സലീം ദേളി

ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചുപൂട്ടുകയോ!!!
ഒരു തുടർ ലേഖനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ടീമിനെ ഇന്നലെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ആഴ്ചപ്പതിപ്പ് മാർച്ച്‌ കഴിഞ്ഞാൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. മാറ്റർ കൊടുക്കുന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്നു പറഞ്ഞപ്പോൾ 'അവസാനിപ്പിക്കാൻ പോകുവാണോ'എന്ന് ചോദിച്ചുപോയി.  ഫിനാൻസ് ഡയരക്ടരുടെ നിർദേശം അങ്ങനെ ആണെന്നും വിശദമായി പിന്നീട് സംസാരിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്യുമ്പോൾ ആ സബ് എഡിറ്ററുടെ ശബ്ദത്തിൽ വല്ലാത്തൊരു വിഷാദമുണ്ടായിരുന്നു.
ഐഡൻ്റിറ്റി പൊളിറ്റിക്സും എക്കണോമിക്സും സോഷ്യൽ സയൻസും കൈകാര്യം ചെയ്യുന്നവർക്ക് പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ, സംവാദം തുടങ്ങാനും തുടരാനും വേദിയില്ലാതെ ഉണ്ടായിരുന്നവ അടച്ചു പൂട്ടുമ്പോൾ തകരുന്നത് സമുദായത്തിൻ്റെ അടിത്തറ കൂടിയാണെന്ന് ബോധ്യപ്പെടട്ടെ. തീർച്ചയായും ചന്ദ്രിക പൊളിറ്റിക്കൽ വോട്ടായിരിക്കില്ല. പക്ഷേ പൊളിറ്റിക്കൽ സ്റ്റബിലിറ്റിയാണ്. കൾച്ചറൽ സ്റ്റബിലിറ്റിയാണ്. ഇതൊന്നും ആവശ്യമല്ലെന്ന് കരുതി ഇലക്ഷൻ പാർട്ടിയായി മാറാനാണെമെങ്കിൽ  സി.എച്ചിന് സ്വപ്നം കാണേണ്ടിയിരുന്നില്ല.
അക്കാദമിക വ്യവഹാരങ്ങളെ കീഴടക്കാനൊരുങ്ങുന്ന, ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിൻ്റെ വിധ്വംസകമായ ഇരുണ്ട ഭരണത്തിൻ കീഴിൽ മാധ്യമങ്ങളെല്ലാം സർക്കാരിന്റെ ഓശാന ജിഹ്വകളായി മാറുമ്പോൾ  ചന്ദ്രിക ആ ഴ്ചപ്പതിപ്പിന്റെ ഈയിടെ ഇറങ്ങിയ പ്രതിരോധ ലക്കങ്ങൾ പലതും മതേതര മനുഷ്യരിൽ ആവേശം പകരുന്നതായിരുന്നു. പൗരത്വ പ്രക്ഷോഭ കാലത്തെ ആഴ്ചപ്പതിപ്പുകൾ പരിശോധിച്ച് നോക്കൂ. വേറെ ഒരു ആഴ്ചപ്പതിപ്പും ഇത്രയധികം തവണ പൗരത്വ വിഷയത്തെ ഇതു പോലെ കൈകാര്യം ചെയ്തിട്ടില്ല. ജാമിഅ, അലീഗഢ് കാമ്പസുകളിലെ ചോരപ്പുഴകൾ, അതിന്റെ വിശദാംശങ്ങൾ ഒരു പ്രത്യേക പതിപ്പ് ആയി മലയാളിക്ക് എത്തിച്ച് കൊടുത്തത് ചന്ദ്രിക മാത്രമായിരുന്നു. പ്രതിസന്ധികളിൽ ഞെരുങ്ങി നിൽക്കുമ്പോഴും ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇറങ്ങിയിരുന്ന ആഴ്ചപ്പതിപ്പ് മുസ്‌ലിം ജനത കടുത്ത അരക്ഷിതവസ്ഥയിലേക്ക് നീങ്ങുന്ന പ്രത്യേക ചരിത്രഘട്ടത്തിൽ നിർത്തലാക്കുകയോ!!

