ഇഹ്സാനുൽഹഖ്
പ്രണയമൊരു പ്രാർത്ഥനയും ഞാനതിന്റെ ആൽക്കെമിയുമാകുമ്പോൾ എന്റെ മുസല്ലകൾ നിനക്കായുള്ള ഹുബ്ബിന്റെ തസവ്വുഫുകളാകാം....
ഈ വരികൾ വിരിഞ്ഞത് നൂറ്റാണ്ടുകൾക്ക് മുമ്പോ 'സുഫത്തിന്റെ ' അഹ്ലുകാരുടെ കാലത്തൊന്നുമല്ല. ഈ സമയം ഈ കൊച്ചു കേരളത്തിലെ ബിരുദ വിദ്യാർത്ഥിനിയായ കാസർകോഡുകാരി ഫാത്തിമതുൽ വഹീദയുടെ 'സുജൂദുകൾക്കിടയിൽ ' എന്ന കവിതാ സമാഹാരത്തിൽ നിന്നുള്ളതാണീ വരികൾ...
കൊറോണക്കാലത്ത് 'വീട്ടിലിരിക്കാം...' ക്യാംപയിനിനിടയിൽ റൂമിയുടെ ഫീഹി മാ ഫീഹിക്ക് ശേഷം ഞാൻ വായിച്ച രണ്ടാമത്തെ ഗ്രന്ഥവും ഇതുതന്നെ...
ദൈവനിഷേധങ്ങളുടെയും നിരീശ്വരവാദത്തിന്റേയും അപ്പോസ്തലന്മാർ വീടു കെട്ടിപ്പാർക്കുന്ന നവമലയാളിയെഴുത്തുകാർക്കിടയിൽ ദൈവത്തിലേക്ക് മാത്രം അലിഞ്ഞു ചേർന്ന് വഹീദയെന്നൊരു വിദ്യാർത്ഥിനി അത്യപൂർവ്വമാണ്. ദൈവത്തെ നിഷേധിച്ചെങ്കിൽ മാത്രമെ ഞാൻ സർവ്വരാലും അംഗീകരിക്കപ്പെടൂ എന്ന നവലിബറൽ എഴുത്തുകാർക്കിടയിലും തന്റെ വിശ്വാസം ഉയർത്തിപ്പിടിച്ച് സഞ്ചരിക്കുകയാണ് 'സുജൂദുകൾക്കിടയിൽ ' എന്ന കവിതാ സമാഹാരത്തിലൂടെ കവയിത്രി.
മനുഷ്യനും സ്രഷ്ടാവിനുമിടയിൽ ഒരു മറയുണ്ട്, ആമറക്കിടയിൽ നിന്നുകൊണ്ട് അവനെ കാണാൻ ശ്രമിക്കുക എന്നത് സ്വാഭാവികം മാത്രം. ഹല്ലാജും റൂമിയുമൊക്കെ സഞ്ചരിച്ച പാതകളെ സ്മരിപ്പിക്കുമാറ് ഒരു ഉൾ തുടിപ്പുള്ള എഴുത്ത്. കാര്യകാരണബന്ധങ്ങളെ ഇഴകീറി അദൃശ്യജ്ഞാനത്തിന്റെ പറുദീസയിൽ അടിമയും ഉടമയും നടത്തുന്ന സ്നേഹസംഭാഷണം. മുസല്ലയിൽ ഒഴുക്കിയ കണ്ണീരിന് പ്രണയലോകത്തെ പനനീരിന്റെ ഗന്ധമുണ്ടാവും.
ചെറിയ ചിത്രങ്ങൾക്ക് കീഴിൽ കുഞ്ഞക്ഷരങ്ങൾ ആയിരം പേജുകളുടെ കഥ പറയുന്നുണ്ട്.
അങ്ങനെയൊരു പ്രാർത്ഥനയുടെ വരികളുമായാണ് അവസാനിപ്പിക്കുന്നത്.
അതിങ്ങനെ...
'ഒരു ജന്മത്തിനായ് കാത്തു വെച്ച പ്രാർത്ഥനകളൊക്കെയും നിന്റെ കാൽക്കീഴിൽ സമർപ്പിക്കുന്നു. ആകാശക്കോണിലൊരു ഒറ്റ നക്ഷത്രം നിനക്കായ് മാറ്റി വെക്കുന്നു '.
അറുപത്തിനാല് പേജുകളുള്ള 'സുജൂദുകൾക്കിടയിൽ' ദ്വനിബുക്സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

0 Comments