റബീഹ് എം.ടി വെങ്ങാട്

നമ്മുടെ കഷ്ടപ്പാടുകളൊന്നും ആരോടും പറയരുത്, മറ്റൊരാളോട് വീരവാദം പറയാന്‍ നമ്മുടെ ഞരക്കങ്ങള്‍ അവരുപയോഗിക്കും.'
ഇങ്ങനെ തുടങ്ങി വായനക്കാരന് നവത്വം തോന്നുന്ന രചനാശൈലി കൊണ്ട് സമൃദ്ധമാണ് നാരായണന്‍ മാഷുടെ കൃതികള്‍. അതുകൊണ്ട് തന്നെയാണ് വായനക്കാരന്‍ സ്ഥിരം കണ്ണട മാറ്റി വെച്ച് പുതിയതൊന്ന് വെച്ച് നോക്കേണ്ടി വരുമെന്ന് പറയുന്നത്

ഇത്രമാത്രം, ജീവിതത്തെക്കുറിച്ച് ഏറ്റവും കുറിയതായി കുറിക്കാവുന്ന ലോലമായ വാചകമാണ്. ജീവിതം ഇത്രയേ ഉള്ളൂ, ഇത്രത്തോളമുണ്ട് എന്നുമൊക്കെ മാറി മാറി വിവക്ഷിക്കാവുന്ന ഒരായുസ്സ് ഒളിഞ്ഞ് കിടക്കുന്ന വാചക ഘടനയാണത്.വ്യക്തികള്‍ക്കനുസരിച്ച് ജീവിതത്തെ നിരര്‍ത്ഥകമാക്കുകയും സാര്‍ത്ഥകമാക്കുകയും ചെയ്യുന്ന മരണം 'ഇത്രമാത്ര'ത്തിന്റെ ഓരോ വാക്യത്തിലുമുണ്ട്. മരണം ജീവിതത്തിനും ജീവിതം മരണത്തിനും ശ്രുതിയിടുന്ന ഈ കൃതിയില്‍ കുറഞ്ഞ വാക്കുകള്‍ കൊണ്ടേ പറയാവൂ...... പറയാനാവൂ.... എന്ന നീറ്റ്‌ഷേയന്‍ വിവേകമുണ്ട്.ഇത് വെറുമൊരു നോവലല്ല. മരണത്തിലൂടെ സഞ്ചരിക്കുന്ന ദാര്‍ശനികമായ നോവലാണ്. മരണത്തിലൂടെയുള്ള ഒരു ഡീപ്പ് മെഡിറ്റേഷന്‍.

മരണം ഒരു കനത്ത മൗനമാണ്, ജീവിച്ചിരിക്കുന്നവന്റെ കണ്ണില്‍ ഇരുട്ട് പരത്തുന്ന ഒരു പ്രതിഭാസമാണ് എന്നതില്‍ കവിഞ്ഞ് മരണം സൃഷ്ടിക്കുന്ന അപരാനുഭവങ്ങും അനുബന്ധ വികാരങ്ങളും ആരും ആലോചിക്കാറില്ല. മരണം സൃഷ്ടിക്കുന്ന അപരാനുഭവത്തിന്റെ രേഖപ്പെടുത്തലാണ് കല്‍പ്പറ്റ നാരായണന്റെ 'ഇത്രമാത്രം'. അച്ഛന്‍ മരണപ്പെട്ട മകന് ദുഃഖമാണെങ്കില്‍ അയല്‍വാസിക്ക് തന്റെ അച്ഛന്റെ വേര്‍പ്പാടുണ്ടാക്കിയ വികാരമെന്തെന്ന് സാഹിത്യം അധികം ചര്‍ച്ചിക്കാത്ത വിഭവമാണ്. മരണം സൃഷ്ടിക്കുന്നത് ഏകമാനമായ വികാര തലം മാത്രമല്ല വിരോധോക്തി എന്ന് പോലും പറഞ്ഞേക്കാവുന്ന സന്തോഷവും അതിനിടക്ക് വരുന്ന കനം കൂടിയതും കുറഞ്ഞതുമായ അനേകം വികാരങ്ങള്‍ 'ഇത്രമാത്രം' വായനക്കാരന്റെ ബോധമണ്ഡലത്തിലേക്ക് തുളച്ച് കയറ്റുകയാണ്. വിഷയങ്ങളെ മറ്റുള്ളവര്‍ കാണുന്നത് പോലെയല്ല കല്‍പറ്റ നാരായണന്‍ കാണുന്നത്. പാടി പതിഞ്ഞ പാട്ടുകള്‍ പാടാതിരിക്കാനുള്ള ശ്രമമാണ് അദ്ധേഹത്തിന്റേതെന്ന് വായനക്കാരന് എളുപ്പത്തില്‍ ബോധ്യമാവും. കല്‍പറ്റയെ വായിക്കുന്നവര്‍ ഒരു കണ്ണട കൂടി വെക്കേണ്ടി വരുമെന്ന് ചുരുക്കം.
'മരണമാണ് ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നത്' ഈയടുത്ത് നാരായണന്‍ മാഷെ നേരില്‍ കണ്ടപ്പോള്‍ കഥകളിലും, കവിതകളിലും, നോവലിലും മരണം മുഖ്യ പ്രമേയമായി നിഴലിച്ചു കാണാനുള്ള കാരണം ചോദിച്ചപ്പോള്‍ തന്ന ഉത്തരമാണിത്. മരണം മരിച്ചവന്റെ അനന്തരക്കാരില്‍ തീര്‍ക്കുന്ന ആഴവും പരപ്പും നിശ്ശബ്ദതയും മാത്രമേ പൊതുവില്‍ പ്രമേയമാവാറുള്ളൂ.... ആ വഴിയൊന്ന് മാറ്റി വെട്ടുകയാണ് കല്‍പ്പറ്റ നാരായണന്‍ 'ഇത്രമാത്ര'ത്തിലും ആശ്വാസത്തി'ലുമുടനീളം കല്‍പ്പറ്റ നാരായണന്‍ ചെയ്യുന്നത്.

