ഉമ്മുല്‍ ഫായിസ

ജെ.എൻ.യു, ഹൈദരാബാദ് സർവകലാശാല ഇലക്ഷൻ ഏറ്റവും പ്രധാനമാകുന്നത് മുസ്ലിം വിദ്യാർഥി പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടത്തിന്റെയും ഐക്യദാർഡ്യത്തിന്റെയും പേരിലാണ്.
രണ്ടിടത്തും എ ബി വി പി യുടെ റാഡിക്കൽ ഹിന്ദുത്വ വംശഹത്യാ രാഷ്ട്രീയത്തിനും എസ് എഫ് ഐ യുടെ ലിബറൽ ഹിന്ദുത്വ - ഇസ്ലാ മോഫോബിയയും നേരിട്ടാണ് മുസ്ലിം വിദ്യാർഥി സംഘടനകൾ കൗൺസിലർ സീറ്റടക്കം വിജയിക്കാനും സ്വന്തം ഇടം നേടിയെടുക്കാനും പോരാടിയത്.
ലിബറൽ /ഇടതു ഹിന്ദുവിന്റെ മുൻ കയ്യിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ മുസ്ലിംങ്ങളെ ഒഴിവാക്കുന്നതായിരുന്നു. മനുഷ്യ സംഗമം എന്ന പ്രസ്തുത മെറ്റഫർ കൂടുതൽ അസെർടീവായ മറ്റൊരു ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെയാണ് വികസിപ്പിച്ചത്.
അവകാശങ്ങൾ ആരുടേയും ഔദാര്യമല്ല, ഒരു ജനത രാഷ്ട്രീയ - സാമൂഹിക പോരാട്ടത്തിലൂടെ നേടിയെടുക്കേണ്ട വിമോചനത്തിന്റെ വഴിയാണത്
ജനാധിപത്യവാദികൾ, ദലിത് ബഹുജൻ പ്രസ്ഥാനങ്ങൾ, ഫെമിനിസ്റ്റുകൾ, ലൈംഗിക ന്യൂനപക്ഷ പ്രസ്ഥാനങ്ങൾ, വിമത ജീവിതമുള്ളവർ തുടങ്ങിയവയുടെ ഭാഗമായ പുതു മുന്നേറ്റങ്ങൾ പുതിയ രീതിയിൽ മുസ് ലിം വിദ്യാർഥി രാഷ്ട്രീയത്തോടു സംവദിക്കുകയും യോജിച്ച പ്ലാറ്റ്ഫോമുകൾ തുറക്കുകയും ചെയ്യുന്നു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ കാലമാണ്.
കാമ്പസുകളിൽ മുസ് ലിംകളെ സ്വയം സംഘാടനത്തിൽ നിന്നു തടയുന്നതിൽ എസ് എഫ് ഐ ക്കും എ ബി വി പി ക്കും ഒരേ അജണ്ടയാണ് എന്നതാണ് വസ്തുത.
ഈ പോരാട്ടത്തിന്റെ ചരിത്രപരമായ മാനങ്ങൾ ചെറുതല്ല. കാമ്പസ് രാഷ്ട്രീയത്തിൽ മുസ്ലിം അസേർഷന് അത്ര വലിയ ചരിത്രമില്ല എന്നതാണ് കാരണം. പുതിയ പോരാട്ട ഇടങ്ങൾ തുറക്കാൻ അത് മുസ് ലിം വിദ്യാർഥികളെ സഹായിക്കുമെന്നാണ് കരുതേണ്ടത്.
രണ്ടാം മണ്ഡൽ നൽകിയ ഒ. ബി. സി. സംവരണമാണ് ഈ മാറ്റത്തിന്റെ ചാലക ശക്തി. സ്വന്തം ഇടങ്ങളും അജണ്ടകളും ചോദ്യങ്ങളും നിരമിക്കാൻ ഒ.ബി. സി സംവരണീയരായ മുസ്ലിംകളെ ഇതു സഹായിച്ചു.
പക്ഷെ ഇതൊരു പുതിയ പോരാട്ട ഭൂമിയല്ല.
