യു. ഫാത്തിമ സുഹ്റ വഫിയ്യ

രോ മതതത്തിനും അതിന്റേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. വിശ്വാസികളത് ജീവിതത്തിന്റെ ഭാഗമായി നില നിർത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള മതേതര രാഷ്ട്രത്തിൽ ഭരണഘടന പോലും തന്റെ മത വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവാദം നൽകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മത കാര്യങ്ങളിൽ മതവിരുദ്ധർ ഇടപെടുന്നത് എന്തൊരു വിരോധാഭാസം!
 പൗരന്മാരുടെ ഔദാര്യ വോട്ടിൽ അധികാര കസേരയിലിരിക്കുന്ന 'കോണികേറി' മാരോട് പറയാനുള്ളത് വിശ്വാസം ആരുടെയും ലുഡോ ക്യൂബൊന്നുമല്ല. പള്ളിയിലെങ്ങനെ ആരാധന നടത്തണമെന്നും ആര് നടത്തണമെന്നും തീരുമാനിക്കുന്നത് ഞങ്ങളുടെ മതം.
മൂന്നു പതിറ്റാണ്ടു മുമ്പ് വരെ ശബരിമലയിൽ സ്ത്രീകൾക്ക് ഇല്ലാതിരുന്ന വിലക്ക് പിന്നീട് നിലവിൽ വരികയും അത് നീക്കം ചെയ്ത് കൊണ്ട് തൃപ്തി ദേശായി ക്ക് തൃപ്തികരമായ വിധി സുപ്രീംകോടതി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിധി വന്നതോടെ സുന്നി മുസ്ലിങ്ങൾ ക്കെതിരെ കലക്ക് വെള്ളത്തിൽ മീൻ പിടിക്കാനൊന്ന് ശ്രമിച്ചതാണ് ഖമറുന്നീസ അൻവറിനെ പോലേയുള്ളവർ. ഇത്തരം തേഡ് റേറ്റഡ് അടവുകൾക്ക് തക്കം പാർത്തിരിക്കുകയാണ് പലരുമെന്നത് ഇതോടെ ബോധ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഇസ്ലാമിക ചരിത്രത്തിൽ ആദർശ വ്യതിയാനാടിസ്ഥാനത്തിൽ  മുസ്ലിങ്ങൾ വിവിധ വിഭാഗങ്ങളായി ജീവിക്കുന്നു. മാത്രമല്ല, ഓരോരുത്തരും തന്റെ ആദർശത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.
സ്ത്രീ പള്ളി പ്രവേശനം അനുവദിക്കണമെന്ന് മതവെളിയിലിരുന്ന്  മതവിരുദ്ധർ അനാവശ്യം പറയുമ്പോൾ ആദ്യം പോയി മതം പഠിച്ചിട്ട് വരൂ എന്നാണ് ഇവരോട് പറയാനുള്ളത്. കാലങ്ങളോളമായിട്ട് ഖമറുന്നീസ അൻവറിനെ പോലേയുള്ള ബിദഈ ആശയക്കാർക്ക് അവരുടെ പൂതി നിറവേറ്റാൻ കാക്കത്തൊള്ളായിരം പള്ളികൾ ഈ കേരള പശ്ചാത്തലത്തിൽ തന്നെയുണ്ട്. പിന്നെന്തിനാണ് ബാക്കിയുള്ള വിശ്വാസി സ്ത്രീകളെ വലിച്ചിഴച്ച് പള്ളിയിൽ കയറ്റുന്നത്.
കോടിയേരി ബാലകൃഷ്ണനെ പോലെയുള്ള മതമില്ലാ യുക്തി രഹിതരോട്  പറയാനുള്ളത് കെ. പി. എ മജീദിന്റെയും മുസ്ലിം ലീഗിന്റെയും നിലപാടുകൾ തന്നെയാണ്. ഇത് വിശ്വാസ കാര്യം, അവിശ്വാസികളായ നിങ്ങളെന്തിന് ഇതിലിടപെടണം. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരും കോടതികളും ഇടപെടുന്നത് ശരിയല്ലെന്ന് മാത്രമല്ല; വർഗ്ഗീയതക്ക് കുട പിടിക്കുന്നുയെന്നത് തന്നെയാണ് യാഥാർത്ഥ്യം.
