സലീം ദേളി

കേരള രാഷ്ട്രീയത്തിനകത്ത് (മാവോയിസ്റ്റ്/യു.എ.പി.എ/ഫിറോസ്/ഹിജാബ്/പർദ്ദ/മുസ്ലിം/ദലിത്) ഗ്രാംഷിയൻ വായന സാധ്യമാവുകയാണ്. സമൂഹത്തിനകത്ത് ഓരോ വ്യക്തിയും സാമൂഹിക നിർമ്മിതിയിൽ ഉൾപ്പെടുന്നവരാണ്. വ്യക്തി സാമ്പത്തികോൽപ്പന്നം മാത്രമല്ല. സാമ്പത്തിക ബന്ധങ്ങളിൽ മാത്രമായി ഒരു വ്യക്തിയുടെ സ്വത്വം പരിമിതപ്പെടുന്നില്ല എന്നർത്ഥം. സമൂഹധികാരത്തിൽ സ്വത്വത്തിന്റെ നിലനിൽപ്പും ആവശ്യകതയും ഗ്രാംഷിയിൽ നിന്ന് വായിച്ചെടുക്കുകയാണ്.
ഭിന്ന സമൂഹങ്ങളാണ് ഇവിടെയുള്ളത് അത് കൊണ്ട് ഭിന്നമായേ പ്രതികരണമുണ്ടാവുകയുള്ളൂ. നോക്കൂ, ഇവിടെ സംഘപരിവാറിനും ഇടതുപക്ഷത്തിനും സമീപകാലത്തായി ഒരേ അഭിപ്രായമാണ് ഉണ്ടാവുന്നത്
മാർക്സിസ്റ്റ് സൈദ്ധാന്തികരിൽ സമൂഹത്തിന് ഏറ്റവും കാതലായതാണ് രാഷ്ട്രീയം എന്ന് തിരിച്ചറിഞ്ഞയാളാണ് ഗ്രാംഷി.
ഗ്രാംഷി മാർക്സിസത്തിന് നൽകിയ പ്രധാന സംഭാവന മാർക്സിസ്റ്റ് രാഷ്ട്രീയ സിദ്ധാന്തം രൂപവൽക്കരിച്ചു എന്നതാണ്.
വർഗ്ഗ സമരങ്ങളിൽ നിന്ന് മാറി നിന്നവരാണ്
കേരളത്തിലെ ബഹുഭൂരിപക്ഷം സമൂഹം. കീഴാളമായി നിലനിന്നിരുന്ന ഒരു വർഗാധിഷ്ടിത പ്രത്യയശാസ്ത്രം അധികാരത്തിലെത്തിയപ്പോൾ ബൂർഷ്വാ നയങ്ങളുടെ സ്വഭാവമുള്ള അധീശത്വമായി മാറുകയാണ് കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ്, എന്ന തോന്നലുകളെ ഉറപ്പിക്കുന്ന നയങ്ങളാണ് അടുത്തിടയായി ഇടതുപക്ഷ ബോധം കേരളത്തിന് നൽകിക്കൊണ്ടിരിക്കുന്നത്.

ഭിന്ന സമൂഹങ്ങളിലെ വിശ്വാസങ്ങളും അഭിപ്രായങ്ങളും സമൂഹത്തിൻറെ പൊതുബോധത്തിൽ എങ്ങനെയാണ് വേരുറച്ച നിലയിൽ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യയശാസ്ത്ര നായകത്വം (Hegymony) എന്ന പരികല്പന മുന്നോട്ടുവെക്കുന്നത്. എന്താണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഹെജിമണി.

1.യുക്തിബോധമാണോ. യുക്തിവാദ സംഘത്തിന്റെ പ്രധാന സവിശേഷത അന്ധമായ ഇസ്ലാം വിരോധമല്ലെ? (ഇതൊരു മുസ്ലിമിന്റെ വായന)

2. പ്രത്യയശാസ്ത്ര സഹോദരങ്ങളെ കൊന്നു തീർക്കലാണോ? തീവ്ര സ്വഭാവമുള്ള പ്രത്യയശാസ്ത്രങ്ങളെ പിന്തുണക്കില്ലെന്നന്നാണ് സി.പി.എം നിലപാട്. പക്ഷെ, മാവോയിസ്റ്റുകളെ കൊല്ലുന്നത് ആരുടെ ഹെജിമണിയെ തൃപ്തിപ്പെടുത്താനാണ്. ഇവിടെ മാവോയിസ്റ്റ് വേട്ടയിൽ പിണറായി ഫാൻസുകളായി മാറിയ സംഘപരിവാറിനെ ഓർക്കുക.

3. പുരോഗമന സിദ്ധാന്തത്തിൽ മതങ്ങൾ പഴകിയതാണ് എന്നതാണോ ഇടതു പക്ഷ നിലപാട്? വിശ്വാസ ഭൂരിപക്ഷ സ്റ്റേറ്റിൽ വിശ്വാസത്തിന് പുറത്ത് നിന്ന് എങ്ങനെയാണ് വിശ്വാസികൾക്ക് സംരക്ഷണം നൽകുക. ഫ്ലാഷ്ബാക്ക് ശബരിമലക്ക് ശേഷമുള്ള ഇലക്ഷൻ. തട്ടമിടാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വാദിക്കുമ്പോൾ തട്ടമിടാനുള്ളവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി തെരുവിലിറങ്ങുന്നവരല്ല ഇടതുപക്ഷം.

