റിദാൻ ഒഴുകൂർ

വൈജ്ഞാനിക മേഖലയിൽ വ്യാപരിച്ച് കിടക്കുന്ന വിവിധ പ്രതലങ്ങളെ ഗ്രന്ഥരചന കൊണ്ട് പ്രഫുല്ലമാക്കിയ പണ്ഡിതനാണ്  ഇമാം ഗസ്സാലി (റ).  മനുഷ്യരാശിയുടെ ജീവതത്തില്‍ എന്നും പുരോഗതി പ്രാപിക്കേണ്ട രാഷ്ട്രതലങ്ങളില്‍ കൈ വെക്കാനും അദ്ദേഹം മറന്നില്ല.  പ്രൊഫസര്‍ ഹാറൂൺ  ഖാന്‍ ഷെര്‍വാണി പറഞ്ഞ് വെച്ചത് പോലെ ഇമാം വിശദമായി ചര്‍ച്ച ചെയ്ത അഞ്ച് വിഷയമെടുത്താല്‍ അതിലൊന്ന് രാഷ്ട്രീയ മീംമാംസ തന്നെയാണ്. ആയതിനാല്‍ സമൂഹം മോശമാകുമ്പോള്‍ പണ്ഡിതരുടെ ഇടപെടല്‍ ശക്തമാകണമെന്ന ഉറച്ച ബോധ്യത്തോടെ ഇമാം രാഷ്ട്രീയ ധര്‍മ-അധര്‍മ്മങ്ങളേയും അക്കമിട്ട് പ്രസ്താവിക്കുകയുണ്ടായി . അധികാരത്തേയും ഐഹിക വ്യാപാരങ്ങളേയും സംബന്ധിക്കുന്ന പൊതു താൽപര്യ പ്രധാനമായ നിയമങ്ങളുടെ ക്രോഡീകരണം എന്ന് ഇമാം രാഷ്ട്രീയത്തെ നിര്‍വ്വചിച്ചു. തീര്‍ത്തും ഇസ്ലാമിക രാഷ്ട്രീയ രീതികളെ മാറ്റി നിര്‍ത്തി ഭരണം നടന്നിരുന്ന കാലത്താണ് ഇമാമിന്‍റെ ജനനം. അബ്ബാസി ഭരണകൂടത്തിന്‍റെ അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ നിലകൊണ്ട “ഖാഇം ബി അംരില്ലാ , അല്‍ മുഖ്തദി ബി അംരില്ല, മുസ്തള്ഹര്‍ ബില്ല” എന്നീ ഖലീ ഫമാരെയായിരുന്നു ഇമാമിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇവരുടെ ഭരണ ബലഹീനതയുടെ ഫലമെന്നോണം കൂടുതല്‍ ഇസ്ലാമിക കേന്ദ്രങ്ങള്‍ ശക്തി പ്രാപിച്ചു തുടങ്ങി. അവരില്‍ ഹി.447/എ. ഡി 1055-ല്‍ ബഗ്ദാദ് കീഴ്പ്പെടുത്തിയ സല്‍ജൂഖീ തുര്‍ക്കികള്‍ ഏറെ പ്രാപ്തി നേടി. പ്രധാനികളായി ‘അലബ് അര്‍സലാന്‍, ജലാലുദ്ധീന്‍ അബൂ ഫത്ഹ് മലിക് ശാ,  നാസ്വിറുദ്ധീന്‍ മഹ്മൂദ്, റുക്നുദ്ധീന്‍ അബുല്‍ മുസഫര്‍’ എന്നീ പടയാളികളുടെ നേതൃത്തത്തില്‍ ഒരു നിലക്ക് ഭരണം മുന്നോട്ട്‌ ഗമിച്ചു. ഈ കാലയളവില്‍ തന്നെ അടി തെറ്റിയ നിരവധി പ്രസ്ഥാനങ്ങള്‍ ഏറെ മുന്നോട്ട് നീങ്ങിയിരുന്നു. മുസ്ലിം അഭ്യന്തര പ്രശ്നങ്ങള്‍ ഉയർന്നു  വന്നപ്പോള്‍ തക്കം കാത്തിരുന്ന കുരിശു പോരാളികളും മറുവശത്ത് നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിന്നു. ഇത്തരം ഒരു ഘട്ടത്തിലാണ് ഇസ്ലാമിക ഐക്യബോധവും അടിത്തറയും മുറുകെ പിടിച്ച് ഗസ്സാലി ഇമാം കടന്ന് വരുന്നത് .

