ഇര്‍ഷാദ് ചേളാരി

ലയാളിയുടെ വായനാപരിസരങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ മനുഷ്യന് ഒരു ആമുഖത്തിന് ശേഷം സുഭാഷ് ചന്ദ്രന്റെ മറ്റൊരു മലയാള ക്ലാസിക് നോവലായ സമുദ്രശിലയും പുതിയ കാല മലയാള സാമൂഹ്യ പരിസരത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതും സ്ത്രീത്വത്തിന് പുതിയമാനങ്ങള്‍ കല്‍പിച്ച് ഉത്തുംഗതയിലെത്തിക്കുന്നതും പെണ്‍കാമനകള്‍ക്ക് ശക്തമായ തത്വങ്ങള്‍ നല്‍കുന്നതോടൊപ്പം ഭാഷാവൈവിധ്യം കൊണ്ട് മറ്റിതര നോവലുകളില്‍ നിന്ന് ഏറെ വ്യത്യസ്തവും ആകര്‍ഷണീയവുമായ സ്ഥാനം കൈവരിക്കുന്നതുമാണ്.
തന്റെ ഇരുപത്തൊന്ന് വയസ്സ് പ്രായമുള്ള സെറിബ്രല്‍ പള്‍സി കം ഓട്ടിസം ബാധിച്ച സ്വന്തം മകനും കിടപ്പിലായ അമ്മക്കും വേണ്ടി ജീവിക്കുന്ന അംബ ജീവിതത്തിലുടനീളം ഉപാധികളില്ലാത്ത സ്‌നേഹം തേടി അലയുകയാണ് നോവലിലുടനീളം
സഹന പൂര്‍ണ്ണമായ സ്ത്രീ ജീവിതത്തെ യാഥാര്‍ത്ഥ്യവും സങ്കല്‍പവും സങ്കരിച്ച ഭാഷ, പ്രത്യേകതരം ആഖ്യാനരീതി, ഇതിവൃത്തം എന്നിവയിലൂടെ കോര്‍ത്തിണക്കി പരമ്പരാഗതമായ വാര്‍പ്പു മാതൃകകളെല്ലാം മാറ്റിക്കുറിക്കുകയാണ് സുഭാഷ് ചന്ദ്രന്‍. വേറിട്ട ആഖ്യാന ശൈലിയില്‍ മനുഷ്യനെന്ന മഹാസത്യത്തിന്റെ ഉത്ഭവത്തെയും പദങ്ങങ്ങളുടെ തുടക്ക പരിണാമങ്ങളെയും നിററഞ്ഞ കാവ്യാത്മകതയില്‍ അവതരിപ്പിക്കുന്നതിലൂടെ വായനക്കാരുടെ ഹൃദയവികാരങ്ങള്‍ കൂടെ കൃതിയുടെ താളുകളിലേക്ക് ചേര്‍ത്ത് വെക്കുകയാണ് നോവലിസ്റ്റ്.
സുഭാഷ് ചന്ദ്രന്‍, അംബ, അംബയുടെ മകന്‍ അപ്പുവെന്ന സ്വേച്ഛയോടെ കൈകാലുകള്‍ പോലും ചലിപ്പിക്കാന്‍ കഴിയാത്ത അനന്തപത്മനാഭന്‍, അമ്മ ചന്ദ്രിക ടീച്ചര്‍, വീട്ടുവേലക്കാരി അഗ്‌നസ്, പോലീസിലെ വിരലടയാള വിധഗ്ധന്‍ ദിനേഷ് കുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നോവലില്‍ യാഥാര്‍ത്ഥ്യവും സങ്കല്‍പങ്ങളും കലര്‍ന്ന എഴുത്തു രീതി വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. തന്റെ ഇരുപത്തൊന്ന് വയസ്സ് പ്രായമുള്ള സെറിബ്രല്‍ പള്‍സി കം ഓട്ടിസം ബാധിച്ച സ്വന്തം മകനും കിടപ്പിലായ അമ്മക്കും വേണ്ടി ജീവിക്കുന്ന അംബ ജീവിതത്തിലുടനീളം ഉപാധികളില്ലാത്ത സ്‌നേഹം തേടി അലയുകയാണ് നോവലിലുടനീളം.

