കെ പി പുറ്റെക്കാട്
'പ്രാചീന മലബാർ', ഡോ ശംസുല്ലാ ഖാദിരിയുടെ ഉർദു പുസ്‌തകത്തിന്റെ മലയാളം വിവർത്തനമാണ്. 1930ൽ പ്രസിദ്ധീകരിച്ച മൂല കൃതിയുടെ പേര്, 'മലബാർ' എന്ന് മാത്രമായിരുന്നു. ഈ പുസ്‌തകം 1954 ൽ മലയാളത്തിലേക്ക് പരിഭാഷപെടുത്തുന്നത് വി. അബ്ദുൽ ഖയ്യൂമാണ്. കോഴിക്കോട് ബുഷ്‌റ പബ്ലിഷിംങ് ഹൗസാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പത്തിനഞ്ച് അദ്ധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്‌തകത്തിൽ, ആദ്യകാല മലബാറിനെ ഭംഗിയായി എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്താബ്ദത്തിനു മുൻപുള്ള മലബാരിന്റെ ഭൂമിശാസ്ത്രപരമായ നില മുതൽ മലബാറിലേക്ക് എത്തിപ്പെട്ട ആദ്യകാല പോർട്ടുഗീസ് കൊളോണിയലിസം വരെ പറഞ്ഞു വെക്കുന്നുണ്ട്.
മലബാറും അറേബ്യൻ ഉപഭൂഖണ്ഡവുമായി നിലനിന്നിരുന്ന ബന്ധത്തെപ്പറ്റിയും, ഇസ്ലാമിന്റെ കടന്നു വരവിനെ പറ്റിയും പുസ്‌തകം ചർച്ച ചെയുന്നുണ്ട്. എടുത്ത് പറയേണ്ടൊരു കാര്യം, പുസ്തകരചനക്കായി മൂപ്പര് ഉപയോഗിച്ച ഗ്രന്ഥങ്ങളെ പറ്റിയാണ്. മലബാറിനെ പറ്റി എഴുതപെട്ട ഒരുവിധം എല്ലാ അറബി, പേർഷ്യൻ, മലയാളം, ഉർദു, ഇംഗ്ലീഷ് പുസ്‌തകങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഇത് എഴുതിയിരിക്കുന്നത്. അതുപോലെ തന്നെ ശ്രദ്ധിച്ചൊരു കാര്യം, ഇബ്നു ബത്തൂത്ത, മാർക്കോ പോളോ, ഫിരിഷ്ത്ത മുതലായവരുടെ മലബാറിനെ പറ്റിയുള്ള ട്രാവൽ-എത്തനോഗ്രാഫികൾ ചേർത്ത് വെച്ച് നടത്തിയ പഠനമാണ്.
അറബി-മലയാളത്തെയും അതിന്റെ പാരമ്പര്യത്തെയും പറ്റി പരാമർശിക്കാതെ പോയത് തെല്ലൊരു അത്ഭുതം ഉളവാക്കി. അതുപോലെ മലബാറിലെ മുസ്ലിംങ്ങളുടെ ഇടയിൽ ആ കാലത്തു നിലനിന്നിരുന്ന വാദ-പ്രതിവാദങ്ങളെയും വ്യത്യസ്ത സംഘങ്ങളെയും പറ്റി പുസ്തകം ചർച്ച ചെയ്യുന്നില്ല. എന്നിരുന്നാലും, 88 പേജുള്ള ഈ ചെറിയ പുസ്തകം അതിന്റെ ഉള്ളടക്കത്തിലും, ഉപയോഗിച്ചിരിക്കുന്ന റെഫെറൻസുകളുടെ മേന്മകൊണ്ടും മലബാർ പഠനത്തിൽ ഏർപ്പെടുന്നവർക്ക് ഒഴിച്ചു കൂടാൻ പറ്റാത്തതൊന്നാണ്.