ലീഗിന്റെ സാംസ്‌കാരിക മൂലധനമാണ് ചന്ദ്രിക. സി.എച്ചിന്റെ ലക്ഷ്യങ്ങളിലെ ബൗദ്ധീക ഇടപെടലും കൂടിയിരുന്നു ചന്ദ്രിക. അങ്ങനെ തന്നെ അത് വളർന്നു. എം.ടി എന്ന എഴുത്തുകാരൻ ആദ്യമായി കാശ് കൊടുത്തവരാണ് ചന്ദ്രിക. ഇടശ്ശേരിയും വള്ളത്തോളും ഉറൂബും പി. കുഞ്ഞിരാമൻ നായരും, എം മുകുന്ദനും അങ്ങനെയങ്ങനെ തെളിഞ്ഞ കുറെ പേജുകൾ ഇവിടെയുണ്ട്. സി.എച്ചിൻ്റെ നിർബന്ധ പ്രകാരമാണ് താൻ കഥയെഴുതി ചന്ദ്രികക്ക് കൊടുത്തതെന്ന് യു.എ ഖാദറിൻ്റെ അഭിമുഖത്തിൽ വായിച്ചിട്ടുണ്ട്. ജി ശങ്കരക്കുറുപ്പ്, വക്കം അബ്ദുള്‍ ഖാദര്‍മൗലവി, പ്രശസ്ത കവി ഇക്ബാല്‍, എന്‍.എ കരീം, തകഴി, കേസരി, വള്ളത്തോള്‍, മുണ്ടശേരി, പി ഭാസ്‌കരന്‍,, കേശവദേവ്, അക്കിത്തം, എസ്.കെ പൊറ്റെക്കാട്, കുട്ടികൃഷ്ണമാരാര്‍, തിക്കോടിയന്‍, ആറ്റൂര്‍ രവിവര്‍മ, എം. ഗോവിന്ദന്‍, കെ.ടി മുഹമ്മദ്, പൂവച്ചല്‍ ഖാദര്‍, ഐ.വി ശശി, മാധവിക്കുട്ടി, പി.വത്സല, സാറാജോസഫ്, എം.വി ദേവന്‍, ടി.പത്മനാഭന്‍, യു.എ ഖാദര്‍, എന്‍പി മുഹമ്മദ്, വി.കെ.എന്‍, പുനത്തില്‍, ജമാല്‍ കൊച്ചങ്ങാടി... ഇങ്ങനെ നീളുന്നു ചന്ദ്രികയുടെ സാംസ്കാരിക സമ്പന്നത പുതുതലമുറയിലെ മജീദ് സെയ്ദ്, സുഭാഷ് ഒട്ടുപുറം, ഷൈന, രാധാകൃഷ്ണൻ എടച്ചേരി, ജിപ്സ പുതുപ്പണം, മധു ആലപ്പടമ്പ്, ദിവാകരൻ വിഷ്ണുമംഗലം, സത്യചന്ദ്രൻ പൊയിൽകാവ്, സോമൻ കടലൂർ, കെ.പി സീന, സാഹിറാ തങ്ങൾ, സതീശൻ മൊറായി, കെ.ടി. ബാബുരാജ്, കെ.എ മജീദ്, അബ്ദുള്ള പേരാമ്പ്ര തുടങ്ങീ എഴുത്തുകാരന്മാരുടെ ആദ്യ ഇടവും ചന്ദ്രികയിലായിരുന്നു. 86 വർഷം സാമൂഹീക സാംസ്കാരിക സാഹിത്യ ചർച്ചകൾ ഈ പടിവാതിലിലൂടെ കടന്നു പോയി.

ലീഗിൻ്റെ പൊളിറ്റിക്സ് ആൾക്കൂട്ടത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ലിഗിന് വരാനിരിക്കുന്ന വലിയൊരു തലമുറ കേന്ദ്ര സർവ്വകലാശാലകളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരുമാണ്. ഐഡൻ്റിറ്റി പൊളിറ്റിക്സും എക്കണോമിക്സും സോഷ്യൽ സയൻസും കൈകാര്യം ചെയ്യുന്നവർക്ക് പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ, സംവാദം തുടങ്ങാനും തുടരാനും വേദിയില്ലാതെ ഉണ്ടായിരുന്നവ അടച്ചു പൂട്ടുമ്പോൾ തകരുന്നത് സമുദായത്തിൻ്റെ അടിത്തറ കൂടിയാണെന്ന് ബോധ്യപ്പെടട്ടെ. തീർച്ചയായും ചന്ദ്രിക പൊളിറ്റിക്കൽ വോട്ടായിരിക്കില്ല. പക്ഷേ പൊളിറ്റിക്കൽ സ്റ്റബിലിറ്റിയാണ്. കൾച്ചറൽ സ്റ്റബിലിറ്റിയാണ്. ഇതൊന്നും ആവശ്യമല്ലെന്ന് കരുതി ഇലക്ഷൻ പാർട്ടിയായി മാറാനാണെമെങ്കിൽ  സി.എച്ചിന് സ്വപ്നം കാണേണ്ടിയിരുന്നില്ല.