ഇതിഹാസ ഖണ്ഡത്തിലെ ഉപാധികളില്ലാത്ത സ്‌നേഹം പുണരാനാഗ്രഹിച്ചലയുന്ന അംബയുടെ ആത്മഹത്യയിലാണ് കഥ ആരംഭിക്കുന്നത്. ഭാര്‍ഗവരാമന്‍ അനുഗ്രഹിച്ച ഉള്‍ കണ്ണാല്‍ വ്യാസ മഹര്‍ഷി രചിക്കാനൊരുങ്ങുന്ന ഭാരത ഇതിഹാസത്തില്‍ താനന്വേഷിക്കുന്ന ഉപാധികളില്ലാത്ത സ്‌നേഹം കണ്ടെത്താന്‍ സാധിക്കാത്തതില്‍ സന്ദേഹം അറിയിച്ച അംബയോട് കുരുക്ഷേത്ര സംഭവങ്ങള്‍ ഒരു വരി തെറ്റാതെ രുചിക്കുകയാണെന്നും അതില്‍ ഉപാധികളില്ലാത്ത സ്‌നേഹം കണ്ടെത്താന്‍ സാധിക്കാത്തതില്‍ താന്‍ തെറ്റുകാരനല്ലെന്ന് കൈമലര്‍ത്തിക്കാണിച്ച വ്യാസമഹര്‍ഷി ഭാരത ഖണ്ഡത്തില്‍ കത്തിയാളുന്ന സ്ത്രീയായി തന്നെ വീണ്ടും വീണ്ടും ജനിക്കാന്‍ ആശിര്‍വദിച്ച അംബയോട് ഓരോ ജന്മത്തിലും ഉപാധികളില്ലാത്ത സ്‌നേഹം ഭൂമിയില്‍ നിലനിര്‍ക്കുന്നുണ്ടോയെന്ന് തിരക്കാനാവശ്യപ്പെട്ടു. ഇതിഹാസത്തില്‍ കണ്ടെത്താന്‍ സാധിക്കാത്ത സ്‌നേഹം ജീവിതത്തിലോ, സത്യസന്ധമായ സാഹിത്യത്തിലോ കണ്ടെത്തുകയാണെങ്കില്‍ നമുക്ക് വീണ്ടും കാണാമെന്ന വ്യാസ വാഗ്ദാനം മാനിച്ച് ഓരോ ജന്മത്തിലും ഭൂമിയാകെ അലഞ്ഞു നടക്കുകയാണ്. അവസാനം സത്യമായ സാഹിത്യത്തില്‍ കണ്ടെത്തുന്നതോടെ വ്യാസപൂര്‍ണിമയില്‍ വാഗ്ദാനം പോലെ വ്യാസനുമായി കണ്ടുമുട്ടുകയായിരുന്നു.


സമുദ്രശിലയുടെ സാമൂഹ്യ പരിസരങ്ങള്‍ പുതുയുഗത്തിലെ സാമൂഹ്യബോധങ്ങളെ നിശിതമായി വിമര്‍ശിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തുന്നുണ്ട്. സ്ത്രീ അബലയും പുരുഷന് കീഴ്‌പ്പെട്ട് ജീവിക്കേണ്ടവളുമാണെന്നുള്ള ബോധത്തെയും കൃത്യമായി എതിരിടുന്ന നോവല്‍ ഇടങ്ങളും ശ്രദ്ധേയമാണ്.സ്ത്രീയുടെ അടുപ്പവും ലാളിത്യവും സ്‌നേഹവും കാമം മാത്രമായി തെറ്റുദ്ധരിക്കുന്ന പുരുഷ സമൂഹം കന്നിമാസത്തെ കിതയ്ക്കുന്ന പട്ടിയേക്കാള്‍ കൂടുതലായി ഒന്നുമല്ലെന്ന് ഏറെ പ്രാധാന്യത്തോടെയാണ്  പ്രതിപാദിക്കുന്നത്. തന്റെ വേദനകള്‍ പങ്കുവെക്കാനും ദു:ഖഭാരം ഇറക്കി വെക്കാനും സാധിക്കുന്ന സുഹൃത്തിലപ്പുറം മകന്‍ നല്‍കുന്ന ഇടമാണ് പുരുഷനില്‍ സ്ത്രീക്ക് ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെ കാണാനാണ് അവളെന്നും ഇഷ്ടപ്പെടുന്നത്.ഈ കരുണയെയാണ് പലപ്പോഴും പെണ്ണിന്റെ കാമമായി തെറ്റുദ്ധരിച്ച് പോരുന്നതെന്നും നോവല്‍ ഉയര്‍ത്തിക്കാണിക്കുന്നു. അതേ സമയം പുരുഷന്റെ പൗരുഷത്തെക്കാള്‍ കരുത്ത് സ്ത്രീയുടെ സ്‌െ്രെതണതക്കുണ്ടെന്ന് അംബയും ആഗ്‌നസും തമ്മിലുള്ള സംഭാഷണങ്ങള്‍ കൃത്യമായി വരച്ചിടുന്നുണ്ട്.' അത്രയും മോശം അനുഭവങ്ങളിലൂടെ കടന്നുപോയ ആ ചോരക്കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് നീ ചോദിക്കാത്തതെന്താ?'
'പിറന്ന ഉടനെ അത്രയും അനുഭവിച്ചിട്ട അത് ചത്തില്ലലോ ചേച്ചീ ത്തഗ്‌നസ് പറഞ്ഞു. അതൊറപ്പായിട്ടും പെണ്‍കുഞ്ഞായിരിക്കും നമ്മളെപ്പോലെ.

