ശുഐബുല്‍ ഹൈത്തമി

മരണത്തിന്റെ എണ്ണക്കണക്ക് കാട്ടി മനുഷ്യരെ പേടിപ്പിക്കുന്ന സാമൂഹിക പ്രവര്‍ത്തകരേ, നിങ്ങള്‍ ഒന്ന് മാറി നില്‍ക്കുമോ! മനുഷ്യന് അറിയാനുള്ള അവകാശം മാത്രമല്ല, അറിയാതിരിക്കാനുമുണ്ട് അവകാശം.
കൊറോണയുടെ ഗൗരവം കുറച്ചു കാണുന്നതല്ല ഇത്. മറ്റൊന്നിനോട് താരതമ്യം ചെയ്യാതെയും ചെയ്തിട്ടും ഭീകരം തന്നെയാണ് കൊറോണ. പ്രത്യേകിച്ച്, സാധാ പനിയില്‍ നിന്ന് കൊറോണ വ്യത്യസ്തമാകുന്നത് അതിന്റെ Incubation Period ലെ വ്യത്യാസമാണ് എന്നതിനാലാണ്
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാല് ദിവസം മുമ്പ് പുറത്തിറക്കിയ ജാഗരണചട്ടത്തിലെ മരണഗണനാ നിഗമനം കാണിച്ച് അനാവശ്യ ബേജാറ് സൃഷ്ടിക്കുന്നത് സാധാരണക്കാരില്‍ മോഹഭംഗം വരുത്താനാണ് കൂടുതല്‍ ഇടയാവുക.

മലയാളം സംസാരിക്കുന്ന 64 ലക്ഷം പേരെ കൊറോണ കൊണ്ടുപോയേക്കാം എന്ന കണക്കില്‍ കണ്ണുടക്കിപ്പോയവര്‍ വേറെ ചില കണക്കുകള്‍ കൂടി അറിയുന്നത് നന്നാവും.
ഒരു വര്‍ഷം 65 ലക്ഷത്തിലധികം പേര്‍ ലോകത്ത് ക്യാന്‍സര്‍ ബാധിതരാവുന്നുണ്ട്. അതില്‍ പന്ത്രണ്ട് ലക്ഷം കൊറോണ വരിഞ്ഞ് മുറുക്കുന്ന അതേ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സറാണ്. ഹൃദ്രോഗത്തിന്റെ കണക്ക് ഒട്ടും കുറവല്ല. അവകള്‍ പകര്‍ച്ച വ്യാധികള്‍ അല്ല എന്നത് വാക്കാല്‍ ശരിയാണ്. പക്ഷെ, വായുവും വെള്ളവും ഭക്ഷണവും മലിനമായ കാലത്ത് പകര്‍ച്ചവ്യാധി എന്നതിന്റെ അര്‍ത്ഥം ആദ്യത്തെ അര്‍ത്ഥം മാത്രമല്ല.
നമ്മുടേതല്ലാത്ത കാരണത്താല്‍ നമ്മുടെ ശരീരത്തില്‍ രോഗാണുക്കള്‍ പ്രവര്‍ത്തിക്കുന്നതാണ് പകര്‍ച്ച എങ്കില്‍ വ്യാഖ്യാനങ്ങള്‍ക്ക് പുതിയ ആഖ്യാനങ്ങള്‍ ഉണ്ടായേപറ്റൂ.

ഇനി, യഥാര്‍ത്ഥത്തില്‍ തന്നെ പകര്‍ച്ചവ്യാധികള്‍ എന്ന ക്യാറ്റഗറിയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയ രോഗങ്ങളുടെ ആധുനികവസ്ഥയിലൂടെ ഒന്ന് സഞ്ചരിക്കാം. വസൂരി (Small pox), മഞ്ഞപ്പനി (yellow fever), പ്ലേഗ് (Plague), കോളറ (cholera), മലമ്പനി (Malaria), ക്ഷയം ( Tuberculosis ), സ്പാനിഷ്ഫ്‌ലൂ, ചിക്കുന്‍ ഗുനിയ (Chickungunia), ഏഷ്യന്‍ഫ്‌ളൂ, ഹോങ്കോങ്ങ് ഫ്‌ളൂ, എബോള (Abola ), HIV ,കുഷ്ഠരോഗം ( Leprsoy), ജപ്പാന്‍ജ്വരം, എലിപ്പനി (Ieptospirosis ), പോളിയോ, പേവിഷം (Rabies), പക്ഷിപ്പനി (Avian f-lue), നിപാ വൈറസ് (Nipah), സാര്‍സ് (Sars), ഭ്രാന്തിപ്പശു രോഗം (Mad caw desies), ഡെങ്കിപ്പനി (Dangue fever) എന്നിവയാണവ. ഇവയില്‍ ഇന്ന് ഭൂമിയില്‍ ഒട്ടുമില്ല എന്നുറപ്പിക്കപ്പെട്ട പ്ലേഗ്, വസൂരി എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി പലതും ദിനംപ്രതി ആളുകളെ അവസാനിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇവയില്‍ രണ്ട് രാജ്യങ്ങളില്‍ ഒരേ സമയം ആള്‍ഹാനി വരുത്തുന്ന Epidamic ആഗോളമാരി Pandemic ആയി ഗൗരവവല്‍ക്കരിക്കപ്പെടുന്നു. കൊറോണക്ക് മുമ്പ് എച്ച് വണ്‍ എച്ച് വണ്‍ എന്ന പന്നിപ്പനി ആ പദവിയിലെത്തി വിനാശം വിതച്ചു വരികയായിരുന്നു.

