മുഹ്‌സിനുല്‍ ഖര്‍നി

പ്രസിദ്ധീകരണത്തിനു മുമ്പേ വാർത്തകളിലിടം നേടിയ പുസ്തകമാണ് ഡോ. ശശി തരൂരിന്റെ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ, നരേന്ദ്ര മോദി ആന്റ് ഹിസ് ഇന്ത്യ. ഫ്ലോക്സിനോഹിലിപിലിഫിക്കേഷൻ എന്ന ആംഗലേയ ഭാഷയിലെ അസാധാരണ പ്രയോഗങ്ങളിലൊന്ന് ചൊല്ലി ഉൽഘാടനം ചെയ്യപ്പെട്ട ഗ്രന്ഥം വായിച്ചു തീർക്കുക അത്ര സുഖകരമാവില്ല എന്ന പൂർണബോധ്യത്തോടെ തന്നെയാണ് പുസ്തകം കയ്യിലെടുക്കുന്നത്.( പാരഡോക്സിക്കൽ എന്നതിനപ്പുറം മറ്റു ബുദ്ധിമുട്ടേറിയ പദങ്ങളൊന്നും തന്നെ പുസ്തകത്തിൽ ഇല്ല എന്ന് തരൂർ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ടെങ്കിൽ കൂടി ഭാഷയുടെ കാര്യത്തിൽ തരൂർ അൽപം കടുപ്പം തന്നെയാണല്ലോ). കോൺഗ്രസിന്റെ ഒരു പാർലമെന്റ് മെമ്പർ തന്റെ എതിർപാർട്ടിയുടെ പ്രധാനമന്ത്രിയെക്കുറിച്ച് എഴുതുന്ന പുസ്തകം എത്രത്തോളം നിക്ഷപക്ഷമായിരിക്കും എന്ന ആശങ്കയുള്ളതിനാലും മോദിയെക്കുറിച്ച് കൃത്യമായ ധാരണകളില്ലാതെ വായന തുടങ്ങുന്നത് മനസ്സിൽ ആദ്യമേ രൂപപ്പെടുത്തിയ മോദി വിരോധത്തിന് ശക്തി പകരുകയല്ലാതെ മറ്റു ഫലങ്ങളൊന്നും ചെയ്യില്ല എന്നും തീർത്തും ബോധ്യമുള്ളതിനാൽ 2015ൽ വായിച്ചു മടക്കിവെച്ച ഒരു പുസ്തകം ഒന്ന് കൂടെ ഓർത്തെടുത്താണ് തരൂരിനെ വായിച്ചുതുടങ്ങുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കോ‍ൺഗ്രസ് ഭരണത്തിന് ശേഷം നരേന്ദ്ര മോദിയെന്നല്ല ആരു തന്നെ മൽസരത്തിനിറങ്ങിയാലും വിജയിക്കുമായിരുന്നു എന്ന് പറഞ്ഞ് വെക്കുമ്പോഴും മോദിയുടെ സാന്നിധ്യം വഹിച്ച പങ്കിനെ വിലകുറച്ച് കാണാൻ രാജ്ദീപ് ഒരുക്കമല്ല
സ്വാതന്ത്ര്യാനന്തരം ഇന്ത്യ ദർശിച്ച അനേകം തിരഞ്ഞെടുപ്പുകളിൽ രാജ്യം ജനാധിപത്യത്തിന്റെ പരീക്ഷണാനുഭവങ്ങളിലേക്ക് ചുവട് വെച്ച 1952 ലെ ഒന്നാം തിരഞ്ഞെടുപ്പിനും നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷം നേടിയെടുത്ത സ്വാതന്ത്ര്യത്തെ നോക്കുകുത്തിയാക്കി പൗരാവകാശങ്ങൾ അടിച്ചൊതുക്കിയ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977 ലെ തിരഞ്ഞടെുപ്പിനും ശേഷം ഇന്ത്യ ഏറെ ശ്രദ്ധയോടെ വീക്ഷിച്ച തിരഞ്ഞെടുപ്പുകളിലൊന്നായിരുന്നു നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 ഇലക്ഷൻ. തുടർച്ചയായ പത്ത് വർഷക്കാലം അധികാരക്കസേരയുടെ നാലഴലത്ത് പോലുമില്ലാതിരുന്നിട്ടും വമ്പിച്ച മാർജിനിൽ വിജയിച്ചു കയറിയ ബി.ജെ.പിയുടെ പ്രകടനം രാജ്യം ഏറെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. ചലനമറ്റു കിടന്നിരുന്ന ബി.ജി.