ജദീര്‍ എം.കെ കൊല്ലം
ചരിത്രത്തിലെ ഇരുണ്ട കഥകളായിരുന്നു മുന്‍നോവലുകളുടെ പ്രമേയമെങ്കില്‍ വര്‍ത്തമാനകാലമാണ് പുതിയ നോവലില്‍ ടി.ഡി തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ, എവിടേക്കും രക്ഷപ്പെടാന്‍ കഴിയാതെ ജീവന്‍ കയ്യില്‍പ്പിടിച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാശ്മീരി മനുഷ്യരെക്കുറിച്ചാണ് ഈ നോവല്‍

ഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീറിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കുകയുണ്ടായി. പിന്നീട് നാം കണ്ടത് രാജ്യവ്യാപകമായ പ്രതിഷേധങ്ങളായിരുന്നു. ജമ്മു കാശ്മീരിനെ ഇന്ത്യയിലേക്ക് ചേര്‍ക്കുമ്പോഴുള്ള വാഗ്ദാനമായിരുന്ന ഈ പ്രത്യേക പദവി എടുത്ത് കളയുന്നതിലൂടെ സംഭവിക്കുന്നത് ഒരു ജനതയോടുള്ള വിശ്വാസവഞ്ചനയാണ്. ഇതിനെതിരെ പ്രതിഷേധസ്വരമുയര്‍ത്താനുള്ള സ്വാതന്ത്ര്യം പോലും അവര്‍ക്ക് നിശേധിക്കപ്പെടുകയാണുണ്ടായത്. മുന്നില്‍ നിന്ന് നയിച്ചിരുന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ശബ്ദമുയര്‍ത്തിയവരെയും മറ്റും തുറങ്കിലടച്ചു കൊണ്ടുള്ള സൈനിക നടപടയും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതായിരുന്നില്ല. എന്നും അക്രമങ്ങളുടെയും മറ്റും മുറിവ് പേറി നടന്ന ആ ജനതക്കുമേലേറ്റ ഒരു കനത്ത പ്രഹരമായി മാറിയിരിക്കുന്നു അത്.

ഈ ഒരു ചരിത്ര വിധിയുടെ മുമ്പത്തെ ദിവസമായ ഓഗസ്റ്റ് 4 ന്റെ പകലില്‍ നിന്ന് തുടങ്ങി ഈ വിധിയും അതിനെ ചുറ്റിപ്പറ്റി കാശ്മീര്‍ താഴ്‌വാരകളില്‍ ഉടലെടുത്ത സംഭവവികാസങ്ങളും ജനജീവിതവും വരച്ചുകാട്ടുന്ന ഒരു കൃതിയാണ് ടി.ഡി രാമകൃഷ്ണന്റെ 'അന്ധര്‍ ബധിരര്‍ മൂകര്‍'എന്ന നോവല്‍. ചരിത്രത്തിലെ ഇരുണ്ട കഥകളായിരുന്നു മുന്‍നോവലുകളുടെ പ്രമേയമെങ്കില്‍ വര്‍ത്തമാനകാലമാണ് പുതിയ നോവലില്‍ ടി.ഡി തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ, എവിടേക്കും രക്ഷപ്പെടാന്‍ കഴിയാതെ ജീവന്‍ കയ്യില്‍പ്പിടിച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാശ്മീരി മനുഷ്യരെക്കുറിച്ചാണ് ഈ നോവല്‍.
കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്.  ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു.  പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ 'അന്ധര്‍ ബധിരര്‍ മൂകര്‍' എന്നു മതിയെന്ന് അവള്‍   ഉറപ്പിച്ചുപറഞ്ഞു
സുഗന്ധിയെപ്പോലെ താരയെപ്പോലെ ഫാത്തിമ നിലോഫര്‍ വന്നു പറഞ്ഞു കൊടുത്ത ജീവിതം. പെല്ലെറ്റുകള്‍ കാഴ്ച നഷ്ടപ്പെടുത്തിയ മകന്റെയും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന മകളുടേയും പട്ടാളത്തിന്റെ അനീതികളുടെ ഇരയായ അമ്മയുടേയും സമാധാന പോരാളിയായി ഒരു സ്ത്രീ നയിച്ച 10 ദിവസങ്ങള്‍. യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണിതെന്ന് ഹൃസ്വമായി പരിചയപ്പെടുത്താം.