1920-ൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അഥവാ 1870- 1920 കാലയളവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ ഭാഷയിൽ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സമുദായം, ജാതി, മതം തുടങ്ങിയ കാറ്റഗറികളെ ജനാധിപത്യ പ്രതിനിധാനത്തിന്റെ തലത്തിൽ ഉന്നയിച്ച ചരിത്രം മുസ്ലിംകൾ അടക്കമുള്ള കീഴാള വിഭാഗങ്ങൾക്കുണ്ട്.
1920-നു ശേഷം ഗാന്ധി, ആർ എസ് എസ് തുടങ്ങിയ മേൽജാതി ഹിന്ദു വ്യവഹാരങ്ങളുടെ ആവിർഭാവമാണ് ജാതി, സമുദായം, മതം തുടങ്ങിയ കാറ്റഗറികളെ മാറ്റിപ്പണിതു ദേശീയത, കമ്യൂണലിസം, സെക്കുലറിസം, തുടങ്ങിയ പ്രബല കാറ്റഗറികളുടെ പ്രശ്നമാക്കി ഇന്ത്യൻ ദേശീയത മാറ്റിയത്.
അങ്ങിനെ ഇന്ത്യൻ രാഷ്ട്രീയം ലിബറൽ ഹിന്ദു - റാഡിക്കൽ ഹിന്ദു എന്ന വ്യാജ വൈരുധ്യത്തിന്റെ പ്രശ്ന മണ്ഡലമാക്കുകയും ചെയ്തു. അതായിരുന്നു 1947-ലെ വിഭജനത്തിലേക്ക് നയിച്ച മേൽകോയ്മാ വ്യവഹാരം.
വിഭജനം ഇന്ത്യൻ മുസ് ലിംകളുടെ രാഷ്ട്രീയ നിശബ്ദതയെ പ്രസ്തുത കാറ്റഗറികളിലൂടെ ഉറപ്പിച്ചു. മുസ്ലിം ലീഗ് പോലുള്ള അപവാദങ്ങൾ ഒഴിച്ചാൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികൾ, സോഷ്യലിസ്റ്റുകൾ ഒക്കെ മുസ്ലിംകളെ വീതം വെച്ചു.
പിന്നീട് 1970 കൾക്കു ശേഷം സംവരണം, ബാബരി മസ്ജിദ്, വ്യക്തിനിയമം, മണ്ഡൽ പ്രക്ഷോഭം, ഗുജറാത്ത് വംശഹത്യ, ഭീകരവേട്ട കാലത്താണ് ലിബറൽ ഹിന്ദു - റാഡിക്കൽ ഹിന്ദു എന്ന ദ്വന്ദ രാഷ്ട്രീയത്തിൽ നിന്നും വിടുതൽ നേടാനും സ്വന്തം പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാനും മുസ്ലിംങ്ങളെ പ്രേരിപ്പിച്ചത്.
സമുദായം, ജാതി, മതം തുടങ്ങിയ കാറ്റഗറികളെ ജനാധിപത്യ പ്രതിനിധാനത്തിന്റെ തലത്തിൽ ഉന്നയിക്കാൻ പല പരീക്ഷണങ്ങൾ ഉയർന്നു വരുന്ന കാലമാണിത്. കിഴാള സമുദായങ്ങൾ പുതിയൊരു ജനാധിപത്യ ശക്തിയായി മാറി. ലിബറൽ/ റാഡിക്കൽ ഹിന്ദുത്വ വ്യവഹാരങ്ങളെ മറികടക്കുന്ന പുതിയൊരു കൗണ്ടർ ഹെജമോണിക് ബ്ലോക്കായി രാഷ്ട്രീയ മുന്നേറ്റങ്ങൾ വികസിച്ചു.
2014 -ൽ ലിബറൽ ഹിന്ദുവിന്റെ തിരോധാനം നരേന്ദ്ര മോഡി യിലൂടെ പൂർത്തിയായി. നെഹ്റു- ഗാന്ധി കൺസൻസ് നിലനിറുത്തിയ ലിബറൽ ഹിന്ദു മേൽകോയ്മയെ തകർക്കുകയും ആർ എസ് എസിന്റെ റാഡിക്കൽ ഹിന്ദുവിന്റെ രാഷ്ട്രീയാധിപത്യം സാധ്യമാകുകയും ചെയ്തു.
