✍️ അജ്നാസ് വൈത്തിരി
ജസ്‌ല മാടശ്ശേരിയുടെ സംസാരത്തെ ബേസ് ചെയ്ത് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ഒരു സംശയം ഉന്നയിച്ച് മെസേജ് അയച്ചിരുന്നു. അതുകൊണ്ടു മാത്രമാണ് ടൈം വേസ്റ്റാണെന്നറിഞ്ഞിട്ടും ജസ്‌ലയെ കേൾക്കാനിരുന്നത്. പഴകിപ്പുളിച്ച വിമർശനങ്ങളും സ്വാനുഭവങ്ങളെ ജനറലൈസ് ചെയ്തു കൊണ്ടുള്ള വിശദീകരണങ്ങളും അറുബോറാണെന്ന് പറയാതെ വയ്യ!
അതവിടെയിരിക്കട്ടെ.
മതം വിട്ട അവളുടെ വർത്തമാനങ്ങൾ കേവല മതവിരുദ്ധതയെന്നതിനപ്പുറം മറ്റു പലതിലേക്കും കാടുകയറുന്നത് നിങ്ങൾ ശ്രദ്ധിച്ചോ?!
നൂറുശതമാനവും ഏതെങ്കിലും മതം സ്വീകരിച്ച് പൊതുവിലും ഇസ്‌ലാം സ്വീകരിച്ച് പ്രത്യേകിച്ചും മനുഷ്യരായി ജീവിക്കാൻ ആർക്കും കഴിയില്ലെന്ന് തട്ടിവിടുമ്പോൾ മതമൂല്യങ്ങൾ പൂർണ്ണാർത്ഥത്തിൽ തന്നെ പുരസ്കരിച്ച് ജീവിക്കുന്നവരെ ജസ്‌ല ലൊക്കേറ്റ് ചെയ്യുന്നത് എവിടെയാണ്?
"മതം ഉപേക്ഷിക്കൂ, മനുഷ്യനാവൂ" എന്ന പ്രമേയം പേറി നടക്കുന്ന നാസ്തിക മൗലികവാദികളുടെ കൂടെയാവുമ്പോൾ മതം ഉൾക്കൊണ്ടവരെ മനുഷ്യരെന്ന വൃത്തത്തിനു പുറത്തേക്ക് തള്ളിവിടാനുള്ള തുള്ളിച്ചാട്ടം സ്വാഭാവികമാണ്. അതാവട്ടെ മാനവവിരുദ്ധമല്ലാതെ മറ്റൊന്നുമല്ല താനും.
താനറിയാത്തതും അംഗീകരിക്കാത്തതുമായ കാര്യങ്ങൾ പുരസ്കരിക്കുന്നവരെ അവർ മനുഷ്യരല്ലെന്ന് തട്ടിവിടുന്നത് എത്ര ലാഘവത്തോടെയാണ്?! അവൾക്കനുഭവിക്കേണ്ടി വന്ന പരിഹാസങ്ങളെ പലപ്പോഴായി പരസ്യം ചെയ്യുമ്പോഴും തന്റെ സംസാരം പലരെയും പരിഹസിക്കുക തന്നെയാണെന്ന് സൗകര്യപൂർവ്വം മറക്കുകയല്ലേ ജസ്‌ല ചെയ്യുന്നത്?!
മറ്റൊരു പ്രധാന പ്രശ്നം, അവൾ പറയാതെ പറഞ്ഞു പെരുപ്പിക്കുന്ന വർഗ്ഗീയതയും വിദ്വേഷവും വമിക്കുന്ന വർത്തമാനങ്ങളാണ്. ഖുർആനുദ്ധരിച്ച് കൊണ്ട് അമുസ്‌ലിംകളോട് സൗഹൃദം പാടില്ലെന്ന് പലതവണ പ്രഖ്യാപിക്കുന്ന ആ വമ്പുപറച്ചിൽ എത്രമാത്രം ഗുരുതരമാണ്. ഖുർആനിക സൂക്തങ്ങളോട് അടിസ്ഥാന ബാന്ധവം പോലുമില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ലക്കും ലഗാനുമില്ലാത്ത ആ സംസാരമത്രയും.
