കെ. എ സലിം
തെറ്റിദ്ധാരണ മാറ്റാന്‍ എഴുതുകയാണ്. അസമില്‍ ഇപ്പോള്‍ ആളുകള്‍ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്നത് പൗരത്വപ്പട്ടികയില്‍ പേരില്ലാത്തവരല്ല.
അവര്‍ ഡി വോട്ടര്‍മാരാണ്. അസമില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൗരത്വപ്പട്ടികയെക്കാള്‍ മനുഷ്യവിരുദ്ധമായ സംവിധാനമാണ് ഡി വോട്ടര്‍. ഒരാള്‍ അനധികൃത കുടിയേറ്റക്കാരനാണ് എന്ന് മറ്റൊരാള്‍ പരാതി നല്‍കുന്നതോടെ അയാള്‍ ഡി വോട്ടറായി മാറും. പൗരത്വമില്ലാതാക്കുന്നതിന്റെ ആദ്യപടിയാണിത്. വോട്ടര്‍ പട്ടികയില്‍ അയാളുടെ പേരിന് നേരെ ഡി (ഡൗട്ട്ഫുള്‍) എന്ന് രേഖപ്പെടുത്തും. പിന്നീട് അയാള്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റില്ല. തുടര്‍ന്ന് ട്രൈബ്യൂണലില്‍ താന്‍ പൗരനാണെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയനാണ്. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം, വ്യക്തിവിരോധം, കച്ചവടത്തിലെ തര്‍ക്കങ്ങള്‍ തുടങ്ങിയവ മൂലം പോലും മറ്റുള്ളവര്‍ക്കെതിരേ ഡി വോട്ടര്‍ പരാതി നല്‍കാറുണ്ട്. തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ച് ഡിറ്റന്‍ഷന്‍ ക്യാംപില്‍ തള്ളും. വെള്ളപ്പൊക്കവും മറ്റു കെടുതികളും മൂലം സ്വന്തം വിലാസത്തില്‍ നിന്ന് വര്‍ഷങ്ങളോളം മാറി താമസിക്കേണ്ടി വരുന്നവരുണ്ട്. അവര്‍ക്ക് ട്രൈബ്യൂണലിന്റെ നോട്ടീസ് പോലും കിട്ടില്ല. അവര്‍ പോലിസ് പിടിക്കാന്‍ വരുമ്പോഴാണ് അറിയുക. ഡി വോട്ടറായതിനാല്‍ 1.2 ലക്ഷം പേര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പറ്റിയില്ല. 1400 പേര്‍ വിദേശികളായി വിധിക്കപ്പെട്ട് ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുന്നു. ഇവര്‍ ഹൈക്കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കണം. പൗരത്വപ്പട്ടികയുടെ പേരിലുള്ള തടവിലാക്കല്‍ വരാന്‍ പോകുന്നതേയുള്ളൂ.
