ഷിബു ഇ.വി
വമലയാളവാണിജ്യസിനിമയില്‍ ആധിപത്യവും സ്വാധീനവുമുള്ളത് പ്രധാനപ്പെട്ട രണ്ടു സ്‌കൂളാണെന്നാണ് എന്റെയൊരു കണ്ടെത്തല്‍, വിനീത് ശ്രീനിവാസൻ സ്‌കൂളും ആഷിക് അബു സ്‌കൂളും. ഹെലന്‍ കണ്ടതോടെ അത് ഒന്നുകൂടി ബലമായി. (തര്‍ക്കിക്കരുത്, തര്‍ക്കിച്ചാല്‍ ഞാന്‍ ഓടും.) വെറുതേ പറഞ്ഞതല്ല, 2010 മുതലുള്ള സിനിമകളെ വിലയിരുത്തിനോക്കിയിട്ടാണ് പറയുന്നത്. സ്‌കൂളെന്നു പറയുമ്പോള്‍ എല്ലാവരും ശിഷ്യന്മാരാണെന്നൊന്നുമല്ല. പക്ഷേ സിനിമയുടെ ഈസ്‌തെറ്റിക്‌സ് മുതല്‍ കണ്ടന്റിലും കളര്‍ടോണിലും വരെ ഈ രണ്ടു സ്‌കൂളുകളിലെയും ആളുകളുടെ സിനിമകള്‍ക്ക് ഒരുപാട് സമാനതകള്‍ കാണാന്‍ ആവും.
മലയാളസിനിമയില്‍ നിലവില്‍ വലിയ വാണിജ്യവിജയങ്ങള്‍ സൃഷ്ടിക്കുന്നവരില്‍ നല്ലൊരു പങ്കും വിനീത് ശ്രീനിവാസനെ മെന്ററായി കാണുന്നവരോ, ആഷിക് അബുവിന്റെ സിനിമകളുമായി തുടക്കം മുതല്‍ സഹകരിച്ചുവന്നവരോ ആണ്. അല്ലാതെയുള്ളവര്‍ എബ്രിഡ് ഷൈന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, തുടങ്ങിയ സിംഗിള്‍ പസങ്കകളും സൂപ്പര്‍താരഫോര്‍മുല സിനിമകളൊരുക്കുന്നവരും ബാക്കി പൃഥ്വിരാജിന്റെ ഹൈടെക് 'ജൂതകഥ' പറയുന്നവരുമാണ്. അതൊക്കെ അപ്പൂപ്പന്റെ വെടി പോലാണ്., ഒത്താല്‍ ഒത്തു.
വിനീതിന്റെ സ്‌കൂള്‍ എടുത്താല്‍ ജൂഡ് ആന്റണി ജോസഫ്, ബേസില്‍ ജോസഫ്, ഗണേഷ് രാജ്(ആനന്ദം) , ആല്‍ത്താഫ് സലിം( ഞണ്ടുകളുടെ നാട്ടില്‍ ഇടവേള), ജി. പ്രജിത്ത്(വടക്കന്‍ സെല്‍ഫി) തുടങ്ങി അരഡസന്‍ പേരെയെങ്കിലും കണ്ടെത്താനാവും. ഒടുവിലിതാ മാത്തുക്കൂട്ടി സേവ്യറും(ഹെലന്‍). ചിലത് വിനീത് നിര്‍മിച്ചതാണ്, ചിലതില്‍ തിരക്കഥ, ചിലതില്‍ അഭിനയം. മറ്റുചിലവയുമായി ബന്ധമില്ലെങ്കിലും വിനീതിന്റെ സിനിമകള്‍ പോലെ ലൈറ്റ് ഹേര്‍ട്ടട് ഫാമിലി ഡ്രാമകളാണ്. അല്‍ഫോന്‍സ് പുത്രന്‍ ഈ സ്‌കൂളിന്റെ പ്രോഡക്ടാണെന്നു പറയാന്‍ പറ്റില്ലെങ്കിലും ഹെഡ്മാസ്റ്ററാക്കാന്‍ പറ്റിയ കക്ഷിയാണ്. ധ്യാന്‍ ശ്രീനിവാസന്‍ പിന്നെ പഠിച്ചതു വിനീത് സ്‌കൂളിലാണെങ്കിലും പണി വിനയന്‍ സ്‌കൂളിന്റേതാണ്.
