ഷിനോദ് എന്‍.കെ

ചിന്തകരെയും അവരുടെ ആശയങ്ങളുടെ വിപുലവും അപ്രതീക്ഷിതമായ ഉപയോഗങ്ങളേയും എങ്ങനെ മനസ്സിലാക്കും എന്നത് ആശയങ്ങളുടെ ചരിത്രത്തെപ്പററിയുള്ള ആലോചനകളിലെ ഒരു വലിയ പ്രശ്നമാണ്. ഇത് അക്കാദമിക രീതിശാസ്ത്രത്തിന്റെ വിഷയം മാത്രമല്ല. രാഷ്ട്രീയാലോചനകളുടേയും അതിന്റെ പ്രായോഗികഫലങ്ങളെയും പറ്റിയുള്ള അല്ലെങ്കിൽ ആശയങ്ങളുടെ പ്രായോഗികഫലങ്ങലെപ്പറ്റിയുള്ള പ്രശ്നം കൂടിയാണിത്. ഉദാഹരണത്തിനു, ഗാന്ധിജിയെ ഗോഡ്സയേക്കാൾ കടുത്ത ഹിന്ദുത്വവാദിയാക്കുന്ന വിശകലനങ്ങൾ ഇപ്പോൾ നാം കാണുന്നുണ്ട്. ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ആകമാനം മതവൽക്കരിച്ചു എന്ന പെറി ആൻറേഴ്സണിന്റെ വാദത്തിന്റെ (Indian Ideology ഒന്നാം അദ്ധ്യായം) വിവിധരൂപത്തിലുള്ള അനുരണനങ്ങളാണ് മേല്പറഞ്ഞതിൽ ഏറെയും. ഈ ഗണത്തിലെ ഒരു ഉദാഹരണമായി  “ഗാന്ധിയെക്കൂടെതെയുള്ള ഒരു ഭാവിയെപ്പറ്റി നാം ആലോചിക്കേണ്ടിയിരിക്കുന്നു” എന്ന NDTV യിലെ ഷോയിൽ-ചിലരതിനെ ചർച്ചയെന്നും പറയും. പക്ഷേ പരിപാടിയുടെ പേര് Big Fight എന്നാണ്- ദിവ്യ ദ്വിവേദിയുടെ ആഹ്വാനത്തെ കാണാം.
ഹെഡഗറെപ്പറ്റിപ്പറയാൻ കാരണം ഫാഷിസവുമായി ഇത്ര അടുത്ത ബന്ധം പുലർത്തിയ ഒരു ചിന്തകനായിരുന്നിട്ടും അക്കാര്യം പറയാൻ നമ്മുടെ നാട്ടിലെ ആളുകൾക്ക് മടിയാണ് എന്നതുകൊണ്ടാണ്
പോത്തിനെ ചാരി കാളയെ അടിക്കുന്നതുപോലെ ഗാന്ധിയൻമാരെ ചാരി ഗാന്ധിയെ അടിക്കുന്നതും മലയാളത്തിൽ കാണാം. പി.വി. അനിൽ കുമാറിന്റെ ഗാന്ധിയും ദലിതരും: ചില പുനർവിചാരങ്ങൾ – എന്ന നവമലയാളിയിലെ ലേഖനം ഉദാഹരണം. അനിലെഴുതുന്നു: “ദേശരാഷ്ട്രത്തിന്റെ അധികാരം കൈയാളുന്നവർ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളിലും പൊതുജനങ്ങളിലും പ്രയോഗിക്കുന്ന അധികാരത്തെക്കാളും ശക്തിയാർജ്ജിച്ചതും സ്ഥായിയായതുമായ അധികാരത്തിന്റെ രൂപമാണ് ദേശരാഷ്ട്രത്തിന്റെ പ്രത്യക്ഷമായ അധികാരകേന്ദ്രങ്ങളിൽ നിന്നും മാറിനിൽക്കുന്നവർ അധികാരയുക്തി അബോധമായി സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരിൽ പ്രയോഗിക്കുന്നത്. അത്തരമൊരു അധികാരപ്രയോഗമാണ് കവിയിത്രി സുഗതകുമാരിയും ഗാന്ധിയൻ ചിന്തകനായ കെ.