ജയറാം ജനാര്‍ദനന്‍

2019 ലെ ഇലക്ഷനിൽ ഹൈദരാബാദ് സെൻട്രൽ  യൂണിവേഴ്സിറ്റിയിൽ എം.എസ്.എഫ് ഉം എസ്.ഐ .ഓ യും  ഒരുമിച്ചാണ് മത്സരിക്കുന്നത് എന്ന് FB വാർത്തകൾ  പറയുന്നു. എസ്സ് ഐ ഓ ഇല്ല പകരം ഫ്രറ്റേർണിറ്റിയുമായാണ് സഖ്യം എന്ന് തിരുത്താൻ ആഗ്രഹിക്കുന്ന നിഷ്കളങ്കൻ കാണുമായിരിക്കും. ഫ്രറ്റേർണിറ്റി എന്നതൊക്കെ ഒരു കോമഡിയല്ലേ ചേട്ടാ. അടുത്ത കൊല്ലം എന്നതാ പേരെന്ന് നമുക്ക് പറയാൻ പറ്റുമോ? ഇല്ലല്ലോ.

സത്യത്തിൽ ഇതൊരു നല്ല തീരുമാനമാണ്. എത്ര കാലമാണ് ഒരു മനവും രണ്ടു ശരീരവുമായി കഴിഞ്ഞു കൂടുക ! കേന്ദ്ര സർവകലാശാലകളെ സംബന്ധിച്ചെടുത്തോളം രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ ആയാലും മറ്റെന്തു കാര്യത്തിൽ ആയാലും ഈ രണ്ട് സംഘടനകളും തമ്മിൽ   പ്രതേകിച്ചു വ്യത്യാസം ഒന്നും തന്നെ ഇല്ലാതായിട്ട് കാലം കുറച്ചായി.
കേരളത്തിലെ സാഹചര്യത്തിൽ നോക്കുകയാണെങ്കിൽ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിനെക്കാൾ മെച്ചപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിം ലീഗ്. മികച്ച സംഘടന സംവിധാനങ്ങൾ നിലവിലുള്ള, മികച്ച നേതാക്കളും മികച്ച പ്രവർത്തകരും ഉള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് അത്
SIO ക്കാരെ സംബന്ധിച്ചെടുത്തോളം ഇത് ഉന്മേഷദായകമായ കാര്യമാണ് എന്ന്  എടുത്ത് പറയേണ്ടതില്ലല്ലോ. മുസ്‌ലിം സമുദായത്തിനകത്തോ പുറത്തോ യാതൊരു വിധ പിന്തുണയും ആർജ്ജിക്കാൻ സ്വന്തം നിലക്ക് കഴിയാത്തവരെ സംബന്ധിച്ചെടുത്തോളം , അടുത്ത മെച്ചപ്പെട്ട പരിപാടി ജനകീയ പിന്തുണയുള്ള സമുദായ പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറുക, അതിന്റെ പബ്ലിക് റിലേഷൻ വർക്കും മാതൃ സംഘടനയുടെ വായിത്താരിയും ഒന്നാക്കി മാറ്റുക എന്നതാണ്. വെൽഫെയർ പാർട്ടി പറയുന്നതും മുസ്‌ലിം ലീഗ്‌ പറയുന്നതും ഒരേ കാര്യമായാൽ പിന്നെ ആനചേട്ടനും  തവളക്കുഞ്ഞും തമ്മിലുള്ള വ്യത്യാസം ആർക്കും തിരിച്ചറിയില്ലല്ലോ. കേന്ദ്ര സർവകാല ശാലകളെ സംബന്ധിച്ചാണെങ്കിൽ കുറേക്കാലമായി നിലനിൽക്കുന്നതാണ്  ഈ ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥ. പക്ഷെ എം എസ് എഫ്‌നും മുസ്‌ലിം ലീഗിനും അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് പ്രയാസങ്ങൾ സൃഷ്ടിച്ചു വെക്കാൻ പര്യാപ്തമായ ഒന്നാണ് ഈ അവിശുദ്ധ ബന്ധം.

കേരളത്തിലെ സാഹചര്യത്തിൽ നോക്കുകയാണെങ്കിൽ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിനെക്കാൾ മെച്ചപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിം ലീഗ്. മികച്ച സംഘടന സംവിധാനങ്ങൾ നിലവിലുള്ള, മികച്ച നേതാക്കളും മികച്ച പ്രവർത്തകരും ഉള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് അത്.  പ്രീ-പോസ്റ്റ് സ്വാതന്ത്ര്യ കാലഘട്ടത്തിന്റെ മികച്ച പൊളിറ്റിക്കൽ ലെഗസി ഉള്ള ഒരു പ്രസ്ഥാനം. അത്തരമൊരു പ്രസ്ഥാനം അതിനോട് സ്വയം കൂട്ടികെട്ടുന്നത് എല്ലാക്കാലത്തും രാഷ്ട്രീയമായി വിശ്വാസപരമായി  ഇന്ത്യൻ മുസ്ലീങ്ങൾ മാറ്റി നിർത്തിയ അകറ്റി നിർത്തിയ ഒരു തിയോ ക്രാറ്റിക് ചിന്താ പദ്ധതിയെ ആകുന്നത് വലിയ വിരോധഭാസമാണ്. ജനാതിപത്യ മതേതര രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ഒരു സമുദായ പാർട്ടിയെ ആന്തരികമായി നശിപ്പിക്കാൻ മാത്രമേ ഇത്തരം കൂട്ടുകെട്ടുകൾ സഹായിക്കൂ.


കുറച്ചു വർഷം മുൻപ്  എം.എസ്.എഫ് തിരുവനന്തപുരത്ത്  വെച്ചു നടത്തിയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയത് യുവ ദളിത് മാർക്സിയൻ ബുദ്ധിജീവിയായ വിനോദ് പടവാലയാണ്. പണക്കാട്ട് കുടുംബത്തിന് പ്രസിഡന്റ് സ്ഥാനം സ്ഥിരമായി നൽകിയിരിക്കുന്ന, നേതൃത്വം എകദേശം മുഴുവനായി തന്നെ സമുദായത്തിലെ പ്രമാണി വർഗ്ഗത്തിന്റെ കയ്യിലായിരിക്കുന്ന , എന്നാൽ മുസ്‌ലിം സബാൾട്ടേർന് ക്ളാസ്സിന്റെതായ സാമുദായിക പ്രസ്ഥാനം ഒരു അംബേദ്കറൈറ്റ് മാർക്സിസ്റ്റ്നെ ശ്രവിക്കുന്നത് തീർച്ചയായും പ്രസകതമാണ് എന്ന് അന്ന് തോന്നിയിട്ടുണ്ട്.  അതിൽ പ്രസക്തിയുള്ള രാഷ്ട്രീയം ഉണ്ട് എന്നതാണ് കാര്യം. അതേസമയം മൗദൂദിയേയും അംബേദ്കറെയും ഒരേത്തട്ടിൽ തൂക്കുക എന്ന നിഗൂഢമായ ലക്ഷ്യത്തോടെ കപട ആന്റി കാസ്റ്റ് രാഷ്ട്രീയം  കളിക്കുന്നവരോട് സഖ്യമുണ്ടാക്കുന്നത് മുസ്‌ലിം രാഷ്ട്രീയത്തിന്റെ അന്തസത്തയെ ചോർത്തുകയാണ് ചെയ്യുക.

ജയറാം ജനാര്‍ദനന്‍