✍  അജ്നാസ് വൈത്തിരി
ർവ്വമത സത്യവാദമെന്നും മതസൗഹാർദ്ദമെന്നും ഒക്കെ ഓമനപ്പേരിട്ട് എത്ര വലിയ അപകടമാണീ പലരും പറഞ്ഞു പൊലിപ്പിക്കുന്നത്?
അജ്ഞതയും അപകർഷതയും മൂലം എന്തിനൊക്കെയാണ് നിങ്ങൾ വേദിയൊരുക്കുന്നത്?
ഈയടുത്ത കാലത്ത് കുറച്ചധികമായി സ്ഥാനത്തും അസ്ഥാനത്തും സർവമത സത്യത്തേയും സാധുത്വത്തേയും പ്രതിഷ്ഠിക്കുന്നത് കാണാനാവും.
മനുഷ്യസൗഹാർദ്ദത്തിന് മതസൗഹാർദ്ദത്തിന്റെ ലേബലൊട്ടിക്കുന്നതും ഇതിന്റെ ഭാഗമാണ്. മതദർശനങ്ങൾക്കിടയിലെ സാർവലൗകികതയും സാദൃശ്യതയും പറയേണ്ടിടത്ത് സർവ്വമത സത്യവാദം എന്ന മിഥ്യാസങ്കൽപത്തെ പറഞ്ഞുപെരുപ്പിക്കാൻ ധൃതിപ്പെടുന്നത് ചില തത്പരകക്ഷികളാണെന്നു വ്യക്തം.
സർവ്വമതത്തിനും സത്യവും സാധുതയും പറയുന്നത് എത്രമാത്രം നിരർത്ഥകമാണെന്ന് ആലോചിച്ചു നോക്കൂ.
പരസ്പര വിരുദ്ധങ്ങളായ പ്രത്യയ ശാസ്ത്രങ്ങളെങ്ങനെയാണ് എല്ലാം ഒരുപോലെ ശരിയാവുന്നത്?
സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദാർശനിക - താത്വിക തലങ്ങളെ അവലോകനം ചെയ്ത് പ്രസ്തുത വാദത്തെ ഇന്നും സജീവമായി നിലനിർത്തിപ്പോരുന്നത് പ്രകടമാണ്. മഹാത്മാഗാന്ധിയെ പോലുള്ളവരും ഇവിടെയൊക്കെ ഉദ്ധരിക്കപ്പെടുന്നു. എന്നാൽ ഇവരുടെയൊക്കെ പ്രസ്താവനകളും പ്രവർത്തനങ്ങളും കൂടുതൽ പുനരാഖ്യാന- വ്യാഖ്യാനങ്ങളാവശ്യപ്പെടുന്നുണ്ടെന്നാണ് പഠനങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.
ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ ശക്തരായ വക്താക്കളും പ്രയോക്താക്കളുമായിരുന്ന സ്വാമി വിവേകാനന്ദനും ശ്രീ നാരായണഗുരുവും ഹൈന്ദവ ദർശനത്തിന്റെ ശക്തനായ വക്താവായിരുന്ന മഹാത്മാ ഗാന്ധിയും എല്ലാം എങ്ങനെയാണ് വിശ്വമതാദർശത്തിന്റെ വക്താക്കളായി ബ്രാൻഡ് ചെയ്യപ്പെടുന്നത്?
അധ:കൃത വർഗത്തിന്റെ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും വേണ്ടി യത്നിച്ച അവരുടെയെല്ലാം ശ്രമങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ വാസ്തവികതയെ മനസ്സിലാക്കുക തന്നെ വേണം. സർവ്വരും നല്ലനിലയിൽ നന്നായും നാമായും ഒന്നിച്ച് സമൂഹ ജീവിതം അനുഷ്ഠിച്ചു പോരുന്നതിനായുള്ള വാക്കുകളും വർക്കുകളുമായിരുന്നു അവരുടേതൊക്കെയും. തദടിസ്ഥാനത്തിലാവണം അവരുടെ ആഖ്യാനങ്ങളെ വ്യാഖ്യാനിക്കപ്പെടേണ്ടത്.