മലയാളികള്‍ക്ക് നല്ലപരിചയമുള്ള ക്ഷയരോഗത്തിനുമുണ്ട് കണക്ക്. ഒരു സെക്കന്റില്‍ ഒരാള്‍ക്കെന്ന തോതിലാണ് ഇതിന്റെ വ്യാപനം. ഒരു വര്‍ഷം എണ്‍പത് ലക്ഷം പേര്‍ക്ക് പിടിപെടുന്ന ഈ പകര്‍ച്ച വ്യാധികാരണം കൊല്ലന്തോറും 20 ലക്ഷം പേര്‍ മരണമടയുന്നുണ്ട്. പക്ഷെ, ക്ഷയരോഗികളുടെ റൂട്ട് മാപ്പ് സ്‌ക്രീന്‍ ചെയ്യപ്പെടാത്തതിനാല്‍ അവരുടെ കുരയും കരച്ചിലും ആരുമറിയാറില്ല എന്ന് മാത്രം. കേരളത്തില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന മലമ്പനി ഒരു വര്‍ഷത്തില്‍ 50 കോടി ജനങ്ങളെ ബാധിക്കുന്നുണ്ട്. പത്ത് ലക്ഷം മുതല്‍ മുപ്പത് ലക്ഷം വരെ പേര്‍ മരണമടയുന്നു.

കൊറോണയുടെ ഗൗരവം കുറച്ചു കാണുന്നതല്ല ഇത്. മറ്റൊന്നിനോട് താരതമ്യം ചെയ്യാതെയും ചെയ്തിട്ടും ഭീകരം തന്നെയാണ് കൊറോണ. പ്രത്യേകിച്ച്, സാധാ പനിയില്‍ നിന്ന് കൊറോണ വ്യത്യസ്തമാകുന്നത് അതിന്റെ Incubation Period ലെ വ്യത്യാസമാണ് എന്നതിനാലാണ്. സാധാ പനിയുടെ വൈറസിന്റെ Incubation Period ഒന്നു മുതല്‍ നാല് വരെ ദിവസങ്ങളാണ്. അതിനുള്ളില്‍ തന്നെ രോഗിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. പക്ഷെ, കൊറോണ വൈറസിന്റെ Incubation Period മാക്‌സിമം 14 ദിവസമാണ്. അതായത് വൈറസ് ബാധിച്ച വ്യക്തിയില്‍ ഈ കാലയളവില്‍ രോഗലക്ഷണങ്ങളൊന്നും കാണുകയില്ലെങ്കിലും അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അത് പകര്‍ന്നുകൊണ്ടേയിരിക്കും എന്ന് വിദഗ്ധര്‍ പറയുന്നു. പക്ഷെ അതി വ്യാപന തീവ്രമാണെങ്കിലും കൊറോണ വിനാശത്തില്‍ മിതതീവ്രമാണ് എന്നത് ആശ്വാസകരമാണ്.

ഇനി എന്തു തന്നെയായാലും മരണസാധ്യത പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്ന രീതി ശരിയല്ല.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ചൈനയെയും ഇറ്റലിയെയും മാറ്റി നിര്‍ത്തിയാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്ത് കൂടുതല്‍ പേരെ നിശ്വാസരാക്കിയ പകര്‍ച്ചവ്യാധി കൊറോണയാണ് എന്നാര്‍ക്ക് പറയാന്‍ പറ്റും. കൊറോണയെ കുറിച്ച് മാത്രം നാം സംസാരിക്കുന്ന ഇതേ മണിക്കൂറുകളില്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ മറ്റു എപിഡമിക്കുകള്‍ ബാധിച്ച എത്ര പേര്‍ ഞെരങ്ങുന്നുണ്ടാവുമെന്ന് ആരോര്‍ക്കുന്നു!