ഗസ്സാലി ഇമാമിന്‍റെ കാലത്ത് ജീവിച്ച മറ്റ് വ്യക്തിത്വങ്ങളായിരുന്നു ഇമാം മാവര്‍ദിയും (റ) ഇമാം ഹറമൈനി എന്നറിയപ്പെട്ട ഇമാം ജുവൈനിയും (റ). മാവര്‍ദി ഇമാം അബ്ബാസി ഭരണകൂടത്തെ ഇസ്ലാമിക അടിസ്ഥാനമുള്ളതായും നിയമാനുസൃത ഭരണമായും സമര്‍ത്ഥിക്കുന്നു. അവരുടെ 'അഹ്കാമു സുല്‍ത്വാനിയ്യ' എന്ന ഗ്രന്ഥത്തലൂടെയായിരുന്നു ഈ അഭിപ്രായപ്രകടനം. ഭരണനിർവ്വഹണത്തെ കുറിച്ച് ആദ്യത്തെ ഇസ്ലാമിക് ക്ലാസിക്കല്‍ രചനയായി ഈ ഗ്രന്ഥം ഇടം പിടിച്ചു. പക്ഷെ ഈ വിധിയെ പ്രാഗത്ഭത്തില്‍ വരുന്നതോടെ അബ്ബാസികളുടെ അധികാര വില ബൂയി അമീരന്മാരുടെ കയ്യില്‍ ചുരുണ്ടു പോയിരുന്നു. ഇതിനോടകം അദ്ദേഹത്തിന്റെ  ശ്രമങ്ങള്‍ വിഫലമായി തീര്‍ന്നു.
മാവര്‍ദി ഇമാമിന് ശേഷം ഇമാം ജുവൈനി മുമ്പ് പറഞ്ഞ റൂട്ട്‌ മാറ്റിപ്പിടിച്ച് രംഗത്തിറങ്ങി. അബ്ബാസികള്‍ കാര്‍ന്നു തിന്നപ്പെടുന്ന അവസ്ഥയില്‍ ഇസ്ലാമിക യഥാര്‍ത്ഥ ആദര്‍ശങ്ങളെ ഭംഗവരാത്ത രീതിയിലുളള മറ്റു ഭരണങ്ങളിൽ കേന്ദ്രീകരിക്കേണ്ടി വന്നു. ഇവരോട് കൂടെ കൂട്ടിവായിക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് സല്‍ജൂഖീ ഭരണത്തിലെ മലിക്ശായുടെ ശക്തനായ മന്ത്രി നിളാമുല്‍ മുല്‍ക്. തന്‍റെ വ്യവസ്ഥാപിതമായ മൂന്ന്‌ പതിറ്റാണ്ടിന്‍റെ അധികാര കാലയളവില്‍ തന്നെ ഒട്ടനവധി വിദ്യകള്‍ക്ക് സാക്ഷിയായ വിദ്യാഭ്യാസ സ്ഥാപനവും അദ്ദേഹം പടുത്തുയര്‍ത്തി. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ് പേര്‍ഷ്യ ഭാഷയിൽ  രചിക്കപ്പെട്ട ‘സിയാറത്ത് നാമ'. ഇമാം ജുവൈനിയും തന്‍റെ ശിഷ്യന്‍ ഗസ്സാലി ഇമാമും മന്ത്രി നിളാമിന്‍റെ ജ്ഞാന സദസ്സില്‍ ഹാജറായിരുന്നുവെത്രെ. അബ്ബാസികള്‍ ക്ഷയോന്മുഖമായതിനെ തുടര്‍ന്ന്‌ നിരവധി സ്വതന്ത്ര ഭരണാധികാരികള്‍ ഉയര്‍ന്നു വന്നു. അവര്‍ സുല്‍ത്താന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ആയതിനാല്‍ ഖലീഫയേയും സുല്‍ത്താനേയും പരസ്പര പൂരകങ്ങളായി സമര്‍ത്ഥിക്കുകയാണ് മന്ത്രിയുടെ ഈ പുസ്തകം.

ഇവിടെയാണ് ഗസ്സാലി ഇമാം ഉലമാക്കളുടെ പങ്കും ഇതിനോട് കൂട്ടിപ്പിടിച്ച് കൊണ്ട് നിളാമുല്‍ മുല്‍കിന്‍റെ ആശയത്തെ വികസിപ്പിച്ചെടുക്കുന്നത്.

