ഹബീബ് റഹ്മാന്‍

രുകാലത്ത് അറബ് സംസ്‌കാരികതയുടെ മുഖ്യകേന്ദ്രമായി ഗണിക്കപ്പെട്ടിരുന്ന ബാഗ്ദാദ് എന്ന നഗരത്തെ അധിനിവേശവും തീവ്രവാദവും വ്രണപ്പെടുത്തിയതിന്റെ നേര്‍ചിത്രങ്ങളാണ് വിഖ്യാത അള്‍ജീരിയന്‍ ഫ്രഞ്ച് നോവലിസറ്റ് യാസ്മിനാ ഖാദ്രാ 'ബാഗ്ദാദിന്റെവിലാപങ്ങള്‍'(Les Sirnes De Bagdad) എന്ന തന്റെകൃതിയിലൂടെ വരച്ചുകാട്ടുന്നത്. അള്‍ജീരിയന്‍ പട്ടാള ഓഫീസറായി ഔദ്യോഗിക ജീവിതം കഴിച്ചുകൂട്ടിയ മുഹമ്മദ് മുള്‍സിഹോള്‍ എന്ന യാസ്മിനാ ഖാദ്രാ മിലിറ്ററി സെന്‍സര്‍ഷിപ്പ് ഒഴിവാക്കാനായാണ് തന്റെ ഭാര്യയുടെ പേര് തൂലികാനാമമായിസ്വീകരിച്ച് എഴുതിത്തുടങ്ങുന്നത്. 'ദി സ്വാളോസ്ഓഫ് ദി കാബൂള്‍', 'ദി അറ്റാക്ക്' എന്നീ മൂന്ന് ഫ്രഞ്ചു നോവലുകളില്‍ (Trilogy) ഒടുവിലത്തേതാണ്  'ബാഗ്ദാദിന്റെവിലാപങ്ങള്‍' എന്ന നോവല്‍.
കഫ്രകറാം എന്ന ബെദൂവിയന്‍ ഗ്രാമത്തില്‍ നിന്നും തുടങ്ങി ബാഗ്ദാദിലേക്കും ബെയ്‌റൂത്തിലേക്കും വികസിക്കുന്ന നോവല്‍ അധിനിവേശം ചവിട്ടിയരച്ച മധ്യപൂര്‍വ്വ ദേശത്തിന്റെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ അധിനിവേശത്തിനിരയായി, രക്തപങ്കിലമായിത്തീര്‍ന്ന ടൈഗ്രീസ് നദീതീരങ്ങളില്‍ നിന്നുമുയരുന്ന ഇനിയും നിലച്ചിട്ടില്ലാത്ത നിലവിളികളാണ് സദ്ദാം ഹുസൈന്റെ കാലശേഷം എഴുതപ്പെട്ട ഈ നോവലിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. വിവിധങ്ങളായ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥാനായകന് പ്രത്യേകമായി നാമകരണം ചെയ്യുന്നതിന് പകരം കഥയുടെ നീളം കടന്നുപോകുന്നത് ആത്മഗതങ്ങളിലൂടെയാണെന്നതും (Soliloqy) ഈ രചനയെകൂടുതല്‍ മികവുറ്റതാക്കുന്നു.

ഇറാഖിലെ ഒരു ബെദൂവിയന്‍ ഗ്രാമമായ കഫ്രകറാമിലാണ് കഥാനായകന്‍ തന്റെ ജീവിതകഥയാരംഭിക്കുന്നത്. നൂറ്റാണ്ടുകളോളം സമാധാന ജീവിതം നയിച്ചിരുന്ന ആ ഗ്രാമീണ ജനതയുടെമേലും മധ്യപൗരസത്യദേശത്തെയാകമാനം കാര്‍ന്നുതിന്ന അമേരിക്കന്‍ അധിനിവേശത്തിന്റെ കറുത്ത കൈകള്‍ ആഴ്ന്നിറങ്ങിത്തുടങ്ങുന്നിടത്ത് നിന്നും കഥ പുരോഗമിക്കുന്നു.
