സുബൈര്‍ അസ്ഹരി പയ്യന്നൂര്‍
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ബലി പെരുന്നാളിന്റെ ആരവത്തിലാണ്. ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തീക്തസ്മരണകളുണര്‍ത്തുന്ന ബലിപെരുന്നാള്‍. ഓരോ ബലിപെരുന്നാളിനും നമ്മുടെ മനസ്സുകങ്ങളിലേക്ക് തികട്ടിവരുന്ന ചില നാമങ്ങളുണ്ട്. ഇബ്രാഹീം നബി, മകന്‍ ഇസ്മായീല്‍ നബി, ഉമ്മ ഹാജറ ബീവി തുടങ്ങിയവ. എന്തുകൊണ്ടാണ് ഈ നാമങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഇത്രമാത്രം സ്മരിക്കുന്നത്. അതിനുമാത്രം എന്തത്ഭുതമാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരുടെയൊന്നും
സ്മരണകളുണര്‍ത്തുന്ന രീതിയിലുള്ള ആരാധനാദി കര്‍മ്മങ്ങളൊന്നും നമുക്ക് നിര്‍ബന്ധമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇബ്രാഹീം, ഇസ്മായീല്‍ പ്രവാചകന്മാരുടെ സ്മരണാര്‍ത്ഥം ബലിപെരുന്നാള്‍, ഹജ്ജ്, ഇബ്രാഹീമീ സ്വലാത്ത് തുടങ്ങിയ ആരാധനാ കര്‍മ്മങ്ങളും ഹിജറ് ഇസ്മായീല്‍, മഖാമു ഇബ്രാഹീം തുടങ്ങിയ പുണ്യ സ്ഥലങ്ങളും നമുക്ക് സുപരിചിതമാണ്. 4000,5000 വര്‍ഷങ്ങള്‍ പഴക്കമുള്ള ഇബ്രാഹീമീ സ്മരണ ഇന്നും നിലനിര്‍ത്തണമെന്ന് ആല്ലാഹു നമ്മോട് നിര്‍ബന്ധപൂര്‍വ്വം കല്‍പ്പിക്കാന്‍ മാത്രം എന്തായിരിക്കും അവരുടെ പ്രധാന്യമെന്ന് ഒരാവര്‍ത്തി ചിന്തിക്കേണ്ടത് നമ്മുടെ കടമയല്ലേ,
അതെ ഇബ്രാഹീം നബി (അ) ജനിക്കുന്നത് ഹിബ്രോ നഗരത്തിലെ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വിറ്റ് ജീവിച്ചിരുന്ന ഒരു കുടുംമ്പത്തിലാണ്. വിഗ്രഹനിര്‍മ്മാണവും വില്‍പ്പനയും കണ്ട്‌കൊണ്ടാണ് ചെറുപ്പം മുതലേ
വളര്‍ന്നതെങ്കിലും അദ്ദേഹം അതില്‍നിന്നും പൂര്‍ണ്ണമായും അകന്നാണ് വളര്‍ന്നത്. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ നല്ലതല്ലെന്നും തന്റെ മാതാപിതാക്കളുടെ വിശ്വാസവ്യതിയാനവും തിരിച്ചറിഞ്ഞ അദ്ദേഹം അതിനെതിരെ പ്രതികരിച്ചു. സ്വന്തം കുടുംമ്പത്തില്‍ നിന്ന് തന്നെ അദ്ദേഹം ആ ദൗത്യത്തിന് പ്രാരംഭം കുറിച്ചു.
ശേഷം കല്ലിലും മുള്ളിലും ദൈവികത്വം വാദിച്ച് അവകളെ ആരാധിച്ചിരുന്ന തന്റെ നാട്ടുകാരിലേക്ക് അദ്ദേഹം തിരിഞ്ഞു. അവരെ ഉപദേശിക്കാനും തിരുത്താനും ശ്രമിച്ചു.
നാട്ടില്‍ നടമാടിയിരുന്ന തിന്മക്ക് അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ശക്തരായ ഒരു സമൂഹത്തെ തിന്മയില്‍ നിന്ന് തിരുത്താനും ഉണര്‍ത്താനും ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ നംറൂദിന്റെ തീക്കൂണ്ഡാരത്തിലേക്ക് എറിയപ്പെട്ടു. പക്ഷെ സത്യത്തിലടിയുറച്ച അചഞ്ചലമായ വിശ്വാസം കാരണം അല്ലാഹു തീയിനെ തണുപ്പാക്കിമാറ്റി തന്റെ അടിമക്ക് സംരക്ഷണം നല്‍കി. ഇബ്രാഹീം നബിയുടെ ജീവിതം മുഴുവന്‍ അര്‍പ്പണമായിരുന്നു.
രാജാധിരാജനായ രക്ഷിതാവിലേക്കുള്ള ത്യാഗസമര്‍പ്പണം. അതിന് മുമ്പില്‍ കുടുംബ ബന്ധങ്ങള്‍ക്കോ ഭൗതികതാല്‍പര്യങ്ങള്‍ക്കോ സ്ഥാനമില്ലെന്ന് സ്വജീവിതത്തുലൂടെ അദ്ദേഹം തെളിയിച്ചു. വാര്‍ദ്ധക്യകാലത്ത് മക്കളില്ലാതെ വിശമിച്ച് പ്രാര്‍ത്ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഫലമായി ലഭിച്ച പൊന്നുമോനെയും പത്‌നി ഹാജറയെയും കൂട്ടി ആരോരുമില്ലാത്ത വിജനമായ മരുഭൂമിയിലേക്ക് പോവുകയും അവിടെ നിസ്സഹായനായി പത്‌നിയെയും ചോരക്കുഞ്ഞിനെയും തനിച്ചാക്കി മടങ്ങിവരുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തന്റെ സൃഷ്ടാവിന്റെ കല്‍പ്പന അക്ഷരംപ്രതി അനുസരിക്കുക എന്നത് മാത്രമായിരുന്നു. പരീക്ഷണം അവിടെയും തീര്‍ന്നില്ല. മകന് ഏഴ് വയസ്സായപ്പോള്‍ അല്ലാഹുവിന്റെ കല്‍പ്പന വീണ്ടും അദ്ദേഹത്തെ തേടിയെത്തി. തന്റെ കുഞ്ഞിനെ അല്ലാഹുവിന് വേണ്ടി ബലിയറുക്കണം.