അരവിന്ദാക്ഷനും അരുന്ധതിറോയിയുടെ മേൽ പ്രയോഗിക്കുവാൻ ശ്രമിച്ചത് (മാതൃഭൂമി ദിനപത്രം ആഗസ്റ്റ് 27, 2014)”. ഇതിന്റെ അർത്ഥം എന്താണെന്ന് മുഴുവനും എനിക്ക് മനസ്സിലായിട്ടില്ല. അതെന്തു തന്നായാലും, അരുന്ധതി റോയിയുടെ ഗാന്ധിവിമർശനത്തെ വകവയ്ക്കാതെ “വ്യവസ്ഥാപിത ചരിത്രമെഴുത്തിനോടൊപ്പം നിന്നുകൊണ്ട് “ഗാന്ധി ചെയ്തതല്ലേ ഹിറോയിസം” എന്ന മട്ടിലുള്ള സരോജ്കുമാറിയൻ ഗിമ്മിക്കുകളിലൂടെ ഗാന്ധി എന്ന വിഗ്രഹത്തെ ജനമനസ്സിൽ പ്രതിഷ്ഠിക്കുവാൻ ആഞ്ഞു പണിപ്പെടുന്നുണ്ട്” എന്നതാണ് പ്രസ്തുത ഗാന്ധിയർ ചെയ്തത്രേ. ഇവരുടെ ഗിമ്മിക്കികൾകോണ്ട് പുനഃപ്രതിഷ്ഠനടത്തേണ്ടുന്ന വിഗ്രഹമാണോ ഗാന്ധി എന്നത് ആലോചിക്കാവുന്നതാണ്.

ഇത് ഗാന്ധി വിമർശനത്തിന്റെ വിമർശനല്ല. മറിച്ച് ചരിത്രത്തിൽ ജീവിച്ച ചിന്തകരെ മനസ്സിലാക്കുന്നതിലെ കുഴമറിച്ചിലുകളാണ് ഇവിടെ വിഷയം. ഇവിടെ സംഗതമായ ഒരു കാര്യം ഫ്രീഡ്‌റിച്ച് നീഷെയുടെ ചില ആലോചനകളെയാണ് ഗാന്ധിയർക്ക് മുന്നറിയിപ്പ് കൊടുക്കാൻ അനിൽ കുമാർ ആനയിക്കുന്നത് എന്നതാണ്. നീഷേയുടെ ചിന്തയുടെ ചില ഫാഷിസ്റ്റ് ഉപയോഗങ്ങളെപ്പറ്റിയാണ് നാം ഈ കുറിപ്പിന്റെ അവസാനം പറയുന്നത്. ഇങ്ങനെ, വെടിയുണ്ടകൾ കൊണ്ടു ഹിന്ദുത്വവും  ആമുഖപഠനങ്ങളും (ഉദാഹരണത്തിനു Doctor and Saint അരുന്ധതി റോയി ) ആശ്ലേഷങ്ങളും കൊണ്ട് മറ്റുള്ളവരും പലമാതിരി ഉച്ചാടനം ചെയ്യാൻ ശ്രമിച്ചിട്ടും ആധുനിക ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള ആലോചനങ്ങളിലെ നിത്യസാന്നിധ്യമായി ഗാന്ധി തുടരുന്നു. പ്രൊഫഷണൽ ചിന്തകനല്ലാത്ത ഗാന്ധിയെപ്പറ്റി വിചാരിക്കുന്നതിലെ വൈഷമ്യത്തോളം വരികില്ലെങ്കിലും  പ്രൊഫഷണൽ ചിന്തകരും ഫാഷിസ്റ്റുകൾക്ക് ഉപകരിച്ചവരുമായ ചിന്തകരെപ്പറ്റിയുള്ള ആലോചകളിലും ‘എങ്ങനെ നിരൂപിക്കണം ഇവരെ’ എന്ന കാര്യത്തിൽ കുഴമറിച്ചിലുകളുണ്ട്. അത്തരം രണ്ട് ചിന്തകരാണ് ഫ്രെഡറിക നീഷേയും മാർടിൻ ഹെഡഗറും. 