പണ്ഡിത ഇടപെടല്‍

ഹിജ്റ 459 -ല്‍ ഗസ്സാലി ഇമാമിന്‍റെ ജനന സമയത്ത്  അബ്ബാസി ഭരണത്തിന് ക്ഷയമേറ്റതിനാല്‍ തന്നെ പലയിടത്തും സുല്‍ത്താന്മാര്‍ തിമര്‍ത്താടി. ഒരു സാമൂഹിക ജീര്‍ണതക്ക് കാരണമായി  ഇമാം ചൂണ്ടിക്കാട്ടുന്നത് പണ്ഡിത ലോകത്തിന്‍റെ അലസതയെയാണ്. ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് തന്‍റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ ഇഹ് യാ ഉൽ  ഉലൂമുദ്ധീനില്‍ അദ്ദേഹം  വിമർശിക്കുന്നു. ഇവിടെയെല്ലാം ദൈവത്തിന്‍റെ പ്രീതിയിലേക്ക് എത്തിപ്പിടിക്കുകയായിരുന്നു  ഇമാം ഗസ്സാലി. ഏകദേശം ഖലീഫയുടെ പങ്ക് ചോര്‍ന്ന്‌ പോയെന്നും  ഇനി സല്‍ത്തനത്തിന്‍റെ കാലമാണെന്നും ഇമാം കണ്ടറിഞ്ഞു. അതിനാല്‍ ഈ കലുശിത നേരത്ത് രണ്ടാലൊരു ഭാഗത്ത് യഥാര്‍ത്ഥ മതകീയവും രാഷ്ട്രീയവുമായ സംഹിത സമ്മേളിപ്പിക്കല്‍  ശ്രമകരമായ ദൗത്യമായിരുന്നു. ഇവിടെയാണ് ഇമാമിന്‍റെ മതവും രാഷ്ട്രവും ഇരട്ട സഹോദരിമാരാണെന്നുള്ള പ്രസ്താവന ശ്രദ്ധേയമാകുന്നത്. 
ഖലീഫ മുസ്തള്ഹര്‍ ബില്ലയുടെ നിര്‍ദേശ പ്രകാരം ഇമാം ഗസ്സാലി എഴുതിയ ‘ഫളാഇഹുല്‍ ബാത്വിനിയ്യ വ ഫളാഇലുല്‍ മുസ്തള്ഹരിയ്യ' എന്ന കിതാബിലും പിന്നെ ‘ഇഖ്ത്വിസാദ് ഫില്‍ ഇഅ്ത്വിഖാദിലും' ഖലീഫ, സുല്‍ത്താന്‍, ദീന്‍, മുല്‍ക് എന്നീ പ്രശ്നങ്ങള്‍ മുഖ്യമായി കൈകാര്യം ചെയ്യുന്നു. ഒരു ഭരണകൂടത്തില്‍ ശക്തിയായി നിലനില്‍ക്കുന്ന ഒറ്റമൂലിയാണ് സൈനിക ബലം. അത് എപ്പോളാണോ ദുര്‍ബലമാകുന്നത് അവിടെ മറ്റു അധികാരികള്‍ കടന്നു കൂടുന്നു. ഖലീഫക്ക് സൈനിക ബലമില്ലെങ്കില്‍ അവിടെ മറ്റാരെങ്കിലും ആ വിടവ് തൂര്‍ക്കണം. ഖിലാഫത്തിന്‍റെ നിലനില്‍പ്പിന് വേണ്ട സൈനിക ബലം നല്‍കുന്നതിനാല്‍ ഖിലാഫത്തിനുളള മതകീയ പിന്‍ബലം സുന്‍ത്താനിലേക്ക് നീളുന്നതാണ്‌. ഭരണാധികാരിയോടപ്പം തന്നെ അഴിക്കാനും കെട്ടാനും (അഹ് ലുല്‍ ഹല്ലി വല്‍ അഖ്ദ്) എന്നതിനെ കുറിച്ച് പണ്ഡിത ലോകം ചര്‍ച്ച ചെയ്യുന്നു. ആ വിഭാഗത്തിലും സുല്‍ത്താന്മാരെ പെടുത്താവുതാണ്.
സല്‍ജൂഖി ഭരണകൂടത്തോട് ഏറെ കുറെ ഇമാം ഗസ്സാലിയുട രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ യോജിക്കുതായി കാണാം. അബ്ബാസി ഭരണകൂടത്തെ എളുപ്പത്തില്‍ തുടച്ച് നീക്കാന്‍ തന്‍റെ വ്യാഖ്യാനങ്ങളിലൂടെ സാധിക്കുമെങ്കിലും അധികാര മേല്‍ക്കോയ്മയെ അംഗീകരിക്കുകയായിരുന്നു ഇമാം ഗസാലി. ഇവിടെ സല്‍ജൂഖി ഭരണത്തിന്‍റെ ഭരണാധികാരിയായിരുന്ന സുല്‍ത്വാന്‍ മലിക് ശായോടും മന്ത്രി നിളാമുല്‍ മുല്‍കിനോടുമുളള ഇമാമിന്‍റെ അടുപ്പവും ദൈവിക അനുമാന ചട്ടങ്ങളിലൂടെയുളള ബന്ധവും നമുക്ക് തെളിഞ്ഞ് കാണാം.
