മുര്‍ഷിദ വഫിയ്യ ഉണ്ണിയാല്‍
യുക്തി രഹിതമായ നടപടികള്‍ക്കെതിരെ ജാതിമത ഭേദമില്ലാതെ ഒരു ജനത മുഴുവന്‍ തെരുവിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ഇന്ത്യക്ക് ഈ പുസ്തകം നല്ലൊരു പ്രചോദനമാണ്. സമരക്കാലത്ത് വേണ്ടുവോളം ആര്‍ജിച്ചെടുക്കേണ്ട ആത്മവിശ്വാസമാണ് ഈ പുസ്തകംസമകാലിക സംഭവവവികാസങ്ങളോടും ജീവിതസാഹചര്യങ്ങളോടും അരികുചേര്‍ന്നു നില്‍ക്കുമ്പോഴാണ് ഒരു പുസ്തകവും അതിന്റെ പ്രമേയവും വായനക്കാരന്റെ മനസ്സില്‍ ഇടം പിടിക്കുന്നത്. ഇത്തരത്തില്‍ സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പരിസരങ്ങളോട് ചേര്‍ത്തിവായിക്കാവുന്ന നോവലാണ് ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍. അധികാരവര്‍ഗ്ഗത്തിന്റെ അരാജകത്വ ഭരണത്തിനിടയില്‍ പെട്ടുപോകുന്ന അധസ്ഥിതരായ ഒരു ജനതയുടെ കഥയാകുന്ന ഈ പുസ്തകം വായനക്കാരന് വായനയുടെ വൈകാരികമായ മറ്റൊരു തലം സമ്മാനിക്കുകയാണ്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അവരിലൂടെ ജീവിക്കുന്ന എഴുത്തുകാരനാണ് ബെന്യാമിന്‍. തുടര്‍ച്ചയായ തന്റെ 5 വിജയനോവലുകള്‍ക്ക് ശേഷവും നിലവാരം ഒട്ടും കുറയാതെ മറ്റൊന്ന് കൂടി വായനാലോകത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് പച്ചയായ കഥാപാത്രങ്ങളെ തേടിയുള്ള നീണ്ട യാത്രകള്‍ കൊണ്ട് മാത്രമാണ്. അറേബ്യന്‍ നഗരത്തിന്റെ തിരക്കിട്ട ജീവിതത്തിനിടയില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് കഥയുടെ പ്രമേയം. പേര് വെക്കപ്പെടാന്‍ ആഗ്രഹിക്കാത്ത അറബ് നഗരത്തിലെ പ്രധാന നിലയത്തില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്യുന്ന സമീറ പര്‍വീണ്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. കുടുംബവും സൗഹൃദവും പ്രണയവും ഒക്കെയായി ഒരു വലിയ ബന്ധുജനം തന്നെ സമീറക്ക് ചുറ്റും ഉണ്ട്. അറബ് നഗരത്തിന്റെ പാരമ്പരാഗത സവിശേഷതയായി തുടര്‍ന്നുപോരുന്ന വംശമേധാവിത്വത്തിനെതിരെ പൊതുജനം തെരുവിലിറങ്ങുകയും ഭരണകൂടത്തെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്നതോടെയാണ് നോവല്‍ അക്രമാസക്തമായ മറ്റൊരു ഭാഗത്തേക്ക് കടക്കുന്നത്. ഇസ്‌ലാം മതത്തിലെ പ്രധാന അവാന്തര വിഭാഗമായ ഷിയാ വിശ്വാസികളും മുഖ്യധാര വിഭാഗമായ സുന്നികളും തമ്മിലുള്ള ആദര്‍ശ തര്‍ക്കങ്ങളാണ് സമരത്തിലുടനീളം വായനക്കാരനെ തേടി എത്തുന്നത്. ജോലിസ്ഥലത്തുവെച്ചു സമീറ പരിചയപ്പെടുന്ന പ്രധാന കഥാപാത്രം അലി എന്ന ഷിയാ വിശ്വാസക്കാരന്‍ ഭരണകൂടത്തിനോടുള്ള അമിതമായ വിദ്വേഷം വെച്ച് പുലര്‍ത്തുകയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ആളാണ്. തന്റെ ആദര്‍ശത്തിനും ആശയങ്ങള്‍ക്കുമായി തനിക്ക് ചുറ്റുമുള്ള മനോഹരമായ സൗഹൃദവലയം നഷ്ടപ്പെടുത്താന്‍ കൂടി അലി തയ്യാറാകുന്നു. അലി അടക്കമുള്ള ഒരു പറ്റം യുവാക്കളാണ് സമരത്തിന് ചൂടും
ചൂരും പകര്‍ന്നു മുന്നണിയില്‍ നില്‍ക്കുന്നത്. കഥയിലുടനീളം സമരക്കാര്‍ക്ക് ഭരണാധികാരികളോടുള്ള തീവ്രമായ വിയോജിപ്പ് കാണാന്‍ സാധിക്കും. എന്നെങ്കിലുമൊരിക്കല്‍ സ്വേച്ഛാധിപത്യ ഭരണം നിലം പതിക്കുമെന്നും നീതിയില്‍ വിശ്വസിക്കുന്ന ഷിയാ ഭരണകൂടം നിലവില്‍ വരുമെന്നുമുള്ള ഉറച്ച വിശ്വാസത്തിന്റെ ഭാഗമായാണ് സമരക്കാര്‍ തെരുവിലിറങ്ങുന്നത്.
