നസറുദീൻ മണ്ണാർക്കാട്

CAAക്കെതിരെ രാജ്യം ഒന്നിച്ചു നിൽക്കുമ്പോൾ , നില നിൽപ്പ് പോലും ഭീഷണിയിലായ മുസ്‌ലിം സമൂഹത്തിനെതിരെ യുക്തിവാദികൾ വരെ ഏറ്റെടുത്തിരിക്കുന്ന ദുഷ് പ്രചാരണമാണ് 1921 ലെ സമരം ഹിന്ദു മുസ്ലിം വർഗ്ഗീയ സമരമായിരുന്നു എന്നത്. ഫാസിസം തലയ്ക്കു മീതെ തൂങ്ങി കിടക്കുമ്പോൾ പിന്തുണച്ചില്ലെങ്കിലും പുറകിൽ നിന്ന് കുത്താതിരിക്കുവാനുള്ള മിനിമം യുക്തിയെങ്കിലും ഇല്ലാത്തവരായാൽ എന്ത് ചെയ്യും.
ആദ്യമേ പറയാം, 1921 ലെ സമരം പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട സമരമല്ല. മറിച്ച്, ഒരു നൂറ്റാണ്ടിലേറെ കാലം മലബാറിലെ കർഷക സമൂഹവും ജന്മികളുമായി നില നിന്നിരുന്ന കലഹങ്ങളുടെ തുടർച്ചയാണ് . ടിപ്പു സുൽത്താന്റെ മരണ ശേഷമാണ് മലബാർ ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ വരുന്നത്. മൈസൂർ ഭരണത്തിൽ കർഷകർക്ക് കൃഷി ഭൂമിയിൽ നേരിട്ട് കൃഷിയിറക്കാനുള്ള അവകാശം നിലനിന്നിരുന്നു.ടിപ്പുവിന് ശേഷം കർഷകർക്ക് ഭൂമിയിലുളള അവകാശം നഷ്ടമായി ഭൂമിയെല്ലാം ജന്മിമാരുടെയും ദേവസ്വത്തിന്റെയും സ്വകാര്യസ്വത്താവുകയും ചെയ്തു . ഭൂവുടമകളായ ജന്മികൾ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. തുല്യതയില്ലാത്ത നരക യാതനയാണ് കർഷകർ നേരിടേണ്ടി വന്നത്:
1.കർഷകർക്ക് ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല.
2.ജന്മി നിശ്ചയിക്കുന്ന കൂലിയായിരുന്നു പാട്ടക്കാർക്കു നൽകിയിരുന്നത് അതിൽ നിന്ന് തന്നെ നികുതിയും ഒടുക്കണമായിരുന്നു.
3.നികുതി അടക്കാത്ത പക്ഷം ആളുകളെ പിടികൂടി അടിമകളാക്കി വിൽക്കുവാൻ ജന്മിക്ക് അവകാശമുണ്ടായിരുന്നു.
4.അയിത്ത ജാതിക്കാർ അയിത്തം ലംഘിച്ചാൽ അവയവങ്ങൾ ഛേദിക്കുകയോ കൊല്ലുകയോ ചെയ്യും
5.ജന്മിക്കെതിരെ സംസാരിച്ചാലും ഇതേ പോലെ നാവറുത്തു മാറ്റുകയോ കൊല്ലുകയോ ചെയ്യും
അവലംബം:
• K. K. N. Kurup, Aspect of Kerala History and Culture, Tiruvananthapuram, 1977, p. 65)
• logan malabar manual 1/190 - 99
• edgar thurstone caste and tribes of southern india 5/ 455-501