അതെ മക്കളില്ലാതെ വിശമിച്ച് അവസാനകാലത്ത് അല്ലാഹു തന്ന കുഞ്ഞിനെ കണ്ട് പൂതിതീരും മുമ്പെ അവനെ ബലിയറുക്കാന്‍ അല്ലാഹിന്റെ ആജ്ഞ. പരീക്ഷണങ്ങളുടെ പേമാരി അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. ഏതൊരു പിതാവും പതറിപ്പോകുന്ന സന്ദര്‍ഭം. പക്ഷെ ഇബ്രാഹിം നബി യാതൊരു ഒഴിവുകഴിയും മറുചോദ്യവും ഉന്നയിക്കാതെ റബ്ബിന്റെ കല്‍പ്പന നിറവേറ്റാന്‍ ഒരുങ്ങി. ധൈര്യം സ്വരൂപിച്ച് മകനെ പറഞ്ഞ് മനസിലാക്കി അതിന് പാകപ്പെടുത്തി.
അങ്ങനെ ആ കൊച്ചു ഇസ്മായീല്‍ നബിയെ അല്ലാഹുവിന്റെ കല്പ്പനയനുസരുച്ച് ബലിയറുക്കാന്‍ തീരുമാനിച്ച ഒരു പിതാവിന്റെ ത്യാഗനിര്‍രമായ സ്മരണയാണല്ലോ ലോകമുസ്ലീങ്ങള്‍ ഒന്നടങ്കം ഉള്ഹിയ്യത്തിലൂടെ അയവിറക്കുന്നത്. അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവന്ന് അതിനെ ബലിയറുത്ത് ആ കഠിനപരീക്ഷണത്തില്‍ നിന്നും ഇബ്രാഹീം നബിയെ രക്ഷപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ ഇസ്മായീല്‍ നബിയെയും കൂട്ടി ആരോരുമില്ലാത്ത മക്ക മരുഭൂമിയില്‍ ചെന്ന് അല്ലാഹുവിന് വേണ്ടി ഒരു ഭവനം നിര്‍മ്മിക്കുവാനും അതിലേക്ക് മാലോഖരെ ക്ഷണിക്കാനും അല്ലാഹു കല്‍പ്പിച്ചു. അതും മഹാനായ ഇബ്രാഹീം അക്ഷരംപ്രതി അനുവര്‍ത്തിക്കുകയും ആ ക്ഷണത്തിനുത്തരമായിട്ടാണ് ഇന്നും ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കോടിക്കണക്കിന് വിശ്വാസികള്‍ ആ പുണ്യഗേഹം ലക്ഷ്യമാക്കി ഹജ്ജ് കര്‍മ്മത്തിനെത്തുന്നത്.
ചുരുക്കത്തില്‍ ഒരു പുരുഷായുസ്സ് കൊണ്ട് ത്യാഗത്തിന്റെയും
അര്‍പ്പണത്തിന്റെയും ആള്‍രൂപമായി ജീവിച്ചത് കൊണ്ടാണ് ഇന്നും ഇബ്രാഹീം എന്ന നാമം ലോകം സ്മരിച്ചുകൊിരിക്കുന്നത്. തെല്ലിട ശങ്കകള്‍ക്കിടയില്ലാതെ രക്ഷിതാവിന്റെ കല്‍പ്പനകളെ അനുസരിക്കാന്‍ അദ്ദേഹം കാണിച്ച ത്യാഗസന്നദ്ധതയാണ് ഇബ്രാഹീം നബിയെ അനിതരനാക്കുന്നത്. രക്ഷിതാവിന്റെ കല്‍പ്പനകളെ തികഞ്ഞ വിശ്വാസത്തോടെ ശിരസ്സാവഹിക്കുന്നവനെ അല്ലാഹു തന്നെ സംരക്ഷിക്കുമെന്നതാണ് ഇബ്രാഹീം നബിയുടെ ചരിത്രം നമ്മോട് പറയുന്നത്. ആ മഹാന്റെ സ്മരണ പുതുക്കുന്ന
നമുക്കും സാധിക്കണം രക്ഷിതാവിന്റെ കല്‍പ്പനക്കനുസരിച്ച് വല്ലതും ത്യജിക്കാന്‍.
രാജാധിരാജനായ രക്ഷിതാവിന്റെ പ്രീതിക്കായി അവന് പരിപൂര്‍ണ്ണമായി അര്‍പ്പണം
ചെയ്യാനും. എങ്കിലേ നാളെ ആഖിറത്തില്‍ ഒരു പെരുന്നാള്‍ ആഘോഷിക്കാന്‍ നമുക്ക്
കഴിയുകയുള്ളൂ...
അല്ലാഹു തൗഫീഖ് നല്‍കട്ടെ.. ആമീന്‍.