പിക്ക് ജീവവായു പകർന്നു നൽകി ഭരണചക്രത്തിലേക്ക് പാർട്ടിയെ വഴി നടത്തിയതിന്റെ പൂർണ ക്രഡിറ്റ് തീർച്ചയായും മോദിക്ക് തന്നെയാണ്. എന്നാൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിപക്ഷത്തിരിക്കാൻ പോലും അർഹതയില്ലാത്ത വിധം തൂത്തെറിഞ്ഞതിന്റെ പിന്നിൽ മോദിപ്രഭാവത്തിനപ്പുറം അനേകം കഥകൾ ഉറങ്ങിക്കിടക്കുന്നുണ്ട്. ആ കഥകളുടെ ആഴങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോവുകയാണ് കഴിഞ്ഞ അമ്പത് വർഷത്തിനിടക്ക് ഇന്ത്യ കണ്ട മികച്ച മാധ്യമപ്രവർത്തകരിലൊരാളാലയ രാജ്ദീപ് സർദേശായി. ഇന്ത്യ ചരിത്രത്തിൽ ഏറെ നിർണായകമായ ഒരു ദശാസന്ധിയെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ  2014 ദ ഇലക്ഷൻ ദാറ്റ് ചെയ്ഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകം. ഇന്ത്യയിലെ ആദ്യത്തെ വാർത്താചാനലായ എൻ.ഡി.ടി.വി, സി.എൻ.എൻ ഐ.ബി.എൻ തുടങ്ങി മുൻനിര ചാനലുകൾക്ക് വേണ്ടി പ്രവർത്തിച്ച് ഇപ്പോൾ ഇന്ത്യടുഡെ ചാനലിൽ കൺസൽട്ടിംഗ് എഡിറ്ററായി ജോലി ചെയ്യുന്ന അദ്ദേഹം മികച്ച വാർത്താ അവതാരകനും രാഷ്ട്രീയ നിരീക്ഷകനുമാണ്.

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കോ‍ൺഗ്രസ് ഭരണത്തിന് ശേഷം നരേന്ദ്ര മോദിയെന്നല്ല ആരു തന്നെ മൽസരത്തിനിറങ്ങിയാലും വിജയിക്കുമായിരുന്നു എന്ന് പറഞ്ഞ് വെക്കുമ്പോഴും മോദിയുടെ സാന്നിധ്യം വഹിച്ച പങ്കിനെ വിലകുറച്ച് കാണാൻ രാജ്ദീപ് ഒരുക്കമല്ല. 1990കൾ മുതൽ തന്നെ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച് പ്രധാനമന്ത്രി പദത്തിലേക്കുള്ള കരുക്കൾ ശ്രദ്ധയോടെ നീക്കുന്ന നരേന്ദ്ര മോദിയുടെ ഓരോ ചുവട് വെപ്പുകളും കൃത്യമായി അവലോകനം ചെയ്യുന്നുണ്ട് അദ്ദേഹം. ഒരു ആർ.എസ്.എസ് കാര്യവാഹകിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്ര പൊതുസമൂഹത്തിന് യാദൃശ്ചികമായി തോന്നാമെങ്കിലും കൃത്യമായ ആസൂത്രണ മികവോടെ നടപ്പിലാക്കിയ ഒരു ഭീമൻ പദ്ധതിയായിരുന്നു അത് എന്ന് കൃത്യമായ തെളിവുകളോടെ സമർഥിക്കുന്നുണ്ട് അദ്ദേഹം. ഗുജറാത്തിൽ മൂന്നാം തവണയും വിജയം നേടിയതിന്റെ ആഹ്ലാദ പ്രകടനാർഥം അഹ്മദാബാദിൽ 2012 ഡിസംബർ 20 ന് നടന്ന പൊതുയോഗത്തിൽ വെച്ചാണ് മോദി തന്റെ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുന്നത്. സദസ്സ്യർക്കിടയിൽ മോദിക്ക് വേണ്ടി ബോധപൂർവം ഉയർത്തിപ്പിടിച്ച..... മോദി മുഖ്യമന്ത്രി 2012, പ്രധാന മന്ത്രി 2014...... എന്ന ബാനർ കണ്ട് പുഞ്ചിരി തൂകി മോദി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു..ഞാൻ ‍ഡൽഹിയിലേക്ക് പോകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ നമുക്ക് അങ്ങനെയാകാം...