അഫ്‌സല്‍ കെ ഓമാനൂര്‍

വൈവിധ്യമാര്‍ന്ന ഉള്ളടക്കം കൊണ്ടും വേറിട്ട ആഖ്യാന ശൈലി കൊണ്ടും വായനക്കാരെ ആകര്‍ഷിക്കുന്നൊരു നോവലാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. പ്രമുഖ മലയാളി എഴുത്തുകാരനും മലയാള മനോരമ പത്രാധിപ സമിതി അംഗവുമായ അജയ് പി മങ്ങാട്ടാണ് രചയിതാവ്. മറ്റു സമകാലിക മലയാള രചനകളില്‍ നിന്ന് ഏറെ വിത്യസ്തമായി പ്രശസ്തമായ ഒരുപാട് പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും ചേര്‍ത്ത ഒരു സവിശേഷ അനുഭൂതിയാണ് പുസ്തകം പകര്‍ന്നു നല്‍കുന്നത്.

നോവലിസ്റ്റ് സ്വന്തം അനുഭവം വിവരിക്കുന്ന പോലെ ഒരുപാട് യാഥാര്‍ഥ്യങ്ങളും സങ്കല്പങ്ങളും ചേര്‍ത്തെഴുതിയ ഒരു കേരള തമിഴ്‌നാട് പശ്ചാതലമാണ് നോവലിന്റ്റേത്. സങ്കീര്‍ണവും സൂക്ഷ്മവുമായ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കഥക്കിടയിലൂടെ വിത്യസ്തമായൊരു പുസ്തക സഞ്ചാരം കൂടി നടത്തുന്നതാണ് നോവലിനെ വേറിട്ടു നിര്‍ത്തുന്നത്.

അലിയെന്ന കോളേജ് വിദ്യാര്‍ഥി സുഹൃത്ത് അഭിയുടെ അച്ഛനെ കണ്ടുമുട്ടുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഒരേ ക്ലാസിലല്ലാതിരുന്നിട്ട് കൂടി കോളേജ് ലൈബ്രറിയില്‍ നിന്ന് പരസ്പരം പരിചയപ്പെട്ടാണ് അലിയും അഭിയും ഉറ്റ സുഹൃത്തുക്കളായി മാറിയത്. മൂന്നാറിലെ തേയിലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ഒരു സാധാരണക്കാരനായിരുന്നു അഭിയുടെ അച്ഛന്‍. പിന്നീട് തനിക്ക് ആ തേയിലക്കമ്പനിയൂടെ സെയില്‍സ് മാനായി സ്ഥാനക്കയറ്റം കിട്ടുന്നതും അക്കാലത്ത് താന്‍ കൂറേ നോവലുകള്‍ എഴുതിയതും അയാള്‍ അലിയോട് പങ്ക് വെക്കുന്നു. ഇത് കേട്ട അലി അയാളോട് നീലകണ്ഠന്‍ പരമാരയെ കുറിച്ച് ചോദിക്കുന്നു. നീലകണ്ഠന്‍ പരമാര അയാളുടെ കൂടെ അവിടെ സെയില്‍സ് മാനായിരുന്നെന്നും അക്കാലത്ത് പരമാര ഒരുപാട് കുറ്റാന്വേഷണ നോവലുകള്‍ എഴുതുകയും മറ്റു ഭാഷകളില്‍ നിന്ന് നോവലുകള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നെന്ന് അയാള്‍ അലിയോട് പറയുന്നു. അവസാനം അയാള്‍ പരമാരയെ കാണുമ്പോള്‍ തന്റ്റെ അവസാന രചനയെന്ന് പറഞ്ഞ് ഒരു നോവല്‍ എഴുതിയിരുന്നതായും അതിന്റ്റെ പേര് വിഷാദത്തിന്റ്റെ ശരീരഘടനയെന്നായിരുന്നെന്നും എന്നാല്‍ പിന്നീട് ജോലി വിട്ട അയാള്‍ക്ക് പരമാരയെ കാണാനായില്ലെന്നും അച്ഛന്റ്റെ തുടര്‍ സംസാരത്തില്‍ നിന്ന് അഭിയും സുഹൃത്തും മനസ്സിലാക്കുന്നു. പിന്നീട് ആ നോവലിന് എന്ത് സംഭവിച്ചുവെന്ന ഉത്കണ്ഠയില്‍ അലിയും അഭിയും മറയൂരിലെ സൂസന്നയുടെ വീട്ടിലെത്തുന്നു. നീലകണ്ഠന്‍ പരമാരയുടെ കൈയെഴുത്തു കടലാസുകളെല്ലാം സൂസന്നയുടെ അച്ഛന്‍ തണ്ടിയേക്കന്റ്റെ ഗ്രന്ഥപ്പുരയിലുണ്ടെന്ന അഭിയുടെ അച്ഛന്റ്റെ നിര്‍ദ്ദേശ പ്രകാരമാണ് അവര്‍ അവിടെയെത്തുന്നത്. എന്നാല്‍ എത്ര തിരഞ്ഞിട്ടും അവര്‍ക്ക് അത് കണ്ടെത്താനാവുന്നില്ലെങ്കിലും ഈ സംഭവം കാരണം അവരും സൂസന്നയും പരസ്പരം സുഹൃത്തുക്കളാവാന്‍ ഈ സംഭവം നിമിത്തമാവുന്നു. പരമാരയുടെ പുസ്തകം വീണ്ടും തേടി നടന്ന് അവസാനം സൂസന്നയുടെ മരണ ശേഷം മകന്‍ പോള്‍ അത് അലിക്ക് കൈമാറുന്നതോടെ കഥ അവസാനത്തിലെത്തുന്നു.

