ഇതെല്ലാം റിപ്പോർട്ട് ചെയ്യുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളും അതിലെല്ലാം ജോലി ചെയ്യുന്ന കശ്മീരി ജേണലിസ്റ്റുകളും ആണ്. ഈ സാഹചര്യത്തിൽ കശ്മീരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ മാധ്യമങ്ങൾ അഞ്ചിൽ കൂടുതൽ ഇല്ല. ഭരണകൂടത്തിന്റെ വാർത്തയെഴുത്തുകാർ അവിടെ എല്ലാം ശാന്തമാണ് എന്ന് ഇപ്പോഴും ആവർത്തിക്കുന്നു

മൃദുല ഭവാനി

ശ്മീരിൽ സംഭവിച്ചത് കേരളത്തിൽ സംഭവിക്കുമോ എന്നത് എനിക്ക് ഈ സാഹചര്യത്തിൽ മുൻഗണനകളിൽ ഒന്നും പെടാത്ത ആശങ്കയണ്. കേരളത്തെയും കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുമോ, കേരളത്തിലും സൈനിക ഭരണം വരുമോ എന്നു തുടങ്ങിയ ആശങ്കകൾ കശ്മീരിൽ ഇരുപത്തിയഞ്ചു ദിവസമായി തുടരുന്ന കൊടും മനുഷ്യാവകാശ ലംഘനങ്ങളോട് ചേർത്തുവെച്ചു ചർച്ച ചെയ്യേണ്ടതല്ല. രാത്രി റെയ്ഡുകളിൽ ചെറിയ കുഞ്ഞുങ്ങളെ പോലും ഉമ്മമാരിൽ നിന്നും അടർത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന, ഡയാലിസിസ് രോഗിക്ക് ചികിത്സയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കേണ്ടി വരുന്ന, ആരോഗ്യ അവകാശങ്ങളെ പറ്റി സംസാരിച്ച ഒരു ഡോക്‌ടറെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന, ഒരു മരുന്ന് വാങ്ങിക്കാൻ ഒരാൾക്ക് ഡൽഹി വരെ വരേണ്ടിവരുന്ന, വഴിയേ നടന്നു പോകുമ്പോൾ കണ്ണിൽ പെല്ലെറ്റ്‌ കൊണ്ട് കാഴ്ച നഷ്ടപ്പെടുന്ന, കഴിക്കാൻ മതിയായ ഭക്ഷണം ഇല്ലാതാകുന്ന, കീമോതെറാപ്പി ചെയ്യാൻ പറ്റാത്ത കാൻസർ രോഗികൾക്കുള്ള, പൂർണ ഗര്ഭിണിക്ക് പോലും ആശുപത്രിയിലേക് നടക്കേണ്ടിവരുന്ന, ടിയർ ഗ്യാസ് ശ്വസിച്ചു ആളുകൾ വീടിന്റെ അകത്തു കൊല്ലപ്പെടുന്ന, ആർമി ക്യാമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചു കരച്ചിൽ ഒരു ഗ്രാമത്തെ മുഴുവൻ ലൗഡ് സ്പീക്കറിലൂടെ കേൾപ്പിച്ച് ഭീതി പരത്തി, ഇത്തരം പീഡനങ്ങൾ കഴിഞ്ഞ 25 ദിവസങ്ങളായി നടക്കുകയാണ്, കാലങ്ങളായി കശ്മീരിൽ തുടർന്നു വരുന്ന സൈനിക പീഡന മുറകളുടെ അങ്ങേയറ്റമാണ് കശ്മീരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇതെല്ലാം റിപ്പോർട്ട് ചെയ്യുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളും അതിലെല്ലാം ജോലി ചെയ്യുന്ന കശ്മീരി ജേണലിസ്റ്റുകളും ആണ്. ഈ സാഹചര്യത്തിൽ കശ്മീരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ മാധ്യമങ്ങൾ അഞ്ചിൽ കൂടുതൽ ഇല്ല. ഭരണകൂടത്തിന്റെ വാർത്തയെഴുത്തുകാർ അവിടെ എല്ലാം ശാന്തമാണ് എന്ന് ഇപ്പോഴും ആവർത്തിക്കുന്നു.

കേരളത്തിൽ നിന്നു കേരളത്തെ പറ്റി ആശങ്കപ്പെട്ടുകൊണ്ടല്ല, കശ്മീരിൽ ഇന്ത്യ നടത്തുന്ന അധിനിവേശത്തെ ചോദ്യം ചെയ്തു കൊണ്ടാണ് കശ്മീരിനൊപ്പം നിൽക്കേണ്ടത്. കേരളത്തിൽ കശ്മീർ സംഭവിക്കില്ല, കശ്മീർ കശ്മീരിൽ മാത്രമേ സംഭവിക്കൂ എന്നതാണ് ചരിത്രത്തിന്റെ സാക്ഷ്യം. കേരളത്തിൽ കശ്മീർ സംഭവിക്കും എന്ന ആശങ്ക ഒരു ഇന്ത്യൻ ചോദ്യം ആണ്, ദേശീയമായ ഒരു ആശങ്ക ആണ്, ആ ആശങ്കയ്ക്കും അപ്പുറത്തേക്ക് കടന്ന് കശ്മീരിനൊപ്പം, കശ്മീരി ജനതയ്ക്കൊപ്പം സ്വാതന്ത്ര്യത്തിനായി നിലകൊള്ളാൻ ഇന്ത്യയിലുള്ളവർക്ക് കഴിയുമോ?
ഇന്ത്യൻ മനസ്സ് എത്ര തങ്ങളോടൊപ്പം ചേർക്കാൻ ശ്രമിച്ചാലും ചേരാൻ താല്പര്യം ഇല്ലാത്ത ജനതയാണ് കശ്‌മീരിലെ.