ഇഹ്സാനുൽഹഖ്

" വീടുള്ളവന്റെ മഴയല്ല വീടില്ലാത്തവന്റെ മഴ.. കാണുന്നവന്റെ മഴയല്ല, കേൾക്കുന്നവന്റെ മഴ... രണ്ടുമായിരിക്കില്ല, കൊള്ളുന്നവന്റെ മഴ...
പുര ചോരുന്നവന്റെ മഴയും മണിമാളികയിൽ ഇരിക്കുന്നവന്റെ ചില്ലുജനാലയ്ക്കപ്പുറത്തെ മഴയും രണ്ടും രണ്ടാണ്.... എഴുത്തും മഴയെപ്പോലെയാണ്.. "
 ദീപ നിശാന്ത് മഴയെ പറഞ്ഞ് തുടങ്ങിയത് ഇങ്ങനെയാണ്. ദീപ ടീച്ചറുടെ എഴുത്തുകൾ അവസാന നിമിഷം വരെ അങ്ങനെത്തന്നെയായിരുന്നു..
മഴ പെയ്യുന്ന പോലെ , മഴ നനയുന്നത് പോലെ, ചിലപ്പോൾ മഴയെ കേൾക്കുന്നത് പോലെയും. ചില മഴകൾ നനയാതെ ഇരിക്കാനാവില്ല, കാരണം കടുത്തൊരു വേനലിന്റെ ഒടുവിൽ വലിയൊരു ആശ്വാസവും കുളിരുമായി മഴയെത്തുമ്പോൾ അറിയാതെ നനയാൻ തോന്നുന്ന ഒരു മോഹമുണ്ട്. പ്രശ്നകലുഷിതമായ ഈ മഹാമാരിക്കിടയിൽ സാന്ത്വനത്തിന്റെ മഴ പതിമടങ്ങ് കുളിര് പരത്തും.
സംവിധായകൻ കമൽ പുസ്തകത്തിൽ എഴുതുന്നത് പോലെ, "സ്വപ്നങ്ങളും, ഓർമ്മകളും നനഞ്ഞു തീര്‍ത്ത മഴകള്‍ മഴകളാവുമ്പോൾത്തന്നെ ഭൂതകാലക്കുളിർ കുന്നോളമുണ്ടെന്ന് അനുഭവങ്ങളെ സാക്ഷിയാക്കി പറഞ്ഞ എഴുത്തുകാരി ഇതുവരെയുള്ള അനുഭവങ്ങളുടെ മഴയാവും നനഞ്ഞു തീർത്തത്! 
എഴുത്തുകളെല്ലാം തന്നെ ഹൃദയസ്പർശിയായിരുന്നു. 'പച്ചയ്ക്കെഴുതുക ' എന്ന് വേണമെങ്കിൽ നമുക്ക് പറയാം. കമലാ സുരയ്യ തന്റെ രചനകൾക്ക് നൽകിയ ഊടും പാവും ദീപയിലും നമുക്ക് കാണാം. ചിലപ്പോൾ പക്വതയുള്ള ടീച്ചറായിട്ട്, മറ്റു ചിലപ്പോൾ കുറുമ്പിക്കുട്ടിയായിട്ട്, കുശുമ്പ് കാണിക്കുന്ന ഒന്നാന്തരം വിദ്യാർത്ഥിനി, ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന പച്ചയായ സ്ത്രീ അങ്ങനെയങ്ങനെ എഴുതിയെഴുതി ആശയങ്ങളുടെ മഹാ പ്രപഞ്ചം സൃഷ്ടിക്കാനാണ് നനഞ്ഞു തീർത്ത മഴയിൽ എഴുത്തുകാരി ശ്രമിക്കുന്നത്.കഥകൾക്കിടയിൽ ഒരു പ്രബുദ്ധയായ അമ്മയുടെ മനസ്സും നമുക്ക് വായിക്കാനാകും...
"ബലാത്സംഗം എന്നുവെച്ചാ എന്താമ്മേ ? ധ്യാന ആകാംക്ഷയോടെ ചോദിച്ചു . ഇത്തരം സന്ദർഭങ്ങളിൽ ഒരു ശരാശരി മാതാവിനെപ്പോലെ ഞാനല്പം പതറി.
എന്തുത്തരമാണ് ഞാൻ കൊടുക്കുക.. ?
എന്റെ ഉത്തരത്തിൽ " ബലാത്സംഗം ' എന്ന വാക്കിനു പകരം " മാനഭംഗം ' എന്ന വാക്ക് കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണം. ചാനലു കളിലെ ചർച്ചകളിൽ ഇപ്പോഴും ആ വാക്ക് പലരും ഉപയോഗിക്കു ന്നുണ്ട്.