ആഷിക് അബു വിഭാഗം എടുത്താല്‍ ദിലീഷ് പോത്തന്‍, മധു സി. നാരായണണ്‍, സൗബിന്‍ ഷാഹിര്‍, ഖാലിദ് റഹ്മാന്‍, സമീര്‍ താഹിര്‍, വിഷ്ണു നാരായണന്‍, അനുരാജ് മനോഹര്‍, സക്കരിയ, മുഹ്‌സിന്‍ പെരാരി ദിലീഷ് പോത്തന്‍(കടന്നകൈയാണ്) ലിസ്റ്റ് നീളും. ചിലരൊന്നും ആഷിക്കിന്റെ സിനിമകളുമായി അസോസിയേറ്റ് ചെയ്തിട്ടില്ല. പക്ഷേ അവരുടെ സിനിമകള്‍ ആ പൊതു സ്വഭാവത്തിലുള്ളതാണ്. വേണമെങ്കില്‍ രാജീവ് രവിയെയും അന്‍വര്‍ റഷീദിനെയും സ്‌കൂളില്‍ ചേര്‍ക്കാം, അവരറിഞ്ഞാല്‍ ആളെ വിട്ട് അടിക്കുമെങ്കിലും. പക്ഷേ ഒരു കാര്യമുണ്ട് 2010ല്‍ ആഷിക് അബു സോള്‍ട്ട് ആന്‍ഡ് പെപ്പറുമായി വന്ന് നഗരയുവത്വത്തിന്റെ പുതുജീവിതത്തെത്തുക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ മുതലാണ് മലയാളം ന്യൂജനറേഷനായി വന്നത്. അതിനുമുമ്പുള്ള നഗരയുവാക്കളുടെ ജീവിതം ക്വട്ടേഷന്‍ കഥകളായിരുന്നു. വയലന്‍സും ബ്ലാക്കും പോലുള്ളവ. മാറിയ മലയാളി അര്‍ബന്‍ ലൈഫിനെക്കുറിച്ച് പറഞ്ഞത് ശ്യമാപ്രസാദാണ്, ഋതുവില്‍. പക്ഷേ അത് ജനകീയമാകുന്നത് ആഷിക്കിലൂടെയാണ്. അതിനുശേഷമാണ് അന്‍വര്‍ ഉസ്താദ് ഹോട്ടലും രാജീവ് രവി അന്നയും റസൂലും പറയുന്നത്. അവര്‍ക്ക് വഴി തുറന്നത് ആ മാറ്റമാണ്. ഇതൊന്നുമല്ല ഈ സിനിമകള്‍ക്ക് ഒരു പൊതുസ്വഭാവം തന്നെയുണ്ട്, തീമിലുള്ള വയലന്‍സും കളര്‍ടോണിലുള്ള ഡാര്‍ക്ക്‌നെസും മാത്രമല്ല, മിക്കവയ്ക്കും ഷൈജു ഖാലിദിന്റെയോ, രാജീവ് രവിയുടെയോ ദൃശ്യങ്ങളുടെ സാമ്യതയുണ്ട്.
