നിഷാൻ പരപ്പനങ്ങാടി
കുനൻ, പുഷ്പോറ എന്നീ സ്ഥലങ്ങൾ നിങ്ങൾക്ക് ഓർമയുണ്ടോ..??
കാശ്മീരിലെ രണ്ടു ഇരട്ട ഗ്രാമങ്ങൾ, 23 ഓളം കാശ്മീരി സഹോദരിമാരേയാണ് അന്ന് പട്ടാളം ക്രൂരമായി ബലാൽസംഗം ചെയ്തത്. അതിൽ കുറച്ച് പേർ മരിക്കുകയും ഉണ്ടായി.
അന്ന് രാത്രി, കാശ്മീരിന്റെ ചരിത്രത്തിലെ ഇരുണ്ട രാത്രി, മിലിറ്റൻസിനെ തിരയാനെന്ന വ്യാജേന സേന വീട്ടിൽ കയറി, ആണുങ്ങളോടെല്ലാം പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അവരെയെല്ലാം മറ്റൊരു ഇടത്ത് ഒരുമിച്ചു കൂട്ടി. എന്നിട്ട് ഇവർ ഉള്ളിൽ കയറി. അവരുടെ വായയെല്ലാം മൂടിക്കെട്ടി കൂട്ട ബലാൽസംഗം നടത്തി. 8 വയസ്സുകാരി കുഞ്ഞു പോലും അതിൽ നിന്ന് ഒഴിവായിരുന്നില്ല.
അടുത്തിടെ പുറത്തിറങ്ങിയ "Do you remember Kunan Pushpora..?" എന്ന പുസ്തകത്തിൽ ഒരു സർവൈവറുടെ അനുഭവ സാക്ഷ്യമുണ്ട് :
"മൂന്ന് പട്ടാളക്കാർ എന്നെ പിടിച്ചു വെച്ചു, എട്ട് പത്തോളം പേർ എന്നെ മാറിമാറി ബലാത്സംഗം ചെയ്തു. അവരുടെ കയ്യിലുള്ള ബാറ്ററി ടോർച്ച് ഉപയോഗിച്ച് എന്റെ നഗ്നമായ ശരീരത്തിൽ വെളിച്ചം തെളിയിച്ച് അവർ ആസ്വദിക്കുന്നുമുണ്ടായിരുന്നു."
2014 ഇൽ ഇതിലെ ഇരകൾക്ക് മൂന്ന് ആഴ്ചക്കകം ആശ്വാസത്തുക നൽകണമെന്ന സുപ്രീം കോടതി വിധി വരുന്ന വരെ എല്ലാവരും പറഞ്ഞിരുന്നത്, ഇത് സൈന്യത്തിന് നേരെയുള്ള തീവ്രവാദികളുടെ ആരോപണം മാത്രമാണ് എന്നായിരുന്നു.
ഇനി നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ, ഈ സ്ഥാനത്ത് നിങ്ങൾ ആയിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു..?
നിങ്ങൾ എപ്പോഴെങ്കിലും ഏതെങ്കിലും കാശ്മീരിയോട് സംസാരിച്ചിട്ടുണ്ടോ..??
അലിഗഢ് പോയ സമയത്ത് രാത്രി ഭക്ഷണത്തിനായി ഒരു ബിഹാരി ദാബയിൽ ചെന്ന സമയത്താണ് ആദ്യമായി ഒരു കാശ്മീരിയോട് കുറെ നേരം സംസാരിക്കാൻ അവസരം ലഭിക്കുന്നത്. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലെയും മറ്റുമായി ഒട്ടേറെ കാശ്മീരികളോട് അടുത്ത് സംസാരിക്കാൻ അവസരം ലഭിക്കുകയുണ്ടായി.
കോളേജ് ആർട്സ് ന്റെ സമയം, ഇംഗ്ലീഷ് പ്രസംഗ മൽസരത്തിന് വിഷയവും കാത്ത് നിൽക്കുമ്പോഴാണ് സമയം കൊല്ലാൻ ഒരു കാശ്മീരിയോട് സംസാരിക്കുന്നത്. അവൻ കൂടുതലും സംസാരിച്ചത് അവർ നേരിടുന്ന അരക്ഷിതാവസ്ഥ തന്നെയാണ്. എല്ലാം കഴിഞ്ഞ് മൽസരത്തിന് കയറുമ്പോൾ ഞങ്ങൾ രണ്ടു പേർക്കും കിട്ടിയ വിഷയം "India of my dream". ഒട്ടും താല്പര്യം ഇല്ലാത്ത ആ വിഷയാസ്പദായി അവൻ സംസാരിക്കുന്നത് ഓർത്തപ്പോൾ സങ്കടം തോന്നി.
നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് കാശ്മീരികൾക്ക് പട്ടാളത്തോട് ഇത്ര വെറുപ്പെന്ന്..??
ഭൂമിയിലെ സ്വർഗം എന്ന് നെഹ്റു വിശേഷിപ്പിച്ച കാശ്മീർ, ഒരർഥത്തിൽ ഭരണഘടനാപരമായി നമ്മളെക്കാൾ കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കേണ്ടവർ, എന്നാൽ ജനാധിപത്യത്തിലെ അതിക്രൂരത.
തീവ്രവാദം തടയാനാണെന്ന് എത്ര വാദം ഉന്നയിച്ചാലും ശരി, പിഞ്ചു കുഞ്ഞുങ്ങൾക്ക് മേൽ പെല്ലറ്റുകൾ വർഷിക്കുന്നതിന്റെ ന്യായം എന്താണ്..?
ഒരു ജനത നിയമം കയ്യിലെടുക്കുക പോയിട്ട് സ്വന്തം ജീവൻ തന്നെ പോരാട്ടത്തിനു വേണ്ടി ബലി അർപ്പിക്കാൻ തയ്യാറാവുന്ന സമയം എപ്പോഴാണെന്ന് അറിയുമോ..??
ഒരു തമാശക്ക് ആരെങ്കിലും കളിത്തോക്ക് നേരെ നീട്ടിയാൽ പോലും ഞെട്ടുന്ന, തീർത്തും സൗമ്യരെന്ന് നമ്മൾ വിശ്വസിക്കുന്ന നമ്മളിൽ പോലും 'പ്രതിരോധ വികാരം' അതിന്റെ സർവ്വ രൂപവും ആവാഹിച്ച് വരുന്നൊരു സമയമുണ്ട്, എപ്പോഴാണെന്ന് അറിയുമോ.. എല്ലാം പലരാലും നശിപ്പിക്കപ്പെട്ടു, ഇനി ജീവിതം നിരർത്ഥകമാണെന്ന് ബോധ്യപ്പെടുന്ന നിമിഷം, ആ നിമിഷം തോക്കല്ല, എന്ത് കിട്ടിയാലും നമ്മൾ കയ്യിലേന്തും.
ആ ഒരു അവസ്ഥയാണ് കാശ്മീർ ജനതയുടെ കയ്യിലും തോക്ക് നൽകിയത്. ഭരണകൂടം മാത്രമാണ് ഉത്തരവാദി.
അകാവുന്നതിലും അധികം നിങ്ങൾ അനുഭവിച്ചു. പുതുതായി വന്ന തീരുമാനങ്ങളും മാറ്റങ്ങളും വരുത്താൻ പോവുന്ന സ്വാധീനം നിങ്ങൾ ഇത്രയും കാലം അനുഭവിച്ചതിനോളം വരില്ലെന്നറിയാം. അവരുടെ ചെയ്തികൾക്ക് ഒന്നുകൂടെ എളുപ്പം ലഭിക്കുമെന്ന് മാത്രം.
യാഥാർത്ഥ്യങ്ങൾ അറിഞ്ഞ ശേഷം പിന്നീടൊരിക്കലും "കാശ്മീർ തീവ്രവാദികൾ" എന്ന പദപ്രയോഗം അറിയാതെ പോലും നടത്താറില്ല. മിലിട്ടൻസ്, എന്ന് മാത്രം. അങ്ങിനെ എന്നെ തിരുത്തിയ സുഹൃത്തിന് നന്ദി.
ഇപ്പോൾ 370 ഉം എടുത്തുകളഞ്ഞു, അന്ന് കുനൻ & പുഷ്പോറയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തപോലെ തന്നെ, ഒരു ജനതയെ ആകമാനം പട്ടാളത്തെ ഇറക്കി കെട്ടിയിട്ട്, നേതാക്കളെ തടങ്കലിൽ വെച്ച് ഈ ആനുകൂല്യത്തെയും അതി ക്രൂരമായി ബലാത്സംഗം ചെയ്തു.
പ്രിയപ്പെട്ടവരെ, ഞങ്ങൾ നിസ്സഹായരാണ്. ആലയില്ലാത്ത ആടുകളെ പോലെ കാശ്മീരികൾ അലയും.. ലൗ യു ഡിയർ കാശ്മീരീസ്..