ലോകത്തൊരാളും കളളനായല്ല ജനിക്കുന്നത്, സാഹചര്യങ്ങളാണ് ഒരാളെ കളളനാക്കിത്തീര്‍ക്കുന്നത്' എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കും വിധം മധ്യപൗരസ്ത്യദേശങ്ങളില്‍ എങ്ങനെയാണ് ഒരു തീവ്രവാദി പിറവിയെടുക്കുന്നത് എന്നതിന് മറുപടി കണ്ടെത്താന്‍ കൂടി ഖാദ്രാ ശ്രമിക്കുന്നുണ്ട്. മനുഷ്യസഹജ വികാരങ്ങളായ സ്‌നേഹം, അനുകമ്പ എന്നിവ മനസ്സില്‍ നിന്നെടുത്തൊഴിവാക്കിയാല്‍ ഒരു തീവ്രവാദിയായി മാറാന്‍ ഏറെ പ്രയാസങ്ങളൊന്നുമില്ലെന്ന് ഖാദ്രാ കഥാനായകനിലൂടെ അവതരിപ്പിക്കുന്നുണ്ട്.
കഫ്രകറാമിലെ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അമേരിക്കന്‍ ജി.ഐമാര്‍ക്ക് ബുദ്ധിമാന്ദ്യം സംഭവിച്ച സുലൈമാനെ കേവലം ചാവേറായേ മനസ്സിലാക്കാനാവൂയെന്ന് ഖാദ്രാ പറഞ്ഞുവെക്കുമ്പോഴാണ് അമേരിക്കന്‍ അധിനിവേശങ്ങളുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുന്നത്. അധിനിവേശം കൊടികുത്തി വാഴ്ന്നിരുന്ന ബാഗ്ദാദ്  പോലോത്ത നഗരങ്ങളെ കഫ്രകറാമിലെ ജനത ചെകുത്താന്‍ കുടിയേറിയ പട്ടണങ്ങളായാണ് നോക്കിക്കണ്ടിരുന്നത്.

എന്നാല്‍, മരുഭൂമിയിലെ കിണര്‍ പണിക്കാരന്റെ മകനായി ജനിച്ച കഥാനായകനടങ്ങുന്ന കഫ്രകറാമിലെ യുവതലമുറ പുരോഗമനത്തിന്റെ പാതയിലായിരുന്നു. വിദ്യഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കഫ്രകറാമിലെ യുവാക്കള്‍ ഉപരിപഠനത്തിനായി ബാഗ്ദാദിലേക്ക് ചേക്കേറി. അങ്ങനെയാണ്, തന്റെ ഇരട്ട സഹോദരി ബഹിയയേയും ല്യൂട്ട് വാദകനായ സുഹൃത്ത് കദെമിനേയും മറ്റുകൂട്ടുകുടുംബങ്ങളേയെല്ലാം കഫ്രകറാമില്‍ തനിച്ചാക്കി പ്രതീക്ഷകളുടെ മാറാപ്പും ചുമന്ന് കഥാനായകനും ബാഗ്ദാദിലേക്ക് യാത്ര തിരിക്കുന്നത്. കഥാനായകന്‍ തന്നെ ഒരിടത്ത് പറയുന്ന പോലെ, സ്വന്തമായി സ്വപ്‌നം കാണാന്‍ പഠിപ്പിച്ച കഫ്രകറാമില്‍ നിന്നും ബാഗ്ദാദിലെത്തിച്ചേരുന്ന അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നത് തന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തേയും ലോകമായിരുന്നു: 'ഈ നഗരത്തിന് മുഴുഭ്രാന്ത് പിടിച്ചിരിക്കുന്നു, സൗന്ദര്യം കൂട്ടുന്ന വസ്ത്രങ്ങളോടല്ല, സ്‌ഫോടക ബെല്‍റ്റുകളോടാണ്, മരണ വസ്ത്രങ്ങളില്‍ കീറിയെടുത്ത കൊടിക്കൂറകളോടാണ് അവള്‍ക്ക് പ്രിയം' എന്ന വരികളില്‍ ബാഗ്ദാദില്‍ നിഴലിച്ചിരുന്ന ഭീകരതയുടെരൂപങ്ങള്‍ തെളിഞ്ഞുകാണാവുന്നതാണ്.

