മുഹ്‌സിന്‍ ഷംനാദ് പാലാഴി
അകക്കണ്ണിലൂടെയാണ് ഫീഹി മാ ഫീഹി ഓരോ വിഷയങ്ങളേയും നോക്കി കാണുന്നത്. പണ്ഡിതന്മാരെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ആദ്യ അധ്യായം തുടങ്ങുന്നത്. ഒരു യഥാര്‍ത്ഥ പണ്ഡിതന്റെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും റൂമി മനോഹരമായി അവതരിപ്പിക്കുന്നു.ശംസ് തബ് രീസ് എന്ന ആത്മീയ ഗുരുവാണ് റൂമിയുടെ ഹൃത്തടത്തില്‍ ഒളിഞ്ഞിരുന്ന കാവ്യ മനസ്സിനെ വിളിച്ചുണര്‍ത്തിയത് എന്ന് പറയപ്പെടുന്നു. ശംസെ തബ്‌രിസിയുടെ വേദനജനകമായ തിരോധാനമായിരുന്നു ജലാലുദ്ദീന്‍ റൂമിയെ നാല്‍പതിനായിരം കാവ്യശകലങ്ങളുള്ള ദിവാനെ ശംസ് തബ്‌രീസ് എന്ന ആത്മീയാനന്ദം മുറ്റി നില്‍ക്കുന്ന കവിതാ സമാഹാരത്തിലേക്ക് വഴി നടത്തിയത്. ശംസ് തബ്്‌രീസില്‍ നിന്നും ലഭിച്ച ആത്മീയ വെളിച്ചം കെട്ടു പോവാതെ തന്റെ ശിഷ്യന്മാര്‍ക്ക് റൂമി വഴികാട്ടി. കാവ്യ നൗകയില്‍ കയറ്റി ആത്മീയ ലോകത്തെ യഥാര്‍ത്ഥ ഉണ്‍മയിലേക്ക് ജലാലുദ്ദീന്‍ റൂമി അവരെ തുഴഞ്ഞു. ആ യാത്രയില്‍ ഉറവപൊട്ടിയ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന റൂമിയുടെ കവിതകള്‍ നിരവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇന്നും വിധേയമായിക്കൊണ്ടിരിക്കുന്നു.
പാശ്ചാത്യ ലോകത്ത് പോലും ഏറെ സ്വാധീനിക്കപ്പെട്ട വ്യക്തിയായി ജലാലുദ്ദീന്‍ റൂമി മാറി. റൂമിയുടെ കവിതകള്‍ക്ക് അവിടെ വലിയ പ്രചാരം ലഭിക്കുന്നു. എങ്കിലും പടിഞ്ഞാറില്‍ സുലഭമായ റൂമി വിവര്‍ത്തനങ്ങള്‍ അദ്ദേഹം ഒരു മുസ്ലിമായിരുന്നു എന്ന കാര്യവും കൃതികളിലെ ആത്മീയസാരവും മനപ്പൂര്‍വ്വം മറച്ച് വെച്ചു. റൂമിയുടെ ജീവിതവും അദ്ദേഹത്തിന്റെ കവിതകളും രചനകളുമൊക്കെ പാശ്ചാത്യ മൂല്ല്യബോധനങ്ങളുടെ കണ്ണിലൂടെയാണഅ ഭൂരിപക്ഷം അക്കാദമിക പഠനങ്ങള്‍ പോലും വീക്ഷിക്കുന്നത്. പലപ്പോഴും റൂമിയുടെ കവിതകളിലൊളിഞ്ഞ് കിടക്കുന്ന അധ്യാത്മിക ദര്‍ശനങ്ങളെ കാണാതെ പോകുന്നത് അത്‌കൊണ്ടാണ്. മൗലാന ജലാലുദ്ദീന്‍ റൂമിയുടെ കാവ്യാവിഷ്‌കാരങ്ങളുടെയും ദാര്‍ശനികതയുടെയും പ്രചോദനം വിശുദ്ധ ഖുര്‍ആനാണെന്നത് മുഖ്യധാരയില്‍ പറയപ്പെടാതെയും അറിയപ്പെടാതെയും പോകുന്നു.
റൂമിയെ കുറിച്ച് ഇത്രയും ആലോചിച്ചത് അദ്ദേഹത്തിന്റെ ഫീഹി മാ ഫീഹി എന്ന പുസ്തകം വായിച്ച് കഴിഞ്ഞപ്പോഴാണ്.