ഇതിനിടയില്‍ അലിയും അഭിയും പരിചയപ്പെടുന്ന വെള്ളത്തൂവല്‍ ചന്ദ്രന്‍, കാര്‍മേഘം, പശുപതി തുടങ്ങിയ വിത്യസ്ത ജീവിതങ്ങളുമായുള്ള സംഭാഷണവും അവര്‍ പങ്കുവെയ്ക്കുന്ന സൗഹൃദവും  അനുഭവവും ആശയങ്ങളുമാണ് കഥയെ കൂടുതല്‍ മനോഹരമാക്കുന്നത്. ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമെന്ന നിലയില്‍ സാധാരണ വീട്ടമ്മയായ സൂസന്നയും അവരുടെ ഗ്രന്ഥപ്പുരയും നിലകൊള്ളുന്നു. കോളേജ് ജീവിതത്തില്‍ നിന്ന് തുടങ്ങി ജീവിതത്തിന്റ്റെ വിത്യസ്ത ഭാഗങ്ങളിലൂടെ സഞ്ചരിച്ച് അലി അവസാനം സ്വന്തമായൊരു നോവല്‍ എഴുതി പൂര്‍ത്തിയാക്കുന്നതോടെ കഥ പൂര്‍ണമാവുന്നു.

നമുക്ക് പരിചിതരും അല്ലാത്തവരുമായ ലോകത്തെ നിരവധി സാഹിത്യകാരന്‍മാരെ  നോവലിസ്റ്റ് ഇതില്‍ പരിചയപെടുത്തുന്നുണ്ട്. മെക്‌സിക്കന്‍ കവിയും ജേര്‍ണലിസറ്റും കമ്യൂണിസ്റ്റുമായിരുന്ന ഇഫ്രയ്ന്‍ ഉര്‍ത്തക്ക് വേണ്ടി ബോലാനോ എഴുതിയ കവിതയുടെ മലയാള വിവര്‍ത്തന രൂപം നോവലിന്റ്റെ ആദ്യ ഭാഗത്ത് തന്നെ കടന്നു വരുന്നു. തുടര്‍ന്ന് കവി ഡാന്റ്റെ, പാബ്ലോ നെരൂദ, കഥാകൃത്ത് കാഫ്ക, നോവലിസ്റ്റ് ദസ്തയവസ്‌കി, ലൂയിസ് കാരേള്‍, പ്രമുഖ എഴുത്തുകാരന്‍ ജി.കെ ചെസ്റ്റര്‍ട്ടന്‍, രവീന്ദ്രനാഥ ടാഗോര്‍, ബാഷോ, മദാം ബോവറി, മലയാളി നോവലിസ്റ്റ് ആനന്ദ് തുടങ്ങി ലോക പ്രശസ്തരായ നൂറിലധികം സാഹിത്യകാരന്‍മാരെ വിത്യസ്ത ഭാഗങ്ങളിലായി നോവല്‍ പ്രതിപാദിക്കുന്നുണ്ട്. കൂടെ ദസ്തയവസ്‌കിയുടെ ദി ഇഡിയറ്റ്, െ്രെകം ആന്റ്റ് പനിഷ്മന്റ്റ്, ലൂയിസ് കാരേളിന്റ്റെ ആലിസസ് അഡ്വഞ്ചേര്‍സ് ഇന്‍ വണ്ടര്‍ ലാന്റ്റ്, നെരൂദയുടെ വണ്‍ ഹണ്ട്രട് ലവ് സോങ്ങ്‌സ്, ടാഗോറിന്റ്റെ ഹോം ആന്റ്റ് ദ വേള്‍ഡ്, മദാം ബോവറിയുടെ പ്ലോബര്‍, സര്‍ ആര്‍തര്‍ കോനല്‍ ഡോയലിന്റ്റെ ഷെര്‍ലക് ഹോംസ് തുടങ്ങി നിരവധി വിശ്വവിഖ്യാതമായ രചനകളും കഥക്കിടയില്‍ കടന്നു വരുന്നു.