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അവരുടേതായ ഇടം നല്‍കുന്ന അവസരത്തില്‍ തന്നെ പുരുഷ സമൂഹത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന കൃതിയില്‍ പുരുഷന്‍ സ്ത്രീയില്‍ നിന്ന് ഭോഗം മാത്രമേ കാംക്ഷിച്ചിട്ടുള്ളൂവെന്നും സ്ത്രീകളുടെ ആഗ്രഹവശ്യങ്ങളെ മനസ്സിലാക്കുന്നതിന് പകരം ശരീരം മാത്രമേ മോഹിച്ചിട്ടൊള്ളൂവെന്നും പലതവണ പരാമര്‍ശിക്കുന്നുണ്ട്.അംബ പറയുന്നൊരു രംഗം ഇങ്ങനെയാണ്: 'ആണിന് പെണ്ണില്‍ നിന്നെന്താണ് വേണ്ടത്.'സുഖം'.പക്ഷെ, പെണ്ണിന് ആണില്‍ നിന്നെന്താണ് ആവശ്യമുള്ളതെന്ന് വല്ലപ്പോഴും പുരുഷവര്‍ഗം ചിന്തിച്ചിട്ടുണ്ടോ...?

പുരുഷ വര്‍ഗത്തെ കുറ്റപ്പെടുത്തുന്നതോടൊപ്പം സ്ത്രീകളെ പൂര്‍ണ്ണമായും ശുദ്ധവത്കരിക്കാനും നോവലിസ്റ്റ് തയ്യാറല്ല.കാമം മാത്രം തലക്ക് പിടിച്ച് നടക്കുന്ന സ്ത്രീകള്‍ തീര്‍ച്ചയായും ഉണ്ടെന്ന് ശകുന്തളാ സത്യാപാലന്‍എന്നെ അവരുടെ ജീവിതം കൊണ്ട് പഠിപ്പിച്ചു. എന്നാല്‍ അത്തരം ഒരുവള്‍ നൂറില്‍ നൂറില്‍ ഒന്നു മാത്രമേയുള്ളൂ എന്നും നോവലിസ്റ്റ് പറയുന്നു.പല പുരുഷന്മാരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് പകര്‍ന്ന ലൈംഗികരോഗം പോലുള്ള ഒന്നായിരിക്കും അവള്‍ക്ക് പോലും കാമം എന്ന് പറയുമ്പോള്‍ അവള്‍ക്ക് പിടിപെട്ട രോഗത്തിന് പോലും ഉത്തരവാദി പുരുഷന്മാരെന്നാണ് നോവല്‍ പറയുന്നത്.