ചുരുക്കത്തിൽ മൃഗ തുല്യമായ ജീവിതം. ഇതിനു പുറമേ കാണപ്പാട്ട സമ്പ്രദായം അനുസരിച്ച് ഉത്പാദനത്തിന്‍റെ മുക്കാല്‍ഭാഗം കൃഷിയെടുത്തിരുന്ന പാട്ടക്കാരിൽ നിന്നും അനുഭവിക്കാൻ സ്വാതന്ത്ര്യം ഉള്ളവരുമായിരുന്നു ജന്മിമാർ. കുഴിക്കാണം, കുറ്റിക്കാണം, വെട്ടുകാണം, തേട്ടക്കാണം, നീർക്കാണം, കൈക്കാണം, നടുക്കാണം എന്നിങ്ങനെ കാണം പലവിധമുണ്ട്. കാണക്കാരൻ മിക്കവാറും ഒരു ഇടനിലക്കാരൻ മാത്രമായിരുന്നു. കാണക്കാരനും ജന്മിക്കും ഉള്ള പങ്കിന്‍റെ ബാക്കി മാത്രമായിരുന്നു യഥാർത്ഥ കർഷകന് ലഭിച്ചിരുന്നത്. ഈ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഏറ്റവും താഴെക്കിടയിലെ നാൽക്കാലികളും ഇരുകാലികളുമായ ജീവികളിൽ സാമാന്യ ബുദ്ധിയുള്ള ഇരുകാലികൾ ഈ അടിമത്തത്തിൽ നിന്ന് മോചനം തേടി ജന്മികളുമായി കലഹിച്ചാൽ അവരെ ബ്രിട്ടീഷുകാർ മർദ്ദിച്ച് ഒതുക്കുന്നതും പതിവായിരുന്നു. അനീതി അവസാനിപ്പിക്കാൻ കുട്ടിയാൻമാർ ഒറ്റയായും തെറ്റയായും നടത്തിയ ചെറിയ ചെറിയ ചെറുത്തു നിൽപ്പുകൾ സർവ്വ സാധാരണമായിരുന്നു. 1850 നും 1921 ഉം ഇടയ്ക്ക് ഇത്തരം അൻപതോളം സമരങ്ങൾ ഉണ്ടായിട്ടുണ്ട്. 1921 ലെ സമരം അതിന്റെ മൂർദ്ധന്യ രൂപമായിരുന്നു എന്ന് ചുരുക്കം.
മുസ്ലിം ജന്മിമാരും ബ്രിട്ടീഷ് അനുകൂലികളായിരുന്നു . അവരോടും മാപ്പിള സമരക്കാർ സ്വീകരിച്ച നിലപാട് ഒന്നു തന്നെയായിരുന്നു. അത് കൊണ്ടാണ് 12 മുസ്ലിം ജന്മിമാർ സമരക്കാരുടെ കൈകളാൽ വധിക്കപ്പെട്ടത്. ഇതൊരു ഹിന്ദു മുസ്ലിം കലാപമായിരുന്നെങ്കിൽ മുസ്‌ലിം ജന്മിമാർ രക്ഷപ്പെടുമായിരുന്നു എന്നത് തന്നെയാണ് 1921 ലെ സമരം വർഗ്ഗീയ ലക്ഷ്യങ്ങളോടെ തുടങ്ങിയതായിരുന്നില്ല എന്നതിന്റെ ഒന്നാം തെളിവ്.
1850 നോടടുത്ത് നടന്ന ചേറൂർ പട അതിൽ പ്രധാനമാണ്. അതിന്റെ കാരണം ഇങ്ങനെ ചരിത്രത്തിൽ വായിക്കാം.തിരൂരങ്ങാടിക്കടുത്ത് വെന്നിയൂരിലെ പുരാതന ജന്മികുടുംബമായിരുന്നു കപ്രാട്ട് പണിക്കരുടേത് കൃഷ്ണപ്പണിക്കരായിരുന്നു കാരണവര്‍ മുപ്പര്‍ ആണെങ്കില്‍ മുസ്‌ലിം പണ്ഡിതനായ മമ്പുറം സയ്യിദ്ല അലവി തങ്ങളുമായി വളരെ നല്ല സൌഹൃദം കാത്തുകൊണ്ട് നടന്നിരുന്നും എന്നാലും ഉച്ചനീചത്വവും പരമ്പരാഗത മാമൂലുകളും കണിശതയോടെ പാലിച്ചുവന്നിരുന്ന ആളും മുപ്പര്‍ക്ക് വളരേയേറേ അടിയാളരും ചെറമക്കളുമുണ്ടായിരുന്നു. ആകുട്ടത്തില്‍ പെട്ട അടിച്ചുതളിക്കാരിയായി ജോലിചെയ്തിരുന്ന ഒരാളായിരുന്നു ചക്കി ഈ ചക്കിക്ക് എന്തോ അസുഖമായ ഒരു തരം ചൊറി പിടിപെട്ടു.