ഒരു സ്റ്റേറ്റിൽ ജനങ്ങൾക്കുമേൽ ഭരണവർഗ്ഗം അധികാരം ഉറപ്പിക്കുന്ന മാർഗത്തിൽ ഒന്നാണ് ബലപ്രയോഗം.പൊലീസിങ്. ലൂയി ആൽത്തൂസർ വളരെ വിശദമായി പ്രതിപാദിക്കുന്നതുപോലെ മർദ്ദക ഉപകരണങ്ങളും പ്രത്യയശാസ്ത്ര ഉപകരണങ്ങളും കൊണ്ട് മാത്രമേ ഒരു ഭരണകൂടത്തിന് നിലനിൽക്കാനാവൂ. മാവോവാദികൾ കൊല്ലപ്പെടുന്നു. ലഘുലേഖ കയ്യിൽ വെച്ചതിന്, വീട്ടിലെ പുസ്തകം നോക്കി യു.എ.പി.എ ചുമത്തുന്നു. മുസ്ലിം വിരുദ്ധ വംശീയധിക്ഷേപം നടത്തിയ കെ.ആർ ഇന്ദിരക്കെതിരെ കേസെടുക്കാതെ, ഫിറോസ് കുന്നുംപറമ്പിലിനെതിരെ മാത്രം കേസെടുക്കുന്നു. സംഘപരിവാറിന്റെ ഭരണമല്ലല്ലോ കേരളത്തിൽ.

ബലപ്രയോഗത്തിലൂടെ ഭരണകൂടം 'സമ്മതം' ഉല്പാദിപ്പിച്ചിട്ടുണ്ട്. ആരുടെ സമ്മതം. സംഘപരിവാറിന്റെ കൈയ്യടിയുള്ള സമ്മതം. മാവോയിസ്റ്റ് വേട്ടയിലെ മൗനം ഭരണകൂടം നേടിയെടുത്ത സമ്മതമാണ്. അതിനെ മറികടക്കണമെങ്കിൽ ഒരു ഒരു പുതിയ ജനകീയ സമ്മതം മറുഭാഗത്ത് രൂപപ്പെടുത്തണം. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ മാത്രമേ അത് സാധ്യമാകൂ. ജാതി സമവാക്യങ്ങൾ കേരളത്തിലെ രാഷ്ട്രീയത്തെ ഉഴുതുമറിക്കുകയാണല്ലൊ. കേരള രാഷ്ട്രീയത്തെ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ബോധ്യമാവും. സാംസ്കാരികബോധം മേലാള സവർണ ബോധങ്ങളെ പിന്താങ്ങുന്നതുമാണ്. ഇവിടെ പിന്നെ എങ്ങനെയാണ് ബദൽ 'സമ്മതം' രൂപപ്പെടുത്തുന്നത്.

രാഷ്ട്രീയ-സാംസ്കാരിക തലത്തെ മുഖ്യധാര, പൊതുബോധം എന്നിങ്ങനെ വിളിക്കാറുണ്ട്. മേലാള സവർണ ആശയോൽപന്നങ്ങളിൽ കീഴാള വിഭാഗം പുറത്ത് നിൽക്കുന്ന ഇത്തരം ഇടങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ പൊതുബോധവും മുഖ്യധാരയുമല്ല. വെറുമൊരു അഴുക്കുചാലായിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ. അതിനാൽ എന്റെ മുഖ്യധാര അതിജീവനത്തിന്റെ ഗ്രൗണ്ടാണ്. ഇവിടെ രൂപപ്പെടുന്ന ഡിസ്കോഴ്സുകളാണ് ഞാനടക്കമുള്ള ന്യൂനപക്ഷത്തിന്റെയും കീഴാള വിഭാഗത്തിന്റെയും പൊതുബോധം.

ഭിന്ന സമൂഹങ്ങളാണ് ഇവിടെയുള്ളത് അത് കൊണ്ട് ഭിന്നമായേ പ്രതികരണമുണ്ടാവുകയുള്ളൂ. നോക്കൂ, ഇവിടെ സംഘപരിവാറിനും ഇടതുപക്ഷത്തിനും സമീപകാലത്തായി ഒരേ അഭിപ്രായമാണ് ഉണ്ടാവുന്നത്.

കേരളത്തിലെ ഇന്നത്തെ ഭരണകൂടത്തിന്റെ പോളിസിയെക്കുറിച്ച് പറയാം.
ഗ്രാംഷി തന്നെ പറയുന്നുണ്ട്,
ഭരണകൂടം = രാഷ്ട്രീയ സമൂഹം+പൊതുസമൂഹം (അതായത് ബലപ്രയോഗത്തിൽ സംരക്ഷിക്കപ്പെടുന്ന പ്രത്യയശാസ്ത്രം). പ്രത്യയശാസ്ത്ര ഉപകരണങ്ങളിലൂടെ നിർമ്മിച്ചെടുത്ത സാമാന്യബോധം (കോമൺസെൻസ്) ആരുടെതാണെന്ന് ഇടതുപക്ഷം തിരിച്ചറിവിന് വിധേയമാക്കിയിട്ടുണ്ടോ?

NB : അലന് ലഭിക്കുന്ന വിസിബിലിറ്റിയല്ല ത്വാഹക്ക് ലഭിക്കുന്നത്. ഇവർക്ക് ലഭിച്ച പിന്തുണ സക്കരിയ്യക്ക് ലഭിക്കുന്നില്ല. മഅദനിക്കും ലഭിക്കുന്നില്ല. ലഭിക്കുകയുമില്ല. ഇതാണ് ഇന്നത്തെ ഇടതുപക്ഷത്തിന്റെ ഡെഫിനിഷൻ.