സലീം ദേളി
നീ എന്തിനാണ് എപ്പോഴും മതത്തെക്കുറിച്ച് മാത്രം എഴുതുന്നത്? മറ്റു എത്ര കാര്യങ്ങളുണ്ട് എഴുതാൻ. എന്നിട്ടും വേറെ ഒന്നിലേക്കും നിന്റെ ശ്രദ്ധ പോവുന്നില്ലല്ലോ.

അപ്രതീക്ഷിതമായിരുന്നില്ല എനിക്ക് ഈ ചോദ്യം. പ്രിവില്ലേജ്ഡ് സമൂഹത്തിനകത്ത് നിന്ന് സേഫ് സോണിലിരുന്ന് അവർക്ക് നമ്മളെ അങ്ങനെയെ കാണാനൊക്കുള്ളൂ.

ഞാൻ ചോദിച്ചും പറഞ്ഞും തുടങ്ങി. നിങ്ങൾക്ക് കൂർത്ത മുനയുള്ള തീവ്രവാദി എന്ന വിളി കേൾക്കേണ്ടി വന്നിട്ടുണ്ടോ. നീ കിടക്കുന്ന റൂമിനകത്ത് ബോംബുണ്ടാവും എന്ന്  നിസ്സഹായതയോടെ കേൾക്കേണ്ടി വന്നിട്ടുണ്ടോ. ഉണ്ടാവില്ല. ഐസിസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ട വാർത്ത വന്ന അന്ന്, ഇവൻ ബാഗ്ദാദിയുടെ ആളാണെന്ന് സുഹൃത്ത് തമാശരൂപേണ ഒരാളോട് പറഞ്ഞു. എന്നിട്ടവൻ പോയി. പിന്നീട്, ഞാൻ അവരുടെ ഭാഗത്തല്ലെന്ന് അയാളുടെത് ഇസ്ലാമല്ലെന്നും വ്യക്തിയോട് പറയാൻ എനിക്ക് സമയം മതിയായി വന്നിട്ടില്ല. സുഹൃത്തിന് പറഞ്ഞ് പോയാൽ മതിയല്ലോ, എനിക്ക് പറയാതെ പോവാൻ പറ്റില്ല. അതാണ് ഞാനും നീയും തമ്മിലുള്ള വ്യത്യാസം. തീർന്നിട്ടില്ല. പറയാം.

ഞാൻ എഴുതുന്നത് എന്റെ അനുഭവത്തിൽ നിന്നും സാഹചര്യത്തിൽ നിന്നുമാണ്. എല്ലാവരും അങ്ങനെത്തന്നെയാവും. രാജ്യവും വ്യവഹാരവും അനുവദിക്കാത്തതും പ്രിവില്ലേജ്ഡ് സമൂഹത്തിനകത്ത് നിന്ന് കിട്ടിയ ഇടുങ്ങിയ വഴികളുമാണ് എന്റെ നിലപാടുകളെ നിർണയിക്കുന്നത്. നിങ്ങൾക്കങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവില്ല. നിന്റെ മതേതരത്വം തെളിയിക്കേണ്ട അവശ്യം നിനക്കുവരില്ല. പക്ഷെ, എനിക്ക് എപ്പോഴും മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു നടക്കേണ്ടി വരുന്നു. നിങ്ങൾക്ക് ഉപ്പാപ്പമാരുടെ അടിയാധാരങ്ങൾ പരതി പപിടിച്ച് പൗരത്വം ഉറപ്പാക്കേണ്ടിവരില്ല. നിങ്ങൾക്ക് ഒരിക്കലും മതത്തിൻറെ പേര് പറഞ്ഞ് തീവ്രവാദി എന്ന് വിളി കേൾക്കേണ്ടി വരില്ല. നിങ്ങളെയാരും രാജ്യദ്രോഹി എന്ന ആക്ഷേപം ഉന്നയിക്കില്ല. പക്ഷെ നമ്മൾ...