പല നാട്ടു ചികിത്സകളും ചെയ്തിട്ടും രോഗശമനം വരാതായപ്പോൾ അക്കാലത്ത് ദിവ്യപരിവേശത്തോടെ ജനങ്ങൾ ആദരിച്ചിരുന്ന മമ്പുറം തങ്ങളെ ചികിത്സാർത്ഥം സമീപിക്കാൻ അവർ തീരുമാനിച്ചു. അയിത്തവും തീണ്ടലുമായി ഉച്ചനീചത്വങ്ങൾ അനുഭവിച്ചിരുന്ന ചക്കിക്ക് അത്തരം യാതൊരു വിവേചനവും അനുഭവിക്കാതെ തന്നെ സർവാദരണീയനായ മമ്പുറം തങ്ങളെ സമീപിച്ചു തന്‍റെ പ്രശ്നം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് വലിയകാര്യമായിരുന്നു. മമ്പുറം തങ്ങളാകട്ടെ ചക്കിക്ക് വേണ്ടി പ്രാർത്ഥിക്കുകയും പൊന്നാൻ എന്ന പേരിലറിയപ്പെടുന്ന ഒരു തരം തകരയുടെ കുരു ചേർത്ത് വെളിച്ചെണ്ണ കാച്ചിയെടുത്ത് തേക്കുന്നതിനും നിർദ്ദേശിച്ചു. രണ്ടാഴ്ചക്കകം തന്നെ ചക്കിയുടെ അസുഖം മാറി. ഇതേ തുടർന്ന് മമ്പുറം തങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അവർ ഇസ്ലാം മതം സ്വീകരിക്കുകയും ആയിശ എന്ന പേർ മാറ്റുകയും ചെയ്തു.
സ്ത്രീകൾക്ക് മാറു മറക്കാൻ അവകാശമില്ലാത്ത കാലത്ത് ആയിശയെന്ന ചക്കി മേൽക്കുപ്പായം ധരിച്ചത് ഇഷ്ടപ്പെടാത്ത ജന്മി അവളുടെ മേൽക്കുപ്പായം വലിച്ചു കീറിക്കളഞ്ഞ് അപമാനിച്ചു.നിന്ദ്യതയിൽ നിന്ന് മുക്തമായി സാമാന്യ മനുഷ്യ പദവി തനിക്ക് കിട്ടിയെന്ന് ധരിച്ച ചക്കി ഈ അപമാനപ്പെട്ട സംഭവത്തിൽ ചിലർ ജന്മിയോട് പ്രതികാരം ചോദിക്കാൻ മുതിരുകയും അയാൾ കൊല്ലപ്പെടുകയും പകരം അവരെയെല്ലാം ജന്മികളുടെ കൂടെ നിന്ന് ബ്രിട്ടീഷുകാർ കൊലപ്പെടുത്തുകയും ചെയ്തു.
ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് അടിസ്ഥാനപരമായി ജന്മികൾ അതികൃതരോട് പുലർത്തിയിരുന്ന സമീപനവും ചൂഷണവുമാണ് മലബാറിലെ സമരങ്ങളുടെ കാരണമെന്നതാണ്.
ഒന്നാം ലോക മഹായുദ്ധാനന്തരം തുർക്കി ഖിലാഫത്തിലുണ്ടായ പതനം ഇന്ത്യയിൽ ബ്രിട്ടനെതിരെ ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നൽകി. ബ്രിട്ടീഷ് വിരുദ്ധ വികാരം ദേശീയ സമരത്തിന് ശക്തി പകരും വിധം വളർന്നപ്പോൾ ഗാന്ധിജിയുൾപ്പടെയുള്ളവർ അതിനെ പിന്തുണച്ചു. നേരത്തേ തന്നെ ജന്മികളോടും ബ്രിട്ടനോടും പൊരുതി നിന്നിരുന്ന മലബാറിലെ കർഷകർക്ക് ഈ ഖിലാഫത്ത് പ്രസ്ഥാനം പുതിയ ഉണർവ്വും പ്രതീക്ഷയും നൽകി. ഒരു നൂറ്റാണ്ടിന് മേൽ അനുഭവിച്ചു വരുന്ന അടിമ ജീവിതത്തിൽ നിന്നുള്ള മോചനം അവരാഗ്രഹിച്ചിരുന്നു എന്നത് തന്നെയാണ് ഈ സമരത്തെ കർഷക സമരമായി വിശേഷിപ്പിക്കാൻ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചതും.
