്ട മിത്തിലൂടെ  ശ്രീലങ്കൻ ആഭ്യന്തരയുദ്ധക്കാലത്തെ വെള്ള പൂശാനും തമിഴ്പുലികളുടെ ഭീകരത പുറത്തെത്തിക്കാനുമായി പുലികൾ കൊലപ്പെടുത്തിയ  രാജനി തിരണഗാമയുടെ കഥ പറയുന്നു.

'Woman behind the Fall of Tigers" എന്ന സിനിമ നിർമ്മിക്കാനായി എത്തുന്ന പീറ്റർ ജീവാനന്ദമെന്ന കഥാകാരന്റെ മനോവിചാരത്തിലൂടെ കഥ പറയുകയാണ് നോവലിസ്റ്റ്. രാജനിയായി അഭിനയിക്കാൻ തന്റെ ഹൃദയം കവർന്ന
- സുഗന്ധിയെന്ന തമിഴ് പുലിയെ അന്വേഷിക്കുന്ന പീറ്റർ "കറുപ്പ്" എന്ന വെബ്ബ് സൈറ്റിൽ എത്തുന്നതും അവിടെ നിന്ന് സിഗിരിയയിൽ നിന്നും കണ്ടെടുത്ത "സുസാന സുപിന" (സ്വപ്നങ്ങളുടെ ശ്മശാനം) എന്ന ആയിരം വര്ഷം പഴക്കമുള്ളതും ശ്രീവല്ലഭ ബുദ്ധനാർ രചിച്ചതുമായ സുഗന്ധിയുടെ കഥ പുനരാഖ്യാനം ചെയ്തത് കാണുന്നതും അവിടം മുതൽ സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ആണ്ടാൾ ദേവനായകിയിലേക്കും തിരിച്ചുമുള്ള നാമറിയാതെയുള്ള യാത്രയാണ് നോവൽ.

കാന്തല്ലൂർ സൈനീക കേന്ദ്രത്തിന്റെ അധിപനായ പെരിയ കോയിക്കന്റെ നാലാമത്തെ മകൾ ദേവനായകിയാണ് കഥാനായിക. അപ്സരസ്സുകള തോൽപ്പിക്കുന്ന അംഗലാവണ്യവും യോദ്ധാവിന്റെ കരുത്തുമുള്ള ദേവനായകി എല്ലാവരുടെയും ഉറക്കം കെടുത്തുന്ന സൗന്ദര്യധാമമാണ്. സൗന്ദര്യത്തിനും സൗഷ്ടവത്തിനും ഒപ്പം സംഗീതവും ആകാര നൃത്തവും അർത്ഥശാസ്ത്രവും രാഷ്ട്രതന്ത്രവും കൂടാതെ ആയോധനകലകളും
- സ്വായത്തമാക്കിയവളാണ് ദേവനായകി. ഒരു ദിവസം
- പത്മനാഭസന്നിധിയിൽ ആണ്ടാളിന്റെ തിരുപ്പാവൈ പാടുന്ന ദേവനായകിയുടെ മധുരമായ ശബ്ദം കാന്തല്ലൂർ മഹാരാജാവ് മഹേന്ദ്രവർമ്മൻ കേൾക്കാനിടയായി. ആ മധുരമായ ശബ്ദം അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.

