സ്വലാഹുദ്ധീൻ കരേപറമ്പ്

യുധക്കൂമ്പാരത്തിന്റെ ഉയരം കൂട്ടുന്നതിനിടയിൽ മരുന്നുകളുണ്ടാക്കാൻ മറന്നുകളഞ്ഞ ദേശങ്ങളിൽ മനുഷ്യർ മരിച്ചു കൊണ്ടേയിരിക്കുന്നത് നാം കാണുന്നു. ഇത് ഒരു പൊതുജനാരോഗ്യപ്രശ്നമോ ശാസ്ത്ര- സാങ്കേതികവിദ്യയുടെ പ്രതിസന്ധിയോ മാത്രമല്ല, നാളിതുവരെ നാം പിൻപറ്റിയ രാഷ്ട്രീയത്തിന്റെയും വികസന സങ്കല്പനങ്ങളുടെയും കൂടി പ്രതിസന്ധികൾ ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്. 

മദ്ധ്യവർഗ്ഗ യൗവ്വനത്തിന്റെ സ്വപ്നലോകങ്ങളായിരുന്ന യൂറോപ്പിന്റെയും USAയുടെ പോലും നഗരചത്വരങ്ങളിൽ മനുഷ്യർ നിരുപാധികം മരണത്തിന് കീഴടങ്ങുന്നത് , നാം കണ്ടുകൊണ്ടിരിക്കുന്നു. ആരോഗ്യനിലവാരത്തിൽ മുൻനിരയിൽ നിൽക്കുമ്പോഴും എന്തുകൊണ്ടിതു സംഭവിക്കുന്നു? ഒന്നുകൂടി വ്യക്തമായി ചോദിച്ചാൽ മരുന്നില്ലാത്ത ഈ മഹാവ്യാധിക്കു മുമ്പിൽ അടച്ചുപൂട്ടി മാറിനിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന് മനസ്സിലായിട്ടും അവിടങ്ങളിലെ ഭരണകൂടങ്ങൾ എന്തുകൊണ്ടിപ്പോഴും സമ്പൂർണ്ണ അടച്ചു പൂട്ടലിലേക്ക് നീങ്ങാൻ മടിക്കുന്നു ? 
ആഗോള സമ്പദ്ഘടനയിലും രാഷ്ട്രീയ വ്യവസ്ഥകളിലും ഇത് സൃഷ്ടിക്കാവുന്ന മാറ്റങ്ങൾ നമ്മുടെ പരികല്പനകൾക്കുമപ്പുറത്താകും. നല്ല വായുവിനെക്കുറിച്ച് നാം സംസാരിക്കുമ്പോൾ തന്നെ ആമസോൺ കോർപ്പറേറ്റുകളുടെ തീയിൽ കത്തിയമരുന്നുണ്ട്. ഒരു ആമസോൺ സംരക്ഷണ ഗോത്രപ്പോരാളികൂടി അവരുടെ ഗുണ്ടകളുടെ വെടിയേറ്റു മരിച്ചിട്ടുണ്ട്
വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യമടക്കമുള്ള കാര്യങ്ങൾക്ക് നൽകുന്ന ഉയർന്ന പരിഗണന എന്നതാണോ നിങ്ങൾ കരുതുന്നത്? വ്യക്തിസ്വാതന്ത്ര്യവും ഭരണകൂട താല്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ അടച്ചിരിപ്പെന്നാണോ ? എന്തിനുള്ള വ്യക്തിസ്വാതന്ത്ര്യം ? രോഗമേറ്റുവാങ്ങാനും രോഗം പടർത്താനുമുള്ള സ്വാതന്ത്ര്യമോ? ഉണ്ടാക്കിയിട്ട അനേകം ഉല്പന്നങ്ങളിൽ ഒന്ന് തെരെഞ്ഞെടുക്കാനുള്ള അവസരലഭ്യതയെ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിപ്പിക്കാൻ  മുതലാളിത്തത്തിന് സാധിക്കുന്നുണ്ട്. മരിക്കുന്ന മനുഷ്യരുടെ എണ്ണമാണോ , സമ്പൂർണ്ണ അടച്ചുപൂട്ടൽ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണോ ഏതാണ് ലാഭനഷ്ടക്കണക്കുകളിൽ മുഖ്യമെന്നതാവും ഒരു നയരൂപീകരണത്തിൽ പങ്കു വഹിക്കുക.വ്യവസ്ഥ വ്യക്തികളെ അഭിസംബോധന ചെയ്യുന്നുവെന്നത് വ്യക്തിയുടെ ഒരു തോന്നലാണ്. അത് ഉല്പാദകർ ഉപഭോക്തൃ സമൂഹത്തോട് നടത്തുന്ന ഒരു സാമൂഹ്യ അഭിസംബോധനയാണ്. നിങ്ങളല്ലെങ്കിൽ മറ്റൊരാൾ. അതിനപ്പുറമുള്ള നൈതിക ബോധവും മാനവികതയുമെല്ലാം നാം പൊരുതിയുണ്ടാക്കിയതാണ്.ആ പോരാട്ടത്തിന്റെ നിരന്തരമായ അനിവാര്യത വിളിച്ചോതുന്നുണ്ട് ഇക്കാലം. 