ഇതിനിടെ ജന്മിമാരെ സഹായിക്കാനായി 1854 ഇൽ ബ്രിട്ടീഷ് രാജ് സർക്കാർ നടപ്പാക്കിയ കിരാത നിയമ വ്യവസ്ഥയായിരുന്നു മാപ്പിള ഔട്ട് റേജസ് ആക്ട്. ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ കണ്ടയിടത്ത് വെച്ച് വെടിവെച്ചു കൊല്ലാനും, പൗരത്വ അവകാശങ്ങൾ നിഷേധിച്ചു നാട് കടത്താനും, അന്തമാൻ അടക്കമുള്ള തടവറകളിൽ ആജീവനാന്ത തടവിൽ വെക്കാനും, തൂക്കി കൊല്ലാനും സ്വത്ത് വകകൾ പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ഭീകര നിയമം. ബ്രിട്ടീഷുകാരോടുള്ള മാപ്പിളമാരുടെ വിരോധം കൂടാൻ ഈ നിയമം ഒരു കാരണമായി. ഭൂമി മുഴുവൻ ജന്മികൾക്ക് പതിച്ചു നൽകുകയും ഉപ്പ്, പുകയില, തടി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ധനാഗമന സ്രോതസ്സുകൾ മാപ്പിളമാരിൽ നിന്നും പിടിച്ചെടുക്കുകയും വലിയ നികുതി ചുമത്തുകയും പാട്ടകരാർ ദുസ്സഹമാക്കുകയും ചെയ്തത് പൂർണ്ണമായ അനീതിയും വിവേചനവുമായാണ് അവർക്ക് തോന്നിയത്.
ഒരു വശത്ത് ജന്മികൾ! മറു വശത്ത് ബ്രിട്ടീഷുകാർ! മാപ്പിളമാരുടെ രോഷാഗ്നി ഇരുകൂട്ടർക്കുമെതിരായി മാറിയത് ഇത് കൊണ്ടാണ്. മുസ്ലിം ജന്മിമാരും ബ്രിട്ടീഷ് അനുകൂലികളായിരുന്നു . അവരോടും മാപ്പിള സമരക്കാർ സ്വീകരിച്ച നിലപാട് ഒന്നു തന്നെയായിരുന്നു. അത് കൊണ്ടാണ് 12 മുസ്ലിം ജന്മിമാർ സമരക്കാരുടെ കൈകളാൽ വധിക്കപ്പെട്ടത്. ഇതൊരു ഹിന്ദു മുസ്ലിം കലാപമായിരുന്നെങ്കിൽ മുസ്‌ലിം ജന്മിമാർ രക്ഷപ്പെടുമായിരുന്നു എന്നത് തന്നെയാണ് 1921 ലെ സമരം വർഗ്ഗീയ ലക്ഷ്യങ്ങളോടെ തുടങ്ങിയതായിരുന്നില്ല എന്നതിന്റെ ഒന്നാം തെളിവ്.
ജന്മികളും ബ്രിട്ടീഷ് സർക്കാരും ബ്രിട്ടീഷ് അനുകൂലികളും മാത്രമായിരുന്നു സമരക്കാരുടെ ശത്രുക്കൾ. അത് കൊണ്ടാണ് മുസ്ലിമായ ആമു സൂപ്രണ്ടും വധിക്കപ്പെട്ടത്.. ജന്മികളിലധികം പേർ ഹിന്ദുക്കളായത് കൊണ്ട് ഹിന്ദു ജന്മികൾ എണ്ണം കൊണ്ട് കൂടുതൽ കൊല്ലപ്പെട്ടു എന്ന് മാത്രം.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
ബ്രിട്ടീഷ് സർക്കാരിനെതിരെ അരങ്ങേറിയ 1894 മണ്ണാർക്കാട്‌ ലഹളയെ തുടർന്ന് ഹാജിയുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു. 200 ഏക്കറോളം വരുന്ന ഇവരുടെ ഭൂസ്വത്തും ബ്രിട്ടീഷുകാർ കണ്ടു കെട്ടിയിരുന്നു. സ്വതവേ ബ്രിട്ടീഷ് വിരുദ്ധനായ കുഞ്ഞഹമ്മദ് ഹാജി സ്വപ്രയത്നത്താൽ കച്ചവടം വഴി വീണ്ടും സമ്പന്നനാവുകയും കച്ചവടത്തിൽ ലഭിക്കുന്ന സമ്പത്ത് ദരിദ്രർക്കും കുടിയാന്മാർക്കും കീഴാളർക്കും വീതം വെക്കുകയും ചെയ്ത് സമൂഹത്തിലെ അടിയാളന്മാരുടെ പ്രീതി നേടിയ വ്യക്തിയായി മാറി. “സുൽത്താൻ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു.