എന്നാല്‍, വിധി വൈപരീത്യമെന്നു പറയട്ടെ, ബാഗ്ദാദിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ച കഥാനായകന് അവിടെ നടക്കുന്ന അമേരിക്കന്‍ അക്രമണങ്ങള്‍ മൂലം പഠിക്കാനുളള ആവേശം നഷ്ടപ്പെടുന്നു. ആയിടെയാണ്, കഥാനായകന്റെ ജീവിതത്തെയാകമാനം മാറ്റിമറിച്ച ഒരു സംഭവം നടക്കുന്നത്. ഒരു ദിവസം എന്നത്തേയും പതിവുപോലെ അലക്ഷ്യമായി ബാഗ്ദാദിന്റെ തെരുവോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടക്കാണ് കഥാനായകന്‍ സ്വന്തം നാട്ടുകാരനായ ഓമറിനെ കണ്ടുമുട്ടുന്നതും ഓമര്‍ മുഖേനെ ഒരു ഫര്‍ണീച്ചര്‍ ഷോപ്പില്‍ജോലിക്ക് കയറുന്നതും.
സോവിയറ്റ് പതനത്തോടുകൂടി, ആഗോള തലത്തില്‍ ഏക ശക്തിയായി വളര്‍ന്ന് വന്ന അമേരിക്കന്‍ അധിനിവേശം മിഡില്‍ ഈസ്റ്റില്‍ വരുത്തിവെച്ച വിനാശകരമായ അപകടങ്ങളെക്കുറിച്ചാണ് ഖാദ്രാ തന്റെ നോവലിലുടനീളം ആശങ്കപ്പെടുന്നത്. ഇത് കേവലം ബാഗ്ദാദിന്റെ മാത്രം വിലാപമല്ല, അലെപ്പോയിലെയും ദമസ്‌കസിലേയും ബെയ്‌റൂത്തിലേയും അനേകായിരങ്ങളുടെഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിലാപധ്വനികള്‍ കൂടിയാണ്. അധിനിവേശത്തേയും തീവ്രവാദത്തേയും ഖാദ്രാ ഒരു പോലെ ചോദ്യംചെയ്യുന്നുണ്ടെങ്കിലും അധിനിവേശത്തിന്റെ ഉല്‍പന്നമായാണ് അദ്ദേഹം തീവ്രവാദത്തെ കാണുന്നത്.
ബാഗ്ദാദില്‍ സ്ഥിരതാമസമാക്കിയെങ്കിലും അവിടെ നടക്കുന്ന നിരന്തരമായ സ്‌ഫോടനങ്ങളും അക്രമണങ്ങളും കണ്ടുമടുത്ത കഥാനായകന്റെയുളളിലും പകയുടേയും വിദ്വേഷത്തിന്റേയുംവിത്തുകള്‍ മുളച്ചുപൊന്തുന്നു. സ്വന്തം നാട്ടില്‍ വന്ന് അതിക്രമം നടത്തുന്ന അധിനിവേശശക്തികളെ കണ്ട് ആത്മാഭിമാനം നഷ്ടപ്പെട്ട് അസ്വസ്ഥനായ കഥാനായകന്‍ അവസാനം തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗമായി തീവ്രവാദത്തിലെത്തിച്ചേരുകയാണ്. 
'ലോകത്തൊരാളും കളളനായല്ല ജനിക്കുന്നത്, സാഹചര്യങ്ങളാണ് ഒരാളെ കളളനാക്കിത്തീര്‍ക്കുന്നത്' എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കും വിധം മധ്യപൗരസ്ത്യദേശങ്ങളില്‍ എങ്ങനെയാണ് ഒരു തീവ്രവാദി പിറവിയെടുക്കുന്നത് എന്നതിന് മറുപടി കണ്ടെത്താന്‍ കൂടി ഖാദ്രാ ശ്രമിക്കുന്നുണ്ട്. മനുഷ്യസഹജ വികാരങ്ങളായ സ്‌നേഹം, അനുകമ്പ എന്നിവ മനസ്സില്‍ നിന്നെടുത്തൊഴിവാക്കിയാല്‍ ഒരു തീവ്രവാദിയായി മാറാന്‍ ഏറെ പ്രയാസങ്ങളൊന്നുമില്ലെന്ന് ഖാദ്രാ കഥാനായകനിലൂടെ അവതരിപ്പിക്കുന്നുണ്ട്.