ഈ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായങ്ങളുടെ ഹൈപ്പർ ലിങ്കുകൾ നിങ്ങളുടെ ഫോണിലുണ്ട്.നമ്മുടെ വൻകിട വികസന സങ്കല്പങ്ങൾക്ക് ഈ സൂക്ഷ്മജീവികളുമായുള്ള യുദ്ധത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നതിൽ  എന്തെങ്കിലും പങ്കുണ്ടോ? വൻകിട ഏകവിളത്തോട്ടങ്ങൾ , വൻകിട ഫാമുകൾ , ആഗോളവിപണിയാകെ മുന്നിൽ കാണുന്ന ഉല്പാദനം എന്നിവയാണ് നമ്മുടെ മാതൃകാ വികസന സങ്കല്പം. ഒരു സവിശേഷ ജീവകലയെ , കോശഘടനയെ , ജീവിവർഗ്ഗത്തെ ആക്രമിക്കുന്ന വൈറസിന് പെരുകിപ്പടരാനുള്ള വലിയ സാദ്ധ്യതകളാണത്രേ അതു തുറന്നിടുന്നത്.വീട്ടുമുറ്റകൃഷി മുതൽ ചെറുകിട കന്നുകാലി വളർത്തൽ , ഭക്ഷ്യമാംസത്തിനു വേണ്ടിയുള്ള ചെറുകിട ഫാമുകൾ തുടങ്ങിയവയെ പകരം വയ്ക്കാനാവുമോ? സാങ്കേതിക വിദ്യകളോട് പുറംതിരിഞ്ഞു നിൽക്കുന്ന ജൈവകൃഷിയല്ല ഉദ്ദേശിക്കുന്നത്. കൃഷിക്കു മണ്ണുപോലും വേണ്ടാത്ത അത്യാധുനിക രീതികൾ ഉപയോഗപ്പെടണം.ഒപ്പം ജൈവ വൈവിദ്ധ്യം സംരക്ഷിക്കപ്പെടുകയും വേണം.  

ഓർമ്മയുണ്ടോ കഴിഞ്ഞ ജൂൺ 5 ന് നാം ചൊല്ലിയ പരിസ്ഥിതി പ്രതിജ്ഞയിലെ ഊന്നൽ?
അത് ശുദ്ധവായുവിനു വേണ്ടിയുള്ളതായിരുന്നു.ശ്വസനവ്യവസ്ഥയെ നേരിട്ടാക്രമിക്കുന്ന കോവിഡ് വ്യാപനത്തിന്റെ തോതു കൂട്ടാൻ വായുമലിനീകരണത്തിനു സാധിക്കും. മലിനമാക്കപ്പെട്ട അന്തരീക്ഷവായു നിരന്തരമായി ശ്വസിക്കുന്നവരുടെ രോഗഗ്രസ്തമായ ശ്വസനേന്ദ്രിയം വളരെ വേഗം രോഗത്തിനു കീഴ്പ്പെടും. ഖനിജ ഇന്ധനങ്ങളുടെ അമിതോഭപോഗം , അനിയന്ത്രിത കാർബൺ ഉത്സർജ്ജനം എന്നിവ സ്ഥിതിഗതികളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. ഖനിജ ഇന്ധനങ്ങളുടെ ശേഖരം തന്നെ ഭൂമിയിൽ അവസാനിക്കാറാവുന്നു. ഊർജ്ജോല്പാദനത്തിൽ പാരമ്പര്യേതര വഴികൾ തേടാൻ അത് മനുഷ്യകുലത്തെയാകെ നിർബന്ധിക്കും.ആഗോള സമ്പദ്ഘടനയിലും രാഷ്ട്രീയ വ്യവസ്ഥകളിലും ഇത് സൃഷ്ടിക്കാവുന്ന മാറ്റങ്ങൾ നമ്മുടെ പരികല്പനകൾക്കുമപ്പുറത്താകും. നല്ല വായുവിനെക്കുറിച്ച് നാം സംസാരിക്കുമ്പോൾ തന്നെ ആമസോൺ കോർപ്പറേറ്റുകളുടെ തീയിൽ കത്തിയമരുന്നുണ്ട്. ഒരു ആമസോൺ സംരക്ഷണ ഗോത്രപ്പോരാളികൂടി അവരുടെ ഗുണ്ടകളുടെ വെടിയേറ്റു മരിച്ചിട്ടുണ്ട്. 

ഈ രോഗബാധക്കാലവും അവസാനിക്കും.മൃതശരീരങ്ങൾ വഹിച്ച് ആംബുലൻസുകൾ പായുന്ന തെരുവുകളിലൂടെ പ്രണയികൾ തമ്മിൽ തോളുരുമ്മിയിരിക്കുന്ന വാഹനങ്ങൾ പോകും. വിദ്യാലയമണികളും തൊഴിൽശാലകളിലെ സൈറണും മുഴങ്ങും.ഭൂരിപക്ഷം മനുഷ്യരും കഴിഞ്ഞതെല്ലാം വേഗം മറക്കുമായിരിക്കും. പക്ഷേ പുതിയ കാലത്തിന്റെ നീതിബോധത്തിലേക്കും രാഷ്ട്രീയ ജാഗ്രതയിലേക്കും  പുതുതലമുറയിൽ ചിലരെങ്കിലും ജ്ഞാനസ്നാനം ചെയ്യപ്പെടും. അവരല്ലോ ഈ ഗോളം ജീവിക്കാൻ കൊള്ളാവുന്നതാക്കുക.