ശ്രീനിവാസശാസ്ത്രികളുടെ ശിഷ്യയായി രാജസദസ്സിലെത്തിയ ദേവനായകിയെ കാണാനിടയായ കാന്തല്ലൂർ മഹാരാജാവ് അവളിൽ ഭ്രമിക്കുകയും കൊട്ടാരമാളികയിൽ എത്താൻ കൽപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ മഹേന്ദ്രവർമ്മന്റെ എട്ടാമത്തെ റാണിയാവുന്ന ദേവനായകി തന്റെ അറിവും കഴിവും ഉപയോഗിച്ച് രാജ്യഭരണത്തിൽ രാജാവിന്റെ ഉപദേശകിയായി  പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ തന്റെ ഉപദേശം കേൾക്കാതെ ചോരാജാവിനോട് യുദ്ധം ചെയ്തു മരണത്തിന് കീഴടങ്ങുന്നു.
പിന്നീട് തഞ്ചയിലെ രാജരാജചോളൻ കാന്തള്ളൂർ ആക്രമിച്ചു കീഴടക്കുകയും മഹാരാജാവിനെ തോല്പിച്ച ചക്രവർത്തിയെ ആരതിയുഴിഞ്ഞ് അന്തപ്പുരത്തിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്യുന്ന ദേവനായകിയെയാണ് നാം കാണുന്നത്. ഭർത്താവിനെ കൊന്ന രാജരാജചോളനെ അന്തപ്പുരത്തിലേക്ക് ആനയിക്കുകയാണ്
അങ്ങിനെ രാജരാജചോളന്റെ  ഏഴാം ഭാര്യയായി മാറുകയും അവർക്ക് കൂവേണി എന്ന കുഞ്ഞും ജനിക്കുന്നു. അവിടെയും തന്റെ ഭരണ നൈപുണ്യ മുപയോഗിച്ച് രാജ്യ ഭരണത്തിൽ രാജാവിനെ സഹായിക്കുകയും സിംഹളദേശം വരെ  തന്റെ സാമ്രാജ്യത്തിന് കീഴിലാക്കാൻ രാജാവിന് സാധിക്കുന്നു.

എന്നൽ മഹീന്ദനെന്ന സിംഹള രാജാവ് തന്റെ ദേശം കീഴടക്കിയതിന്റ പ്രതികാരം തീർക്കുന്നത് കൂവേണിയെ അതി ക്രൂരമായി കൊന്നു കൊണ്ടാണ്. അപ്പോഴും രാജ്യവിസ്‌തൃതിയിൽ മാത്രം മുഴുകുകയാണ് രാജാവ്. അതോടെ തന്റെ മനസ്സിലെ പ്രതികാരാക്ജ്ഞിയും കാമവും ആളികത്തുകയും മാനസിക സങ്കർഷത്തിൽ എത്തുകയും ചെയ്യുന്നു. ഇൗ സമയം രാജാവിന്റെ മൂത്ത മകന് തന്നോട് പ്രണയം ഉള്ളതായി അവള് മനസ്സിലാക്കുകയും അത് വളരെ ഭംഗിയായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പകരം യുവ രാജാവ് അവൾക്ക് ഒരു കുഞ്ഞും മഹീന്ദന്റെ തലയും വാഗ്ദാനം ചെയ്യുന്നു... എന്നൽ അച്ഛനും മകനും ഒരു പോലെ കിടക്ക പങ്കിടുന്നതിലെ ഔചിത്യമില്ലായ്മയോർത്ത് അവിടെ നിന്നും അപ്രത്യക്ഷമാവുകയാണ്.

അങ്ങിനെ സിംഹള മന്നന്റെ അടുത്ത സുഹൃത്തും രത്ന വ്യാപാരിയുമായ ചാം പ്രസിദ്ധിനേ സ്വാധീനിച്ചു മഹീന്ദന്റെ കൊട്ടാരത്തിലേക്ക് പോവുകയാണ്. അവിടെ കാണുന്ന കാഴ്ചകൾ അവളിലെ പ്രതികാരദാഹം കൂടുതൽ ആളികത്തുകയും അനുരാധപുരിയെന്ന മഹീന്ദന്റെ കൊട്ടാരം
തകർത്ത് തരിപ്പണമക്കുകയുംചെയ്യുന്നു. അതോടൊപ്പം തന്നെ നിശാങ്ക വജ്രൻ എന്ന ബുദ്ധ സന്യസിയിൽ നിന്ന് നിർവാണത്തിന്റെ എല്ലാ തലങ്ങളും അഭ്യസിക്കുകയും ശാന്തിയുടെ പ്രതീകമായി മാറുകയും ആകാശത്തോളം വളർന്നു അപ്രത്യക്ഷമാവുകയും ചെയ്തു എന്നതാണ് മിത്ത്.