ഗസ്സാലിയുടെ ഈ രാഷ്ട്രീയ ചിന്തകളില്‍ സ്വാധീനിച്ച് മഗ്‌രിബിലും  അന്തുലൂസിലും ഇപ്രകാരം അധികാരം കെട്ടിപ്പടുക്കുകയായിരുന്നു ‘മുഹമ്മദ് തൂംറത്ത്’. ഇദ്ദേഹം ബഗ്ദാദില്‍ ഇമാം ഗസ്സാലിയുടെ ശിഷ്യനായിരുന്നു. ഖിലാഫത്തിന്‍റെ പിന്‍ബലമില്ലാതെയായിക്കഴിഞ്ഞാല്‍ തുടര്‍ന്ന്‌ വരുന്ന അധികാര കേന്ദ്രങ്ങള്‍ക്ക് ലഭിക്കണം എന്ന ഗസ്സാലി ഇമാമിന്‍റെ വാക്കുകളായിരുന്നു അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. ഇത്തരത്തിലുളള സന്തുലത്തിനും അധികാര വികേന്ദ്രത്തിനും ഇടയില്‍ രാഷ്ട്രീയം അധികാരം  രഹിതമാകുമ്പോള്‍ അവിടെയാണ് ഉലമാക്കളുടെ പങ്ക് ശക്തിയാകുന്നത് എന്ന്‌ ഗസ്സാലി ഇമാം അഭിപ്രായപ്പെട്ടു. അതിനാല്‍ ഇവിടെ അനിസ്ലാമികതയിലേക്ക് എത്തി നോക്കാത്ത വിധം ഇജ്മാഇനും ഖിയാസിനും വഴി ഒരുക്കണം എന്നദ്ദേഹം നിർദ്ദേശിച്ചു.

ഭരണാധികാരികളോടുള്ള സമീപനം

അബ്ബാസി ഖിലാഫത്തിന്‍റെ അപചയ കാലത്ത് കടന്നുവന്ന ഇമാം ഗസ്സാലി (റ) ഭരണാധികാരികളില്‍ നിന്ന്‌ അകലം പാലിക്കാന്‍ വേണ്ടി പണ്ഡിതരോടും ആത്മീയ മാര്‍ഗത്തില്‍ പ്രവേശിച്ചവരോടും എപ്പോഴും ഉത്ബോധിക്കുമായിരുന്നു. ഏതു ഭരണാധികാരികളുടെ അടുത്തും ധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയും അധര്‍മ്മത്തെ നിരാകരിക്കുകയും ചെയ്യുന്ന നിഷ്പക്ഷമായ  നിലപാടായിരുന്നു  ഇമാം സ്വീകരിച്ചിരുന്നത്‌. സുൽത്താന്മാരില്‍ നിന്ന്‌ സമ്മാനം സ്വീകരിക്കുന്നതിലും അവരെ അനാവിശ്യമായി പുകഴ്ത്തുന്നതിലും തന്‍റേതായ അമര്‍ശം അദ്ദേഹം  പ്രകടമാക്കി. സല്‍ജൂഖികള്‍ക്കു കീഴില്‍ അല്‍പ കാലം ഉയര്‍ന്ന പദവി കയ്യേറിയതിന് ശേഷം ആത്മാവിന്‍റെ വിളി കേട്ട്‌ ഇമാം സര്‍വ്വസംഗ പരിത്യാഗിയായി നാടു വിട്ടു. പിന്നീട് ഇബ്റാഹീം നബിയുടെ (അ) മഖ്ബറയില്‍ ചെന്ന്‌ രാജാക്കന്മാരുമായി‍ ബന്ധം സ്ഥാപിക്കില്ലെന്ന്‌ പ്രതിജ്ഞ ചെയ്തു. ശേഷം പ്രവാസം ഒഴിവാക്കി സ്വദേശത്ത് മടങ്ങിയെത്തി ഖലീഫയുടെ അഭ്യര്‍ത്ഥന മാനിച്ച് നിശാപൂരില്‍ അധ്യാപകനായി. അപ്പോഴും പൊതു ഖജനാവില്‍ നിന്ന്‌ ശമ്പളം പറ്റിയില്ല. പിന്നീട് ബഗ്ദാദിലെ നിളാമിയ്യയുടെ ചുമതല വഹിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടു. അല്‍പകാലം അധ്യാപക സ്ഥാനം വഹിച്ച് ശമ്പളം വാങ്ങാന്‍ നിര്‍ബന്ധിതാവസ്ഥ എത്തിയപ്പോള്‍ അതും രാജിവെച്ച് അദ്ദേഹം സാമൂഹിക സമുദ്ധാരണത്തിനായുള്ള അകകാമ്പ് തേടി യാത്ര തിരിച്ചു . 