'മറിയാമ്മച്ചേടത്തി ഇരുന്നിടം പതച്ചു തുടങ്ങി, നിന്നിടം വെന്ത് തുടങ്ങി'

'മറിയാമ്മച്ചേടത്തിക്ക് മരണം ചതിയായാണ് അനുഭവപ്പെട്ടത്'. അവരുടെ സ്വര്‍ണ്ണം സൂക്ഷിക്കാന്‍ സുമിത്രയെയാണ് ഏല്‍പ്പിച്ചിരുന്നത്, അവിചാരിതമായി അവള്‍ മരണമടഞ്ഞു. ഇതാണ് അവര്‍ക്ക് മരിച്ച് കിടക്കുന്ന സുമിത്രയുടെ ശരീരത്തോട് പോലും വെറുപ്പുണ്ടാവാന്‍ കാരണമായത്. ഇതു പോലെ മരണം അപരരില്‍ തീര്‍ക്കുന്ന വികാരങ്ങളുടെ ചേര്‍ത്തുവെപ്പാണ് 'ഇത്രമാത്രം' എന്ന നോവലിലും 'ആശ്വസം' എന്ന കവിതയിലും വിങ്ങി വീര്‍ക്കുന്നത്.

'അമ്മ മരിച്ചപ്പോള്‍ എനിക്കാശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സൈ്വരം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നത് വരെ തലതുവര്‍ത്തണ്ട
ആരും ഇഴവിടത്തി നോക്കില്ല.

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു'

ദുഃഖത്തിന്റെ ഉപ്പു കൊണ്ട് പുളിപ്പനുഭവപ്പെടുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിന് പകരം ആശ്വാസത്തിന്റെ നെടുവീര്‍പ്പയക്കുന്ന വാക്യങ്ങളാണ് മിക്കപ്പോഴും അദ്ധേഹം മരണത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. ഇത്രമേല്‍ ലളിതമായ ആഖ്യാനശൈലികൊണ്ട് അനുവാചകന്റെ ഹൃദയത്തില്‍ പുതു വായനയുടെ തുലാവര്‍ഷം പെയ്യിക്കുന്നത് തന്നെയാണ് കല്‍പ്പറ്റ നാരായണന്റെ ഏറ്റവും ഉത്കൃഷ്ടമായ വ്യതിരിക്തത.

'അയാളുടെ രാവിലത്തെ പതിവ് നടത്തത്തിനകം പ്രാതലിന്റെ പണി പൂര്‍ത്തിയാക്കി വെക്കാറുള്ള സുമിത്ര ഇന്ന് തന്റെ ജീവിതം പൂര്‍ത്തിയാക്കി വെച്ചു.'
'നമ്മുടെ കഷ്ടപ്പാടുകളൊന്നും ആരോടും പറയരുത്, മറ്റൊരാളോട് വീരവാദം പറയാന്‍ നമ്മുടെ ഞരക്കങ്ങള്‍ അവരുപയോഗിക്കും.'
ഇങ്ങനെ തുടങ്ങി വായനക്കാരന് നവത്വം തോന്നുന്ന രചനാശൈലി കൊണ്ട് സമൃദ്ധമാണ് നാരായണന്‍ മാഷുടെ കൃതികള്‍. അതുകൊണ്ട് തന്നെയാണ് വായനക്കാരന്‍ സ്ഥിരം കണ്ണട മാറ്റി വെച്ച് പുതിയതൊന്ന് വെച്ച് നോക്കേണ്ടി വരുമെന്ന് പറയുന്നത്.
സാധാരണ എഴുത്തുകാരന്‍ മരണ വീട്ടില്‍ പരന്ന് കിടക്കുന്ന നിലവിളിയും, ആള്‍ക്കൂട്ടത്തിനിടയിലെ നിശ്ശബ്ദതയും എഴുത്തിന്റെ പ്രമേയമാക്കുമ്പോള്‍ മരണ വീട് പ്രതീകങ്ങളുടെ വസതിയായാണ് മാഷ് കാണുന്നത്. മരണത്തിന്റെ ആഴത്തിലിറങ്ങി കണ്ണ് നനയാത്ത കുട്ടികള്‍ മരണവീടിന്റെ ഇറയത്തിരുന്ന് കൊത്തം കല്ലാടുമ്പോള്‍ ആ കല്ലുകളുടെ ചലനങ്ങള്‍ക്ക് പോലും ജീവിതത്തിന്റെ സംഗീതാത്മകതയും, മരണ വീട്ടില്‍ വെച്ച് നുണ പറയാനും, കടം കൊടുക്കാതിരിക്കാനും കഴിയാത്ത മനുഷ്യന്റെ മരണവീടിന്റെ പരിസരത്ത് നിലീനമായി കിടക്കുന്ന ബിംഭങ്ങളെയും വായനക്കാരന്റെ മനസ്സില്‍ കൊത്തി വെക്കുന്ന ശൈലി മലയാളത്തിന് പുതിയതാണ്.