മുഹമ്മദ് റാസി തെരുവത്ത്
ഥ വായിച്ച് കഥാകാരനെ ഇഷ്ടപ്പെടാറാണ് പതിവ്. പക്ഷേ Vanity Bagh വായിക്കുന്നതിന് എത്രയോ മുമ്പ് തന്നെ അനീസ് സലീം എന്ന ഇംഗ്ലീഷിലെഴുതുന്ന മലയാളിയെ ഇഷ്ടപ്പെട്ടിരുന്നു.  അദ്ദേഹവുമായി പലരും നടത്തിയ ഇന്റർവ്യുകളും ഏറെ ആവേശത്തോടെ വായിച്ചു. വീഡിയോ ഇന്റർവ്യു  വല്ലതുമുണ്ടോ എന്ന് യൂട്യൂബിൽ തപ്പി നോക്കി. വീഡിയോ പോയിട്ട് തനിക്ക് ലഭിച്ച പല അവാർഡുകൾ പോലും നേരിട്ട് പോയി വാങ്ങിയിട്ടില്ലത്രേ കക്ഷി. അനീസ് സലീമിന്റെ ജീവിതകഥയും വളരെ ഇഷ്ടമായി. പഠനം പത്താം ക്ലാസ്സിൽ  നിർത്തി, ബഷീറിനെ പോലെ നാടു ചുറ്റി നടന്നു, ഒരുപാട് ജോലികൾ ചെയ്തു, ഒരുപാട് ജീവിതങ്ങൾ കണ്ടറിഞ്ഞു. അതിന് മുമ്പേ ബാപ്പയുടെ കനപ്പെട്ട ഹോം ലൈബ്രറി വായിച്ച് തലക്കനം കൂട്ടിയിട്ടുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് തിരിച്ചു വന്ന് ഇപ്പോൾ വർക്കലയിൽ പരസ്യക്കമ്പനിയിൽ രഹസ്യമായി വർക്ക് ചെയ്യുന്നു.
ഇനി പുസ്തകത്തെ കുറിച്ച് പറയാം.
വിഷയം വയലൻസുമായി ബന്ധമുള്ളത് കൊണ്ട് ചിലർക്ക് തോന്നും, ഈ നോവൽ ഭയങ്കര ഡാർക്കാണെന്ന്. ഒരിക്കലുമല്ല. ബഷീറിനെ പോലെ വളരെ സീരിയസായ വിഷയങ്ങൾ പോലും നർമ്മത്തിന്റെ മേമ്പൊടി ചേർത്താണ് അനീസ് സലീം വിവരിക്കുന്നത്. 
തന്നെ ആശങ്കപ്പെടുത്തിയ പല സംഭവങ്ങളിൽ നിന്നുമാണ് ഈ പുസ്തകം ഉണ്ടായതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. നോവലിലെ കേന്ദ്രകഥാപാത്രമായ ഇമ്രാൻ ജബ്ബാരിയുടെ ഹാലൂസിനേഷൻ തന്റെ തന്നെ ഹാലൂസിനേഷൻ ആണെന്നും. മാംഗോബാഗ് എന്ന ഇന്ത്യയിലെ ഒരു സാങ്കൽപിക ദേശത്തെ ജനങ്ങളുടെ കഥയാണിത്. അതിനുള്ളിൽ പരസ്പരം വിദ്വേഷം പൂണ്ട രണ്ട് ലോകങ്ങളുണ്ട്. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന വാനിറ്റിബാഗ് എന്ന സ്ഥലവും ഹിന്ദുക്കൾ താമസിക്കുന്ന മെഹന്തി എന്ന പ്രദേശവും. ഇമ്രാൻ ജബ്ബാരി എന്ന ജയിൽപുള്ളിയുടെ ഓർമ്മകളിലൂടെയാണ് കഥ വിരിയുന്നത്. വാനിറ്റിബാഗിലെ പേരുകളധികവും പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കളുടെ പേരാണ്. ഇമ്രാനടങ്ങുന്ന 'അഞ്ചരക്കൂട്ടം' എന്ന ഗ്യാംങിലെ പേരുകളിങ്ങനെ: ജിന്ന, നവാസ് ഷെരീഫ്, സുൽഫിക്കർ, സിയ & യഹ്‌യ. ഇമ്രാൻ സ്നേഹിച്ച പെണ്ണിന്റെ പേര് ബേനസീർ എന്നും. പാകിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ അവിടം ആഘോഷമായിരുന്നു. ഇത് കൊണ്ടൊക്കെയാണ് മീഡിയ ഈ നാടിനെ Little Pakistan എന്ന് വിളിക്കുന്നത്. പുറംചട്ടയിൽ കാണാം: inside every big Indian city, there is a tiny Pakistan. വാനിറ്റിബാഗുകാരും മെഹന്തിവാസികളും മിക്കവാറും ഇടകലരാതെ ജീവിച്ച്പോന്നു. മെഹന്തിയെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. വാനിറ്റിബാഗിലെ പച്ചമനുഷ്യരെ കുറിച്ചാണ് ഈ കഥ. താനറിയാതെ അകപ്പെട്ട 11/11 സ്ഫോടന പരമ്പരയുടെ (11/11 is Mangobagh's private little 9/11) കുറ്റം പേറി പതിനാലു വർഷം തടവു വിധിക്കപ്പെട്ട ഇമ്രാൻ എന്ന  പാവത്താനാണ് തന്റെ നാടിന്റെ കഥ ഓർത്തെടുക്കുന്നത്. ജയിലിലെ പുസ്തകനിർമ്മാണ ശാലയിൽ പണിയെടുക്കാൻ അയാൾ അയക്കപ്പെടുന്നതോടെയാണ് വാനിറ്റിബാഗിലെ കഥകൾ തുടങ്ങുന്നത്. അവിടുത്തെ ഒഴിവു സമയങ്ങളിൽ ഇമ്രാൻ തുറന്ന് നോക്കുന്ന നോട്ടുപുസ്തകങ്ങളിൽ അയാൾ ജീവിച്ച നാടിന്റെ കഥകൾ തെളിഞ്ഞ് വരുന്നു. അബൂ ഹാതിം എന്ന വയസ്സൻ ഡോണിൽ നിന്നും ആവേശം കൊണ്ടാണ് ഇമ്രാനും തന്നെ പോലെ കൂലിയും വേലയും ഇല്ലാതെ നടക്കുന്ന ചങ്ങാതിമാരും കൂടി 'അഞ്ചരക്കൂട്ടം' രൂപീകരിക്കുന്നത്.  അവരുടെ ജീവിതത്തിലൂടെയാണ് നാട്ടിലെ സംഭവവികാസങ്ങൾ അവതരിക്കപ്പെടുന്നത്.
 വിഷയം വയലൻസുമായി ബന്ധമുള്ളത് കൊണ്ട് ചിലർക്ക് തോന്നും, ഈ നോവൽ ഭയങ്കര ഡാർക്കാണെന്ന്. ഒരിക്കലുമല്ല. ബഷീറിനെ പോലെ വളരെ സീരിയസായ വിഷയങ്ങൾ പോലും നർമ്മത്തിന്റെ മേമ്പൊടി ചേർത്താണ് അനീസ് സലീം വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസ് അപാരമാണ്. വായിച്ചു തുടങ്ങുമ്പോൾ ഇങ്ങനെയൊരു കമ്മ്യൂണൽ വിഷയം പറയാൻ സ്കോപ്പുണ്ടോ എന്ന് പോലും തോന്നി. പക്ഷേ നോവലിസ്റ്റ് ആള് വേറെ ലെവലാണ്. അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്: "വാനിറ്റി ബാഗ് പറയുന്നത് ഹിന്ദു മുസ്ലിം വിദ്വേഷത്തെക്കുറിച്ചാണ്. ആരായിരിക്കും എതിർപ്പ് ഉയർത്തി വരിക എന്ന് എഴുത്തുഘട്ടത്തിൽ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാൻ എഴുതിയതിൽ ഏറ്റവും വിറ്റുപോയ പുസ്തകവും അതാണ്". ഇവിടെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളാണ് ചർച്ചയാവേണ്ടതെന്നും മനസ്സിലാക്കാം.
ഒരിക്കൽ കൂടി പറയാം: ഒരു ഹെവി ടോപ്പിക്കാണ് നോവലിന്റേതെന്ന് കരുതണ്ട. ഏറെ രസകരമാണ്, സുന്ദരമാണ് വാനിറ്റിബാഗിലെ കഥകൾ.
അനീസ് സലീം അഞ്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അഞ്ചും വായിക്കണം.