ബോംബെയിൽ താമസിക്കുന്നതിനിടെ ഗാന്ധിയിൽ ആകൃഷ്ടനായ 1908ൽ മഞ്ചേരി രാമയ്യർ മുഖേന കോൺഗ്രസ്സിലെത്തി.1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന മലബാർ ജില്ലയിലെ മുസ്ലിംകളുടെ ഒരു യോഗത്തിൽ മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജി അതിൽ സജീവമായി. ദേശീയ സമരത്തിൽ പങ്കാളിയായി.
മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു, അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. ഹിന്ദുക്കളെ ഉപദ്രവിച്ച് പോവരുതെന്നുള്ളതായിരുന്നു പ്രധാനമായും അദ്ദേഹം‍ ജനങ്ങളെ ഉപദേശിച്ചിരുന്നത്. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു
ആഗസ്ത് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പള്ളി റൈഡ് ചെയ്തതാണ് മലബാറിലെ സമരങ്ങൾക്ക് പെട്ടന്ന് കാരണമായത്.കാരണമന്വേഷിക്കുവാൻ ചെന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടി വെച്ചതോടുകൂടി ജനക്കൂട്ടം അക്രാമകസക്തരായി പട്ടാളത്തെ എതിരിട്ടു. പട്ടാളം പിന്തിരിഞ്ഞോടി. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയൻകുന്നന്റെ കീഴിൽ വിപ്ലവ സർക്കാർ രൂപീകരിക്കപ്പെടുന്നതും. 75000 പേരാണ് ഹാജിക്ക് പിന്നിൽ അണി നിരന്നത്. ബ്രിട്ടീഷുകാർ ഭയന്ന് പിന്മാറിയതോടെ മലബാർ സ്വതന്ത്രമായതായി ഹാജി പ്രഖ്യാപിച്ചു. മലയാള രാജ്യം എന്നാണ് രാഷ്ട്രത്തിന് പേര് നൽകിയത്. രാജ്യത്തെ നാലായി തിരിച്ച് 4 ഗവർണ്ണർമാരെ തെരഞ്ഞെടുത്തു. നിലമ്പൂർ മുതൽ തുവ്വൂർ വരെ ഹാജിയുടെ നിയന്ത്രണത്തിലായി. ചെമ്പ്രശ്ശേരി തങ്ങൾ മണ്ണാർക്കാടിന്റെ അധിപനായി. ആലി മുസ്ലിയാർ തിരൂരങ്ങാടിയിലെ അധിപനായി വള്ളുവനാടിന്റെ ബാക്കി പ്രദേശങ്ങൾ സീതിക്കോയ തങ്ങളുടെ കീഴിലാക്കി. മലയാള രാജ്യത്ത് ഹാജി നടത്തിയ ഭരണ പരിഷ്ക്കാരങ്ങളിൽ പ്രധാനപ്പെട്ടവ:
1.കൃഷി ഭൂമി കർഷകന്
2. ഒരു വർഷം നികുതിയിളവ്
3. കുമ്പിൾ കഞ്ഞി നിറുത്തലാക്കി
4. കാണഭൂമി അവസാനിപ്പിച്ചു
5.അധികാര പരിധിക്ക് പുറത്തുള്ള തമിഴ്നാട്, വയനാട് എന്നിവടങ്ങളിലേക്ക് ഇറക്കുമതി, കയറ്റുമതി തീരുവ പ്രഖ്യാപിച്ചു
ഇന്ന് പലരും പറയുന്നത് പോലെ ഹാലിളകിയവരുടെ പരാക്രമമായിരുന്നില്ല ഹാജിയുടെ നേതൃത്വം. കൃത്യമായി ബ്രിട്ടീഷുകാർക്ക് ബദലായി സമാന്തര സർക്കാർ തന്നെയാണ് ഉണ്ടാക്കിയത്. മലയാളം, അറബി, ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരുന്ന ഹാജി മലബാറിന്റെ സുൽത്താനായി.
