ഉമ്മുല്‍ ഫായിസ

നിഖാബിനെക്കുറിച്ചാലും മുസ്ലിം പുരുഷന്റെ ലൈംഗികതയെക്കുറിച്ചായാലും 
എസ് എഫ് ഐ ക്കാരുടെ ഭാവനാ ശോഷണം വംശീയതയെക്കുറിച്ചുള്ള ക്ലാസിക്കൽ പാഠപുസ്തകാനുഭവത്തിന്റെ ആവർത്തനമാണ്. 

ഇത്രയും ക്രിയേറ്റിവിറ്റിയില്ലാത്ത രാഷ്ട്രീയം വേറെ എവിടെ കാണും? 

വംശീയതയും ഫാലിക് സിംബലും അരിച്ചു മാറ്റിയാൽ ഒന്നുമില്ലാത്ത വിധം 
ശുഷ്കമായ ഭാവനയുള്ളവർക്ക് ഒരു  കവിത എഴുതാൻ പോലും അറിയില്ലല്ലോ!

അറുപതു വർഷം മുമ്പു നടന്ന സമാനമായ ഒരു കഥ കേട്ടു നോക്കൂ. 

ഫ്രാൻസ് ഫനോന്റെ ക്ലിനിക്കിൽ ഒരിക്കൽ വെള്ളക്കാരിയായ ഒരു സ്ത്രീ കടന്നുവന്നു. തന്നെ ഒരു ദുസ്വപ്നം വേട്ടയാടുന്നുവെന്നു അവിടുത്തെ സൈക്കോ അനലിസ്റ്റിനെ ആ സ്ത്രീ അറിയിച്ചു. വിശദമായ ക്ലിനിക്കൽ സംഭാഷണത്തിനൊടുവിൽ ആ സ്ത്രീ തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു.

കറുത്തവനായ,  ആഫ്രിക്കക്കാരനായ,  ഒരു അറബ് കുടിയേറ്റ പുരുഷൻ അയാളുടെ ഉദ്ധരിച്ച ലിംഗവുമായി തന്നെ അക്രമിക്കുന്നു. അതാണ് ആ സ്ത്രീ ഇടക്കിടെ സ്വപ്നം കാണുന്നത്. അതിന്റെ അസ്വസ്ഥത അവരിൽ പ്രകടമായിരുന്നു. 

ഒരു വംശീയ സാമൂഹിക ഘടനയിൽ ഈ സ്വപ്നത്തിനും ഫാലിക് സിംബലിനും ഉള്ള പ്രാധാന്യം തിരിച്ചറിയുന്ന ചിന്തകനായിരുന്നു ഫ്രാൻസ് ഫനോൻ. 

ആ സ്ത്രീ രണ്ടു തരത്തിലുള്ള അടിച്ചമർത്തൽ അനുഭവിക്കുന്നുവെന്ന് ഫനോൻ നിരീക്ഷിക്കുന്നു. 

ഒന്ന് ) താനൊരിക്കലും നേരിട്ടു കാണാത്ത ഒരു കീഴാള പുരുഷനെ, അമിത ലൈംഗിക നായി ചിത്രീകരിച്ച് വില്ലനായി പിശാചുവൽകരിക്കുന്നു. കീഴാള പുരുഷൻ ശരിക്കും അധീശ സമുദായത്തിലെ വെളുത്ത സ്ത്രീയുടെ ഇരയായി മാറുന്നു. ഭാവനയിൽ പോലും സ്വതന്ത്രനല്ലാത്ത വിധം കീഴാളരുടെ അമിത ലൈംഗികത ആ സ്ത്രീയെ വേട്ടയാടുന്നു. 

രണ്ട് ) സ്വന്തം ലൈംഗികതയുടെ ഈ മിസ് പ്ലൈസ്ഡ് സ്വഭാവം ആ സ്ത്രീക്ക് നൽകുന്നത് കീഴാള പുരുഷന്റെ ലൈംഗികതയെ മുൻനിറുത്തി നിർമിച്ച ഫ്രഞ്ച് വെളുത്ത വംശീയ വ്യവസ്ഥയാണ്. ശരിക്കും ആ സ്ത്രീ  വെളുത്ത പുരുഷ വംശീയതയുടെ ഇരയാണ്. 

ബാക്കി ആ കവിതയിൽ ഉണ്ട്.

മുസ്ലിം സ്ത്രീയുടെ നിഖാബിനേക്കാൾ മുസ്ലിം പുരുഷന്റെ അമിത ലൈംഗികത വേട്ടയാടുന്ന ആ പുരുഷഭാവന ശരിക്കും ആർക്കാണ് മുന്നറിയിപ്പ് നൽകുന്നത് ? ആരെയാണ് കവി ശരിക്കും മുന്നറിയിപ്പിലൂടെ  രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നത്?