ഇത്തരമൊരുപാട് എഴുത്തുകാരെ പരാമര്‍ശിക്കുമ്പോഴും റഷ്യന്‍ നോവലിസ്റ്റ് ദസ്തയവസ്‌കിയേയും കവി പാബ്ലോ നെരൂദയേയും പറ്റി നോവല്‍ കുറച്ചു അധികം സംസാരിക്കുന്നു. ടോള്‍സ്‌റ്റോയിയെ പോലെ അല്ലെങ്കില്‍ അദ്ദേഹത്തേക്കാള്‍ ശ്രദ്ധേയനായ സാഹിത്യകാരനായാണ് ദസ്തയവസ്‌കിയെ നോവലിസ്റ്റ് പലയിടത്തുംപരാമര്‍ശിക്കുന്നത്. പശുപതി(തണ്ടിയേക്കന്റ്റേയും പരമാരയുടേയും സുഹൃത്ത്)യുടെ മുടന്തുകാരിയായ മകള്‍ ലക്ഷ്മിയുമായി അഭിയെ അടുപ്പിക്കാന്‍ കാരണമാവുന്നത് തന്നെ നെരൂദയുടെ കവിതകളാണ്. അതിനാല്‍ കഥയുടെ വിത്യസ്ത ഭാഗങ്ങളില്‍ അഭിയെന്ന കഥാപാത്രത്തിലൂടെ നെരൂദയുടെ ശ്രദ്ധേയമായ നിരവധി കവിതാ ശകലങ്ങള്‍ കടന്നു വരുന്നുണ്ട്.

ഇന്ത്യന്‍, പേര്‍ഷ്യന്‍, അറബിക് പശ്ചാത്തലത്തില്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ പ്രചാരത്തിലുള്ള ആയിരത്തൊന്ന് രാവുകളെക്കുറിച്ചും അതില്‍ കഥ പറയുന്ന മന്ത്രി പുത്രി ഷെഹ്‌റസാദിനെക്കുറിച്ചും നോവല്‍ വിശദമായി പറയുന്നുണ്ട്. അവസാന ഭാഗത്ത് പ്രമുഖ സൂഫിയും കവിയുമായ ജലാലുദ്ദീന്‍ റൂമിയുടെ ജീവിതവും രചനകളും നന്നായി വിവരിക്കുന്നു. താന്‍ അവസാനമായി വായിച്ച പുസ്തകമെന്ന നിലയില്‍ സൂസന്ന അലിക്ക് അയച്ചു കൊടുക്കുന്ന റൂമി: ദ ബുക് ഓഫ് ലവ്: പോയംസ് ഓഫ് എക്സ്റ്റന്‍സി ആന്റ്റ് ലോങ്ങിങ്ങ് എന്ന രചനയിലൂടെയാണ് അലി റൂമിയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. തുടര്‍ന്ന് റൂമിയുടെ സൂഫിസവും മസ്‌നവിയുമെല്ലാം ഇതില്‍ ചര്‍ച്ചയാവുന്നു.

