കെ പി പുറ്റെക്കാട്
കിഴക്കൻ ഡൽഹിയിലെ കലാപം കഴിഞ്ഞതിനു ശേഷം ഉള്ളിലെപ്പോഴുമൊരു പേടിയുണ്ട്. ഇനിക്ക് മാത്രമെല്ല. ഇവിടെ പലരുടെയും മുഖത്തുമുണ്ട്. സംസാരത്തിലുമുണ്ട്. ഒരു ദിവസം റൂമിന്റെ മോളിലുള്ള ആന്റി പറയുന്നത് കേട്ടു, രാത്രി ചെറിയ ശബ്ദം കേക്കുമ്പോ പോലും ഞെട്ടി എഴുന്നേല്ക്കുനെന്നു. ഓരെ മോൻ പുറത്ത്ക്ക് പോവുമ്പോ പതിവില്ലാത്ത രീതിയിൽ, എങ്ങോട്ട് പോവുന്നു? എപ്പോ വെരും? വേഗം വരണം എന്നൊക്കെ പറയുന്നത് കേക്കാം. പതിവില്ലാതെ ഓരോന്നു നടക്കുമ്പോ, ഇങ്ങനെ പതിവില്ലാത്ത പലതും ജീവിതത്തിന്റെ ഭാഗമാകും. അല്ലേ?!
ഇനിക്കും പേടിയില്ലേ? ഉണ്ട്. നാലോണമുണ്ട്. പതിവില്ലാതെ ഞാനും ഉറങ്ങുമ്പോ ഓളെ നാലോണം മുറുക്കി കെട്ടിപിടിച്ചാണ് കിടക്കുന്നതെന്നു വേവ് പറഞ്ഞു. ഉള്ളിൽ നല്ല പേടിയുണ്ട്. കഴിഞ്ഞ ഒരു ആഴ്ച നാട്ടിലായിരുന്നു. ഒരു ചൊവ്വാഴ്ച പോയി, അടുത്ത ചൊവ്വാഴ്ച തിരിച്ചു കേറി. തിരിച്ചു വന്ന് ഒന്ന് ഒറങ്ങി എണീറ്റപ്പോ, എല്ലാം ഒരു സ്വപ്നം പോലെ.
CAA വിരുദ്ധ സമരം തൊട്ട് ഡെൽഹിയിലായിരുന്നു. ജാമിഅ വിട്ട് അധികം പുറത്തുക്ക് തന്നെ പോയിട്ടുണ്ടായിരുന്നില്ല. പോയ സമയത്തൊക്കെ ഉള്ളിൽ ഭീതിയായിരുന്നു.
ജീവിതത്തിൽ ഒരിക്കലും തോന്നാത്തത്ര നിസ്സഹായനായ ഒരു കാലഘട്ടം വേറെയുണ്ടോ? സമയമുണ്ടോ? എന്തൊരു സമാധാനത്തിലായിരുന്നു ഞാൻ വെയ്നെരങ്ങളിൽ ജാമിഅയിലേക്ക് നടന്നിരുന്നത്. ഇവിടെ എല്ലാരും ജീവിച്ചിരുന്നത്. ആ ഹലാക്കിലെ നിയമം പാസ്സാക്കിയതിനു ശേഷം ഒരു സ്വസ്ഥതയുമില്ല. ആർക്ക്? ജാമിഅ നഗറിന്. ഈ നാട്ടിലെ മുസ്ലിംകൾക്ക്. ജനാധിപത്യ വിശ്വസികൾക്ക്. ഭരണഘടനാ പ്രേമികൾക്ക്.
ജാമിഅഃന്റെ അപ്പുറത്ത് ഒരു ഡെല്ഹിയുണ്ട്. അവിടെ എല്ലാം നോർമൽ ആണ്. ജാമിഅഃയുടെ കോമ്പൗണ്ട് കയിഞ്ഞ് ജൂലൈനയിൽ എത്തിയാൽ ആർക്കും ഒരു പ്രശ്നവുമില്ല. ജാമിഅക്ക് പുറത്ത് പോവുമ്പോ, പ്രശ്നം നമ്മുടേത് മാത്രം ആവുന്നു. ബാക്കി ആരെയും ഒന്നും ബാധിച്ചിട്ടില്ല. അപ്പോ തോന്നുന്ന ഒറ്റപ്പെടൽ. ഒറ്റപ്പെടുത്തൽ. അത് എത്രത്തോളം നാട്ടിലുള്ളവർക്ക് മനസിലാവുമെന്നറിയില്ല.