ജലാലുദ്ദീന്‍ റൂമിയുടെ പ്രസിദ്ധമായ ഗദ്യ കൃതിയാണ് ഫീ ഹി മാഫീഹി. അതിലുള്ളത് അതിലുണ്ട് / അവനിലുള്ളത്് അവനിലുണ്ട് എന്നതാണ് ഇതിന്റെ വാക്കര്‍ത്ഥം. ജലാലുദ്ദീന്‍ റൂമിയുടെ പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ ശിഷ്യന്മാര്‍ എഴുതി ക്രോഡീകരിച്ചതിന്റെ ഗ്രന്ഥാവിഷ്‌ക്കാരമാണ് ഇത്.
ജലാലുദ്ദീന്‍ റൂമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തിച്ചേരാറുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. സാധാരണക്കാരയ ജനങ്ങളെ അഭിസംബോധനം ചെയ്ത പ്രഭാഷണങ്ങളായതിനാല്‍ ആശയ സംഘര്‍ഷങ്ങളോ ദുര്‍ഗ്രാഹ്യ ക്ലേശമോ വായനക്കാര്‍ക്ക് ഫീഹി മാ ഫീഹിയില്‍ അനുഭവപ്പെടുന്നില്ല. മസ്‌നവി, ദിവാനെ ശംസ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ കാവ്യ സ്വഭാവമുള്ളതിനാല്‍ ആ വായനകള്‍ ചിലര്‍്ക്ക് സങ്കീര്‍ണ്ണമായേക്കാം. അതിനാല്‍ റൂമിയുടെ മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് ഫീഹി മാ ഫീഹിയെ മാറ്റി നിര്‍ത്തുന്നത് അതിന്റെ സരളതയാണ്. ആത്മീയ ജ്ഞാനത്തിലേക്ക് വായനക്കാരന് വെളിച്ചം വീശുന്നതാണ് ഇതിലെ ഒരോ വാക്കുകളും. ഉപമകളും കഥകളും ദര്‍ശനങ്ങളും കടന്ന് വരുന്ന റൂമിയുടെ ഭാഷണങ്ങള്‍ ആത്മീയാനന്ദത്തിന്റെ തെളിനീരായി ജനഹൃദയങ്ങളിലേക്ക് വേഗം ആഴ്ന്നിറങ്ങുന്നതാണ്. സാമ്പ്രദായിക ലേഖനങ്ങളുടെ വിഷയ കേന്ദ്രീകൃതമായ സമഗ്രാവതരണ ശൈലി ഫീഹി മാ ഫീഹിയില്‍ കാണാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഒരു വിഷയത്തില്‍ നിന്ന് പറഞ്ഞ് തുടങ്ങുന്ന റൂമിയുടെ ഭാഷണം ഗുരുശിഷ്യ ബന്ധം, സ്‌നേഹം, സമാധാനം, സൗഹൃദം തുടങ്ങിയ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലൂടെ ഒഴുകി ഒടുവില്‍ ദിവ്യാനുരാഗ സാഗരത്തില്‍ വന്ന് ചേരുന്നു.
അകക്കണ്ണിലൂടെയാണ് ഫീഹി മാ ഫീഹി ഓരോ വിഷയങ്ങളേയും നോക്കി കാണുന്നത്. പണ്ഡിതന്മാരെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ആദ്യ അധ്യായം തുടങ്ങുന്നത്. ഒരു യഥാര്‍ത്ഥ പണ്ഡിതന്റെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും റൂമി മനോഹരമായി അവതരിപ്പിക്കുന്നു. ' ആദ്യാന്തം സത്യാന്വേഷണത്തിനായി അറിവ് തേടുന്ന പണ്ഡിതര്‍ ദൈവ നിയന്ത്രണത്തിനും മാര്‍ഗദര്‍ശനത്തിനും സ്വയം വിധേയപ്പെട്ടവരാണ്. അവര്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന സത്യത്തില്‍ നിന്നാണ് അവരുടെ വാക്കുകളും കര്‍മങ്ങളഉം ഉയിര്‍കൊള്ളുന്നത്. മറിച്ചൊരു ജീവിതം അവര്‍ക്ക് സാധ്യമല്ല. മീനുകള്‍ക്ക് വെള്ളത്തിലേ വളരാനാവൂ എന്നത് പോല '.