പിന്നീടുള്ള മോദിയുടെ ഓരോ നീക്കവും അളന്നു മുറിച്ചതായിരുന്നു എന്ന് മാത്രമല്ല അമേരിക്കൻ പി. ആർ കമ്പനികളുടെ നിർദേശാനുസരണങ്ങൾക്കനുസൃതവുമായിരുന്നു. 1952 ൽ 3.1  ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ഒരു പാർട്ടിയെ( ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘം) 2014 ൽ 31 ശതമാനം വോട്ടും 282 സീറ്റും കയ്യിലുള്ള ഒരു പാർട്ടിയായി മാറ്റിയെടുത്തതിൽ മോദിയുടെ പങ്ക് അനിഷേധ്യമാണ്. എന്നാൽ മോദി അധികാരത്തിലെത്തിയതോടെ നൂറ്റാണ്ടുകളായുള്ള രാജ്യത്തിന്റെ പ്രതിഛായ തന്നെ മാറുന്നതാണ് നമുക്ക് കാണാനാവുന്നത്.
സത്യത്തിൽ ആരാണ് നരേന്ദ്ര മോദി, എന്താണ് അയാളുടെ ആശയാദർശങ്ങൾ, എന്തുകൊണ്ടാണ് ഇത്രയും സജീവമായി അയാൾ ഇപ്പോഴും ഇന്ത്യയിലെ ഒരു വിഭാഗത്തിന്റെയെങ്കിലും മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾക്ക് ജ്വലിപ്പിക്കുന്നത് തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ശശി തരൂരിന്റെ പുസ്തകം
മോദിയുടെ വ്യക്തിപ്രഭാവത്തിനപ്പുറം കോൺഗ്രസിന്റെ ബലഹീനത കൂടിയാണ് ഈ വിജയത്തിന് വഴിയൊരുക്കിയത് എന്ന് രാജ്ദീപ് തീർപ്പ് കൽപിക്കുന്നുണ്ട്. കിട്ടിയ അവസരങ്ങളെല്ലാം സമർഥമായി ഉപയോഗിക്കുന്ന, മീഡിയാ ചർച്ചകളിൽ കത്തിക്കയറുന്ന, മഹാറാലികളിൽ ജനങ്ങളെ ആവേശഭരിതരാക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്ന നരേന്ദ്ര മോദി യുവ മനസ്സുകളിൽ ആവേശം വിതറി കത്തിജ്വലിക്കുമ്പോൾ കോൺഗ്രസിന് മുന്നിൽ നിന്ന് നയിക്കാൻ പറ്റിയ നേതൃത്വമില്ലായിരുന്നു. കൂടെ രാഹുൽ ഗാന്ധിയുടെ ദയനീയമായ പ്രകടനങ്ങൾ കൂടി കനത്ത തലവേദന സൃഷ്ടിച്ചു. കുട്ടിത്തം വിട്ടുമാറാത്ത രാഹുലിന്റെ പെരുമാറ്റ രീതി ഏറെ അപഹാസ്യമായിരുന്നുവെന്നാണ് രാജ്ദീപ് നിരീക്ഷിക്കുന്നത്. ചാനൽ ചർച്ചകൾക്കും ഇന്റർവ്യൂകൾക്കും വേണ്ടി എത്ര തന്നെ ബന്ധപ്പെട്ടാലും തിരിച്ച് പ്രതികരണമില്ലാത്ത, ചർച്ചകളിൽ പങ്കെടുത്താൽ തന്നെ മുനയൊടിഞ്ഞ വാദങ്ങളുന്നയിക്കുന്ന, ആരോപണ പ്രത്യാരോപണങ്ങൾക്ക് കൃത്യമായ മറുപടിയില്ലാത്ത രാഹുലിനെയാണ് മോദിക്ക് മറുവശത്ത് ജനങ്ങൾ കണ്ടിരുന്നത്. അർണബ് ഗോസ്വാമിക്ക് രാഹുൽ അനുവദിച്ച ഇന്റർവ്യൂവിലാകട്ടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരങ്ങളില്ലാതെ രാഹുൽ പകച്ചു നിൽക്കുകയും ചെയ്തു. മോദിക്ക് പലപ്പോയും ആയുധങ്ങൾ എറിഞ്ഞ് കൊടുത്തത് കോൺഗ്രസ് തന്നെയായിരുന്നു എന്നും രാജ്ദീപ് ആരോപിക്കുന്നു. മോദി പോലും മറന്നുപോയിരുന്ന ചായ്വാല അടക്കം കോൺഗ്രസിന്റെ വോട്ടുകൾ അടർത്തിമാറ്റിയ പ്രചരാണായുധങ്ങളെല്ലാം ലക്ഷ്യസ്ഥാനം മറന്നുപോയ കോൺഗ്രസിന്റെ സംഭാവനയായിരുന്നു.