Martin Heidegger

Friedrich Nietzsche


നീഷേയും ഫാഷിസിസ്റ്റുകളും തമ്മിൽ ചില ഇടപാടുകളുണ്ട്. നീഷേടെ ആളുകൾ അതൊന്നും ഇല്ല എന്നു പറഞ്ഞുകൊണ്ടേയിരിക്കും. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറും കൂട്ടരും തോറ്റതുകൊണ്ട് ആ ബ്രാന്റ് ഫാഷിസം ഇപ്പോ അയ്യമാണ്. നീഷേയുടെ ചിന്ത അപ്പാടെ ഫാഷിസ്റ്റുകൾ ഉപയോഗിച്ചോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നാകും ഉത്തരം. എന്നാൽ നീഷേ ഫാഷിസ്ററുകൾക്ക് ഉപകരിച്ചോ എന്നു ചോദിച്ചാൽ ഉണ്ട് എന്നും. ഹെഡഗറുടെ കാര്യം പറഞ്ഞാൽ ചിത്രം സുവ്യക്തമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വലിയ ചിന്തകരിലൊരാളായ ഹെഡഗർ ഹിറ്റ്ലറുടെ നാസിപാർടിയിൽ അംഗമായിരുന്നു. മൂപ്പരുടെ കുപ്രസിദ്ധമായ റെക്ടർ പ്രഭാഷണം  (Self Assertion of the German University) ഇന്നാട്ടിലെ ഹെഡഗേറിയൻമാർ പരാമർശിക്കാറില്ല. കാരണം, അതിൽ കാര്യമായ വളച്ചുകെട്ടൊന്നുമില്ലാതെ കാര്യം പറയുന്നുണ്ട്.

ഭൂതകാല വാഴ്ത് (ഗ്രീസിലാണ് ഈ ഭൂതം), ഒറിജിനൽ സയൻസിന്റെ വാഴ്ത് (ഗ്രീക്ക് സയൻസ്) അതിലേക്ക്, യഥാർത്ഥ ജർമ്മൻ സത്തയിലേക്ക് മടങ്ങാനുള്ള ആഹ്വാനം ഒക്കെ ഈ പ്രഭാഷണത്തിൽ കാണാം. (ഇതൊക്കെ ഇപ്പോ ഇന്ത്യയിൽ കേൾക്കുന്നുണ്ടല്ലോ എന്ന് തോന്നുന്നവർക്ക് സ്തുതി!).  മൂപ്പർ നീഷെയെ കൂട്ടുവിളിക്കുന്നുമുണ്ട്. Will ആണ് ഈ പ്രസംഗത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വാക്ക്. ഒരു സാമ്പിൾ ആയിട്ട് Gleichschaltung legislation ന്റെ ഭാഗമായി 1933 മെയ് 1 നു പാസാക്കിയ Student Law യെ പറ്റി ഹെഡഗർ പറയുന്നത് ശ്രദ്ധിക്കാം. ജർമ്മൻ വിദ്യാർത്ഥികളെ National Socialist State-മായി ചേർത്തു നിർത്തുക. ജൂതരേയും മറ്റുള്ളവരേയും അക്കാദമിക്സിൽ നിന്നും അരിച്ച് മാറ്റുക തുടങ്ങിയവയാണ് പ്രസതുത നിയമത്തിന്റെ ലക്ഷ്യം.