രാജാക്കളുടെ മതിമറന്ന വിളയാട്ടത്തിന് അതിര് വെക്കാന്‍ ഒരു മാര്‍ഗമായി ഇമാം കണ്ടത് നിരന്തരം അവരിലേക്ക് കത്ത് അയച്ച് ഉത്ബോധനം നൽകലായിരുന്നു. ഏകദേശം തന്‍റെ കാലത്ത് ജീവിച്ച ഒട്ടുമിക്ക മുസ്ലിം രാജാക്കളോടും ഇമാം ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അന്ന്‌ പ്രതാഭത്തോടെ നിലനിന്ന ‘സുല്‍ത്താന്‍ സര്‍ജാര്‍ അല്‍ജുവി, നിളാമുദ്ധീന്‍ ഫഖ്റുല്‍ മുല്‍ക്, മുഈനുല്‍ മുല്‍ക്, മുജീറുദ്ധീന്‍’  എന്നീ ഭരണാധിപന്മാരെ ഒട്ടും ഭയക്കാതെ തന്‍റെ കത്തുകള്‍ കൈമാറിയിട്ടുണ്ട്. കത്തുകളില്‍ പ്രധാനാമായി അടിവരയിട്ടു സൂചിപ്പിക്കുന്നത്‌ ഇവയാണ്. 
-ഇബ്നു ആമിലിലേക്ക്: അധിക പേരും ധരിച്ചിരുക്കുന്നത് മത വിജ്ഞാനമുളളവര്‍ സത്യത്തിന്‍റെ പാതയില്‍ ആണെന്നാണ്. എന്നാല്‍ റസൂല്‍ (സ) പറഞ്ഞു: ഭൗതിക ലാഭം മുന്‍ നിര്‍ത്തി മത വിജ്ഞാനം സമ്പാദിക്കുന്നവന് ദൈവകോപം ഇറങ്ങുന്നതാണ്.
- സുല്‍ത്തന്‍ സര്‍ജാര്‍ സല്‍ജൂഖിയിലേക്ക്: താങ്കള്‍ സത്യസന്ധനാണ്. ദുന്‍യാവ് മണ്‍പാത്രവും സ്വര്‍ഗം സ്വര്‍ണ്ണ പാത്രവുമാകുന്നു, അതിനാല്‍ സ്വര്‍ണ്ണ പാത്രത്തിനേക്കാള്‍ മണ്‍പാത്രം മികക്കരുത്. 
- നിളാമുദ്ധീന്‍ ഫഖ്റുല്‍ മുല്‍കിനോട്: സ്വന്തത്തെ സൂക്ഷിക്കുക, സ്വന്തം വികാരത്തെ അടക്കി നിര്‍ത്തി ഭരിക്കാന്‍ കഴിയാത്തവന്‍ മറ്റുളളവരുടെ വികാരം അടുക്കി നിര്‍ത്തല്‍ വിഢിത്തമാണ്. 
- ഖാജാ അബ്ബാസ് ഖുവറസിനോട്: എനിക്ക് താങ്കളെ അത്ര പരിചയമില്ല. എന്നാലും താങ്കളുടെ കഠിനമായ പ്രബോധന ത്യാഗം ഭരണത്തില്‍ നടപ്പിലാക്കിയാല്‍ ഈ സമുദായത്തിന് അതൊരു നന്മയായിരിക്കും.