പതിനാല് ദിവസങ്ങള്‍ക്ക് ശേഷം വരുന്ന രണ്ടാം സ്‌റ്റേജ് ഭീഷണം തന്നെ. പക്ഷെ, ചൈനയും ഇറ്റലിയും പകച്ച് പോയെങ്കില്‍ തായ്‌ലാണ്ടും മലേഷ്യയും പിടിച്ചു നിന്നും എന്നതും കൂടി ശ്രദ്ദിക്കണം. നാട്ടിലാകെ ഭയചകിതമായ മനോനിലം പണിതൊരുക്കി കൊറോണക്ക് കയറി മേയാന്‍ ആധ്യാത്മിക ബോധത്തെ തല്ലിക്കെടുത്താന്‍ ജീവിതം നേര്‍ച്ചയാക്കിയ ഭൗതികമാത്രവാദികളുടെ സഹകളത്രന്മാരായി വരും ഈ കണക്ക് കാണിച്ച് കണ്ണുരുട്ടുന്ന ഭീതിവ്യവസായികള്‍. കരുതലും കാവലും ഒരുക്കാന്‍ പറയുന്ന ഭാഷക്ക് അതിന്റെ വേണം ഭാവം.

കൊറോണ 64 ലക്ഷം മലയാളികള്‍ക്ക് ബാധിക്കാം, ശരിയാണ്. പക്ഷെ അത് ഒരു മാസത്തിനോ വര്‍ഷത്തിനോ ഇടയിലെ കണക്കല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്നോട്ട് നോക്കിയാല്‍ മറ്റ് സാംക്രമിക രോഗങ്ങള്‍ പിടികൂടി മരണപ്പെട്ട കോടിക്കണക്കിന് മലയാളികള്‍ ഉണ്ടാവും. ഒരു രോഗവുമാല്ലാതെ മരണപ്പെട്ട കോടാനുക്കോടി മലയാളികളും. പകര്‍ച്ച വ്യാധികള്‍ നേരിട്ട് ആളുകളെ കൊല്ലുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ടാവുക അത് മൂലം ഉടലെടുത്ത സാമൂഹിക അവക്രമങ്ങള്‍ അപഹരിച്ച ജീവനകളായിരിക്കും.

ചുരുക്കത്തില്‍, നാം ജനങ്ങള്‍ നല്ല ജാഗ്രതയിലാണ്. സര്‍ക്കാര്‍ സാമാന്യ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അപ്പോള്‍ ആകെ മരിച്ചേക്കാവുന്ന ആളുകളുടെ കണക്ക് കാട്ടി ആ അക്കത്തിന് ആക്കം കൂട്ടലല്ല, അതിജയനത്തിന്റെ കഥകള്‍ പറഞ്ഞ് ഉല്‍ക്കര്‍ഷ പ്രവാഹം സൃഷ്ടിക്കുകയാണ് വേണ്ടത്. ഓരോ ഘട്ടത്തിലും എന്തുതരം പിന്‍വലിയലുകള്‍ നടത്തിയാണ് ജീവന്‍ കാക്കേണ്ടത് എന്നും ആളുകള്‍ക്കറിയാം. പടച്ചവന്‍ തുണച്ചിട്ട് ഇത് വരെ കേരളത്തില്‍ അത്രയിരുണ്ട കാര്‍മേഘം ഉരുണ്ടുകൂടിയിട്ടില്ല.
അകലം പാലിച്ച് ഒരുമ നിലനിര്‍ത്തി നാം മുന്നേറും ,പ്രയത്‌നവും പ്രാര്‍ത്ഥനയും കൂടെ നിര്‍ത്തിക്കൊണ്ട്.

തീര്‍പ്പിനൊരു കാര്യം പറയട്ടെ, പള്ളിയും കൂട്ടാരാധനയും പൂട്ടിയിടേണ്ട സാഹചര്യമൊന്നും നിലവിലില്ല. ഇനി, അങ്ങനെയൊരു സാഹചര്യം വന്നാലും ജുമുഅ:കള്‍ നിര്‍ത്തിവെക്കുക എന്നൊന്നില്ല, വ്യക്തിപരമായി ബാധിക്കുന്ന മതവിധികള്‍ കാരണം ആളുകള്‍ പങ്കെടുക്കാതിരിക്കുന്നതിനാല്‍ അവ നിലച്ച് പോവുക, നിന്ന് പോവുക എന്നല്ലാതെ. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.