വിശ്വാസപരമായ കാര്യങ്ങളിൽ വഞ്ചനയും കാപട്യവും പുലർത്തിയിരുന്ന സന്ദർഭങ്ങളിൽ വിശ്വാസ ധാരയ്ക്കു പുറത്തുള്ളവരോടുള്ള തദനുബന്ധ സൗഹാർദ്ദം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് പ്രസ്തുത സൂക്തങ്ങളവതരിക്കുന്നത്. മറ്റേതു വചനങ്ങളിലുമെന്ന പോലെ മൗലികവും സാന്ദർഭികവുമായ ഉള്ളടക്കം പേറുന്ന, ഉൾസാര സമ്പൂർണ്ണമായ ദൈവിക വചനങ്ങളാണതും. മുമ്പിലിരിക്കുന്നവരെ മുഴുവൻ മണ്ടന്മാരാക്കി അവൾ തട്ടിവിടുന്ന വ്യാഖ്യാനങ്ങൾ എങ്ങനെയാണ് ശരിയാവുന്നത്?
അമുസ്‌ലിംകളോട് യാതൊരു ബന്ധവും പുലർത്തരുതെന്ന് ഇസ്ലാമിക പ്രമാണങ്ങളിലെവിടെയാണുള്ളത്?!
"ഖുർആനായിരുന്നു പ്രവാചക സ്വഭാവമെ"ന്ന് പറഞ്ഞ പ്രവാചക പത്‌നി ആഇശ (റ) യുടെ വാക്കുകൾ സുവിദിതമാണല്ലോ. ഖുർആൻ സ്വഭാവമായി സ്വീകരിച്ച പ്രവാചകൻ അമുസ്ലിംകളോട് നയതന്ത്ര- കച്ചവട ബന്ധങ്ങളൊക്കെ സജീവമായി പുലർത്തിയിരുന്നില്ലേ? വിയോഗവേളയിൽ പോലും പ്രവാചകന്റെ പടയങ്കി ഒരു ജൂതനായ വ്യക്തിയുടെ കയ്യിൽ പണയത്തിലായിരുന്നുവെന്ന് ചരിത്ര സത്യങ്ങൾ വിളിച്ചു പറയുന്നില്ലേ?!
ജസ്‌ലയുടെ സ്റ്റഡി ക്ലാസിൽ പറയുന്ന ഖുർആൻ വ്യാഖ്യാനം പ്രവാചകനു മനസ്സിലായില്ലെന്നാണോ മറ്റുളളവർ മനസ്സിലാക്കേണ്ടത്?!
ഇസ്‌ലാമിക പ്രമാണങ്ങളുമായി പരിചയമില്ലെങ്കിലും നീണ്ട മുസ്‌ലിം സാമൂഹിക ജീവിത പരിസരങ്ങളുമായി ഇടപഴകുന്ന ആർക്കെങ്കിലും അവൾ തട്ടിവിടുന്ന ആ കാര്യങ്ങൾ ഈ മതത്തിലുണ്ടെന്ന് പറയാൻ സാധിക്കുമോ?!
നാസ്തികത മാനവിക വിരുദ്ധമാവുന്നതു പോലെ തന്നെയാണ് അതിന്റെ വർഗ്ഗീയ മുഖവും.
പുതിയ കാലത്ത് നാസ്തിക ചിന്ത വളർത്തിയെടുക്കാൻ ജസ്‌ലയും ജാമിദയുമൊക്കെ പ്രധാന വേഷങ്ങളിലെത്തി അരങ്ങിൽ അഭിനയിച്ചു തകർക്കണമെന്നു വരുമ്പോൾ തന്നെ നാസ്തിക- നിരീശ്വര വാദഗതികളുടെ അധോഗതിയും ദുർഗതിയും ദൃശ്യമാണ്.
അത്രമാത്രം!

0 Comments