വീനീത് സ്‌കൂളില്‍ ഇത് ആനന്ദ് സി. ചന്ദ്രനോ, ജോമോന്‍ ടി. ജോണോ ആയിരിക്കും. പൊതുവേ പ്ലസന്റായിരിക്കും കളര്‍ ടോണ്‍. യുവത്വവും സൗഹൃദവും ആഘോഷിക്കുന്ന സിനിമകളാണ് ഈ സ്‌കൂളില്‍. സംവിധായകരില്‍ പലര്‍ക്കും എന്‍ജിനീയറിങ് പശ്ചാത്തലമുണ്ട്. പൊതിഞ്ഞുപിടിച്ച ആ ഒരു അപ്പര്‍/മിഡില്‍€ാസ് കുടുംബാന്തരീക്ഷവും ഈ സിനിമകളിലുണ്ട്. ലവിങ് പേരന്റ്‌സ്, ചെറിയ ഉഴപ്പുള്ള വലിയ അസ്തിത്വപ്രശ്‌നങ്ങളൊന്നുമില്ലാത്ത വയലന്‍സ് കാര്യമായി കടന്നുവരാത്ത സിനിമകളാണ്. ഹാപ്പി എന്‍ഡിങ്. പക്ഷേ അവര്‍ പുതിയ കാലത്തെ ചെറുപ്പക്കാരുടെ ശൈലിയും മാറ്റവും തൊഴിലിടങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. ഹെലന്‍ തന്നെ ഉദാഹരണം. ഐ.എല്‍.ടി.എസ്. എഴുതി കാനഡയ്ക്കുപോകാന്‍ നോക്കുന്ന, മാളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നവളാണ് നായിക ഹെലന്‍.
മറിച്ച് ആഷിക്ക് സ്‌കൂളില്‍ പ്രതിസന്ധികളില്‍പെടുന്ന നഗരയുവത്വങ്ങളാണ് ഏറെയും. ഹെലനെപ്പോലെ കാനഡയ്ക്കുപോകാന്‍ നോക്കുന്ന ടെസ 22 എഫ്‌കെയില്‍ എത്തിപ്പെടുന്നത് ക്രിമിനല്‍ വഴികളിലാണ്. സോ ഡാര്‍ക്ക്. ഒട്ടും ലൈറ്റല്ല. തൊഴില്‍ മുതല്‍ ഐഡന്ററ്റി വരെ പ്രശ്‌നമാണ്.,പ്രണയവും. ദിലീഷ് പോത്തന്റെ സിനിമകള്‍ മാത്രമാണ് ഗ്രാമീണ പശ്ചാത്തലമെന്നു പറയാവുന്നത്. ദിലീഷ് ഈ കൂട്ടത്തില്‍പ്പെടുത്തേണ്ടതല്ല, ഒരു യുണീക്ക് ഫിലിംമേക്കറാണ്. പക്ഷേ ആഷിക് സ്‌കൂളിന്റെ ഒരു തുടര്‍ച്ചയായാണ് സിനിമയില്‍ വന്നത്. പ്ലസന്റ് എന്നു പറയാന്‍ പറ്റില്ല, ഡാര്‍ക്ക് ആണ്.
ഈ രണ്ടു ഗ്രൂപ്പ് സിനിമകളുടേയും ഏറ്റവും കൃത്യമായ വേര്‍തിരിവും അതാണ്. വിനീത് സ്‌കൂള്‍ സന്തോഷമുള്ള മനുഷ്യരുടെ സന്തോഷമുള്ള ജീവിതമാണ്, ആഷിക് സ്‌കൂള്‍ സന്തോഷമുണ്ടാക്കാനായുള്ള മനുഷ്യരുടെ സങ്കീര്‍ണമായ ജീവിതമാണ്. വിനീത് സ്കൂൾ സിനിമയുടെ പൊളിറ്റിക്കൽ കറക്ട് നെസ്സിനേക്കുറിച്ച് ആശങ്കാകുലരല്ല. ആഷിക് സ്കൂൾ ആശങ്കാകുലരാണെന്നു മാത്രമല്ല, റിയലിസത്തിലെ അൺറ്റയിലിസ്റ്റിക്ക് മനുഷ്യരായിപ്പോകുന്നുണ്ട്. ആദ്യത്തെ സ്കൂൾ അതുകൊണ്ട് ചിലർക്ക് പൈങ്കിളിയായിപ്പോയി. രാഷ്ട്രീയ ശരികൾ സിനിമകൾ പുലർത്തണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക് രണ്ടാമത്തേത് ബ്രില്ല്യന്‍സുമായി..
പിന്‍കുറിപ്പ്: ഇപ്പോള്‍ പ്രസില്‍ ഇരുന്നപ്പോള്‍ തോന്നിയത്. പ്രകോപനം: ഇന്നലെ ഹെലന്‍ കണ്ടത്,