രാജ്യത്ത് ഏകദേശീയതയുടെ ബ്രാഹമണിക്കൽ ഫാസിസ്റ്റ് രാഷ്ട്രീയം വ്യത്യസ്തമായ ഒരു മുഖത്തോടെ രംഗത്തു വന്നിരിക്കുന്നു. ഭരണഘടനയിലൂടെ കീഴാള സമുദായങ്ങൾ സാധ്യമാക്കിയ തുല്യ പൗരത്വവും രാഷ്ട്രീയ കരാറുകളും സാമൂഹിക സുരക്ഷയും വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അതിനാൽ, പല രാഷ്ട്രീയ പരിണാമങ്ങളിലൂടെ മുന്നോട്ടു പോയ മുസ് ലിം രാഷ്ട്രീയ സംഘാടനത്തിന്റെ ചരിത്രത്തിനു പുതിയ
ഹിന്ദുത്വ ഇന്ത്യയിൽ സ്വന്തം ഇടം പോരാടി നേടാതെ മുന്നോട്ടു പോകാൻ കഴിയില്ല.
മുസ്ലിം സംഘടനകളും വ്യക്തികളും നടത്തുന്ന ക്രിയേറ്റീവായ ചെറുത്തുനിൽപ്പുകൾ തന്നെയാണ് ഈ പുതിയ രാഷ്ട്രീയത്തെ ഏറെ വികസിതമാക്കുക. അതോടൊപ്പം അപര സമുദായങ്ങളോടും രാഷ്ട്രീയങ്ങളോടുമുള്ള ആത്മാർത്ഥമായ ഐക്യങ്ങൾ അതിന്റെ പ്രധാനപ്പെട്ട നൈതിക ഭൂമികയാണ്.
പുതിയ ചോദ്യങ്ങളും സംഘർഷങ്ങളും സംശയങ്ങളും പ്രതിസന്ധികളും പിളർപുകളും മുസ്ലിം രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ മാത്രമെ സമുദായം തന്നെ കൂടുതൽ രാഷ്ട്രീയവൽകരിക്കപ്പെടൂ. മുസ്ലിം സമുദായം ഒന്നിച്ചു നിൽകലല്ല; കൂടുതൽ രാഷ്ട്രീയവൽക്കരക്കപ്പെടുകയാണ് വേണ്ടത്. എന്നാൽ സ്വന്തം പ്രസ്ഥാനങ്ങൾ നിർമിക്കാനും പുതിയ അന്വേഷണങ്ങൾ വികസിപ്പിക്കാനുമുള്ള മുസ്ലിംങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യാൻ ഒരാളെയും അനുവദിക്കരുത്. ഗുഡ് മുസ് ലിം - ബാഡ് മുസ് ലിം എന്ന കെണിയിൽ വീഴുകയുമരുത്.
പക്ഷെ ഒന്നുറപ്പാണ്. ലിബറൽ ഹിന്ദുവിന്റെ രക്ഷക ദൗത്യം അവസാനിച്ചിരിക്കുന്നു. കാമ്പസിലെ എസ് എഫ് ഐ യുടെ കസവുസാരി - വലിയ പൊട്ട് ബോധവും ഓണാഘോഷ കമ്മിറ്റിയിലെ ദേശീയ വിധേയത്വവും ഇനി അധിക കാലം ചോദ്യങ്ങളില്ലാതെ നിലനിൽക്കില്ല.
അവകാശങ്ങൾ ആരുടേയും ഔദാര്യമല്ല, ഒരു ജനത രാഷ്ട്രീയ - സാമൂഹിക പോരാട്ടത്തിലൂടെ നേടിയെടുക്കേണ്ട വിമോചനത്തിന്റെ വഴിയാണത്.
അതിലേക്കുള്ള ഒരു വഴിയടയാളമാണ്, എച്ച് സി യു, ജെ എൻ യു തിരഞ്ഞെടുപ്പിൽ മുസ് ലിം വിദ്യാർഥി സംഘടനകൾ പ്രകടിപ്പിച്ച രാഷ്ട്രീയ ധീരതയും സൈദ്ധാന്തിക വിവേകവും നൈതികമായ ചെറുത്തുനിൽപ്പും.