എക്കാലത്തും തീവ്രവാദികള്‍ മനുഷ്യരെയാകമാനം കൊന്നുതളളുന്ന കുടില തന്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുളളത്. അങ്ങനെയാണ് ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഒരു ദൗത്യവുമായി കഥാനായകന്‍ ബെയ്‌റൂത്തിലെത്തിച്ചേരുന്നത്. ലോകത്ത് ഇന്നേവരെ നടന്ന എല്ലാ ഭീകരാക്രമണങ്ങളേയും കടലാസിലൊതുക്കുന്ന തരത്തില്‍ നിമിഷങ്ങകള്‍ക്കം ലക്ഷക്കണക്കിന് മനുഷ്യരെകൊന്നൊടുക്കാന്‍ മാത്രം പ്രഹരശേഷിയുള്ള മാരക വൈറസും വഹിച്ച് വിമാനത്താവളത്തിലിരിക്കുന്ന സമയത്താണ് കഥാനായകന്റെയുള്ളില്‍ തിരിച്ചറിവിന്റെവെളിച്ചമുദിക്കുന്നത്. മറ്റുളളവരുടെ സന്തോഷങ്ങളും സ്വപ്‌നങ്ങളും ചുട്ടുചാമ്പലാക്കാന്‍ തനിക്കര്‍ഹതയില്ലെന്ന അതിമഹത്തായ തിരിച്ചറിവിന്റെ ബോധ്യവുമായി കഥാനായകന്‍ തന്റെദൗത്യത്തില്‍ നിന്നും പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്നു. പക്ഷേ, അപ്പോഴേക്കും കഥാനായകന്റെ വിധി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. വൈറസ് ബാധിതമായ അയാളുടെശരീരത്തെ തീവ്രവാദി സംഘം വെടിയുണ്ടക്കിരയാക്കുന്നിടത്ത് കഥയവസാനിക്കുന്നു.
ചുരുക്കത്തില്‍, സോവിയറ്റ് പതനത്തോടുകൂടി, ആഗോള തലത്തില്‍ ഏക ശക്തിയായി വളര്‍ന്ന് വന്ന അമേരിക്കന്‍ അധിനിവേശം മിഡില്‍ ഈസ്റ്റില്‍ വരുത്തിവെച്ച വിനാശകരമായ അപകടങ്ങളെക്കുറിച്ചാണ് ഖാദ്രാ തന്റെ നോവലിലുടനീളം ആശങ്കപ്പെടുന്നത്. ഇത് കേവലം ബാഗ്ദാദിന്റെ മാത്രം വിലാപമല്ല, അലെപ്പോയിലെയും ദമസ്‌കസിലേയും ബെയ്‌റൂത്തിലേയും അനേകായിരങ്ങളുടെഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിലാപധ്വനികള്‍ കൂടിയാണ്. അധിനിവേശത്തേയും തീവ്രവാദത്തേയും ഖാദ്രാ ഒരു പോലെ ചോദ്യംചെയ്യുന്നുണ്ടെങ്കിലും അധിനിവേശത്തിന്റെ ഉല്‍പന്നമായാണ് അദ്ദേഹം തീവ്രവാദത്തെ കാണുന്നത്. കൂടാതെ, തിരിച്ചറിവ് മാത്രമാണ് തീവ്രവാദത്തെ പ്രതിരോധിക്കാനുളള ഏക പ്രതിക്രിയയെന്നും നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. മലയാളത്തില്‍ പ്രഭു.ആര്‍ ചാറ്റര്‍ജി വിവര്‍ത്തനം ചെയ്ത ഈ പുസ്തകം ഗ്രീന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിട്ടുളളത്.