പൊള്ളയായ വാഗ്ദാനങ്ങളുടെ കഥ
രാജ്ദീപ് സർദേശായിയുടെ പുസ്തകത്തിന്റെ തുടർച്ചയായിട്ട് വേണം ഡോ. ശശി തരൂരിന്റെ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ വായിക്കാൻ. അധികാരക്കസേരയിലേക്കുള്ള വഴിയേ നരേന്ദ്ര മോദി ഇന്ത്യൻ മനസ്സുകളിൽ സൃഷ്ടിച്ചുവെച്ച മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ചീട്ടുകൊട്ടാരങ്ങൾ തല്ലിത്തകർത്താണ് കഴിഞ്ഞ അഞ്ചുവർഷവും ഇന്ത്യയിലെ ഭരണം നടന്നത്. ഇന്ത്യൻ ജനതക്ക് മുഴുവൻ മനോരാജ്യം കാണാൻ ആവുന്നത്രയും സ്വപ്നങ്ങൾ പകർന്ന് നൽകാൻ കഴിഞ്ഞു എന്നതാണ് മോദിയുടെ ഏറ്റവും വലിയ വിജയം. അതൊന്നും തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇയാൾക്ക് എന്തൊക്കെയേ ചെയ്ത് തീർക്കാനാകും എന്ന ബോധ്യം യുവമനസ്സുകളിൽ ആഴത്തിൽ വേരുറപ്പിക്കാൻ മോദിയുടെ പ്രഭാഷണങ്ങൾക്ക് സാധിച്ചു. രാജ്യത്തിന് കരുത്തനായ പ്രധാനമന്ത്രി, ജീവിതം തന്നെ രാജ്യത്തിനു സമർപ്പിച്ചവൻ, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയക്കാരൻ തുടങ്ങി പി.ആർ ഏജൻസികൾ സമർഥമായി പടച്ചുവിട്ട പ്രചരണങ്ങൾക്ക് മുന്നിൽ ഇന്ത്യൻ ജനത വിശിഷ്യാ യുവാക്കൾ ആകൃഷ്ടരായി എന്നതാണ് യാഥാർഥ്യം.

സത്യത്തിൽ ആരാണ് നരേന്ദ്ര മോദി, എന്താണ് അയാളുടെ ആശയാദർശങ്ങൾ, എന്തുകൊണ്ടാണ് ഇത്രയും സജീവമായി അയാൾ ഇപ്പോഴും ഇന്ത്യയിലെ ഒരു വിഭാഗത്തിന്റെയെങ്കിലും മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾക്ക് ജ്വലിപ്പിക്കുന്നത് തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ശശി തരൂരിന്റെ പുസ്തകം. കോൺഗ്രസിന്റെ ഒരു എം.പി യും സജീവ പ്രവർത്തകനുമായ ഒരാൾ തന്റെ എതിർപക്ഷത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ വൈരുദ്ധ്യങ്ങളെക്കുറിച്ച് എഴുതുമ്പോഴുള്ള സ്വാഭാവികമായ എല്ലാ പക്ഷപാതിത്വവും പ്രതീക്ഷിച്ചു തന്നെയാണ് പുസ്തകത്തിന്റെ വായനക്കിരിക്കുന്നത്. തരൂരിയൻ ആംഗലേയത്തിന്റെ വൻമലകൾ താണ്ടി ഞരങ്ങിയും കിതച്ചും മുന്നോട്ടു പോകുമ്പോൾ വായന വെറുതയാവില്ല എന്ന പ്രതീക്ഷകൾ നൽകുന്നതാണ് ഓരോ ചാപ്റ്ററുകളും. എഴുത്തുകാരൻ  എന്ന രീതിയിലുള്ള തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമോ എന്ന ഭയത്താൽ തന്നെ ആയിരിക്കണം പരാമർശിക്കുന്ന വിഷയങ്ങൾക്കെല്ലാം കൃത്യമായി അവലംബങ്ങളും പിൻകുറികളും ചേർക്കാൻ തരൂർ പ്രത്യേകം ശ്രദ്ധിക്കുന്നത് കാണാം. ‌‌.....