അങ്ങനെയാവുമ്പോൾ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" യെന്ന സുവിദിത സാരോപദേശത്തിന് മനുഷ്യൻ നന്നാവണമെന്നതിൽ കവിഞ്ഞ യാതൊരു വ്യാഖ്യാനത്തിന്റെയും വിശാലതയില്ല തന്നെ.
സർവ്വമതത്തിനും സത്യവും സാധുതയും പറയുന്നത് എത്രമാത്രം നിരർത്ഥകമാണെന്ന് ആലോചിച്ചു നോക്കൂ.
പരസ്പര വിരുദ്ധങ്ങളായ പ്രത്യയ ശാസ്ത്രങ്ങളെങ്ങനെയാണ് എല്ലാം ഒരുപോലെ ശരിയാവുന്നത്?
അടിസ്ഥാനപരമായും ശാഖാപരമായും ഏറെ വേറിട്ടും വിരുദ്ധപ്പെട്ടും നിലകൊള്ളുന്ന ഏകദൈവത്വ - ബഹുദൈവത്വ ദ്വൈത-അദ്വൈത ആസ്തിക - നാസ്തിക ചേരിയിലുള്ള സർവ്വദർശനങ്ങളും ഒരേ പോലെ സത്യമാണെന്ന് പറയുന്നത് ധിഷണാന്ധത തന്നെയാണ്. സൈദ്ധാന്തികമായി വേറിട്ടു നിൽക്കുന്ന കമ്മ്യൂണിസത്തിന് ഇതര ദർശനങ്ങളും ഇതുപോലെ ശരിയാണെന്ന് പ്രസ്താവിക്കാൻ സാധിക്കുമോ? മറ്റു മതദർശനങ്ങളുടെ കാര്യവും തഥൈവ.
എല്ലാവരും അവരവരുടെ ആദർശമാണ്, അതുമാത്രമാണ് നൂറു ശതമാനവും ശരിയെന്നു ഉറച്ചു പറയട്ടെ. അതോടൊപ്പം അപരന്റെ ആദർശത്തോട് ആദരവും സഹിഷ്ണുതയും പുലർത്തട്ടെ.
വിവേകികളുടെ വഴിയടയാളങ്ങൾ അതാണ് പ്രകാശിപ്പിക്കുന്നത്.
മറ്റൊന്ന്, മതമല്ല മനുഷ്യനാണ് പ്രധാനമെന്ന് പറയുമ്പോൾ മതത്തിന് പറയാതെ പറഞ്ഞു വെക്കുന്ന അപ്രധാനവും, മതത്തേക്കാൾ മനുഷ്യത്വമാണ് വലുതെന്ന് പറയുമ്പോൾ വരുന്ന മതത്തിന്റെ ചെറുപ്പവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
മതത്തിന് ഉൾക്കൊള്ളാൻ കഴിയാത്തത്രയും വലുപ്പമുള്ളതാണ് മനുഷ്യത്വമെന്ന് പറയുമ്പോൾ മതതത്വങ്ങളുടെ വലുപ്പവും അതിന് മുന്നിലെ മനുഷ്യത്വത്തിന്റെ ചെറുപ്പവും നിങ്ങൾക്ക് മനസ്സിലായിക്കാണില്ല.
സർവ്വമത സാധർമ്മ്യത്തെ സർവ്വമത സത്യവാദമായി കരുതുന്നത് ഇസ്‌ലാമിന്റെ ചിരന്തനമായ യാഥാർത്ഥ്യങ്ങളുടെ ഉള്ളടക്കത്തെ ഉൾക്കൊള്ളാത്തതു കൊണ്ടാണെന്ന് ചേർത്തു പറയട്ടെ.
സർവ്വരും താന്താങ്ങളുടെ ആദർശത്തെ വെവ്വേറെ തന്നെ നോക്കിക്കാണട്ടെ. ദർശനങ്ങളിലെ ബഹുത്വം മാനവികതയുടെ ഏകത്വത്തിന് വിഘാതമാവുകയുമരുത്. അങ്ങനെ വേറിട്ടുനിന്നു തന്നെ വസ്തുനിഷ്ഠമായ വിലയിരുത്തലും ആത്മനിഷ്ഠമായ അംഗീകരിക്കലുമുണ്ടാവാം. അതല്ലാത്തതത്രയും ആത്മവഞ്ചനയാണ്; പരവഞ്ചനയും.