സ്‌നേഹിക്കപ്പെടുന്നവന്‍ ഭംഗിയുള്ളവനാകുന്നു. എന്നാല്‍, ഭംഗിയുള്ളവരെല്ലാം സ്‌നേഹിക്കപ്പെടുന്നു എന്ന് ഇതിനര്‍ഥമില്ല. സ്‌നേഹിക്കപ്പെടുന്നതിന്റെ ഒരംശം മത്രമാകുന്നു ഭംഗി. സ്‌നേഹിക്ക്‌പ്പെടുന്നു എന്നതാണ് അടിസ്ഥാനം. ഏതൊന്നിന്റെയും അംശം അതിന്റെ സാകല്യത്തില്‍ നിന്നും വേര്‍പെട്ട ഒന്നല്ല.ലൗകിക ജീവിതം ഒരു മായയാണെന്നും ശാശ്വതമായ ജീവിതം അലൗകികമാണെന്നും റൂമി ഇടക്കിടക്ക് ഉണര്‍ത്തുന്നു. കാവ്യാത്മകമായ ഭിംഭങ്ങളിലൂടെയും ഉപമകളിലൂടെയുമാണ് ഇത് റൂമി വിവരിക്കുന്നത്്. ' സമുദ്രത്തിലെത്തിയിട്ട് ഒരു കപ്പുവെള്ളം മാത്രമെടുത്ത് മടങ്ങുന്നത് കഷ്ടമാണ്. മുത്തും പവിഴവും ധാരാളമുള്ള കടലില്‍ നിന്നും ഒരു കപ്പുവെള്ളമെടുക്കുന്നതില്‍ ബുദ്ധിമാന്മാര്‍ക്ക് അഭിമാനിക്കാനെന്തുണ്ട്. യഥാര്‍ത്ഥ സമുദ്രത്തിനു മീതെയുള്ള നുര മാത്രമാകുന്നു ഈ ലോകം '. ' കപ്പലില്‍ നിന്നെറിഞ്ഞ പാഴ് വസ്തുക്കള്‍ക്കൊപ്പം ഒഴുകി നീങ്ങുന്ന നുര മാത്രമാണ് ലോകം. കണ്‍മുന്നില്‍ തിളങ്ങുന്ന ഒരു കള്ള നാണയം മാത്രം '. ഇത് പോലെ വിശാലമായ വിശദീകരണങ്ങള്‍ക്ക് പകരം കവിത ശകലങ്ങളും ഉപമകങ്ങളും റൂമി കൊണ്ട് വരുന്നത് വായനക്ക് കൂടുതല്‍ മനോഹാരിത കൂട്ടുന്നു. ഈ പുതുമയുള്ള ആഖ്യാനശൈലിയാണ് സാധാരണ മിസ്റ്റിക്ക് പുസ്തകങ്ങളില്‍ നിന്നും ഫീഹിമാ ഫീഹിയെ മാറ്റി നിര്‍ത്തുന്നത്. മറ്റുള്ളവര്‍ക്ക് ആജ്ഞാതമായ ഔദാര്യത്തിന്റെയും ജ്ഞാനത്തിന്റെയും വസ്ത്രമണിയുന്ന ചില അടിമകള്‍ ദൈവത്തിനുണ്ട് എന്ന് പറഞ്ഞ് അവരുടെ സ്വഭാവം റൂമി വിവരിക്കുന്നത് മുതനബ്ബിയുടെ ഒരു കവിത പാടികൊണ്ടാണ്.
'അവര്‍ അലങ്കരിച്ച പട്ടു വസ്ത്രമണിഞ്ഞത്
സൗന്ദര്യം വര്‍ധിപ്പിക്കാനല്ലായിരുന്നു
കാര്‍ത്തമയ കണ്ണുകളില്‍ നിന്നും
സ്വന്തം സൗന്ദര്യം മറച്ചുവെക്കാനായിരുന്നു'
ഇത് പോലെ കവിത കൊണ്ട് വന്ന് മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുന്ന എത്രയോ ഭാഗങ്ങള്‍ ഫീ ഹി മാഹിയില്‍ കാണാം.
