മുഹമ്മദ് റാസി തെരുവത്ത്‌

സിലബസിന്റെ ഭാഗമായി വായിക്കാൻ തന്ന പുസ്തകത്തെ കുറിച്ച് പൊതുവെ ആരും പറയാറില്ല. പക്ഷേ, പൊളിട്ടിക്കൽ ഇക്കോണമി ക്ലാസിൽ മനോജ് സാർ വായിക്കാൻ പറഞ്ഞ Yanis Varoufakis ന്റെ Talking to my daughter about the economy (a brief history of capitalism) എന്ന ലളിതവും ഹൃസ്വവുമായ പുസ്തകത്തെ കുറിച്ച് പറഞ്ഞേ തീരൂ. കടുക്കട്ടിയുള്ള അക്കാദമിക് പദാവലികളൊന്നും ഉപയോഗിക്കാതെ എല്ലാവർക്കും Economics മനസ്സിലാകണമെന്ന ഉദ്ദേശത്തോടെയാണ് നൂറേ സംതിംങ് പേജുകൾ മാത്രമുള്ള ഈ പുസ്തകം എഴുതിയിരിക്കുന്നത്. Capitalism എന്ന വാക്ക് പോലും ഒരിടത്തും ഉപയോഗിച്ചിട്ടില്ല; അതിന് പകരം Market society എന്നാണ് കുറിച്ചിരിക്കുന്നത്.
ഇക്കോണമിസ്റ്റും ഗ്രീസിന്റെ ധനമന്ത്രിയുമായിരുന്ന Yanis Varoufakis ആസ്ത്രേലിയയിൽ താമസിക്കുന്ന പതിനാലു വയസ്സുകാരിയായ തന്റെ മകളോട് സംസാരിക്കുന്ന രീതിയിലാണ് വിവരണം. എന്ന് വെച്ച് വളരെ ലോ ലെവലാണ് ഇതിലെ വിഷയങ്ങളെന്ന് വിചാരിക്കരുത്. കാപിറ്റലിസത്തിന്റെ ഉത്ഭവവും വികാസവും തീർത്തും ആധികാരികമായി തന്നെ വിവരിക്കുന്നുണ്ട്, പക്ഷേ പല ബുജികളും ചെയ്യും പോലെ അക്കാദമിക് ജാർഗൺ കൊണ്ട് കുത്തിനിറക്കുന്നില്ലെന്ന് മാത്രം. അല്ലെങ്കിലും, സിംപിളായി പറയാൻ പറ്റുമെങ്കിൽ സിംപിളായി തന്നെ പറയണം. ജാർഗൺ നിരത്തി വെച്ച് വായനക്കാരെ കുഴക്കുന്ന പരിപാടി കഴിവതും കുറയ്ക്കണം.
നമ്മുടെ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന ഒന്നാണ്ണ് ഇക്കോണമി. എന്നിട്ടും പലർക്കും തീരെ മനസ്സിലാക്കാൻ പറ്റാത്ത വിഷയമാണത്. Economics ൽ Mathematics വരുന്നത് കൊണ്ട് അതിന്റെ നാലയലത്ത് പോകാത്ത ആളാണ് ഇതെഴുതുന്നത്. ഇത്തരം പേടിക്കാർക്ക് വളരെ രസകരമായി Economics നെ തൊട്ടറിയാനുള്ള അവസരമാണ് ഈ പുസ്തകം നൽകുന്നത്. പറഞ്ഞ് കേട്ട പോലെ ബോറനൊന്നുമല്ല ഇവ്വിഷയമെന്ന് പെട്ടെന്ന് മനസ്സിലാകും. (ഈ വിഷയത്തിൽ നല്ല പിടിപാടുണ്ടെന്ന് ധരിക്കുന്നവർക്കും കാര്യങ്ങൾക്കൊരു ക്ലാരിറ്റി കിട്ടാൻ ഇത് വായിക്കാം).
ക്യാപിറ്റലിസത്തിൽ തുടങ്ങി പണം, കടം, ബാങ്ക്, മാർക്കറ്റ്, വാല്യൂ തുടങ്ങിയവയിലെ നൂലമാലകൾ പുരാണങ്ങളുടെയും (Icarus) നോവലുകളുടെയും (Frankenstein, Doctor Faustus) സിനിമാകഥകളുടെയും (Matrix) ഉദാഹരണം വെച്ച് രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
എന്ത് കൊണ്ടാണ് ലോകത്ത് ഇത്രമാത്രം അസമത്വം? എന്ന ചോദ്യവുമായാണ് Varoufakis ക്യാപിറ്റലിസത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. അതിനാദ്യം കൃഷിയുടെ തുടക്കത്തെ കുറിച്ച് പറയണം. അവിടുന്നാണ് Surplus ഉണ്ടാവുന്നത്. Surplus ആണ് ഇക്കോണമിയുടെ ആധാരം. ഇതിനെ ചുറ്റിപ്പറ്റിയാണ് പിന്നീട് അക്കൗണ്ടിങ്ങും,ബ്യൂറോക്രസിയും, നിയമസംവിധാനവും, ഭരണകൂടവും സൈന്യവും സമൂഹവും ഉയർന്ന് വരുന്നത്. ഇതൊക്കെ കഴിഞ്ഞ് ഇക്കാലത്തെ മാർക്കറ്റ് സൊസൈറ്റിയിലേക്കുള്ള നമ്മുടെ വികാസവും ബാങ്കുകളുടെ വളർച്ചയും തളർച്ചയും വിവരിക്കുന്നുണ്ട്.
ഒടുവിൽ, സാമ്പത്തിക രംഗത്തെ താന്തോന്നികളായ കോർപറേറ്റുകളിൽ നിന്നും മോചിപ്പിച്ച്  ജനാധിപത്യവത്കരിക്കണമെന്ന് മകളോടെന്ന പോലെ നമ്മോടും  ആവശ്യപ്പെട്ട് Varoufakis എഴുതിയവസാനിപ്പിക്കുന്നു.