മൂപ്പരെ മരണാന്തരം വിചാരണ ചെയ്ത് ശിക്ഷിക്കണം എന്നല്ല. മറിച്ച് ആളുടെ ചിന്തകളെ മനസ്സിലാക്കാൻ ഈ ഫാഷിസ്റ്റ് ബന്ധങ്ങളെക്കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ് എന്നാണ്
“Out of the resolve of the German students to stand firm in the face of the extreme distress of German fate comes a will to the essence of the University. This will is a true will, provided that the German students, through the new student law, place themselves under the law of their essence and thereby delimit this essence for the very first time. To give law to oneself is the highest freedom. The much priced Academic freedom is being banished from the German university; for this freedom was false, because it was only negating. It meant predominantly lack of concern, arbitrariness in one's intentions and inclinations, lack of restraint in everything one does” (Richard Wolin (Ed.) 1998. The Heidegger Controversy: A Critical Reader, MITPress P.34). ഹെഡഗറുടെ ഫാഷിസ്റ്റ് ബന്ധത്തെപ്പറ്റി കൂടുതൽ അറിയാൻ Adam Knowels. 2019. Heidegger’s Fascist Affinities: A Politics of Silence, Princeton University Press നോക്കിയാൽ മതി. 

ഹെഡഗറെപ്പറ്റിപ്പറയാൻ കാരണം ഫാഷിസവുമായി ഇത്ര അടുത്ത ബന്ധം പുലർത്തിയ ഒരു ചിന്തകനായിരുന്നിട്ടും അക്കാര്യം പറയാൻ നമ്മുടെ നാട്ടിലെ ആളുകൾക്ക് മടിയാണ് എന്നതുകൊണ്ടാണ്. ഇവിടെ ഇപ്പോഴും Language is the house of Being എന്ന് മാത്രെ പറയാറുള്ളൂ. ഹിറ്റ്ലറുടെ Nationalist Socialist Party ൽ അംഗമായിരുന്ന, Reich ൽ University of Freiburg റെക്ടറായി സ്ഥാനമേൽക്കുകയും അസാധാരണമായ ധൃതിയോടെ നാസി നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്ത ആളാണ് ഹെഡഗർ. മൂപ്പരെ മരണാന്തരം വിചാരണ ചെയ്ത് ശിക്ഷിക്കണം എന്നല്ല. മറിച്ച് ആളുടെ ചിന്തകളെ മനസ്സിലാക്കാൻ ഈ ഫാഷിസ്റ്റ് ബന്ധങ്ങളെക്കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ് എന്നാണ്. ചുരുങ്ങിയത്, നോവൽസ് തെളിവു സഹിതം അങ്ങനെ വാദിക്കുന്നുണ്ട്. ഇക്കാര്യം പറയുന്ന ആദ്യത്തെ ആളല്ല നോവൽസ്. ആളുടെ ബുക്കിന്റെ ഒരു സവിശേഷത അതിൽ Black Note Books എന്നറിപ്പെടുന്ന ഹെഡഗറുടെ ഡയറിയും മറ്റ് ചരിത്ര രേഖകളേയും (ഉദാഹരണത്തിനു, റെക്ടർ ആയിരുന്ന കാലത്ത് ഹെഡഗർ ഒപ്പുവച്ച് സർവ്വകലാശാലയിൽ നടപ്പിലാക്കിയ നിയമങ്ങളുടെ രേഖകൾ) ഉപയോഗിക്കുന്നതാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച്, ടി ചിന്തകന്റെ പ്രേയസിയായിരുന്ന, ഹോളോകാസ്റ്റ് നേരിലനുഭവിച്ച ഹന്ന അരന്റിന്റെ ഹെഡഗർ സ്ഥുതിയിൽ തലതാഴ്തരുത്. ഇമ്മട്ട് പ്രേമം പോലെ ഗുരുതരമാണ് അവനവന് വേണ്ടപ്പെട്ട ചിന്തകരെ വിശുദ്ധരായി നിലനിർത്താനുള്ള ത്വരയും. വേണ്ടപ്പെട്ടതായത് ഒരു പക്ഷേ പ്രിയപ്പെട്ട അദ്ധ്യാപകരാൽ പഠിപ്പിക്കപ്പെട്ടതുകൊണ്ടോ തന്റേതും അല്ലാത്തതുമായ കാരണങ്ങളാൽ പ്രസ്തുത ചിന്തകരെപ്പറ്റി ഗവേഷണം നടത്തിയതോ ഒക്കെ ആകാം. സമാനമായ അവസ്ഥയാണ് നീഷേയുടെ കാര്യത്തിലും. തല്പരകക്ഷികൾക്ക് താഴെക്കോടുക്കുന്നവ വായിച്ച് നീഷേയുട ഫാഷിസ്റ്റ് ബന്ധങ്ങളെപ്പറ്റി തീരുമാനത്തിലെത്താവുന്നതാണ്. അന്വേഷിച്ചാൽ കൂടുതൽ സാധനങ്ങൾ കിട്ടും.