കോഗൻ ഉച്ചകോടിയിൽ രണ്ടു കൈയ്യും ഇല്ലാത്ത സ്ത്രീ ബെൻസ് കാർ ഓടിച്ചു കയറ്റി സ്വയമൊരു മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയും തീ ആളിക്കത്തുമ്പോൾ ആ സ്ത്രീ ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്നത്‌ ചില സൈനിക ഉദ്യോഗസ്ഥർ കാണുകയും ചെയ്യുന്നതോടെ നോവൽ അവസാനിക്കുന്നു. ആണ്ടാൾ ദേവനായകി എന്ന മിത്തോളാജിക്കൽ കാരക്റ്ററിലൂടെ സുഗന്ധി എന്ന ഫിക്ഷണൽ കാരക്ടർ രജനി തിരണഗാമ എന്ന റിയൽ ലൈഫ് കാരക്റ്റർ എന്നിവരെ കോർത്തിണക്കി നോവലിസ്റ്റ് പറയുന്നത്‌  യുദ്ധത്തിന്‍റെയും മറ്റും പേര് പറഞ്ഞു എവിടെയൊക്കെ സ്ത്രീകൾക്കെതിരിൽ അതിക്രമങ്ങൾ നാടക്കുന്നുവോ അവിടെയൊക്കെ ഇത്തരം സുഗന്ധി എന്ന ആണ്ടാൾ ദേവനായകിമാർ ഉദയം ചെയ്യുമെന്നാണ്. എല്ലാ യുദ്ധങ്ങളും സ്ത്രീകൾക്കെതിരെയാണെന്നും ഇയക്കത്തിന്റെ പ്രവർത്തനങ്ങൾ ഇടത് വിപ്ലവപാതയിൽ നിന്നും വ്യതിചലിച്ച് ഹൈന്ദവ ഫാസിസത്തിന്റെ വഴികൾ സ്വീകരിച്ചപ്പോഴാണ് അവർ
മുസ്ലീം ജനതക്കെതിരെ തിരിഞ്ഞതെന്നും
SSF (Save Sri Lanka from Fascism) എന്ന സംഘടനയുടെ പ്രവർത്തകൻ വിലയിരുത്തുന്നുണ്ട്.

ഈഴപ്പോരിന്റെ അന്തിമഘട്ടം നടന്ന "പുതുക്കുടി"
ഇന്നിന്റെ "സുസാന സുപിന" (ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങളുടെ ശ്മശാനം) ആണെന്ന പീറ്ററിന്റെ ആത്മഗതവും നമ്മെ വിടാതെ പിന്തുടരുന്നു.
സംഘടനയുടെതായാലും രാഷ്ട്രത്തിന്റെതായാലും തെറ്റായ രാഷ്ട്രീയതീരുമാനങ്ങൾ ഒരു ജനതയെ എങ്ങനെ ബാധിക്കുന്നുവെന്ന് കാട്ടിത്തരുന്നു ഈ നോവൽ നമ്മുക്ക്.

എന്തുകൊണ്ട് നോവലിസ്റ്റ് ശ്രീലങ്കയെ തന്റെ കഥക്കുള്ള ഇതിവൃത്തമാക്കി എന്ന ചോദ്യത്തിന് കേരളീയരെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്ത് നിന്നും കാസർഗോഡേക്കുള്ളതിന്റെ അത്രപോലും ദൂരത്തിലല്ലാത്ത, ഗൾഫെന്ന സ്വപ്ന ലോകം മലയാളിക്ക് പരിചിതമാകും മുമ്പ് മലയാളിയുടെ അഭയകേന്ദ്രമായിരുന്ന ശ്രീലങ്ക ഒരു അഭ്യന്തരകലഹത്തിന് ശേഷം എന്ത്കൊണ്ട് വിസ്മരിക്കപ്പെട്ടു അല്ലെങ്കിൽ അവിടെ എന്ത് തന്നെ നടന്നാലും നമുക്കൊന്നു മില്ലെന്ന തീർത്തും നിസ്സംഗമായ സമീപന ത്തിൽ നോവലിസ്റ്റ്റിനുണ്ടായ വേദനയാണ് എന്നാണ് കഥാകൃത്ത് നൽകുന്ന ഉത്തരം