ഒരൊറ്റ അവയവത്തിലാണ് പെണ്ണിന്റെ മാനം മുഴുവൻ ഇരിക്കുന്നതെന്ന ദുസൂചന ആ വാക്കിലുണ്ട്. ചെറുപ്പത്തിൽ പലരും ഇത്തരം ധാരണകൾ മനസ്സിലേക്കു കടത്തിവിട്ടിട്ടുള്ളത് ഇങ്ങനെ ചില വാക്കുക ളിലൂടെയാണ്.. ബലപ്രയോഗത്തിലൂടെ ഒരിക്കലും കവരാൻ സാധിക്കാത്തതാണ് പെണ്ണിന്റെ മാനമെന്ന് അവനെ പഠിപ്പിച്ചേ പറ്റൂ..." (നനഞ്ഞു തീർത്ത മഴകൾ പേജ്. 150)
വളരെ ശക്തമായി എന്തിനു നേരെയും സത്യം വിളിച്ചു പറയാൻ മടിക്കാത്തപ്പോൾ തന്നെ സ്വന്തം ജീവിതത്തിന് നേർക്കും ഇത്തരം ബഹളംവയ്ക്കലുകൾ നടത്താൻ ദീപ ടീച്ചർ മടി കാണിച്ചിട്ടില്ല. വീട്ടിൽ ഒറ്റ മകളായി ജനിക്കാനാകാത്തതിന്റെ സങ്കടത്തിൽ, സങ്കടങ്ങളെ മുഴുവൻ എഴുതിത്തീർക്കുന്ന ഒരു പരിഭവക്കാരിയായി എഴുതിയിട്ടുണ്ട്. വായിക്കുമ്പോൾ ചിലപ്പോഴൊക്കെ കണ്ണുകൾ നിറച്ചു ഓർമ്മകളിലേക്ക് നമുക്കും ഊഞ്ഞാലാട്ടം നടത്താം. ദീപാ നിശാന്തിന്റെ പുസ്തകം കയ്യിലെടുക്കുമ്പോൾ അല്ലെങ്കിലും മനസ്സിന്റെ ഒരറ്റം ഒരു ഊഞ്ഞാലിന്റെ ഒത്ത മധ്യത്തിൽ കൊണ്ടിരുത്തേണ്ടതുണ്ട്. കാരണം ഇടയ്ക്കിടയ്ക്ക് വളരെ വേഗത്തിൽ നമുക്ക് നമ്മിലേക്ക് ആടിയിറങ്ങാനുള്ള ഒരു ഇടം ആ പുസ്തകം എപ്പോഴും ബാക്കി വയ്ക്കുന്നുണ്ട്. ഒരു അദ്ധ്യാപകൻ എന്ന നിലയിൽകൂടി വായനയിലേക്ക് ഊളിയിടുമ്പോൾ അദ്ധ്യാപനത്തിന്റെ രസതന്ത്രവും പുസ്തകത്തിൽ കൂടി പകരാൻ ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു.
സംവിധായകൻ കമൽ പുസ്തകത്തിൽ എഴുതുന്നത് പോലെ, "സ്വപ്നങ്ങളും, ഓർമ്മകളും നനഞ്ഞു തീര്‍ത്ത മഴകള്‍ മഴകളാവുമ്പോൾത്തന്നെ ഭൂതകാലക്കുളിർ കുന്നോളമുണ്ടെന്ന് അനുഭവങ്ങളെ സാക്ഷിയാക്കി പറഞ്ഞ എഴുത്തുകാരി ഇതുവരെയുള്ള അനുഭവങ്ങളുടെ മഴയാവും നനഞ്ഞു തീർത്തത്!
പേരിന്റെ ഭംഗി പോലെത്തന്നെ എഴുത്തിലുമുണ്ട് സൗന്ദര്യവും, സൗരഭ്യവും. നിഷ്കളങ്കമായ തൃശൂർ ഭാഷയിൽ ലളിതവും, ഹൃദ്യവുമായി കുറിച്ചിട്ട കൗതുകമുണർത്തുന്ന അനുഭവങ്ങൾ എവിടെയൊക്കെയോ എഴുത്തുകാരി പോലും അറിയാതെ വലിയ ദാർശനീക തലത്തിലേയ്ക്ക് ഉയരുന്നുമുണ്ട്.
കോളേജ് അനുഭവങ്ങൾ വിവരിക്കുമ്പോൾ ഒരേ സമയം വിദ്യാർത്ഥിനിയും, അദ്ധ്യാപികയുമാകുന്നു.
ബ്ലാക്ക് ബോർഡിന് മുൻപിലും പിൻബെഞ്ചിലും നമ്മൾ ദീപയുടെ സാന്നിദ്ധ്യമറിയുന്നു. വീട്ടിലെത്തുമ്പോർ സ്നേഹമയിയും കൗശലക്കാരിയുമായ അമ്മയാകുന്നു.. കുസൃതിക്കാരിയായ മകളോ ഭാര്യയോ സുഹൃത്തോ ആകുന്നു. "
കൂടുതൽ വായനാനുഭവം ഇല്ലാത്തവർക്കുകൂടി ആസ്വദിക്കാനാവുന്ന ഈ ഗ്രന്ഥം മലയാളത്തിന്റെ വസന്തം DC ബുക്സ് തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണക്കാലത്ത് നവ്യാനുഭവം പകർന്നു തന്ന ദീപ ടീച്ചർക്ക് ഹൃദയത്തിൽ നിന്നും നന്ദിയർപ്പിക്കുന്നു...
x