''ഇന്നാട്ടിൽ പിറന്നുപോയി, ഖബർ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോൾ വീട് കിട്ടാത്ത യത്തീം
ആർക്കുമെന്നെ തുറങ്കിലടയ്ക്കാം
ഏറ്റുമുട്ടലിലെന്നു  പാടിക്കൊല്ലം
തെളിവൊന്നുമതി: എൻറെ പേര്.''
- സച്ചിദാനന്ദൻ

കഥയും കവിതയും എഴുതാത്തതല്ല. എഴുതിയിരുന്നു. ന്യൂനപക്ഷമാണ് ഞങ്ങൾ. ഞങ്ങൾ സ്റ്റേറ്റിലും സൂഹത്തിലും അപരവൽക്കരിക്കപ്പെട്ടവരാണ്. അതിന് അകത്തുനിന്നു വീർപ്പുമുട്ടി എങ്ങനെയാണ് ഞങ്ങൾ സൗന്ദര്യത്തെ വർണ്ണിക്കേണ്ടത്. കൂർത്തമുനയുടെ തീവ്രവാദിയെന്ന വിളികൾക്കിടയിൽ…
ദേശക്കുറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ നിസ്സഹായനായി...
എന്റെ തൊപ്പിയെടുത്ത്, തലയിൽവെച്ച് നോക്കി അസ്സൽ ജിഹാദി ലുക്കാണ് എന്ന് പറയുന്നവരുടെ മുന്നിൽ നിവർന്നു നിൽക്കാൻ വേണ്ടി ജീവിക്കുന്നവർ പ്രേമത്തെക്കുറിച്ച് ഭൂമിയെ കുറിച്ച് ആകാശത്തെ കുറിച്ച് എങ്ങനെ ആലോചിക്കാനാണ്.

നോക്കൂ, ഇവിടെ ബാബരി വിധി വന്നു. മുത്തലാക്ക് വിധി വന്നു. ആസ്സാമിൽ പൗരത്വ രജിസ്ട്രേഷൻ ബിൽ വന്നു. കാശ്മീരിനെ പകുതിയാക്കി.
ഇന്ന് പൗരത്വ ബിൽ ലോക്സഭയിലാണ്. ഗുജറാത്തിൽ മതം നോക്കി അടിവയറ്റിൽ ത്രിശൂലം കയറ്റിയിട്ടില്ല. ഗർഭസ്ഥ ശിഷുവിനെ തീയിലെറിഞ്ഞിട്ടില്ല. ദില്ലിയിൽ കബന്ധങ്ങൾ കുമിഞ്ഞു കൂടിയിട്ടില്ല. മുംബൈയിൽ ആർക്കും സമ്പത്തും ജീവനും നഷ്ടമായിട്ടില്ല. കാശ്മീരിൽ അനക്കമില്ല. മലപ്പുറത്ത് ബോംബ് പൊട്ടിയിട്ടില്ല. മുസഫറാബാദ് അയോധ്യയിൽ രക്തമൊഴുകിയിട്ടില്ല. കൊൽക്കത്തയുടെ തെരുവ് ശാന്തമാണ്. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല.
എന്നാലും ഞങ്ങളുടെ നെറ്റിയിൽ ദേശക്കുറി വരച്ചുവെക്കണം. അതു മാത്രം മതിവരില്ല. പാകിസ്ഥാനിലേക്ക് പോകാൻ പറയും.

അതു കൊണ്ട്
പഠനത്തിൽ, വായനയിൽ, എഴുത്തിൽ
നമ്മൾ ശ്വസിക്കുന്ന വായുവിൽ വരെ രാഷ്ട്രീയമാണുള്ളത്. അനുഭവനിവേദ്യത്തിന്റെ രസനാർത്ഥ ചിരിയാൽ വർത്താനം അവസാനിപ്പിച്ചു. പിന്നെ എന്നോട് തന്നെ പറഞ്ഞു.

ദാ… അവിടെ
നിൽക്കുന്ന ക്യൂവിൽ ഗാന്ധിയുണ്ട്.
വാ...
പിന്നാലെ വരിയായി നിൽക്കാം
പൗരത്വം തെളിയിക്കാനല്ല.
പ്രതിഷേധിച്ചു പ്രതിരോധിച്ചു
ദേശക്കൂറു കാണിക്കാൻ
………..

Why I am silent for too much time
how much is clear and we made it
in war games, where as survivors
we are just the foot notes….

(what must be said - Gunter Grass)