പുസ്തക അറിവുകളെയും അനുഭവങ്ങളെയും പോലെ ഒരുപാട് മനോഹരമായ സ്ഥലങ്ങളേയും യാത്രകളേയും നോവല്‍ പരിചയപ്പെടുത്തുന്നുണ്ട്.  കഥ നടക്കുന്ന മറയൂര്‍, തമിഴ്‌നാട്ടിലെ കമ്പം, ബോഡിനായ്ക്കനൂര്‍, പഠന കാലത്തെ മഹാരാജാസ്, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ ഇടങ്ങളിലെ പ്രകൃതിയുടേയും കാഴ്ചകളുടേയും വിവരണങ്ങള്‍ അതിമനോഹരമാണ്. അവിടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു നവ്യാനുഭവമാണ് നമുക്ക് ലഭിക്കുന്നത്. യാത്രകള്‍ പകര്‍ന്നു നല്‍കുന്ന ബോധ്യങ്ങളും മനശാന്തിയും എത്ര വലുതാണെന്നും നമുക്ക്ഇത് വഴി ബോധ്യമാകും. താന്‍ ചെയ്ത യാത്രകളുക്കുറിച്ച് ഓര്‍ക്കുകയോ എഴുതുകയോ ചെയ്യുമ്പോഴാണ് അത് പൂര്‍ണമാവുന്നത് എന്ന വിത്യസ്തമായൊരു ആശയവും പുസ്തകം പങ്കുവെയ്ക്കുന്നു.

ഒരുപാട് പുസ്തകങ്ങളും യാത്രകളും സൃഷ്ടിക്കുന്ന മായാ ലോകത്ത് യഥാര്‍ത്ഥ ജീവിത സങ്കല്പങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും ഇടം നല്‍കാന്‍ സൂസന്നയുടെ ഗ്രന്ഥപ്പുരക്കാവുന്നുണ്ട്. വിത്യസ്ത പ്രകൃതവും സ്വഭാവവുമുള്ള ഒരു പറ്റം മനുഷ്യ ജീവിതങ്ങളാണ് ഈ ഭാവനാ ലോകം സൃഷ്ടിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ വിത്യസ്ത മതക്കാരും ജാതിക്കാരും, ശക്തരും അബലരും, വായിക്കാന്‍ അറിയുന്നവരും അറിയാത്തവരും എഴുത്തുകാരും, വിവാഹിതരും അവിവാഹിതരും, കാമുകീ കാമുകന്മാരുമെല്ലാം ഈ നോവലിന്റ്റെ ഭാഗമാണ്. പ്രണയത്തിന്റ്റേയും വിരഹത്തിന്റ്റേയും, ജീവിതത്തിന്റ്റേയും മരണത്തിന്റ്റേയും, സന്തോഷവും കയ്പും നിറഞ്ഞ അനുഭവങ്ങള്‍ ഇത് പകര്‍ന്നു നല്‍കുന്നുണ്ട്.

ഇത്തരത്തില്‍ വ്യക്തി ജീവിതത്തിന്റ്റെ ഓരോ ചലനങ്ങളും ചിന്തകളും പച്ചയായി നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. മനുഷ്യ മനസ്സുകളിലെ വികാരങ്ങളെ  റിയലായി ചിത്രീകരിക്കുമ്പോള്‍ നോവലിലെ കഥ സ്വന്തം ജീവിതാനുഭവമായി വായനക്കാരന് അനുഭവപ്പെടുന്നു.