രാഷ്ട്രീയത്തില്‍ ഊന്നല്‍ നല്‍കിയ പ്രധാന ഗ്രന്ഥങ്ങൾ

“അല്‍ മുന്‍ഖിദു മിനളളലാല്‍, ഇഹ് യാഉല്‍ ഉലൂമുദ്ധീന്‍, സിര്‍റുല്‍ ആലമൈന്‍, ഫാതിഹതുല്‍ ഉലൂം, കീമിയാഉസ്സആദ, കിതാബുല്‍ വജീസ്, ഇഖ്ത്വിസാദ് ഫില്‍ ഇഅ്ത്വിഖാദ്, മുസ്തള്ഹരിയ്യ,അത്തിബ്റുല്‍  മസ്ബുക്ക് ഫീ നസ്വീഹത്തിൽ മുലൂക്ക്"  എന്നീ ഗ്രന്ഥങ്ങളില്‍ രാഷ്ട്രീയം മുഖ്യമായി പരാമര്‍ശിക്കുന്നതോടപ്പം രാഷ്ട്ര ജീര്‍ണതയുടെ പരിഹാര മാര്‍ഗത്തെ  തുറന്നു കാണിക്കുന്നുമുണ്ട്.
മുമ്പ് പറഞ്ഞത് പോലെ ഇമാം നല്ല ഭരണാധികാരികളെ പ്രോത്സാഹിപ്പിക്കാന്‍ മറന്നിരുന്നില്ല. അവരില്‍ പെട്ട ഒരാളായിരുന്നു ഖലീഫ മുസ്തള്ഹര്‍ ബില്ല. താന്‍ കണ്ടതിൽ ഏറ്റവും ഉന്നതനായ  ഭരണാധികാരിയായത് കൊണ്ട് തന്നെ ഖലീഫയുടെ വാക്കിനും കല്‍പനക്കും ഇമാം ഗസ്സാലി വലിയ വില കൊടുത്തു. ഹിജ്റ 450-ല്‍ ജനിച്ച ഗസ്സാലി ഇമാം ഹിജ്റ 487-ലാണ് ഖലീഫയോട് ബന്ധം സ്ഥാപിക്കുന്നത്. ഖലീഫയുടെ കല്‍പന പ്രകാരം അവിടെ ഉറവെടുത്ത ബാത്വിനി വിഭാഗങ്ങള്‍ക്ക് മറുപടി എന്നോണം ഫളാഇിഹുല്‍ ബാത്വിനിയ്യ വ ഫളാഇലുല്‍ മുസ്തള്ഹരിയ്യ (ബാത്വിനിയാക്കളുടെ മോശത്തരങ്ങളും മുസ്തള്ഹരിയുടെ മഹത്വങ്ങളും) എന്ന കിതാബ് രചിക്കുകയുണ്ടായി. ഇരുന്നൂറ് താളുകളോളം നീണ്ടു നില്‍ക്കുന്ന ഈ ഗ്രന്ഥം അന്‍പത് പേജുകളിലായി മുസ്തള്ഹര്‍ ബില്ലയെ വിശേഷിപ്പിക്കുന്നതാണ്. അദ്ദേഹം മതചിട്ടയും സത്യവും ധർമ്മവും നോക്കി  ഭരണം നിര്‍വഹിക്കുന്ന അളളാഹുവിന്‍റെ ഖലീഫയാണൊന്നൊക്കെ  ആ ഭാഗത്ത് പ്രസ്ഥാവിക്കുന്നു. ബാത്വിനികള്‍ക്കെതിരെ രചിക്കപ്പെട്ട ഈ ഗ്രന്ഥം യഥാര്‍ത്ഥത്തില്‍ വിപ്ലവാത്മക ചിന്തകള്‍ കൊണ്ട് വിഘടിത ആദര്‍ശം കീറിമുറിച്ച് കൃത്യമായ ശര്‍ഇയ്യായ ഭരണം മുസ്തള്ഹരിയിലൂടെ നടക്കുന്നു എന്ന്  സമര്‍ത്ഥിക്കുകയാണ് ഇമാം ഗസ്സാലി. 
അതു പോലെ ബാത്വിനി വിഭാഗത്തിനെതിരെ എഴുതിയ മറ്റു ഗ്രന്ഥങ്ങളാണ് ഹജാഉല്‍ ഹഖും അല്‍ ഖാസിമുല്‍ ബാത്വിനിയ്യയും.