കാശ്മീരുകാരിയാണെന്ന് ഉറച്ച സ്വരത്തില്‍ പറയും, ജനിച്ചത് ശ്രീനഗറിലാണെന്നും. മാതാവ് നിലോഫര്‍ ഭട്ട്. പക്ഷെ പിതാവ്? ഫാത്തിമ നൈലൂഫിറിന് തന്റെ പിതാവ് ആരാണെന്നറിയില്ല. വിദ്യാര്‍ത്ഥിയായിരിക്കെ നിലൂഫര്‍ ഭട്ടിനെ ബലം പ്രയോഗിച്ച് കീഴടക്കിയ മൂന്നു പട്ടാളക്കാരില്‍ ആരോ. ഫാത്തിമയുടെ ഭര്‍ത്താവ് ഒരു നിര്‍ഭാഗ്യവാനായ തീവ്രവാദിയായിരുന്നു. തന്റെ സഹപ്രവര്‍ത്തകരാല്‍ തന്നെ കൊല്ലപ്പെട്ടു. രണ്ടു മക്കള്‍. മെഹറും യാസിനും. മെഹര്‍ മുതിര്‍ന്ന പെണ്‍കുട്ടിയാണ്. യാസിനു കണ്ണു കാണാനാവില്ല. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ പെല്ലറ്റ് കണ്ണില്‍ തറച്ചതാണ്.
വിദഗ്ധ ചികിത്സ കിട്ടിയിട്ടില്ല. കണ്ണ് മൂടിക്കെട്ടിവച്ചിരിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ ആ കൊച്ചു കുട്ടി ഒരു ജനതയുടെ പ്രതീകമാണ്. കാഴ്ച നിഷേധിക്കപ്പെട്ട, കേള്‍വി നിരോധിക്കപ്പെട്ട, സംസാരശേഷി ചോര്‍ത്തിയെടുക്കപ്പെട്ട ഒരു ജനതയുടെ പ്രതീകം.