ഭരിക്കുന്ന പാര്‍ട്ടിയുടെ അനുഭാവിയാകാത്തതിന്റെ പേരില്‍ മാത്രം സ്വന്തം രാജ്യത്ത് രണ്ടാം പൗരന്മാരായി കഴിയേണ്ടി വരുന്നതിന്റെ രോഷമാണ് അറബ് വിപ്ലവമായി ചിത്രീകരിക്കപ്പെടുന്നത്. ഷിയാ വിശ്വാസത്തിന്റെ പേരില്‍ ഔദ്യോഗിക മേഖലകളില്‍ നിന്നും തിരസ്‌കരിക്കപ്പെടുകയും അപഹാസ്യരാക്കപ്പെടുകയും ചെയ്യുന്ന ഒരു ജനതയുടെ ആത്മരോഷം പുരുഷന്മാരിലോ യുവാക്കളിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന താല്‍ക്കാലിക പ്രകടനങ്ങളോ പ്രഹസനങ്ങളോ അല്ല. മറിച്ച്, ഉള്‍ഗ്രാമങ്ങളിലെ കുടിലുകളില്‍ തട്ടമിട്ടുകഴിഞ്ഞിരുന്ന സ്ത്രീകളിലും കൗമാരം വിട്ടുകടക്കാത്ത വിദ്യാര്‍ത്ഥിനികളിലും വരെ ഉറഞ്ഞു തുള്ളുന്നുണ്ട്. തങ്ങളുടെ പൂര്‍വികര്‍ക്ക് വിപ്ലവകാലത്ത് നേരിടേണ്ടി വന്ന യാതനകളെയും അതിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ടുപോയ പോരാട്ടകാലത്തെയും വീണ്ടെടുക്കാനായി തികച്ചും ആസൂത്രിതമായാണ് യുവതലമുറ കരുക്കള്‍ നീക്കുന്നത്. നഗരത്തിലെ ആയുധ പോരാട്ടങ്ങള്‍ക്ക് പുറമെ സമൂഹമാധ്യമങ്ങളിലൂടെ സമരത്തിന്റെ ശെരിയായ വശം ജനങ്ങളിലേക്കെത്തിക്കാനും സമരക്കാര്‍ ശ്രമിക്കുന്നു. കാലങ്ങളായി തങ്ങളനുഭവിച്ചു പോന്ന വംശീയ വിവേചനത്തിനെതിരെ ശക്തമായ ശബ്ദമായി സ്ത്രീ സമൂഹം മുന്നോട്ട് വരുന്നുണ്ട്. വഴിയരികിലെ മതിലുകളില്‍ ഒരു ഗ്രാമീണ സ്ത്രീ കോറിയിട്ടത് if the man do not go out against this unjust regime women will do it എന്നാണ്. സ്വസ്ഥവും സുന്ദരവുമായൊരു ഭരണത്തിനുവേണ്ടി അവര്‍ പ്രായഭേദമന്യേ സമരത്തിനിറങ്ങുന്നുവെങ്കിലും വളരെ മൃഗീയമായ പ്രതികരണമാണ് ഭരണാധികാരികളില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വരുന്നത്. സമരക്കാരോടും അവരുടെ ആവശ്യങ്ങളോടും പുറം തിരിഞ്ഞുനില്‍ക്കുന്ന മെജസ്റ്റി ഒരു വന്‍ജനാവലി നഗരചത്വരത്തില്‍ അവകാശങ്ങള്‍ക്കുവേണ്ടി മുറവിളി കൂട്ടുമ്പോഴും അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ സല്‍കാരങ്ങളില്‍ പങ്കെടുത്ത് നൃത്തം വെക്കുകയും ചെയ്യുന്ന പരിഹാസരൂപത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയും സഖ്യകക്ഷികളില്‍ നിന്നും പട്ടാളസൈന്യത്തെ ഇറക്കുമതി ചെയ്ത് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും
സര്‍വ്വ വ്യവഹാരങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. കലാപകാരികള്‍ക്ക് എല്ലാവിധ സൗകര്യവും ചെയ്തുകൊടുത്ത് പോരാട്ടങ്ങള്‍ക്കെതിരെ കണ്ണടച്ചിരിക്കുന്ന മെജസ്റ്റിക്കെതിരെ കഥയുടെ അവസാനത്തില്‍ മാരകമായ ദ്രോഹനടപടികളുമായി ചെല്ലുന്ന യുവാക്കളെ കാണാം. അടങ്ങാത്ത ആത്മവിശ്വാസവും അചഞ്ചലമായ ലക്ഷ്യബോധവുമാണ് മുല്ലപ്പൂവിപ്ലവത്തിന്റെ ഏറ്റവും വലിയ വിജയം. പ്രായമോ ലിംഗമോ വ്യത്യാസമില്ലാതെ സര്‍വരും ഒരേ മനസ്സോടെ സമ്മേളനങ്ങളില്‍ പങ്കെടുത്തു സമരം വിജയിപ്പിക്കുന്നത് ഒരു നല്ല പ്രവണതയാണ്. അലിയുമായുള്ള സൗഹൃദ സംഭാഷണങ്ങളിലൂടെയും റേഡിയോ നിലയത്തിലെ സമരാനുകൂലികളും പ്രതികൂലികളും ആയ സുഹൃത്തുക്കളുമായുള്ള സംവാദങ്ങളിലൂടെയും സാമൂഹ്യവൃത്താന്തങ്ങളെ വായനക്കാരനിലെത്തിക്കാന്‍ സമീറ ശ്രമിക്കുന്നുണ്ട്. അതിനിടയിലും വൈയക്തികമായി നേരിടുന്ന കുടുംബ പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന സമീറ അതിജീവനത്തിന്റെ കൂടി പ്രതീകമാണ്. മേലുദ്യോഗസ്ഥരെ ധിക്കരിച്ച് സമരങ്ങളെക്കുറിച്ചുള്ള വ്യക്തമായ വാര്‍ത്തകള്‍ പൊതുസമൂഹത്തിലെത്തിക്കാന്‍ സമീറ തയ്യാറാവുന്നുണ്ട്. എന്നാല്‍, ശരിയായ ആസൂത്രണമോ പൊതുവായ നേതൃത്വമോ ഇല്ലാത്തതിനാല്‍ പട്ടാളസൈന്യം അഴിച്ചുവിട്ട ആക്രമണങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട് പരാജയപ്പെട്ടു പോകുന്ന സമരത്തെയാണ് നോവലിന്റെ അവസാന ഭാഗത്ത് കാണുന്നത്.
സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറെക്കുറെ ചേര്‍ത്തുവെക്കാന്‍ കഴിയുന്ന പ്രമേയമാണ് പാകിസ്താനി എഴുത്തുകാരി സമീറ പര്‍വീണിന്റെ സ്പ്രിങ് വിത്തൌട്ട് സ്‌മെല്‍ എന്ന പുസ്തകത്തിന്റെ പരിഭാഷാരൂപത്തില്‍ ബെന്യാമിന്‍ രൂപപ്പെടുത്തിയെടുത്ത മുല്ലപ്പൂനിറമുള്ള പകലുകള്‍. യുക്തി രഹിതമായ നടപടികള്‍ക്കെതിരെ ജാതിമത ഭേദമില്ലാതെ ഒരു ജനത മുഴുവന്‍ തെരുവിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ഇന്ത്യക്ക് ഈ പുസ്തകം നല്ലൊരു പ്രചോദനമാണ്. സമരക്കാലത്ത് വേണ്ടുവോളം ആര്‍ജിച്ചെടുക്കേണ്ട ആത്മവിശ്വാസമാണ് ഈ പുസ്തകം. ഷഹീന്‍ബാഗുകള്‍ക്കും സംഘടന പ്രധിഷേധങ്ങള്‍ക്കും നേരെ മുഖം ചുളിക്കുന്ന ഭരണവര്‍ഗത്തിനെതിരെ ശബ്ദവും മുഷ്ടിയും ഉയര്‍ത്താനാണ് അലിയുടെ അവസാന വാക്കുകള്‍ നമ്മോട് പറയുന്നത്. ഇന്നത്തെ വാര്‍ത്തകളാണ് നാളത്തെ ചരിത്രമായി മാറുന്നത്. അതിനാല്‍ ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടി നമുക്കിന്ന് വര്‍ത്തകളുണ്ടാക്കാം. പരമോന്നത നീതിപീഠത്തിലും വിശ്വാസ്യത നഷ്ടപ്പെട്ട് ആസാദി വിളിക്കുന്ന ഇന്ത്യന്‍ മണ്ണിന് സമാനമായ പതിപ്പിനാണ് മുല്ലപ്പൂവിപ്ലവത്തിലൂടെ അറേബ്യന്‍ നഗരം സാക്ഷിയായത്. കഴിഞ്ഞുപോയ പ്രത്യയശാസ്ത്രങ്ങളുടെ വീഴ്ചയും താഴ്ചയും കണ്ട് വേറിട്ടൊരു സമരപരിപാടിയുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ സമരപ്പന്തലുകള്‍ക്കാവട്ടെ അന്തിമവിജയം.

0 Comments