മനുഷ്യന്റെ സ്വഭാവത്തെ കുറിച്ചുള്ള റൂമിയുടെ വിവരണം ഏറെ ചിന്തോദീപമാണ്. മനുഷ്യനിലെ മൃഗീയ സ്വഭാവം ദുനിയാവിനെ പുല്‍കുമ്പോള്‍ ആത്മീയ സ്വത്വം ദൈവത്തിലേക്കവനെ അടുപ്പിക്കുന്നുവെന്ന് റൂമി നിരീക്ഷിക്കുന്നു. ' ബുദ്ധിയുള്ളൊരു മൃഗമാണ് മനുഷ്യന്‍ എന്നു പറയാറുണ്ടെങ്കിലും നമ്മില്‍ രണ്ട് യാഥാര്‍ത്ഥ്യങ്ങളുണ്ട്. കാമചോദനകള്‍ നമ്മിലെ മൃഗീയതയെയാണ് ഉത്തേജിപ്പിക്കുന്നത്. എന്നാല്‍ ജ്ഞാനവും വിവേകവും ദൈവത്തിന്റെ തിരുനോട്ടവുമാകുന്നു നമ്മുടെ യഥാര്‍ത്ഥ സത്തയുടെ അന്നം. നമ്മുടെ മൃഗീയത ദൈവത്തില്‍ നിന്ന് അകന്ന് ദുനിയാവിലേക്കോടുമ്പോള്‍ നമ്മിലെ ആത്മീയ സ്വത്വം ദുനിയാവില്‍ നിന്നു ദൈവത്തിലേക്കാണ് അടുക്കുന്നത് '.
ജീവിതത്തിന്റെ നാനാമേഖലകളും ഫീഹി മാ ഫീഹിയില്‍ വിഷയമായി വരുന്നു. സൗഹൃദം, സ്‌നേഹം, പരസ്പര ബഹുമാനം, അധികാരം, വിജ്ഞാന സമ്പാദനം തുടങ്ങിയ വിഷയങ്ങളെ ആത്മീയതലത്തില്‍ നോക്കി കാണുകയാണ് റൂമി. സാഹചര്യത്തിന്റെ തേട്ടത്തിനനുസരിച്ച സമീപനമാണ് ബഹുമാനമെന്ന് വിശദീകരിക്കുന്ന റൂമി ഭൂമിയിലെ ചെറുതും വലുതുമായ കാര്യങ്ങള്‍ ദൈവത്തെ കണ്ടെത്താനുള്ള ചൂണ്ട് പലകകളായി കാണുന്നു.
ഫീഹി മാഫീഹിയയിലുടനീളം തത്വജ്ഞാനിയായ ഒരു റൂമിയെ നമുക്ക് കണ്ടെത്താന്‍ സാധിക്കും. സ്‌നേഹത്തെ കുറിച്ചുള്ള റൂമിയുടെ വിശകലനം വായനക്കാരന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാണ്. ' സ്‌നേഹിക്കപ്പെടുന്നവന്‍ ഭംഗിയുള്ളവനാകുന്നു. എന്നാല്‍, ഭംഗിയുള്ളവരെല്ലാം സ്‌നേഹിക്കപ്പെടുന്നു എന്ന് ഇതിനര്‍ഥമില്ല. സ്‌നേഹിക്കപ്പെടുന്നതിന്റെ ഒരംശം മത്രമാകുന്നു ഭംഗി. സ്‌നേഹിക്ക്‌പ്പെടുന്നു എന്നതാണ് അടിസ്ഥാനം. ഏതൊന്നിന്റെയും അംശം അതിന്റെ സാകല്യത്തില്‍ നിന്നും വേര്‍പെട്ട ഒന്നല്ല. അത് ആ സാകല്ല്യത്തിന്റെ തന്നെ പ്രതിഫലനമാകുന്നു ' ശേഷം മജ്‌നുവിന്റെയും ലൈലയുടെയും കഥ പറഞ്ഞ് റൂമി ഇതിനെ സമര്‍ത്ഥിക്കുന്നു.
വി ബഷീറിന്റെ മനോഹരമായ മലയാള മൊഴിമാറ്റം ഫീഹി മാ ഫീഹിയെ ഹൃദ്യമാക്കുന്നു. പുസ്തകത്തിലുള്ള പഴഞ്ചൊല്ലുകളും കവിത ശലകങ്ങളും തനിമ ചോരാതെ വശ്യമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ വിവര്‍ത്തകന് സാധിച്ചു. അതര്‍ ബുക്‌സാണ് ഫീഹി മാ ഫീഹിയുടെ പ്രസാധകര്‍.

0 Comments