അനുരാജ് ഗിരിജ കെ.എ
മുന്നിലൊരു ഇലക്ട്രിക്ക് വയറിന്റെ ഒരറ്റം കൊണ്ടുവന്ന് തൊടാൻ പറഞ്ഞാൽ നിങ്ങൾ തൊടില്ല. നിങ്ങൾ അവിശ്വാസിയാകട്ടെ വിശ്വാസിയാകട്ടെ, നിങ്ങളുടെ മനസ്സിൽ ആ വയറിൽ വൈദ്യുതി ഉണ്ടാകാനുള്ള സാധ്യതയുടെ യുക്തിയുണ്ട്. നിങ്ങളുടെ ആ യുക്തി വർക്ക് ചെയ്യുന്നതിനാലാണ് നിങ്ങൾ അതിൽ തൊടാത്തത്.
എന്നിട്ടും എന്തായിരിക്കാം ഒരു വിഷയത്തിൽ തന്നെ പലർക്കും പല യുക്തികൾ വഴി പല അഭിപ്രായങ്ങൾ ഉണ്ടാകുന്നത്?
ഞാൻ മനസ്സിലാക്കുന്നത് പറയാം.
ഒരാളുടെ അടിസ്ഥാനപരമായ യുക്തി "ജാതി ചോദിക്കുന്നതും പറയുന്നതും തെറ്റാണ്" എന്നാണെന്നിരിക്കട്ടെ. വളരെ റീസണബിൾ ആയ ആ യുക്തിയാണത്. ആ യുക്തിയുടെ മുകളിലായിരിക്കും അയാളുടെ ബാക്കി യുക്തികൾ അടുക്കി വച്ചിരിക്കുക. അങ്ങനെയുള്ള ആ യുക്തികൾ വഴി "ജാതി സംവരണം ഒരു പക്കാ പിന്തിരിപ്പൻ പരിപാടിയാണ്" എന്ന നിഗമനത്തിൽ മാത്രമേ അയാൾ എത്തൂ.
നിങ്ങൾ ജാതിയെ സംബന്ധിച്ച് ജീവിതത്തിൽ സൂക്ഷിക്കുന്ന യുക്തികളുടെ അടിസ്ഥാനം "ജാതി എവിടെ എങ്ങനെ ചോദിച്ചാലും പറഞ്ഞാലും അതൊരു തെറ്റാണ്" എന്നാണെങ്കിൽ നിങ്ങൾ എങ്ങനെയൊക്കെ ചിന്തിച്ചാലും ജാതി സംവരണം ഒരു അസംബന്ധം ആയേ നിങ്ങൾക്ക് തോന്നൂ.
അവിടെയാണ് അടിസ്ഥാന യുക്തിയുടെ പ്രാധാന്യം.
"ജാതി മൂലമുള്ള എക്സ്ക്ലൂഷൻ അഥവാ പുറംതള്ളൽ ഇന്നത്തെ കാലത്തും സമൂഹത്തിലെ പല മേഖലകളിലെയും ദളിത്-ആദിവാസി-പിന്നോക്ക പ്രാതിനിധ്യത്തെ ബാധിക്കുന്നു" എന്ന ബോധ്യം നിങ്ങളുടെ അടിസ്ഥാനമായില്ലെങ്കിൽ ജാതി സംവരണം വെറും വിഭജനം മാത്രമായി നിങ്ങൾക്ക് അനുഭവപ്പെടും. ഈ അടിസ്ഥാന ബോധ്യത്തിൽ നിന്നുമാണ് ആ പ്രശ്നത്തിനുള്ള പരിഹാരത്തെപ്പറ്റിയുള്ള ചിന്തകൾ ഉണ്ടാവുക. അത് ഒടുവിൽ ജാതി സംവരണം പോലെയുള്ള ഒരു മെക്കാനിസത്തിന്റെ മൂല്യത്തെപ്പറ്റി ഉറപ്പായും നിങ്ങളെ ബോധ്യപ്പെടുത്തും.
പക്ഷെ നിങ്ങൾ ജാതി ചോദിക്കുന്നവരും പറയുന്നവരും ഇച്ചീച്ചി പിള്ളേർ ആണെന്ന പരമ്പരാഗത ബോധ്യത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ഇറങ്ങി വന്നില്ലെങ്കിൽ എത്ര തന്നെ തിയറി പറഞ്ഞാലും നിങ്ങൾക്കതിന്റെ ഗുട്ടൻസ് മനസ്സിലാകില്ല.
ഇതിവിടെ എഴുതാൻ കാരണം മറ്റൊന്നാണ്.
പൗരത്വ ബിൽ രാജ്യസഭ പാസാക്കി എന്നറിയുന്നു.
നിങ്ങൾക്ക് പരിചയമുള്ള സംഘികൾ ഒക്കെയും അതിനെ പല യുക്തികൾ നിരത്തി ന്യായീകരിക്കും. ആ യുക്തികളിൽ എല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു അടിസ്ഥാന യുക്തിയുണ്ട്. ശ്രദ്ധിച്ചാൽ അറിയാം.
ഇസ്ലാമോഫോബിയ എന്ന് പറയും.
"പല മുസ്ലീങ്ങളും തീവ്രവാദം വഴി ഈ രാജ്യത്തെ നശിപ്പിക്കാൻ മനസ്സുള്ളവർ ആണ്" എന്ന അടിസ്ഥാന ധാരണയുടെ വിവിധങ്ങളായ മാനിഫെസ്റ്റേഷനുകൾ മാത്രമാണ് ആ ന്യായീകരണങ്ങൾ എല്ലാം.
ജീവനും സുരക്ഷയ്ക്കും വേണ്ടി നാടുവിട്ട് ഓടിവന്ന മുസ്ലീങ്ങൾ അല്ലാത്തവർ എല്ലാം നല്ലവരും മുസ്ലീങ്ങൾ മാത്രം ഭീകരരും ആകുന്ന യുക്തി, നിങ്ങൾക്ക് പരിചയമുള്ള സംഘികൾക്ക് വളരെ convincing ആകുന്നതിന്റെ കാരണവും ഇസ്ലാമോഫോബിക്ക് ആയ അവരുടെ അടിസ്ഥാന യുക്തികളാണ്.
അതിന് പക്ഷെ നമ്മൾ സംഘികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നും വീടുകളിൽ ചെറുപ്പം മുതൽ ശീലിപ്പിക്കുന്ന ഇസ്ലാമോഫോബിക്ക് ആയ ചിന്തകളുടെ കൂടി പരിണിത ഫലമാണീ ബില്ല് എന്നത് മറന്നു കൂടാ.
കൃത്യമായ മുസ്‌ലീംവിരുദ്ധ സോഷ്യൽ എഞ്ചിനീയറിംഗ് ആണ് നടക്കുന്നത്. വളരെ ശ്രദ്ധയോടെ വീടുകളിൽ നിന്ന് തുടങ്ങി അതിനെ പ്രതിരോധിച്ചില്ലെങ്കിൽ ഇന്ത്യ എന്ന മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഒരു ചരിത്രമായി മാറും.
0 Comments