ശബരിമല പ്രശ്നത്തിൽ വീണിടത്ത് കിടന്ന്  ഉരുളേണ്ടി വന്നപ്പോൾ വീണിടം വിഷ്ണു ലോകമാക്കാനുള്ള തന്ത്രപ്പാടാണ് മാധ്യമങ്ങൾക്ക് മുമ്പിൽ കോടിയേരി കാണിച്ചത്.
അപ്പോഴും എത്തും പിടിയും കിട്ടാത്തത് സഹോദരി ഖമറുന്നീസ അൻവറിന്റെ  വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണ്. മുസ്ലിം മത വിശ്വാസികളുടെ കൂട്ടത്തിൽ സ്ത്രീ പള്ളിയിൽ പോയി നിസ്ക്കരിക്കണമെന്ന് പറയുന്ന ഖമറുന്നീസ അൻവറിന്റെ വിഭാഗക്കാരെ ആരും വഴിയിൽ തടഞ്ഞ് വെക്കുകയോ പള്ളി വാതിലിന് പൂട്ടിടുകയോ ചെയ്തിട്ടില്ല. അതേസമയം, വീടിന്റെ ഉള്ളറകളിലിരുന്ന് നിസ്കാരവും ,ഓത്തും, ബൈത്തും നടത്തിയിരുന്ന ഒരു സുന്നി പെണ്ണും കോടതിക്ക് മുമ്പിൽ തല തല്ലിക്കരഞ്ഞ് പള്ളി കേറണമെന്ന് അലമുറയിട്ടിട്ടുമില്ല. ഇനി ഏതെങ്കിലും ഒരു സുന്നിപ്പെണ്ണിന് പള്ളി കയറാൻ ആഗ്രഹം മൂക്കുകയോ, വീട്ടിൽ നിസ്കരിച്ചിട്ട് ശരിയാവുന്നില്ലെന്ന് തോന്നുകയോ ചെയ്താൽ അന്ന് മുതൽ അവൾ നിങ്ങളുടെ പള്ളിയിൽ വരാനും തുടങ്ങും. പിന്നെന്തിനാണ് സ്വന്തം ചെലവിൽ കെട്ടിപ്പടുത്ത വീടിനുള്ളിൽ ഓത്തും ബൈത്തും ആരാധനയും നടത്തുന്ന ഞങ്ങളെ പിടിച്ച് പള്ളിയിൽ കയറ്റുന്നത്. لكم دينكم ولي دين(നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം) എന്ന ഖുർആനിക വചനമാണ് ഞങ്ങളുടെ നയം.ഞങ്ങൾക്ക് ഉത്തമം ഞങ്ങളുടെ വീട് തന്നെ. വീടിന്റെ ഉള്ളറകളാണ് ഞങ്ങളുടെ ആരാധനക്കെന്നും പവിത്രത കൂട്ടിയിട്ടുള്ളതും.ഇനി നിങ്ങൾ വേണമെങ്കിൽ തുമ്മി നോക്കി, തുമ്മിയാൽ തെറിക്കുന്ന പെണ്ണുങ്ങളുണ്ടെങ്കിൽ പള്ളിയിൽ ചെന്ന് വീണോളും. നിങ്ങളെ സ്വഫ്ഫിന്റെ എണ്ണവും കൂടിക്കോളും. അതാണല്ലോ നിങ്ങളുടെ ഈ കഴമ്പില്ലാത്ത പ്രസ്താവനക്ക് പിന്നിലെ ഗൂഢാലോചന.
അവസാനമായി ഒന്ന് പറയാനുള്ളത്  സ്ത്രീകൾ ഒന്നടങ്കം പള്ളിയിൽ വന്നാൽ ഉച്ചഭാഷിണി യുടെ ശബ്ദം കൂട്ടേണ്ടി വരും. അത് പിന്നെ അന്യമതസ്ഥർക്കൊരു ബുദ്ധി മുട്ടാവും. ഒന്ന് സൂക്ഷിച്ചു കൊള്ളുക.