അപ്രകാരം സുല്‍ത്തന്‍ മലിക് ശാക്ക് വേണ്ടി എഴുതിയ മറ്റൊരു മികച്ച രാഷ്ട്രീയ ധാർമ്മിക  കൈ പുസ്തകമാണ് ‘അത്തിബ്റുല്‍ മസ്ബൂക്ക് ഫീ നസ്വീഹത്തില്‍ മുലൂക്'. ഉപദേശ സ്വരത്തിൽ ഫാരിസി ഭാഷയില്‍ എഴുതിയ ഈ ഗ്രന്ഥം ഗസ്സാലി ഇമാമിന്‍റെ ശിഷ്യരിൽല്‍ ഒരാളാണ് അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 
കിതാബിന്‍റെ തുടക്കം  ഇങ്ങനെയാണ്: 
"ബഹുമാനപ്പെട്ട ഭരണാധികാരി അറിയാന്‍, താങ്കള്‍ക്ക് അളളാഹു ഒരുപാട് അനുഗ്രഹം നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ അനുഗ്രഹമാണ് ഈമാന്‍ എന്നുള്ളത്. അത് എപ്പോഴും താങ്കള്‍ ദൃഢപ്പെടുത്തണം. അളളാഹുവിന് വേണ്ടി  ആരാധനക്ക് ഒഴിഞ്ഞിരിക്കാന്‍ ഒരു ദിവസം കണ്ടത്തുക. അത് വെളളിയാഴ്ച തന്നെ ഉത്തമം. ആ ദിവസത്തില്‍ ചോദിച്ചാല്‍ ഉത്തരം ലഭിക്കുന്ന ഒരു നേരം ഉണ്ട്‌. ആ നേരത്തിനായി താങ്കള്‍ ആരാധനയിലായി കാത്തിരിക്കുക. വെളളിയാഴ്ച ഈ പുസ്തകം താങ്കളുടെ ഖാരിഇനോട് (വായനക്കാന്‍) വായിക്കാനും കല്‍പിക്കുക. 132 പേജുകളോളം നീണ്ടു നില്‍ക്കുന്ന ഈ ഗ്രന്ഥം ഏഴ് അദ്ധ്യായങ്ങളിലായി  (chapter) തരം തിരിക്കുന്നു. അതിന് മുമ്പ്  ദൃഢമായ ദൈവിക വിശ്വാസത്തിന്‍റെ സത്ത സ്വാംശീകരിക്കാന്‍ ദൈവത്തെ കൃത്യമായി  വെളിപ്പെടുത്തുന്നു. 
പിന്നീട് അധ്യായങ്ങളിലേക്ക്  കടക്കുമ്പോള്‍ ഏഴ് അദ്ധ്യായങ്ങളിലായി  രാഷ്ട്രീയവും നീതിയും, അന്നത്തെ ഇസ്ലാമിക ഭരണ രീതിയും, അതടിസ്ഥാനമായ മര്യാദകളും, രാജാക്കളുടെ ഗാഭീര്യത്തേയും,  അവരുടെ ബുദ്ധിയും യുക്തിയും വിനിയോഗ ഘട്ടങ്ങളും വളരെ താത്വകമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു.

രാഷ്ട്ര ധര്‍മ്മവും ഭരണാധികാരിക്ക് ഉണ്ടാവേണ്ട ഗുണങ്ങളും

രാഷ്ട്രം ശരീഅത്താണെങ്കില്‍ ഭരണകൂടം ശരീഅത്തിനെ സംരക്ഷിക്കുന്ന ഹൃദയമാണ്. രാഷ്ട്രത്തിന്‍റെ നെടുനായകന്‍  ദൈവ ഭയമുളളവനാണെങ്കില്‍ ആ രാഷ്ട്രം ധര്‍മ്മത്തിലായിരിക്കുന്നു. ഭരണാധികാരി ഒരു പ്രജയെ പോലെ ആകണം. തന്‍റെ തീരുമാനം ഒരു സാധാരണക്കാരനില്‍ നിന്ന്‌ തുടങ്ങണം. എന്നാലേ ദൈവത്തിന്റെ  പ്രതിനിധിയാകൂ. ലാളിത്യവും വിനയവുമായിരിക്കണം ഭരണ കര്‍ത്താവിന്‍റെ മുഖമുദ്ര. പാല്‍ കറന്നും വീടു തൂത്തു വാരിയും ചെരുപ്പും വസ്ത്രവും സ്വയം തുന്നി ചേര്‍ക്കുകയും ചെയ്ത പ്രവാചകനായിരിക്കണം ഓരോ ഭരണാധികാരികളുടേയും മാതൃക പുരുഷ്യന്‍. ഇത്തരത്തിലുള്ള രാഷ്ട്ര ധര്‍മ്മത്തെയാണ് ഇമാം ഗസ്സാലി മുന്നോട്ട്‌ വെക്കുന്നത്. 
