ഫവാസ് തുവ്വൂർ
മുരളിയുടെയും ചെന്നിത്തലയുടെയും അസുഖം വേറെയാണ്. അത് കേരളത്തിലെ കോൺഗ്രസ്സ് ചരിത്രമറിയുന്ന കൊച്ചു കുട്ടികൾക്കു പോലും വ്യക്തമായി അറിയാം. പിന്നെ മുല്ലപ്പള്ളി, അദ്ദേഹം ആർക്കുവേണ്ടിയാണീ ഉണ്ടയില്ലാ വെടിവെക്കുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാൻ വഴിയില്ല.
മിനിയാന്ന് മനോരമ ന്യൂസ് ചാനലിൽ "തരൂർ പറഞ്ഞതെന്ത്? കോൺഗ്രസ്സുകാർ കേട്ടതെന്ത്?" എന്ന കൗണ്ടർ പോയിന്റ് ചർച്ചയിൽ ഇന്ത്യയുടെ ഈ ആഗോള പൗരൻ ചെയ്ത മഹാ 'അപരാധത്തെ' വിമർശിക്കാൻ എത്തിയത് യൂത്ത് നേതാവ് പി.സി വിഷ്ണുനാഥായിരുന്നു. പി.സി യുടെ സംസാരം അഞ്ചു മിനുട്ട് കേട്ടപ്പോൾ തന്നെ മനസ്സിലായി ഇത് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറാണെന്ന്.
തരൂർ മോദിയെ 'സ്തുതി'ച്ചു എന്നു പറയുന്നത് തന്നെ ആ വാക്കിനോട് ചെയ്യുന്ന അനീതിയായിരിക്കും. അങ്ങനെ ചർച്ചയാക്കാൻ മാത്രം തരൂർ മോദിയെ പുകഴ്ത്തിയിട്ടൊന്നുമില്ല.
പിന്നെ കേരളത്തിൽ നടക്കുന്ന വിവാദങ്ങൾ കേരളത്തിലെ കോൺഗ്രസ്സിന്റെ ജനറ്റിക്ക് പ്രോബ്ലമായേ കാണേണ്ടതൊള്ളൂ..
ഒന്നാം മോദി ഗവൺമെന്റിന്റെ തുടക്കത്തിൽ സ്വഛ് ഭാരത് മിഷന്റെ ഭാഗമായി ഒരു ക്ലീനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തതോടെ ഇതേ കോൺഗ്രസ്സുകാർ അദ്ദേഹത്തെ ആഗോള സംഘിയാക്കി. തരൂർ കോൺഗ്രസ്സ് വിട്ടില്ല.. അതിനു ശേഷമാണ് തരൂർ " ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് ?",പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്നീ രണ്ട് പുസ്തകങ്ങളും എഴുതുന്നത്. ചെന്നിത്തലയും മുരളിയുമൊക്കെ ഒഴിവു കിട്ടുമ്പോൾ ആ പുസ്തകങ്ങളുടെ റിവ്യൂ യെങ്കിലും ഗൂഗിളിൽ കേറിയൊന്ന് വായിക്കണം.
തരൂർ ഒരു കറകളഞ്ഞ കോൺഗ്രസ്സ് പ്രവർത്തകനൊന്നുമല്ല, മുമ്പ് കോൺഗ്രസ്സിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സ് പിളർന്നതും തളർന്നതുമടക്കം എഴുപതുകളിലെ കോൺഗ്രസ്സ് ആഭ്യന്തര പ്രശ്നങ്ങളെയും അടിയന്തരാവസ്ഥയേയും ശക്തമായ ഭാഷയിൽ വിമർശിച്ച്കൊണ്ട് "ഇന്ത്യ മിഡ്നൈറ്റ് ടു മില്ലേനിയ" മെന്ന 1997 ൽ പുറത്തിറക്കിയ തന്റെ പുസ്തകത്തിൽ അദ്ദേഹം എഴുതുന്നുണ്ട്. അതേസമയം എന്തുകൊണ്ട് സംഘ്പരിവാർ അനുകൂല കാറ്റുള്ള 2009 ൽ അദ്ദേഹം കോൺഗ്രസ്സിന്റെ ഭാഗമായി മത്സരിച്ചു എന്നതിന്റെ ഉത്തരം ലളിതമാണ്. അദ്ദേഹം ഒരു മതേതര പ്രേമിയും നെഹ്റുവിയനുമായിരുന്നു. അതുകൊണ്ടാവണം "നെഹ്റു ഇന്ത്യയുടെ കണ്ടെത്തൽ" എന്ന പുസ്തകം അദ്ദേഹം എഴുതിയത്..(തരൂരിനെ പോലൊരു ഡിപ്ലോമാറ്റിനെ രാജ്യസഭയിലെത്തിക്കുകയായിരുന്നു വേണ്ടത്..)
കേരളത്തിൽ നിന്നും കോൺഗ്രസ്സിന് വേണ്ടി മത്സരിച്ചു എന്നതാണ് തരൂർ ചെയ്ത ഏക അബദ്ധം.
മുഖ്യമന്ത്രിയും കെ.പി.സി. സി പ്രസിഡന്റുമൊക്കെ ആവാൻ കെൽപുള്ള ഒരു ഡസൻ നേതാക്കളുള്ള നാട്ടിൽ നിന്ന്... പിന്നെ വേറൊരു പ്രശ്നമുണ്ട് അദ്ദേഹത്തിന് കോൺഗ്രസ്സേ അറിയൂ. ഗ്രൂപ്പിസവും കാലുമാറ്റവും കുതിരക്കച്ചവടവുമൊന്നുമറിയില്ല.. ഉന്നത വിദ്യാഭ്യാസം നേടിയ ഒരു രാഷ്ട്രീയക്കാരൻ , അതും ലോക രാഷ്ട്രങ്ങൾ ശ്രദ്ധിക്കുന്ന രാഷ്ട്രീയക്കാരൻ , ദേശീയ മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുമ്പോൾ കൂടുതൽ ജനപ്രീതി നേടുമ്പോൾ ആ നേതാവിനെ ഒതുക്കിയിരിക്കണം എന്നാലേ അവൻ ലക്ഷണമൊത്ത കോൺഗ്രസ്സുകാരനാവൂ....🤫