അംബയുടെ ജീവിത വഴികളിലൂടെ മുന്നോട്ട് പോകുന്ന നോവല്‍ സ്ത്രീ പുരുഷനേക്കാള്‍ വലിയ മനുഷ്യനാണെന്ന മഹത്തായ സന്ദേശം കൈമാറുന്നതിനോടൊപ്പം അവളെന്നും അനുഗ്രഹിക്കപ്പെടേണ്ടവളാണെന്ന ആശയവും ചേര്‍ത്തുവെക്കുന്നുണ്ട്. സ്ത്രീയുടെ ചിന്ത, സാഹിത്യ മണ്ഡലങ്ങള്‍ ആന്റണ്‍ ചെക്കോവിനെ പോലെ ലോകോത്തര സാഹിത്യ ഇതിഹാസ്യങ്ങളോട് ആകര്‍ഷിക്കുമ്പോഴും അവളുടെ സാഹിത്യ നിപുണതയെയോ ചിന്താ വൈഭവത്തെയോ അംഗീകരിക്കാന്‍ കഴിയാത്ത ബുദ്ധി വൈകല്യം ബാധിച്ച ഭ്രാന്തിയായി സാമൂഹ്യ മധ്യേ ഇന്നും മുദ്രണം ചെയ്യപ്പെട്ട് കിടക്കുകയാണ്.ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു പറ്റം സ്ത്രീകളുടെ കഥ പറയുന്ന സോഫിയയിലൂടെ നോവലിസ്റ്റ് കഴിവുകള്‍ക്കും അംഗീകരിക്കപ്പെടുന്ന സ്ത്രീക്ക് വേണ്ടിയുളള നിരന്തര വാദങ്ങള്‍ക്ക് വാതില്‍ തുറന്നിടുകയാണ്.

 സ്വേച്ഛയോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത തന്റെ സവിശേഷ പുത്രന്‍ ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലും കാണിക്കുന്ന വ്യഗ്രത എന്തെന്നന്വേഷിച്ച അംബ മോഡേണ്‍ യുവ സമൂഹങ്ങളുടെ സ്വഭാവസാമൂഹ്യ പരിസരങ്ങള്‍ എത്രമാത്രം മലിനമാകുവെന്ന് കൃത്യമായി വരച്ചിടുന്നുണ്ട്. മനുഷ്യനെന്ന യാഥാര്‍ത്ഥ്യത്തെ ചര്‍ച്ച ചെയ്യുന്ന നോവല്‍ അവന്റെ ഉത്ഭവം, ധൈഷണികത, വൈകാരികത, സാംസ്‌കാരിക ബോധം, ഭാഷ, സാഹിത്യം തുടങ്ങിയ ഒട്ടേറെ വൈവിധ്യങ്ങളുടെ കോര്‍വ്വയാണ് സമുദ്രശില.

മനുഷ്യന്‍ ഒരു കേന്ദ്ര ബിന്ദുവില്‍ നിന്നും ആണും പെണ്ണുമായി വിഘടിച്ചു എന്ന് കരുതുന്നതില്‍ നിന്ന് ഏക ധര്‍മ്മബോധത്തില്‍ കഴിയുന്ന സ്ത്രീയും പുരുഷനും ഒന്നായി ചേരുമ്പോഴാണ് മൂല്യങ്ങങ്ങളുടെ മാനുഷിക ലോകം തുറക്കപ്പെടുന്നത് എന്നാണ് സമൂഹം തിരിച്ചറിയേണ്ടത് എന്ന് നോവല്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ഒറ്റപ്പെടലിന്റെ അസ്വാസ്ഥ്യം ജീവനെ എക്കാലത്തും ഭ്രാന്തക്കുന്നുണ്ടെന്നും ഏകസത്തയില്‍ അലിഞ്ഞ് ചേരാന്‍ കൊതിക്കുന്നവരാണ് മനുഷ്യരെണ ചിന്തകള്‍ക്ക് 'ബഷീറി'ന്റെ 'ബാല്യകാല സഖി'യിലെ സുഹറ മജീദിനെ ചുംബിക്കുമ്പോള്‍ പഴുത്തു നിന്ന കുരു താനേ പൊട്ടുന്ന രംഗം കൂടി ഓര്‍ക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും കൂടെ പിറക്കുന്ന  അസ്വസ്ഥകള്‍ മായ്ക്കുന്ന ഉത്തമ സ്‌നേഹമാണ് സ്ത്രീയും പുരുഷനും ചേര്‍ന്നൊരുക്കുന്നത് എന്ന് സുവ്യക്തം.