മുഹ്‌സിന്‍ മാരായമംഗലം

കൊറോണ കാലത്ത് ദൂരയാത്ര പോയവര്‍ ഉണ്ടോ നിങ്ങളില്‍..?!അല്ലെങ്കില്‍  നിങ്ങള്‍ ദൂര യാത്രയില്‍ ആയിരിക്കെയാണോ രാജ്യത്തു കൊറോണഭീതി പടര്‍ന്നത്...?!

ഇതില്‍ ഏതെങ്കിലും വിഭാഗത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നു എങ്കില്‍ 'ജാഗ്രത'യുടെ പല കോലങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും, മലയാളി ആയതില്‍ അഭിമാനിച്ചിട്ടുമുണ്ടാകും!!

ഒരു ഡല്‍ഹി കശ്മീര്‍ യാത്ര കഴിഞ്ഞു വന്ന് ഹോം ഐസോലേഷനും കഴിഞ്ഞു ഇരിക്കുമ്പോള്‍ ആണ് നിസാമുദീനിലെ തബ്‌ലീഗ് ആസ്ഥാനത്തെ സമ്മേളനം വര്‍ഗീയമായി ഈ കോവിഡ് കാലത്തും ചര്‍ച്ചയാകുന്നത് കാണുന്നത്.
ഞാന്‍ തബ്ലീഗുകാരനല്ല..

പിന്നെ?!

യാത്രയുടെ ഭാഗമായി 8,9 തിയ്യതികളിലും 13ആം തിയ്യതിയും നിസാമുധീനില്‍ ഉണ്ടായിരുന്നു എന്നത് കൊണ്ട് എഴുതുകയാണ്.

ഫോണിലെ ഡയലര്‍ ടൂണില്‍ കവിഞ്ഞൊരു ജാഗ്രതയും ഈ ദിവസങ്ങളില്‍ തലസ്ഥാന നഗരിയില്‍ ഞങ്ങള്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..!!
എന്നാല്‍ അതാണ്  സത്യം.
11ആം തിയ്യതി രാവിലെ  കശ്മീരിലെ ശ്രീനഗറില്‍ നിന്ന് വീട്ടിലേക്ക് വിളിക്കുമ്പോള്‍ അറിയുന്നത് സ്‌കൂള്‍ മദ്രസ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചു എന്നാണ്.. അതേ സമയം പിറ്റേന്ന് വൈകുന്നേരം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്ലൈനിലെ ആര്‍ക്കോ വേണ്ടിയുള്ള ഒരു അന്നൗന്‍സ്‌മെന്റില്‍ കവിഞ്ഞ് ഒരു ജാഗ്രതയും തലസ്ഥാന നഗരിയില്‍ ഇല്ല.
മെട്രോയില്‍ പതിവ് തിരക്ക്..
ബസുകളിലും സ്ഥിതി വ്യത്യസ്തമല്ല. എയര്‍ പോര്‍ട്ടിലെ ജോലിക്കാര്‍ മാസ്‌ക്/ കൈയുറ ധരിച്ചിട്ടില്ല.. ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ചിലര്‍ ഒഴികെ മാസ്‌ക് ധരിച്ചവര്‍ വിരളം..
തെരുവുകളില്‍ തിരക്കിന് ഒരു കുറവും ഇല്ല, മാര്‍ക്കറ്റുകള്‍ പതിവ് പോലെ തുടരുന്നു.. 12ആം തിയ്യതി രാത്രി മാത്രമാണ് രാഷ്ട്രപതി ഭവനും പാര്‍ലമെന്റും സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി എന്ന അറിയിപ്പ് ലഭിക്കുന്നത്!!
ഇതൊക്കെ നടക്കുന്നത് ദിനേന നൂറുകണക്കിന് വിദേശികള്‍ കറങ്ങി നടക്കുന്ന രാജ്യ തലസ്ഥാനത്തു ആണ് എന്നോര്‍ക്കുക!!

നിസാമുദീനിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദിനേന ആയിരങ്ങള്‍ എത്തുന്ന ദര്‍ഗ പരിസരവും മര്‍കസിന്റെ പരിസരവും ഒരു ചന്തയാണ്, ധാരാളം ആളുകള്‍ അതിജീവനം ഉറപ്പു വരുത്തുന്ന ഇടം..
തെരുവുകള്‍ തിങ്ങി നിറഞ്ഞ തന്നെയിരുന്നു എന്നതിന് ഞങ്ങള്‍ സാക്ഷിയാണ്...

13ന് ഞങ്ങള്‍ നിസാമുധീനില്‍ നിന്ന് മടങ്ങുമ്പോഴും ഭരണകൂടം കോണ്ഫറന്‍സുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല,
മര്‍കസുകാര്‍ അറിയിപ്പ് അറിഞ്ഞിട്ടും അവഗണിച്ചതാണ് എന്നു പറഞ്ഞാല്‍ അത് നിയന്ത്രിക്കാതെ ഡല്‍ഹി സര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നു?!
ഇങ്ങനെയൊന്ന് സംഭവിക്കണം എന്നു നേരത്തെ തന്നെ സര്‍ക്കാരിന് താല്പര്യം ഉണ്ടായിരുന്നോ..?!
പോലീസ് പിന്നെ എന്തിനുള്ളതാണ്..?!

ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു ഏഷ്യ സമ്മേളനം എന്നതിലെ അനൗചിത്യം തന്നെ വലുതാണ്. മാറ്റി വെക്കാനോ മറ്റോ മുതിരാതിരുന്നത് തബ്‌ലീഗ് ആസ്ഥാനത്തിന്റെ ജാഗ്രതക്കുറവ് ആണ് എന്നതില്‍ സംശയവും ഇല്ല, എന്നാല്‍ അതു നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കുള്ള തടസം എന്തായിരുന്നു?!

13ന് ആണ് നിസാമുദ്ധീന്‍ പരിസരത്തുള്ള ഹുമയുണ് ടോംബ് അടക്കുന്നത്. അനേകം വിദേശികള്‍ ആണ് ഡല്‍ഹിയില്‍ ഒരോ ഇടങ്ങളിലും ഉണ്ടായിരുന്നത്..
ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലും പേരിന് പോലും ഒരു മെഡിക്കല്‍ സംഘവും ഇല്ലായിരുന്നു..

ജാഗ്രതയില്‍ വലിയ വീഴ്ച വരുത്തി വര്‍ഗ്ഗീയതയുടെ മറവില്‍ രക്ഷപ്പെടാനുള്ള കെജ്‌രിവാള്‍ ബുദ്ധി കൊള്ളാം, അതേറ്റെടുത് വര്‍ഗീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന മറുനാടന്മാരും കൊള്ളാം..

8,9 തിയ്യതികളിലും നിന്നും 13ആം തിയ്യതി ആയപ്പോഴേക്ക് ഡല്‍ഹിയില്‍ പൊതുജന സമ്പര്‍ക്കങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യാസമുണ്ടായോ എന്നു ചോദിച്ചാല്‍ ഞാനടക്കമുള്ളവര്‍ ഒന്നും കണ്ടില്ല എന്നതാണ് സത്യം, ജാഗ്രതകുറവ് ഇരുഭാഗത്തും ഉണ്ട്, അത് ഏകപക്ഷീയമായി  അവതരിപ്പിക്കുന്നവരെ കുറിച്ച് ജാഗ്രത പാലിക്കുക, അവര്‍ കോറോണയെക്കാള്‍ മാരകമായ വൈറസുകള്‍ ആണ്, ഈ രാജ്യത്തെ കാര്‍ന്നു തിന്നുന്ന വൈറസുകള്‍..

NB: ഈ സാഹചര്യത്തെ സംഘടനാ പരമായി കാണുന്നവര്‍ അവസാനം പറഞ്ഞ വൈറസിനെക്കാള്‍ ഭീകരമാവാനാണ് സാധ്യത, പടച്ചോന്‍ കാക്കട്ടെ!!!