നാട്ടിൽ വന്നപ്പോ ഒരു ആശ്വാസമായിരുന്നു. കാണാൻ പറ്റുന്നൊരെയെല്ലാം കണ്ടു. എല്ലാം പഴേത് പോലെ തന്നെ. ഒരിക്കലും തോന്നാത്ത ഒരു സമാധാനവും. ഇങ്ങനത്തെ ഒരു സാഹചര്യത്തിൽ നിന്നും വന്നതു കൊണ്ടാവും അല്ലേ..! അറിയൂല.
ഒന്ന് രണ്ട് മാസം സമരം ചെയ്തിട്ടും ഇപ്പോഴും തുടർന്നു കൊണ്ട് പോയിട്ടും ഭരണത്തിൽ ഇരിക്കുന്നവര് ഒന്നും കേക്കുന്നില്ല. പറ്റുന്ന രീതിയിൽ ന്യായത്തിനു വേണ്ടി ശബ്ദമുയർത്തുന്നവരെ അക്രമിക്കുന്നുണ്ട്. അത്രമാത്രം. ആരോടാ ഞമ്മളെ വെഷമം പറയാ?! ഏതു പടച്ചോനാ എന്തെങ്കിലും ഒന്ന് ചെയ്യാ?! അറിയൂല. ആർക്കും വേണ്ടാത്ത പന്നിക്കാട്ടിലെ പന്നികളെ പോലെ കൊറേ ജീവിതങ്ങൾ. ഒരു വിലയുമില്ലാത്ത കൊറേ മനുഷ്യര്.. എന്താ ചെയ്യാ?! ആരോടാ പറയാ?!
എന്തൊക്കൊ പറയുന്നു? അല്ല. പറയാനുള്ളതാണ് പറയുന്നത്. ഒരുപാട് കാലമായി എന്തെല്ലും എഴുതിയിട്ട്. മനസിന് സ്വസ്ഥത ഇല്ലാതെ എങ്ങനെയാ എഴുതാ? ജീവന് തുല്യം സ്നേഹിക്കുന്ന ഇന്റെ ജാമിഅഃന്റെ ലൈബ്രറിയിൽ കേറി പോലീസ് കുട്ട്യേളെ അടിക്കുമ്പോ ഞാൻ എങ്ങനെ എഴുതും?! ഇനിക്ക് എഴുതാൻ പറ്റിയില്ല. ഒരുതരം മരവിപ്പായിരുന്നു. ആദ്യായിട്ടാവും. ഭരണകൂടത്തിന്റെ ഭീകരത ഇത്രക്ക് അടുത്ത് അറിയുന്നത്. അതുകൊണ്ടാവും. ഇനി ശീലമായിക്കോളും. ഇല്ലെങ്കില് ഓര് ശീലമാക്കിക്കോളും.
പറഞ്ഞു വന്നത് ഇന്നലെത്തെ കാര്യമാണ്. ഒച്ച കേട്ട് ഞാൻ ബാൽക്കണിയിൽ പോയി നോക്കിയപ്പോ ആള്ക്കാര് പരിഭ്രാന്തരായിരിക്കുകയാണ്. പലരും എന്തു ചെയ്യണം എന്നറിയാതെ പായുകയാണ്. അതിന്റെ ഇടയിലൂടെ ഞമ്മളെ അടിയിലെ അമ്മായി പാഞ്ഞു വെരുന്നുണ്ട്. നിലവിളിച്ചു കൊണ്ട്. "ജസോല വിഹാറിലെ ജനത ഫ്ലാറ്റിന്റെ സൈഡിൽ നിന്നും ആർ എസ് എസ് കാര് വടിയും വാളുമായി വെരുന്നുണ്ട്. വേഗം എല്ലാരും ഫ്ലാറ്റിനുള്ളില്ലേക്ക് കേറിക്കൊള്ളി.." അതും പറഞ്ഞ് മൂപ്പത്തി ഉള്ളിലേക്ക് കേറി. ഫ്ലാറ്റിന്റെ ഗേറ്റ് പൂട്ടി.
