അമൃത് ജി കുമാര്‍

രാവിലെ വീട്ടുമുറ്റത്ത് വീണുകിടക്കുന്ന പത്രം എടുക്കാൻ കുനിഞ്ഞപ്പോൾ ഒരു പേടി. ഇനി പത്രത്തിലെങ്ങാനും കൊറോണ വയറസ് പറ്റിപിടിച്ചിട്ടുണ്ടാവുമോ?  എത്ര പേരുടെ കൈ മറിഞ്ഞു വരുന്ന സാധനമാണ്. അപ്പോൾ ഈ 'വാർത്തകൾ',  ക്ഷമിക്കണം ' അറിവുകൾ '( ഇപ്പോൾ അങ്ങനെയാണ് പറയേണ്ടത് ) നമുക്കെത്തിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന പത്ര പ്രവർത്തകരോ?  അവരുടെ കൊറോണ കാലത്തെ ത്യാഗം നാം വേണ്ടവിധം കണ്ടുവോ? ഭയപ്പെടുത്തുന്നു എന്ന വിമര്ശനത്തിന്റെയും പ്രബുദ്ധരാക്കുക എന്ന കർത്തവ്യത്തിന്റെയും നൂലിഴ അകലങ്ങളിൽ അവരനുഭവിക്കുന്ന മാധ്യമ പേറ്റുനോവ് നാം കാണാതെ പോകുന്നുണ്ടോ? കാസറഗോഡ് ഒരു പ്രാദേശിക വാർത്ത ലേഖകൻചില കാര്യങ്ങൾ പറയുമ്പോൾ  കരഞ്ഞുപോകുന്നത് സമൂഹ മാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. സുഹൃത്തായ ഏഷ്യാനെറ്റ്‌ ലേഖകൻ മുജീബ് റഹ്മാനെ പെട്ടെന്നോർമ്മ വന്നു. മുജീബ് അടക്കം എത്രയോ മാധ്യമപ്രവർത്തകർ നമ്മിലേക്ക്‌ വിവരങ്ങൾ എത്തിക്കുന്നതിന് വേണ്ടി ഇടതടവില്ലാതെ പ്രവർത്തിക്കുന്നുണ്ടാവും.   രോഗഭയവും വൈകാരികതയും ഒക്കെ മറന്നുകൊണ്ടാണ് അവർ ഇപ്പോൾ പ്രവർത്തിക്കുന്നത്.

 ജാത്യാധിഷ്ഠിത അൺടച്ചബിലിറ്റിയിൽ നിന്നും ശാസ്ത്രാധിഷ്ഠിത  അൺടച്ചബിലിറ്റിയിലാണ് നാമിപ്പോൾ. ഇനി ഈ രോഗം സമൂഹമനഃസാക്ഷിയിൽ  ഉണ്ടാക്കുന്ന എല്ലാ മുറിവുകൾക്കും ഉള്ള ലേപനങ്ങൾക്കും നാം വലിയൊരളവുവരെ ആശ്രയിക്കേണ്ടത് അവരെയാണ്.

ആരോഗ്യ പ്രവത്തകർക്കും കൊറോണ പ്രതിരോധവുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവരെയും ഓർക്കുകയും കയ്യടിച്ചും മറ്റും  പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഉചിതമായ നടപടിയായി. ഇവരെയും കൂടെ സ്മരിക്കേണ്ടതുണ്ട്, സ്വാർത്ഥതയും രോഗഭയവും മറന്ന്  അറിവിന്റെ ദൂതുമായെത്തുന്ന മാധ്യമപ്രവർത്തകരെ. ബിഗ് സല്യൂട്.