കാശ്മീരി വുമണ്‍ ഫോര്‍ പീസ്(KWP)എന്ന അക്രമണത്താല്‍ വിധവകളാക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ സംഘടനയിലെ ഒരു സജീവ പ്രവര്‍ത്തകയായിരുന്നു ഫാത്തിമ. കാശ്മീരില്‍ 'അമന്‍' കൊണ്ടുവരാന്‍ തീവ്രവാദ പ്രവര്‍ത്തനം നിറുത്തിയേ സാധ്യമാവുകയുള്ളൂ എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഇനിയും ഒരു വിധവയും ഉണ്ടാവാതിരിക്കാന്‍. പക്ഷെ, താഴ്‌വാരകളിലെന്നും 'ആസാദി' വിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.'give power to women and say no to war' എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിടുമ്പോള്‍ ഫാത്തിമ പത്രപ്രസാധന ശാലയില്‍ തന്റെ ജോലി തിരക്കിനിടയിലായിരുന്നു. പെട്ടെന്ന് ഒരു പോലീസ് വാഹനം ഓഫീസിന്റെ മുന്നിലെത്തി. അവര്‍ വന്ന് പത്രത്തിന്റ എഡിറ്ററായ ജി.ആറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പിന്നെ ഫാത്തിമ കേള്‍ക്കുന്നത് ആരോ അയാളെ പട്ടണത്തില്‍ സൈനിക വ്യൂഹത്തിനരികെ കൊല്ലപെട്ട നിലയില്‍ കണ്ടു എന്നതാണ്. ശേഷം നോവലിന്റെ മറ്റൊരിടത്ത്, 'അധിനിവേശകരാല്‍ മാനഭംഗം ചെയ്യപ്പെട്ട താഴ്‌വരയുടെ കണ്ണുനീരു പോലെ, ത്ഡലം നദി തേങ്ങിത്തേങ്ങി ഒഴുകുന്നത് നിങ്ങള്‍ കാണുന്നില്ലേ' എന്നു തുടങ്ങുന്ന ജി.ആറിന്റെ കൊച്ചു എഡിറ്റോറിയല്‍, അത് എഴുതിയിരുന്നില്ലെങ്കില്‍ ജി.ആര്‍. ചിലപ്പോള്‍ ഇപ്പോഴും ജീവിക്കുമായിരുന്നു' എന്ന ഫാത്തിമ നിലോഫറിന്റെ ഏറ്റുപറച്ചില്‍ ഒരു ഞെട്ടലോടെയാണ് നാം കേള്‍ക്കുന്നത്.
നോവല്‍ എഴുതിത്തീര്‍ന്നശേഷം എന്റെ മനസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കൈയുമുയര്‍ത്തി, ''പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...'' എന്ന് കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു
അതിര്‍ത്തി കടന്ന് പാക്ക് അധീന കാശ്മീരിലെത്തിയാല്‍ മകന്‍ യാസിന്റെ കണ്ണിലെ പെല്ലെറ്റ് നീക്കി കാഴ്ച തിരിച്ച് കിട്ടാന്‍ മികച്ച ചികിത്സ നല്‍കാമെന്ന ഭര്‍ത്താവിന്റെ തീവ്രവാദ സംഘടനയുടെ വാഗ്ദാനം ഗതികേടില്ലാതെ സ്വീകരിച്ച് തങ്ങളുടെ നാടും വീടുമുപേക്ഷിച്ച് ഒരു തീവ്രവാദിയായ യുവാവിന്റെ കൂട്ടോടെ അവര്‍ നടത്തുന്ന യാത്രയാണ് വായനക്കാരുടെ മനസ്സുകളെ യഥാര്‍ത്ഥമായും പിടിച്ചുകുലുക്കുക എന്നതില്‍ സംശയമില്ല. ഉമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ഫാത്തിമ നിലോഫര്‍ നടത്തുന്ന ഈ പലായനം ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയൊരിടം തുറന്നിടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും കൂടുതല്‍സ്ത്രീവിരുദ്ധ നയം പുറത്തു കാട്ടുന്ന പ്രത്യയശാസ്ത്രം അത് ഫാസിസം തന്നെയാണെന്ന് ടി.ഡി യുടെ ഈ നോവല്‍ നമ്മോട് വിളിച്ചു പറയുന്നുണ്ട്. ഫാസിസത്തെ പ്രതിരോധിക്കുക എന്നത് സ്വയം രക്ഷപ്പെടുന്നതിനു വേണ്ടി മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ളതുകൂടിയാണ് എന്ന് ഫാത്തിമ നിലോഫര്‍ പറഞ്ഞു തരുന്നുണ്ട്. വഴിതെറ്റി താലിബാന്‍ ക്യാമ്പില്‍ അകപ്പെട്ടു പോയപ്പോള്‍, തന്റെ മകള്‍ മെഹറിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി തോക്കുചൂണ്ടി, താലിബാന്‍ നേതാവിനെ ഗണ്‍പോയിന്റില്‍ നിറുത്തിയ ഫാത്തിമ പക്ഷേ, ഇന്ത്യന്‍ മേജര്‍ മല്‍ഹോത്രയ്ക്കു മുന്നില്‍ കീഴ്‌പ്പെട്ടു പോകുന്നു.
നിലോഫര്‍ ഫാത്തിമയും ഇന്ന് രക്തസാക്ഷിയാണ്. ആ യുവതി, അല്ലെങ്കില്‍ ആ ഉമ്മ, ശുദ്ധ കശ്മീരുകാരി ഇന്ന് ഈ ലോകത്തില്ല. മകന്റെ ശസ്ത്രക്രിയ വേഗം നടത്താന്‍ അതിര്‍ത്തി കടന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. പക്ഷെ, ഇതൊന്നുമറിയാതെ മെഹറും അവളുടെ കൈ പിടിച്ച് യാസീനും അതിര്‍ത്തി കടക്കുന്നിടത്ത് വച്ച് നോവല്‍ അവസാനിക്കുന്നു.

ആമുഖത്തില്‍ ടി.ഡി രാമകൃഷ്ണന്‍ എഴുതിയത് ശ്രദ്ധേയമായ ഒരു 'അനുഭവ'മാണ്:
കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ 'അന്ധര്‍ ബധിരര്‍ മൂകര്‍' എന്നു മതിയെന്ന് അവള്‍ ഉറപ്പിച്ചുപറഞ്ഞു. നോവല്‍ എഴുതിത്തീര്‍ന്നശേഷം എന്റെ മനസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കൈയുമുയര്‍ത്തി, ''പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...'' എന്ന് കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.

ടി.ഡി എന്ന മാന്ത്രികന്‍ ചരിത്രത്തില്‍ നിന്ന് മറ്റൊരു മനുഷ്യാവകാശലംഘനത്തെക്കൂടി ഇവിടെ തുറന്നു കാട്ടുന്നു. ദശാബ്ദങ്ങളുടെ വിവിധ തരം വിമോചനപ്പോരാട്ടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ജനതയുടെ അതിജീവനത്തിന് വേണ്ടിയുള്ള അവസാന നെട്ടോട്ടം. അതിപ്പോഴും പൂര്‍ണമാവാതെ പോരാട്ടങ്ങളായിത്തന്നെ നമുക്ക് മുന്നില്‍ നില്‍ക്കുന്നു. അന്ന് ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ഥലം ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു നരകമാണ്

പരമകാരുണ്യവാനായ നാഥാ,
ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...