ചിലർ പ്രചരിപ്പിക്കുന്നത് പോലെ ഹാജി വർഗ്ഗീയ വാദി ആയിരുന്നില്ല.ചരിത്രം പറയുന്നത് കാണുക:
"അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിർബന്ധമുണ്ടായിരുന്നു. മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു, അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. ഹിന്ദുക്കളെ ഉപദ്രവിച്ച് പോവരുതെന്നുള്ളതായിരുന്നു പ്രധാനമായും അദ്ദേഹം‍ ജനങ്ങളെ ഉപദേശിച്ചിരുന്നത്. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു."
അവലംബം:
ബാരിസ്റ്റന് എ.കെ. പിള്ള / കോണ്ഗ്രസ്സും കേരളവും/ പേ. 446, 447
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഖിലാഫത്ത് സ്മരണകള്, പേ. 26 ൽ ഹാജിയുടെ ഈ മതേതര നിലപാടിന്റെ സാക്ഷ്യം കാണാം:
“പള്ളിക്ക് മുമ്പിൽ പന്നിയുടെ ശവം കൊണ്ടിട്ടപ്പോൾ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാർ ചെയ്തതാണെന്ന് ഓർമ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങൾക്കും ഹാജി തടയിട്ടു. അമ്പലത്തിനുള്ളിൽ പശു കിടാവിൻറെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. മേലാറ്റൂരിലെ നായർ ജന്മിമാർ ഖിലാഫത്ത് പ്രവർണങ്ങളോട് അനുഭാവം പുലർത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാർ ഖിലാഫത്ത് വേഷത്തിൽ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയിൽ മേലാറ്റൂരിൽ ശക്തമായ പാറാവ് ഏർപ്പെടുത്താൻ ഹാജി നിർദ്ദേശിച്ചിരുന്നതും പ്രസക്തമാണ്. കുത്സിത പ്രവർത്തനങ്ങളിലൂടെ സാമ്രാജത്വ വിരുദ്ധ നീക്കത്തെ വഴിതിരിച്ചു വിടാൻ ശ്രമിച്ച സർക്കാർ ജന്മി ആശ്രിതരെ ശിക്ഷിച്ചു കൊണ്ടാണ് ഹാജി അത്തരം നീക്കങ്ങളെ തടഞ്ഞു നിർത്തിയത്. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതിൽ നിന്ന് സംരക്ഷിച്ചതും, പുല്ലൂർ നമ്പൂതിരിയുടെ ബാങ്ക് കൊള്ള ചെയ്ത കൊള്ളക്കാരെ കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചതും നമ്പൂതിരിക്ക് നഷ്ടപരിഹാരമായി ഖജാനയിൽ നിന്ന് പണം നൽകിയതും”
നിലമ്പൂരിലെ കോവിലകത്തിന് കാവലായതും വിപ്ലവം വഴി തിരിച്ചു വിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി എന്ന മട്ടിലായിരുന്നുവെന്ന് കെ മാധവന് നായര്മലബാര് ലഹള, പേ.172 ൽ വിവരിക്കുന്നുണ്ട്.
ചുരുക്കത്തിൽ വാരിയൻക്കുന്നനോ സമര നേതൃത്വമോ സമരത്തെ വർഗ്ഗീയമായല്ല കണ്ടത്. അത് കൊണ്ടാണ് സമരത്തിന്റെ മറവിൽ നിയമം കയ്യിലെടുത്ത് ഹിന്ദുക്കളെ ദ്രോഹിച്ചവരെ ഹാജി തന്നെ ശിക്ഷിച്ചതും അതിനെ തടഞ്ഞതും. ഇന്ന് ഹാജി ശിക്ഷിച്ച ലഹളക്കാരുടെ പേരിലുള്ള ആരോപണങ്ങൾ ഹാജിയുടെ തലയിൽ ചുമത്തി സമരത്തെ മൊത്തമായി വർഗ്ഗീയമാക്കുന്നത് അന്നത്തെ ബ്രിട്ടീഷ് അനുകൂലികളുടെ പിൻമുറക്കാരാണ്. സമരത്തിന്റെ മറവിൽ അഴിഞ്ഞാടിയ സാമൂഹ്യ ദ്രോഹികളെ ഒരു കാരണവശാലും അനുകൂലിക്കുന്നില്ല.കാരണം അവരെ വാരിയൻ കുന്നൻ പോലും അനുകൂലിച്ചിട്ടില്ല.