ഭരണാധികാരിക്ക് ബുദ്ധി സ്ഥിരത, അറിവ്, കാഴ്ചപ്പാട്, ഓരോ കാര്യവും അതിന്‍റെ ഗൗരവത്തില്‍ കാണല്‍, ധീരത, പ്രജാ സ്നേഹം, നയതന്ത്രജ്ഞത, ദൈവീക ഭയം എന്നീ ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന്‌ ഇമാം ചൂണ്ടികാണിക്കുന്നു. മുമ്പുണ്ടായിരുന്ന രാജാക്കന്മാരുടെ നേട്ടത്തിനും കോട്ടത്തിനുമുണ്ടായ കാരണങ്ങള്‍ എന്നിവ മനസ്സിലാക്കല്‍ കൂടുതല്‍ മുന്നേറ്റത്തിന് സാധ്യമാക്കും. തന്‍റെ കീഴ് ഉദ്യോഗസ്ഥരെ നല്ല രീതിയില്‍ നിരീക്ഷിക്കുകയും വേണം. ജനങ്ങളെ അനുസരിക്കാത്ത ഭരണാധികാരിയാണങ്കില്‍ അവിടെ അഭ്യന്തര കലഹങ്ങളും ഒരിക്കലും അവസാനിക്കാത്ത വാള്‍ മുറകളും പട്ടിണി മരണങ്ങളും കന്നുകാലി രോഗങ്ങളും തൊഴില്‍ തകര്‍ച്ചയും  നിരന്തരം കണ്ട് കൊണ്ടേയിരിക്കും. അതിനായി ചരിത്രത്തിലെ രണ്ടാം ഉമറെന്നറിയപ്പെടുന്ന ഉമറുബ്നു അബ്ദുല്‍ അസീസിനെ (റ) മുന്‍നിര്‍ത്തി ചില ചരിത്ര യാഥാർത്ഥ്യങ്ങൾ ഉദ്ധരിച്ച് ഇമാം ഗസ്സാലി ഉത്ബോധനം നൽകുന്നു.

ഗസ്സാലി ഇമാം മുന്നോട്ട് വെച്ച ഇസ്ലാമിക ഭരണരീതി വ്യാപകമാം വണ്ണം ശിഥിലമാകും വിധം കാര്യങ്ങള്‍ വഴിമാറി. എന്നാലും ഇമാം ആവിഷ്കരിച്ച ബഹുസ്വര ജനതക്ക് ഉള്‍കൊളളാനാവുന്ന മറ്റു ചിന്തകള്‍ പ്രായോഗിക വല്‍ക്കരിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന് ജീര്‍ണതയേല്‍ക്കുമ്പോള്‍ പൊതുവെ രാഷ്ട്രം വഴിമാറി സഞ്ചരിക്കും. അവിടേയും പണ്ഡിത ഉപദേശങ്ങള്‍ക്ക് ക്ഷയമേല്‍ക്കാൻ പാടില്ല. അമൂര്‍ത്തമായ ഒരു രാഷ്ട്ര സങ്കല്‍പം സമര്‍പ്പിക്കുകയോ മുന്‍കാലത്ത് നിലനിന്ന മാതൃകാ ഭരണകൂടങ്ങളെ അപ്പടി പുനഃപ്രതിഷ്ടിക്കണമെന്നല്ല ഇമാം പറഞ്ഞ് വെച്ചത്. ഖുര്‍ആനും ഹദീസും പണ്ഡിത ഐക്യവും സമ്മേളിച്ച രാഷ്ട്ര രീതിയായിരിക്കണം എല്ലാ ഭരണ സംവിധാനങ്ങളുടേയും അന്തസത്ത എന്നാണ് അദ്ദേഹം പറഞ്ഞുവെച്ച സന്ദേശം.

അവലംബം

1.Policy from the perspectiveof Imam Ghazali
2.Sitting by the ruler’s: Al Ghazali on justice and mercy in this world and the next: Christian Lange  
3.സലാജിഖ: സ്വല്ലാബി
4.ഫളാഇിഹുല്‍ ബാത്വിനിയ്യ വ ഫളാഇലുല്‍ മുസ്തള്ഹരിയ്യ: ഇമാം ഗസ്സാലി 
5.അത്തിബ്റുല്‍ മസ്ബൂക്ക് ഫീ നസ്വീഹത്തുല്‍ മുലൂക്: ഇമാം ഗസ്സാലി 
6.രിഹലത്തുല്‍ ഖിലാഫത്തില്‍ അബ്ബാസിയ്യ, ഭാഗം മൂന്ന്  (ആഖിറുല്‍ അയ്യാമില്‍ അബ്ബാസിയ്യീന്‍): മുഹമ്മദ് ഇല്‍ഹാമി, മുഹമ്മദ് ശഅ്ബാന്‍ അയ്യൂബ്.