Howard Williams. 1989. Nietzsche and fascism, History of Ideas. Vol.ii 893-899
Jacob Golomb and Robert S. Wistrich  (Eds). 2002, Nietzsche, godfather of fascism? On the uses and abuses of a philosophy, Princeton University Press
Richard Wolin. 2004. The Seduction of Unreason The intellectual romance with fascism from Nietzsche to Postmodernism. Princeton University Press
Ronald Beiner. 2018. Dangerous Minds Nietzsche, Heidegger, and the Return of the Far Right. University of Pennsylvania Press.

“ഡാർവിനിൽ നിന്നും നീഷേയിലൂടെ ഹിറ്റ്ലറിലേക്ക് എന്ന സിദ്ധാന്തം (അങ്ങനെ ഒന്നുണ്ടെങ്കിൽ) ഏത് സ്കൂൾ ഓഫ് തോട്ടിന്റെ സംഭാവനയാണ്.  മാർക്സിസ്റ്റുകൾ ഇതെ പറ്റി എന്ത് പറയുന്നു എന്നറിയാനും താൽപര്യമുണ്ട്.” എന്ന ഹരി ശങ്കരൻ കർത്തയുടെ ചോദ്യത്തിനോട് പ്രതികരിച്ചാണ് ഇതെഴുതിയത്. 
ഹരിയുടെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. Social Darwinism സയൻസായി പ്രചരിപ്പിച്ച് സംവരണത്തെ ആശാസ്ത്രീയമാണെന്ന് വിലയിരുത്തി എതിർക്കുന്ന യുക്തിവാദികളുടെ മഹാമേളകൾ നടക്കുന്നകാലമാണ്. കാലത്തിന്റെ ലിറ്റമസ് ടെസ്ററിൽ കപടശാസത്രമായി പണ്ടേ തെളിഞ്ഞിട്ടുള്ള കാര്യമാണ് ഇവരിൽ ഭൂരിഭാഗവും പ്രചരിപ്പിക്കുന്ന“Scientsm”. ഹെഡഗറുടെ യാഥാർത്ഥ സയൻസിനെ പറ്റിയുള്ള വിചാരം മാത്രമല്ല (Rector പ്രഭാഷണം നോക്കുക) യുക്തിവാദബഹളക്കാരുടെ യാന്ത്രിക സയൻസും കപടശാസ്ത്രമാണ്. തങ്ങളൊഴിച്ച് ബാക്കിയെല്ലാവരും മണ്ടന്മാരാണ്, അവരെ തിരുത്തുകയാണ് തങ്ങളുടെ ധർമ്മം എന്ന വിചാരത്തോളം മണ്ടത്തരം വേറെയുണ്ടോ എന്നറിയില്ല. സയൻസോ തത്വചിന്തയോ എന്തു തന്നായാലും ആശയങ്ങളെ വിശകലനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും എളുപ്പവഴികൾ ഇല്ല എന്നാണ് ഇവിടെ പറഞ്ഞ ചിന്തകരുടെ കാര്യം വെളിവാക്കുന്നത്.