ഇന്റെ കയ്യും കാലും വിറച്ചു. വേവേ....വേം വാ.. കലാപകാരികൾ ഓഖ്‌ല വിഹാറിൽ എത്തി. അല്ലാഹ്... എന്താ ചെയ്യാ. വേഗം ഫോൺ എടുത്തു നോക്കി. ജാമിഅ ഗ്രൂപ്പിൽ മൊത്തം ഇത് തന്നെ ചർച്ച. സാക്കിർ നഗറിലും കേറിയിട്ടുണ്ട്. ഷാഹീൻ ബാഗിലും പ്രശ്നമുണ്ട്. സേജിന്റെ വാട്സാപ്പ് മിസ്സ് കോളും കൂടെ കണ്ടപ്പോ, ഞാൻ ഏകദേശം തീർന്നു. വേഗം ഓളെ തിരിച്ചു വിളിച്ചു. ഓളും ഓളെ പിജി യിലെ കുട്ടികളും പേടിയിലാണ്. ആകെ വിറക്കുന്നുണ്ട്. ഇന്നെ പോലെ തന്നെ. എല്ലാ ബാൽക്കണിയിലും ആള്ക്കാര് കൂടി. ചെക്കന്മാർ പോയി ഗല്ലിയുടെ വാതിൽ പൂട്ടാൻ നോക്കുന്നുണ്ട്. വേറെ കൊറേ ആള്ക്കാര് സ്വയം രക്ഷക്ക് കൊറച്ച് വടി ഒകെ സംഘടിപ്പിച്ചു കൊണ്ട് വന്നു. ചാവുന്നെങ്കിൽ ഒരടി കൊടുത്തിട്ട് ചാവാമെല്ലോ..!
ഗ്രൂപ്പിൽ പല ഭാഗത്തും പ്രശ്നം നടക്കുന്നതായും. ആള്ക്കാര് കടകൾ അടക്കുന്നതായും. നാട്ടുകാര് പരിഭ്രാന്തരായി ഓടുന്നതായും മെസ്സേജുകൾ വെരുന്നുണ്ട്. ഏകദേശം എല്ലും തീരമെന്നു തോന്നിയ കൊറച്ച് നേരം. വേവും ഞാനും ബാൽക്കണിയിൽ നിന്ന് ഓരോ ചെങ്ങായിമാർക്കും ഫോൺ ചെയ്ത് കൊണ്ടിരുന്നു. ഞാൻ വിറച്ചു കൊണ്ടേയിരിക്കാണ്. കലാപകാരികൾ വരാൻ സാധ്യതയുള്ള ഭാഗത്തേക്ക് നോക്കി നിക്കുമ്പോഴാണ്, പള്ളിയിൽ നിന്നും ഇമാമിന്റെ അറീപ് വരുന്നത്.
"വെറുതെ ആരും ബേജാറ് ആവേണ്ട കാര്യമില്ല. തെറ്റായ വാർത്തയാണ്. ഇവിടെ എല്ലാം ഒക്കെയാണ്..!"
കൂടി നിന്നവർക്ക് ആശ്വാസം. പലരും എന്തൊക്കൊ പറഞ്ഞ് ചിരിക്കുന്നു. ചിലര് ജീവൻ തിരിച്ചു കിട്ടിയതിൽ നല്ലം പോലെ ശ്വാസം എടുക്കുന്നു. ഹാവൂ.. കഴിച്ചിലായി..!
എത്ര പെട്ടെന്നാണ് ഇല്ലാത്തയൊരു ന്യൂസ് പരന്നത്. ആള്ക്കാര് വേജാറായത്. ഇത് കഴിഞ്ഞ ഒരാഴ്ച്ചയായി ഇവിടെ എല്ലാരും പ്രതീക്ഷിച്ചിരുന്നയൊരു വാർത്ത ആയതോണ്ടാണോ ഇങ്ങനെ പരന്നത്? എപ്പോ വേണമെങ്കിലും, കലാപം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു ജനത..! ഇതാണ് ഇന്നത്തെ ഡൽഹിയിലെ മുസ്ലിംങ്ങളുടെ അവസ്ഥ. ഇതാണ് ഇന്ന്, ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ നിലവാരം.
കിഴക്കൻ ഡൽഹിയിലെ ആള്ക്കാര് ശെരിക്കും അനുഭവിച്ചത് ഒരു അൽപ്പ നേരത്തേക്കാണെങ്കിൽ പോലും ഇന്നലെ ഞമ്മളെ ഉള്ളിലൂടെയും പാഞ്ഞു പോയി. ഇതിലും ഇത്ര മടങ്ങ് അനുഭവിച്ചു കാണും ഓരെല്ലാരും. ആലോയിക്കാൻ വെയ്യ.. പടച്ചോനെ ഇയ്യെനെ തുണ..!
Riots are the new normal..!

0 Comments