നരേന്ദ്ര മോദി അധികാരത്തിൽ നിന്ന് ഇന്നോ നാളയോ പോകാം. കോൺഗ്രസ് അധികാരത്തിൽ വരികയോ വരാതിരിക്കുകയോ ചെയ്യാം എന്നാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു അധ്യായം എന്ന നിലക്ക് നുണകൾ എഴുതിപ്പിടിപ്പിച്ചാൽ ചരിത്രത്തോട് തന്നെ ചെയ്യുന്ന അനീതിയായിരിക്കും അത് എന്നാണ് പുസ്തക പ്രകാശനത്തിന് ശേഷം നടന്ന ഒരു ഇന്റർവ്യൂവിൽ തരൂർ അഭിപ്രായപ്പെട്ടത്.

2014 ൽ മോദി അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തിന്റെ ഭരണത്തെ ഏറെ പ്രതീക്ഷയോടെ വീക്ഷിച്ചവരിൽ പ്രധാനിയാണ് തരൂർ. കോൺഗ്രസ് വിട്ട് ബി.ജി.പിയിലേക്ക് ചേക്കാറാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിലും മുൻപന്തിയിൽ തരൂരിന്റെ പേരുണ്ടായിരുന്നു...... രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയെ അംഗീകരിക്കുക മാത്രമാണ് താൻ ചെയ്തത്. ഭരണത്തിലേറിയ സമയത്ത് അയാൾ നൽകിയ വാഗ്ദാനങ്ങൾ രാജ്യത്തിന് ഏറെ ഫലപ്രദമാണെന്നും തോന്നി. എന്നാൽ അധികാരത്തിലേറി ആറു മാസം കഴിഞ്ഞപ്പോഴേക്ക് തന്റെ പ്രതീക്ഷകളെല്ലാം തെറ്റാണെന്നും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന, വൈരുദ്ധ്യങ്ങളാൽ നിറഞ്ഞ പൊയ്മുഖമാണ് നരേന്ദ്ര മോദിയുടേതെന്ന് താൻ മനസ്സിലാക്കി എന്നുമാണ് തരൂർ പുസ്തകത്തിന്റെ തുടക്കത്തിൽ വിശദീകരിക്കുന്നത്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടക്ക് രാജ്യത്ത് എന്താണ് നടന്നത്?  സൗഹൃദപൂർണവും സംഘർഷരഹിതവുമായിരുന്ന ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിനിടയിൽ എത്ര ക്രൂരമായാണ് വർഗീയ ശക്തികൾ ഭിന്നതയുടെയും സംഘർഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ പാകിയത്. ഇന്ത്യയുടെ ദേശീയ-മതേതര-ജനാധിപത്യ സ്വഭാവം പൊളിച്ചെഴുതുന്ന, ന്യൂനപക്ഷങ്ങൾ നിരന്തരമായ ഭീതിയിൽ ജീവിക്കേണ്ടി വരുന്ന, സി.ബി.ഐ മുതൽ സുപ്രീം കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളും അതോറിറ്റികളുമെല്ലാം പൂർണമായും രാഷ്ട്രീയവൽകരിക്കപ്പെടുന്ന ദുരന്തപൂർണമായ സാഹചര്യത്തിലാണ് രാജ്യം അകപ്പെട്ടിട്ടുള്ളത്.
മോദിയുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെ നിശിതമായി വിമർശിക്കാനും സാമ്പത്തിക ശാസ്ത്രത്തിന്റെ പിൻബലത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വരച്ചുകാട്ടാനും തരൂർ പുസ്തകത്തിൽ ശ്രമിക്കുന്നുണ്ട്. കാഷ്ലെസ് സമൂഹം എന്ന മോദിയുടെ വാഗ്ദാനത്തെ നോ കാഷ് ഇൻ പോക്കറ്റ്, നോ കാഷ് ഇൻ ബാങ്ക്, നോ കാഷ് ഇൻ എ.ടി.എം, ഇതാണ് മോദി ഉദ്ദേശിച്ച കാഷ്ലെസ് എന്ന് തരൂർ പരിഹസിക്കുന്നുണ്ട്
സബ് കാ സാഥ് സബ് കാ വികാസ് എന്നതായിരുന്നു മോദി ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങളിൽ ഏറെ പ്രധാനം. തന്റെ പല പ്രഭാഷണങ്ങളിലും മോദി നിരന്തരം ആവർത്തിക്കുന്ന ഒരു സംഭവം തരൂർ ഈ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഗുജറാത്തിലെ മുസ്ലിംകളുടെ അവസ്ഥ പഠിക്കാനെത്തിയ സച്ചാർ കമ്മീഷന് മുസ്ലിംകൾക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോൾ മോദിയുടെ മറുപടി ഏറെ ആശ്ചര്യകരമായിരുന്നു.  ഇവിടുത്തെ മുസ്ലിംകൾക്ക് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല...മോദിയുടെ പരസ്യപ്രഖ്യാപനം കേട്ട് അന്ധാളിച്ചവർക്ക് മുന്നിൽ അയാൾ തുടർന്ന് പറഞ്ഞു...ഇവിടുത്തെ ഹിന്ദുക്കൾക്ക് വേണ്ടിയും ഞാൻ ഒന്നും ചെയ്തിട്ടില്ല...ഞാൻ ചെയ്തത് മുഴുവൻ ഗുജറാത്തികൾക്ക് വേണ്ടി മാത്രമാണ്...വാക്കുകളിൽ അതിമനോഹരമായ ആശയങ്ങൾ നിറച്ച് സദസ്യരുടെ കയ്യടി നേടാൻ സമർഥനാണ് മോദി. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രഭാഷകരിലൊരാൾ. അമേരിക്ക മുതൽ ആഫ്രിക്ക വരെ നടക്കുന്ന കാര്യങ്ങളിലെല്ലാം അഭിപ്രായമുള്ളയാൾ. എന്നാൽ പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം രാജ്യത്ത് നടന്ന അക്രമങ്ങളിലൊന്നും തന്നെ വാ തുറക്കാൻ മോദി തയ്യാറായിരുന്നില്ല. രോഹിത് വെമുല, മുഹമ്മദ് അഖ്ലാഖ്, പെഹ്ലുഖാൻ, ഗൗരി ലങ്കേഷ്, കൽബുർഗി തുടങ്ങി വിഭിന്ന തുറകളിലുള്ളവർ സംഘപരിവാർ ആക്രമണങ്ങൾക്ക് മുന്നിൽ ജീവൻ വെടിഞ്ഞപ്പോഴും ആൾക്കൂട്ട കൊലപാതകങ്ങൾ തന്റെ കാബിനറ്റിലെ മന്ത്രിമാരുടെയും പാർട്ടിയിലെ എം.പിമാരുടെയും എം.എൽ. എ മാരുടെയും പരസ്യ പിന്തുണയോടെ അരങ്ങ് തകർക്കുമ്പോഴും അതിനെ പരസ്യമായി അധിക്ഷേപിക്കാൻ പോലും മോദി തയ്യാറായിട്ടില്ല.

മൗൻ(നിശബ്ദൻ)കി മോഹൻ എന്ന് വിളിച്ച് മൻമോഹൻ സിംഗിനെ ആക്ഷേപിച്ചവരിൽ മോദി മുൻപന്തിയിലുണ്ടായിരുന്നു. ദന്ത ഡോക്ടറുടെ മുന്നിലല്ലാതെ മറ്റാർക്ക് മുന്നിലും മൻമോഹൻ വാ തുറക്കില്ലെന്ന് വരെ ബി.ജെ.പി വൃത്തങ്ങൾ ആക്ഷേപിച്ചിരുന്നു. എന്നാൽ ഓരോ വർഷവും കൃത്യമായി പത്രസമ്മേളനങ്ങൾ നടത്താനും വിദേശ ട്രിപ്പുകളിൽ വരെ മാധ്യമപ്രവർത്തകരെ കൂടെ കൂട്ടാനും മൻമോഹൻ സന്നദ്ധനായിരുന്നു. എന്നാൽ അധികാരത്തിലെത്തുന്നതിന് മുമ്പ് ചർച്ചകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കാൻ അതീവ താൽപര്യം കാണിച്ചിരുന്ന മോദി രാജ്യത്തിന്റെ 71 വർഷ ചരിത്രത്തിൽ ഒരൊറ്റ പത്ര സമ്മേളനം പോലും നടത്താത്ത ഏക പ്രധാനമന്ത്രിയാണ്.

