മുമാസ് നസീഫ്
സമരമുഖത്തുള്ളവർ കരുതിയിരിക്കുക
ആവേശം പടർന്നു ആവശ്യം മറക്കരുത്.
ഈ ജനത മുഴുവൻ നിങ്ങളിലർപ്പിക്കുന്ന വിശ്വാസത്തിന്റെ കനൽ നിങ്ങളായിട്ട് ഊതിയമർത്തരുത്.
മയ്യത്തായാലും നിയ്യത്ത് തെറ്റരുത്.

ഇത് ഫാസിസ്റ്റജണ്ടകളുള്ള ഹിന്ദുത്വ രാഷ്ട്ര ശ്രമങ്ങൾക്കെതിരെയുള്ള ഒരു ഇസ്ലാമിക്‌ ബദലെന്ന രീതിയിലാണ് നീങ്ങികൊണ്ടിരിക്കുന്നത് എന്ന് വരുത്തിതീർക്കേണ്ടത് ഇന്ന് പരിവാരങ്ങളുടെ ആവശ്യമാണ്. നമ്മൾ ഭരണഘടനയും ജനായത്തമൂല്യങ്ങളും പൗരത്വപ്രാധാന്യവും സംസാരിക്കുമ്പോൾ അവർ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഐസിസിന്റെ വിരലുകളെ കുറിച്ചാണ്, കാശ്മീരിൽ ദേശസുരക്ഷാ സേനയെ 'കുട്ടികൾ കല്ലെറിഞ്ഞു പേടിപ്പിച്ചതിനെ' കുറിച്ചാണ്, മുസ്‌ലിമീങ്ങളും ദളിത്‌ ന്യൂനപക്ഷങ്ങളും തിങ്ങിനിറഞ്ഞ യൂണിവേഴ്സിറ്റികൾ രാജ്യത്തെ കല്ലെറിയാനേ പഠിച്ചുള്ളൂ/പഠിപ്പിച്ചുള്ളൂ, രാജ്യസ്നേഹം മാത്രം പഠിച്ചില്ല എന്നാണ്. പാരമ്പര്യമായി പലപ്പോഴും നിങ്ങൾ(" ") പ്രശ്നക്കാരാണ്.. തീവ്രവാദികളാണ്.. നിങ്ങളു(" ")ടെ യൂണിവേഴ്സിറ്റികൾ... നിങ്ങളു(" ")ടെ സമരങ്ങൾ... എന്നൊക്കെയാണ്.

അഥവാ.. സ്വദവേ ഈ രാജ്യവും അതിന്റെ സമൃദ്ധിയും നിങ്ങളെ ഉൾക്കൊള്ളുന്നതല്ല. അതിന് നിങ്ങളോ നിങ്ങൾ പങ്കിടുന്നതോ എതിരാണ് എന്നർത്ഥം.. ഏറ്റവും ചുരുക്കി പറഞ്ഞാൽ,  ഈ അപരത്വം കൽപ്പിക്കലിന്റെ നിങ്ങൾ വിളിയുടെ പാറ്റേർണനുസരിച്ച്,  "ഇപ്പോൾ ഞങ്ങൾ വളരെ വിനീതമായി പറയുകയാണ്.. നിങ്ങളൊന്ന് പോയിത്തരുമോ.." എന്നാണത് പറയാൻ ശ്രമിക്കുന്നത്.

അപ്പോൾ അതിനെ.. ഈ ചോദ്യങ്ങളെ വൈവിദ്ധ്യങ്ങൾ നാട്ടിലും വീട്ടിലും കൂട്ടിലും ഊട്ടിലും വിളമ്പിപ്പോന്ന നമ്മൾ.. ഈ നാടന്മാർ.. ഇന്നാട്ടുകാർ  നടന്നും ഇരുന്നും പരന്നും പടർന്നും എതിർക്കുക.. അതിന്റെ പേരിലാണല്ലോ ഈ വിശാല ഐക്യം സാധ്യമായിക്കൊണ്ടിരിക്കുന്നത്.

സമരങ്ങൾ നീതി നിഷേധത്തിനും നീതി നിഷേധിക്കുന്ന ലെജിറ്റിമസിക്കുമാണ് എതിര് നിൽക്കുന്നത്. അവരുടെ വേഷവിധാനമോ അത് പ്രതിനിധീകരിക്കുന്ന മതമോ അല്ല/ ആവരുത്.. നമുക്കിടയിലുമുണ്ടാകും സ്പർദ്ധയുണ്ടാക്കുന്നവരും കലക്കുന്നവരും.. അവരാണ് ഈ ധർമ്മസമരത്തിൽ ഏറ്റവും വലിയ ഒറ്റുകാർ..

നമ്മൾ വേഷമോ ദേശമോ ഭാഷയോ അല്ല തിരിച്ചറിവിന്റെ മാനദണ്ഡമാക്കുന്നത്, ശൈലികളിലൂടെയാണ്. വിഷം ചീറ്റുന്ന ശൈലികളിലൂടെ.. നമ്മുടെ ദാമോദരേട്ടന് അത് പറയാം.. കാരണം അയാളെ ഇത്യാദി കാര്യങ്ങൾക്ക് വിശ്വസിച്ചേൽപ്പിച്ചവർക്ക് വേണ്ടി അയാളിത്രയെങ്കിലും പറയണ്ടേ.. പക്ഷെ നമുക്കത് പറ്റില്ലല്ലോ..