അജ്നാസ് വൈത്തിരി
ശ്മീർ വിഭജനാനന്തര രാഷ്ട്രീയ സംസാരങ്ങളെ ശ്രദ്ധിക്കുകയായിരുന്നു. മെലൻകോളിക് ആയ ഒന്നരക്കോടിയോളം വരുന്ന ജനതയുടെ മനോഗതിയും ചരിത്രപരവും അന്താരാഷ്ട്ര കരാറുകളുടെ ബാന്ധവവുമുള്ള ഒരു വിഷയത്തെ തികഞ്ഞ ലാഘവത്തോടെ സമീപിച്ച കേന്ദ്ര ഭരണകൂടത്തിന്റെ ബാലിശത്വവും നൽകുന്ന വൈഷമ്യങ്ങളേക്കാൾ ഇവിടെ ചിലരുടെ അഭിപ്രായപ്രകടനങ്ങളാണ് പരാമർശ യോഗ്യമായ മറ്റൊരു വശം.
സംഘ്പരിവാർ VS മുസ്ലിം എന്ന പ്രതിയോഗ ദ്വന്ദമാണ് ഇപ്പോഴുമവരിൽ വികാസം പ്രാപിക്കുന്ന ഏകമുഖ പ്രത്യയ ശാസ്ത്രം.
മുസ്ലിം ഉന്മൂലനമാണ് സംഘ്പരിവാരിന്റെ അടിസ്ഥാനാശയമെന്ന് സിദ്ധാന്തിക്കാനും അത് സർവ്വാത്മനാ വിശ്വസിക്കാനുമാണ് അവർക്കിഷ്ടം.
ജനാധിപത്യ-മതനിരപേക്ഷ മാനങ്ങളുടെ ഗളഛേദമാണ് കശ്മീരിന്റെ പുതിയ ചിത്രം വരച്ചിടുന്നതെന്ന് ഇനിയും ഉൾക്കൊള്ളാത്തവർ തികഞ്ഞ അജ്ഞതയിലും അന്ധതയിലുമാണ്. ഹിന്ദു രാഷ്ട്രമാണ് ഭാവി കാണാനിരിക്കുന്നതെന്ന് സ്വപ്നം കണ്ടിരിക്കുന്ന ചില ഹൈന്ദവ സുഹൃത്തുക്കളെ കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നത്. സംഘ്പരിവാർ മുന്നോട്ടു വെക്കുന്നത് ഹൈന്ദവതയല്ലയെന്ന സത്യം ഇനിയുമെന്തേ മനസ്സിലാവാതെ പോവുന്നു?!
ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പായ സംഘ്പരിവാറും അതിനെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടവും ലക്ഷ്യമാക്കുന്നത് ഹൈന്ദവ രാഷ്ട്രമല്ല; പ്രത്യുത തികച്ചും വരേണ്യബോധമുള്ള സവർണ സാമ്രാട്ടുക്കളുടെ ഒരു ജാതി രാഷ്ട്രം മാത്രമാണ്. അത്തരമൊരു രാഷ്ട്രത്തിന്റെ പൂർണ്ണ പ്രാപ്തിക്ക് അവരേതു മാർഗ്ഗവും സ്വീകരിക്കും. എന്തു തന്ത്രവും പുരസ്കരിക്കും. താഴ്ന്ന ജാതിയിൽ പെട്ടവരും മുസ്ലിമേതര ന്യൂനപക്ഷവും അഭിമുഖീകരിക്കുന്ന ആപത്ഘട്ടങ്ങൾ ഉപരി സൂചക വസ്തുതയാണ് സൂചിപ്പിക്കുന്നത്. മുസ്ലിമിന്റെ പ്രശ്നം മുസ്ലിമിന്റെ മാത്രം പ്രശ്നമായി ചുരുങ്ങുമ്പോൾ നഷ്ടമാവുന്നത് ഇന്ത്യയെന്ന, ഒരൊറ്റ ജനതയെന്ന മൗലിക ആശയമാണ്.
സംഘ്പരിവാരിന്റെ സങ്കുചിത താത്പര്യങ്ങൾ തിരിച്ചറിയാതെ അനുകൂലിച്ചു പോയാൽ നാളെ അവർക്ക് കൊടി പിടിച്ച ആ കൈകൾ പോലും ഛേദിക്കപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാവും; തീർച്ച.
ഇംഗ്ലണ്ടിൽ ഹോളോകോസ്റ്റ് മെമ്മോറിയലായി സ്ഥാപിച്ച ആ ഫലകത്തിലെ സുവിദിതമായ മാർട്ടിൻ നിമോലറുടെ വരികൾ ഓർമ്മിക്കട്ടെ.
നാസിപ്പടയുടെ അരികു ചേർന്ന് നിന്നവരൊക്കെ പിന്നീട് ഇരയുടെ പട്ടികയിലേക്ക് ചെന്നെത്തിയപ്പോൾ കുറിച്ചിട്ട ആ വരികൾക്ക് തീർച്ചയായും പ്രസക്തിയുണ്ട്.

"അക്രമങ്ങളുടെ കരാള ഹസ്തവുമായി അവരാദ്യം ജൂതരുടെ അടുത്തു വന്നു.
ഞാനൊന്നും എതിർത്തു പറഞ്ഞില്ല.
കാരണം ഞാൻ ജൂതനല്ലല്ലോ.
പിന്നെയവർ കമ്മ്യൂണിസ്റ്റുകാരുടെ 
അടുത്തു വന്നു.
ഞാനപ്പോഴും എതിർത്തൊന്നും പറഞ്ഞില്ല.
കാരണം ഞാൻ കമ്മ്യൂണിസ്റ്റല്ലല്ലോ.
പിന്നെയവർ തൊഴിലാളി വർഗത്തിന്റെ അടുത്തു വന്നു.
ഞാനപ്പോഴും എതിർത്തൊന്നും പറഞ്ഞില്ല.
കാരണം ഞാൻ തൊഴിലാളിയല്ലല്ലോ.
പിന്നീടവരെന്റെയടുക്കലും വന്നു. അന്നെനിക്കു വേണ്ടി ശബ്ദിക്കാൻ ആരും ശേഷിച്ചിരുന്നില്ല."