സവർക്കർ, ഗോൾവാർക്കർ, ദീൻദയാൽ ഉപാധ്യായ തുടങ്ങിയവരിലൂടെ വളർന്ന് ഗോ‍ഡ്സെയുടെ ഗാന്ധിവധത്തിലൂടെ ഊർജ്ജം സംഭരിച്ച ഹിന്ദുത്വ മോദിയിലെത്തിയപ്പോൾ മോദിത്വയായി മാറിയെന്നാണ് തരൂർ ആരോപിക്കുന്നത്. വ്യക്തി പൂജയെയും മഹത്വവൽക്കരണത്തിനെയും പൂർണമായും എതിർക്കുന്ന ആർ. എസ്. എസിന് മുകളിലേക്ക് വരെ വളർന്ന് പന്തലിക്കാൻ മോദിക്ക് സാധിച്ചു എന്നത് ഏറെ വിസ്മയകരമാണ്. ഹിന്ദുത്വ ഐഡിയോളജിയിലേക്ക് തന്റെ ഇമേജിനെ വളരെ സമർഥമായി വിഗ്രഹവൽക്കരിക്കാൻ സാധിച്ചു എന്നിടത്താണ് മോദി ആർ.എസ്.എസിനു മേൽ തന്റെ ആധിപത്യം ഉറപ്പിക്കുന്നത്. ഒരു യുഗപുരുഷനായി മോദിയെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് ബാൽനരേന്ദ്ര അടക്കമുള്ള കഥാപാത്രങ്ങൾ വരുന്നത്. കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ ചിത്ര കഥയിൽ ദുരന്ത സാഹചര്യങ്ങളിൽ ഏവരുടെയും രക്ഷക്കെത്തുന്ന ഇതിഹാസ കഥാപാത്രമായാണ് മോദിയെ ചിത്രീകരിക്കുന്നത്.

മോദിയുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെ നിശിതമായി വിമർശിക്കാനും സാമ്പത്തിക ശാസ്ത്രത്തിന്റെ പിൻബലത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വരച്ചുകാട്ടാനും തരൂർ പുസ്തകത്തിൽ ശ്രമിക്കുന്നുണ്ട്. കാഷ്ലെസ് സമൂഹം എന്ന മോദിയുടെ വാഗ്ദാനത്തെ നോ കാഷ് ഇൻ പോക്കറ്റ്, നോ കാഷ് ഇൻ ബാങ്ക്, നോ കാഷ് ഇൻ എ.ടി.എം, ഇതാണ് മോദി ഉദ്ദേശിച്ച കാഷ്ലെസ് എന്ന് തരൂർ പരിഹസിക്കുന്നുണ്ട്.

59 ലധികം രാജ്യങ്ങളിലേക്കുള്ള മോദിയുടെ വിദേശ യാത്രങ്ങൾ എത്രമേൽ നിഷ്ഫലമായിരുന്നുവെന്നും രാജ്യത്തെ പൗരന്മാരുടെ 400 കോടിയലധികം രൂപ മോദിയുടെ കേവല സർക്കീട്ടുകൾ മാത്രമായി പര്യവസാനിച്ചതിനെയും തരൂർ രൂക്ഷമായി വിമർശിക്കുന്നു. ഗോവധം മുതൽ തൊഴിലില്ലായ്മ അടക്കമുള്ള രാജ്യം അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളെ തന്റേതായ രീതിയിൽ സൂക്ഷമവിശകലനം നടത്തുന്ന ഈ പുസ്തകം രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2019 ഇലക്ഷനിൽ മോദിയുടെ യഥാർഥ മുഖം മനസ്സിലാക്കുന്നതിൽ ഏറെ സഹായകരമാണ്.

Courtesy:സത്യധാര